Thursday, 29 January 2015

തീരങ്ങള്‍ തേടി

തീരങ്ങള്‍ തേടി


വൃശ്ചികക്കാറ്റിന്റെ സീല്ക്കാരവും ഉച്ചവെയിന്‍റെ തീക്ഷ്ണതയും ചുറ്റും
കനംവച്ചു നില്ക്കുന്ന ഏകാന്തതയുടെ തീവ്രതയേറ്റിയപ്പോള്‍ നിര്‍വികാരതയോടെ
ദേവിക കിടക്കയിലേക്ക് മറിഞ്ഞു..
ജീവിതം സുരക്ഷിതമായി എന്ന് തന്‍റെ മനസ്സ് സന്തോഷിച്ചിരുന്ന വേളയിലായിരുന്നു ഒരു കൊള്ളിയാന്‍ പോലെ ദുരന്തം ജീവിതത്തിലേക്ക് കടന്നു വന്നത്.
മഹീ.. കുടകിലെ സ്വപ്നതുല്യമായ ഏതാനും ദിവസങ്ങള്ക്കു ശേഷം ജീപ്പില്‍ നമ്മള്‍
മടങ്ങുമ്പോള്‍, ചെങ്കുത്തായ ആ വളവില്‍ നിന്നെയും കാത്ത് മരണം നിന്നിരുന്നുവെന്ന് നമ്മള്‍ അറിഞ്ഞിരുന്നില്ലല്ലോ. ജീപ്പിനോടൊപ്പം എന്നെ നീ തള്ളിയിട്ടു കടന്നു പോയത് ഒരു ഏകാന്തതയുടെ കൊക്കയിലേക്കും..
പക്ഷേ.. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏകയാണോ എന്ന് ചോദിച്ചാല്‍....... ..
എന്റെയരികില്‍ കട്ടപിടിക്കുന്ന ഇരുട്ടില്‍ നീ ഇരിക്കുന്നതായും എന്റെ സ്വപ്നങ്ങള്‍ക്കൊത്തു ചലിക്കുന്നതായും പലപ്പോഴുമെനിക്കു അനുഭവപ്പെടാറുണ്ട്. കോടമഞ്ഞിന്‍റെ കുളിരില്‍ നമ്മളൊരുമിച്ചിരുന്നു ചൂടുപകരുന്നതും, അതില്‍ മയങ്ങിയിരിക്കവേത്തന്നേ എന്നെ ഒറ്റയ്ക്കാക്കി നീ എവിടേയ്ക്കോ പോയ്മറയുന്നതും പലപ്പോഴും ഞെട്ടലോടെ ഞാനറിയാറുണ്ടെങ്കിലും...
ശൂന്യതയുടെ വാതായനങ്ങളിലൂടെ പാഞ്ഞുവന്ന ചിന്തകളെ എത്ര തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ പൊരുതിക്കൊണ്ട്
അവ ചിന്താമണ്ഡലത്തിലേക്ക് ഇരച്ചു കയറി വന്നു... മല്‍പ്പിടുത്തത്തിനിടയില്‍ പെട്ടെന്നുയര്‍ന്നു കേട്ട മൊബൈലിലെ ശബ്ദം സിരകളില്‍ തിങ്ങിത്തിരക്കിയിരുന്ന മനോവ്യാപാരങ്ങളെ തല്‍ക്കാലത്തേക്ക് നിര്‍വീര്യമാക്കി നിര്‍ത്തി.
"ഹായ് ദേവൂ ....."
പരിചയമുള്ള ആ ശബ്ദം ദേവികയുടെ മനസ്സില്‍ അല്പ്പം സന്തോഷം ചാലിച്ചു ചാര്‍ത്തി..
ആനി... തന്‍റെ സ്വന്തം ആനി....
ചിത്രശലഭങ്ങളെ പോലെ കലാലയത്തില്‍ പാറിനടന്നിരുന്ന തങ്ങളുടെ ആ സുവര്‍ണ്ണ കാലം ഓര്‍മ്മയില്‍ മിന്നിമറിഞ്ഞു. ആനിയുടെ കുടുംബം തലമുറകളായി ലക്ഷദ്വീപിലെ അന്തേവാസികളായിരുന്നു. ഇവിടെ തൃശ്ശൂരിലെ ഹോസ്റ്റലില്‍ നിന്നാണ് അവള്‍ പഠിച്ചിരുന്നത്. സഹപാഠിയും ഉറ്റതോഴിയും എന്നതിലുപരിയായി അവധി ദിവസങ്ങളിലെല്ലാം തന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു അവള്‍.
"ദേവൂ നിനക്ക് സുഖാണോ ?????" എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?" വീണ്ടും ആനിയുടെ സ്വരം.
"ഇങ്ങനെ പോകുന്നൂ.. അതൊക്കെ പോട്ടെ ........ എന്തൊക്കെയുണ്ടെടാ നിന്‍റെ വിശേഷങ്ങള്‍ ???????!!" ആകാംക്ഷയോടെ ദേവിക ചോദിച്ചു.
"ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷമായി പോകുന്നു.. നിന്‍റെ കാര്യം ആലോചിക്കുമ്പോള്‍ മാത്രമാണെടാ ഒരു മനോ:വിഷമം"
"എന്റെ കാര്യമോ????????!!. നീ വെറുതെ അതിനെക്കുറിച്ചൊന്നും ആലോചിച്ചു വെഷമിക്കണ്ടാ ന്റെ ആനീ.. നമ്മുടെ വിധി നമ്മള്‍ തന്നെ അനുഭവിക്കണ്ടേ .."
"ദുഃഖങ്ങള്‍ ഒരിക്കലും നീ പുറത്തു കാണിക്കില്ലെന്നെനിക്കറിയാം .. എന്ന് വിചാരിച്ചു അത് നിസ്സാരമായി തള്ളിക്കളയാന്‍ എനിക്കു പറ്റില്ലാ .. നിന്നോട് ചോദിക്കാതെ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.. എന്നോടൊപ്പം ഇവിടെ ലക്ഷദ്വീപില്‍ വന്നു നീയും താമസിക്കണം.. നിന്റെ യോഗ്യതയ്ക്കനുസരിച്ചു നല്ലൊരു ജോലിയും ഞാന്‍ ശരിയാക്കിയിട്ടുണ്ട്.. പോരേ?.."
"ഞാനെവിടേയ്ക്കുമില്ലാ ആനീ.. എന്റെ ചിന്തകളും പരാധീനതകളുമായി ഞാനിവിടെ ഇങ്ങനെത്തന്നെ കാലം കഴിച്ചു കൂട്ടിക്കൊള്ളാം"
"നിന്റെ സമ്മതം ആര്‍ക്കു വേണം? ഹും... ഞാനിവിടെ എല്ലാകാര്യങ്ങളും ശരിയാക്കിക്കഴിഞ്ഞു. അവസാനമായിപ്പിരിയുമ്പോള്‍ ഈ ജന്മത്തില്‍ നമ്മള്‍ വീണ്ടും ഒന്നിക്കാതിരിക്കാന്‍ സാധ്യമല്ലാ എന്നു ഞാന്‍ നിന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ.. നീ യാതൊന്നും പറയണ്ടാ... നിന്റെ ന്യായങ്ങള്‍ എനിക്ക് കേള്‍ക്കേം വേണ്ടാ.. ഇരുപത്തഞ്ചാം തീയതി ഇങ്ങോട്ട് വരാനായി തയ്യാറെടുത്തോളൂ .."
'ആനീ.. നീ എന്ത് കണ്ടിട്ടാ... ഇതിപ്പോ... " അവശ്വസനീയത ഉണ്ടാക്കിയ ആശയക്കുഴപ്പത്തില്‍ ദേവിക ഒന്നു പരുങ്ങി..
"ശ്രദ്ധിക്കൂ.. എന്‍റെയൊരു സുഹൃത്ത് നാളെ നിന്നെക്കാണാന്‍ വരും.. ഇങ്ങോട്ട് വരാനുള്ള സീ ടിക്കറ്റും മറ്റും നിന്നെയേല്പ്പിക്കും.. കൂടുതല്‍ വിവരങ്ങള്‍ ഇന്നുതന്നെ ഞാന്‍ നിനക്ക് മെയില്‍ ചെയ്യാം". പ്രതികരണത്തിന് കാത്തു നില്ക്കാതെ ആനി ഫോണ്‍ കട്ട് ചെയ്തു..
ആനിയുമായുള്ള ആത്മബന്ധം അത്രയ്ക്കു പ്രിയമേറിയതായിരുന്നതിനാല്‍ ആ വാക്കുകളെ തിരസ്ക്കരിക്കാന്‍ ദേവികയ്ക്കു കഴിഞ്ഞില്ല. .
താനിങ്ങനെത്തന്നെ കഴിഞ്ഞാല്‍ മതിയോ ?.. ഒരു മാറ്റത്തിന്‍റെ അനിവാര്യത ഇപ്പോള്‍ ഇല്ലേ?.. നീണ്ട ഒമ്പതു വര്‍ഷമായി മനസ്സില്‍ പേറുന്ന മാറാലകളും വിഴുപ്പുകെട്ടുകളുമൊക്കെ പുറംതള്ളുക തന്നേ. മുറിയിലെ ഇരുളിനെ തുടച്ചു നീക്കുന്ന സൂര്യകിരണങ്ങളേ വരവേല്‍ക്കാന്‍ ജനാലകള്‍ തുറന്നിടേണ്ട സമയമായിരിക്കുന്നു. മതി ഈ സ്വയം തീര്‍ത്ത ബന്ധനങ്ങള്‍.
ഓരോ ഇലപൊഴിച്ചിലിലും ഒളിച്ചിരിക്കുന്ന പ്രതീക്ഷകളുടെ നാമ്പുകളെ പോലെ ആനിയുടെ സ്നേഹപൂര്‍ണ്ണമായ ക്ഷണം.. ശിശിരത്തെ പിന്തള്ളി വസന്തം വരുന്ന പോലെ..... നിശബ്ദതയുടെ കനത്ത ആവരണങ്ങള്‍ ഭേദിച്ച് വന്ന പൂങ്കുയിലിന്‍ സംഗീതം പോലെ... മനസ്സില്‍ അലയടിക്കുന്നത് പോലെ ദേവികയ്ക്ക് തോന്നി.... സ്വപ്നങ്ങളും വര്‍ണ്ണങ്ങളും കൂടിച്ചേര്‍ന്ന് മാസ്മരികമായ ചിത്രങ്ങള്‍ മെനയുന്ന പോലെ .. അത് മനസ്സിന്റെ അകത്തളത്തിലേക്ക് എപ്പോഴും ഓടിവന്നിരുന്ന വിങ്ങലുകളെ ക്ഷണനേരം കൊണ്ട് മൂടി വച്ചു ശുഭപ്രതീക്ഷകളെ കുടിയിരുത്തി
ഇന്നലെകളുമായി വീണ്ടും കിന്നാരം പറയാനും മധുരതരമായ ഓര്‍മ്മകളുടെ ഇടവഴികളിലൂടെ അലയാനുമായി മറവിയുടെ ചിറകിലേറാന്‍ വെമ്പിക്കൊണ്ടിരിക്കുന്ന പലതും ഒരു ചെറുമന്ദസ്മിതത്തോടെ ഒരുവട്ടം കൂടി ഇതാ മുന്നില്‍ നില്‍ക്കുന്നു.
സമയമില്ലെന്നു പറഞ്ഞു സദാ കേഴുന്നവരുടെ ലോകത്തില്‍, ജീവിതം സ്വര്‍ഗ്ഗതുല്യമായി ആസ്വദിക്കുന്നവരുടെ ഈ ലോകത്തില്‍, മറ്റുള്ളവരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടു ലക്ഷ്യത്തിലേക്ക് അഹോരാത്രം കുതിച്ചു കൊണ്ടിരിക്കുന്നവരുടെ ഈ ലോകത്തില്‍... തനിക്കും തന്‍റേതായ ഒരു കൊച്ചു ജീവിതം കെട്ടിപ്പടുക്കണം.. നഷ്ടങ്ങളുടെ കണക്കുകൂട്ടലുകള്‍ മായ്ച്ചു കളഞ്ഞൊരു കണക്കു പുസ്തകവുമായി...പ്രതീക്ഷകളുടെ നിനവുകളുമായി...
ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരു നല്ല കൂട്ടുകാരി ഉണ്ടായിരുന്നെങ്കില്‍.. ദീര്‍ഘകാലമായുള്ള തീവ്രമായ വിങ്ങലുകള്‍ക്കിടയില്‍ തന്‍റെ മനസ്സും പലപ്പോഴായി ആഗ്രഹിച്ചിരുന്നു. മഴ കാത്തു മണ്ണില്‍ പുതഞ്ഞു കിടന്ന വിത്തിന്‍റെ മനസ്സായിരുന്നു തന്‍റെ മനസ്സ്.
ഒടുക്കം, പുതിയൊരു ജീവിതത്തിന്‍റെ പവിഴപ്പുറ്റുകള്‍ തേടി ആ പവിഴത്തുരുത്തിലേക്ക് താനിതാ യാത്രയാവുന്നു. .
തുറമുഖത്ത് യാത്രക്കാരെ പ്രതീക്ഷിച്ചു നങ്കൂരമിട്ടു കിടന്ന കപ്പല്‍ ദൂരെ നിന്നും ഒരു കൊട്ടാരം പോലെ തലയുയർത്തി നിൽക്കുന്നതായി കണ്ടു.

ആദ്യമായുള്ള കപ്പല്‍ യാത്ര ....
ടിക്കറ്റ് പരിശോധനയും മറ്റും കഴിഞ്ഞ്, ഗോവണി കയറി കപ്പലിൽ പ്രവേശിച്ച് ചില ഇടുങ്ങിയ വഴികളിലൂടെയൊക്കെ സഞ്ചരിച്ചു തനിക്കുള്ള മുറിയിലെത്തി.. ചെറിയൊരു മുറിയായിരുന്നു അതെങ്കിലും അടിസ്ഥാനപരമായ സൌകര്യങ്ങളെല്ലാം അതിലുണ്ടായിരുന്നു. കപ്പലില്‍ ആദ്യമായി യാത്ര ചെയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന കടല്‍ച്ചൊരുക്ക് ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നു ആനി പറഞ്ഞതോര്‍ത്തു ബാഗില്‍ കരുതിയിരുന്ന ഗുളികയെടുത്തു കഴിച്ചു.
ജനലിലൂടെ അനന്തമായ കടലിലേക്ക്‌ കണ്ണുംനട്ടു കൊണ്ടിരിക്കുമ്പോള്‍ വന്ന കടല്‍ക്കാറ്റിന്‍റെ  തഴുകല്‍ മേലാകെ കുളിരുണ്ടാക്കുന്നു. തിരമാലകളെ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ശാന്തമായി മയങ്ങുകയാണോ കടല്‍? പുറമെ ശാന്തവും അകമേ ക്ഷോഭങ്ങളും അടക്കി വയ്ക്കുന്ന മനസ്സ് തന്നെയല്ലേ ഈ പുറംകടല്‍?
കടല്‍ക്കാക്കകള്‍ കൂട്ടം കൂട്ടമായി ഇരതേടുന്ന കടല്‍ത്തീരത്തെ പോര്‍ട്ടില്‍ കപ്പലില്‍ നിന്നിറങ്ങുമ്പോള്‍ വീശിയ നനുത്തകാറ്റില്‍ മുഖത്തേക്ക് പാറിയ കുറുനിരകളെ മാടിയൊതുക്കി അവള്‍ നടന്നു.
പുത്തന്‍ ഉണര്‍വോടെ... പ്രതീക്ഷകളുടെ അനേകം സൂര്യോദയങ്ങളെ തന്‍റെ ജീവിതത്തില്‍ വരവേല്‍ക്കാനായി... ആ പവിഴതീരങ്ങളില്‍ അലിഞ്ഞു ചേരുവാനായി...
--------------മീനു.

Monday, 19 January 2015

സ്വപ്ന സഞ്ചാരി

സ്വപ്ന സഞ്ചാരി


അല്ലാ... ഈ സ്വപ്നം എന്നൊരു പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍ എന്തായേനെ നമ്മുടെ
ഓരോരുത്തരുടേയും ഇഹലോക ജീവിതം?!...
മനസ്സിന്‍റെ പല തരത്തിലുള്ള അവസ്ഥകളില്‍ നിന്നും ഉടലെടുക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതികള്‍ അലുക്ക് പിടിപ്പിച്ച മയില്‍പ്പീലികള്‍ പോലെ സ്വപ്‌നങ്ങള്‍......
അതിന്‍റെ തഴുകലില്‍ സ്വയം മറന്ന് എന്നും പീലിച്ചിറകുകളുമായി ഞാന്‍ മറ്റൊരു ലോകത്തിലേക്ക് പറന്നു പോകും.. അല്ലാ.. അതിനായാണല്ലോ ഞാന്‍ കണ്ണുകള്‍ അടച്ചു നിശബ്ദയായി നിശയെ ഉപാസിച്ചു കൊണ്ടിരിക്കുന്നതും.
അപരിചിതങ്ങളായ വഴികളിലൂടെ ഞാന്‍ എന്നും കടന്നു ചെല്ലാറുള്ള ആ ലോകം വിസ്മയകരം തന്നെ!... അതിലെ ജീവജാലങ്ങള്‍ എന്നല്ല പ്രകൃതി പോലും സ്നേഹബഹുമാനങ്ങളോടെ എന്നെ ലാളിക്കും. അത് കണ്ടു എനിക്ക് തന്നെ പലപ്പോഴും അപകര്‍ഷതാ ബോധം ഉണ്ടായിട്ടുണ്ട് എങ്കിലും അത് പുറത്തു കാട്ടാതെ, എന്റേതെന്നു ഞാന്‍ തീര്‍ത്തു വിശ്വസിക്കുന്ന ആ ലോകത്തിന്‍റെ അധിപയായി ഞാനിങ്ങനെ വിലസും..
സുഖദുഃഖങ്ങള്‍ നെയ്തുണ്ടാക്കിയ സ്വപ്നമഞ്ചലില്‍ കിടന്ന് അനുഭൂതികളുടെ സ്വൈരവിഹാരങ്ങളില്‍ നിന്നുയരുന്ന ആരവങ്ങള്‍ ശ്രവിക്കാന്‍ എനിക്ക് എന്തൊരിഷ്ടമാണെന്നോ..
ജീവിതത്തിലെ വിഷമതകളും വെല്ലുവിളികളും ആശങ്കകളും ഒക്കെ മറന്ന് സ്വപ്നങ്ങളിലൂടെ ഞാന്‍ സമൂഹത്തില്‍ അപ്രാപ്യമായ ജീവിത സാക്ഷാല്‍ക്കാരങ്ങള്‍ തേടുന്നു... അല്ലാ നേടുന്നു..
രാത്രിയുടെ അവസാന യാമങ്ങളിലുള്ള സ്വപ്നങ്ങളാണ് എനിക്കേറെ പ്രിയപ്പെട്ടവ.. എന്തെന്നോ?.. നേരം പുലര്‍ന്നു കഴിഞ്ഞിട്ടും ഞാന്‍ പലപ്പോഴും അവയിലായിരിക്കാറുണ്ട്!... ചിലപ്പോള്‍ അവയ്ക്ക് എന്നോടും നല്ല പ്രിയമായിരിക്കും..
സ്വപ്നലോകത്തെ വിശേഷങ്ങള്‍ ഞാന്‍ പറയണോ? സമൂഹവും സമ്പത്തും അനാചാരങ്ങളും സദാചാരങ്ങളും മതങ്ങളും ഒക്കെ നിഷ്ക്കര്‍ഷിച്ച ബന്ധനങ്ങളില്‍ നിന്നും മുക്തമായി തന്നിഷ്ടം പോലെ വിഹരിക്കാന്‍ വേറെ എവിടെ പറ്റും? തിരയില്‍ അലിഞ്ഞില്ലാതാവാനുള്ളതാണ്‌ എന്നറിയാമെങ്കിലും, എന്‍റെ മനസ്സിലെ മൗനസരോവര തീരത്ത്‌ നിത്യേനെ ഞാന്‍ മനോഹരമായ മണ്‍സൌധങ്ങള്‍ മെനയും..അവയ്ക്ക് ഞാന്‍ എനിക്കിഷ്ടമുള്ള രൂപങ്ങളും വര്‍ണ്ണങ്ങളും നല്‍കും.. അതിനു ആരുടേയും അനുവാദം എനിക്കാവശ്യമില്ലാ.
എന്റെ മനോമുകുരത്തില്‍ വിരിഞ്ഞ ആശയങ്ങളും ആശകളും കൊണ്ട് ആ മായിക പ്രപഞ്ചത്തില്‍ ഒരു വൃന്ദാവനം തന്നെ ഉണ്ടാക്കും ഞാന്‍...... എന്നിട്ട് അതില്‍ എന്‍റെ പ്രിയപ്പെട്ട കണ്ണനെയും രാധയേയും ഞാന്‍ തിരയും... എന്നോടാ കളി... ഹും..
എന്‍റെ സങ്കല്‍പ്പത്തിലുള്ള മണിമന്ദിരത്തിന്‍റെ പൂമുഖത്ത് ഇരുന്ന് ഞാന്‍ നാലും കൂട്ടി നന്നായി മുറുക്കിച്ചുവപ്പിച്ച് മുറ്റത്തേക്ക് ആഞ്ഞു തുപ്പും.. എന്നെ ഗ്രസിക്കുന്ന അവഗണനകളും ആധികളും വ്യാധികളും അതു കണ്ടു ഞെട്ടട്ടേ..
താരതമ്യേന ഈ മനുഷ്യായുസ്സില്‍ അപ്രാപ്യമായ ഗിരിശൃംഗങ്ങളില്‍ ഇരുന്നു ഒരല്പ്പനേരം ഞാനുമൊന്നു അഹങ്കരിക്കും... .

------------- മീനു

Thursday, 15 January 2015"അമ്മേ ഈ ബാഗ് കൊള്ളില്ലാ.. എനിക്കിത് വേണ്ടാ........"

"എന്താപ്പോ ഈ ബാഗിനു കുഴപ്പം?.. നീ തന്നെയല്ലേ അതു തന്നെ വേണംന്നു
വാശിപിടിച്ച്, വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ വിലയും കൊടുത്തു
എന്നെക്കൊണ്ട് വാങ്ങിപ്പിച്ചത്? മിണ്ടാണ്ടവിടിരുന്നോ രാവിലെത്തന്നെ എന്നെ ഭ്രാന്തു പിടിപ്പിക്കാതെ.."

"ഞാനീ ബാഗ്‌ ഇനി സ്കൂളിലേക്കു കൊണ്ടുപോകുകയില്ല. കുട്ടികളൊക്കെ കളിയാക്കുന്നു."

"പിന്നേയ് ഇവിടെ പണം  കായ്ക്കണ മരമൊന്നുമില്ല.. നിനക്കൊന്നും പൈസയുടെ
വിലയറിയില്ല.. മനസ്സിലങ്ങു വിചാരിക്കുമ്പോഴേക്കും നിങ്ങള്ക്ക്യ ഓരോന്നു
വാങ്ങിത്തരുന്ന എന്നെ വേണം തല്ലാന്‍.. കിട്ടുന്ന വരുമാനം കൊണ്ട് കടയും
തലയും മുട്ടിക്കുന്ന പാട് എനിക്കുമാത്രമേ അറിയൂ. നിങ്ങളിങ്ങനെയൊക്കെ
ഓരോന്നിനും വാശിപിടിച്ചാല്‍ കാര്യങ്ങളൊക്കെ കഷ്ടത്തിലാവും.."

"അമ്മേ.. അപ്പൊ എനിക്കിത് നല്ലതായി തോന്നി.. പക്ഷെ ഇതിന്റെ  നിറം
കൊള്ളില്ലായെന്നു പറഞ്ഞു കുട്ട്യോള്‍ കളിയാക്കുന്നു.."

"നിന്നു കിണുങ്ങാതെ വേഗം പോയി ഹോംവര്‍ക്കൊക്കെ ചെയ്യാന്‍ നോക്കെടാ.. ഈ ചപ്പാത്തിക്കോലോണ്ട് നല്ല വീക്ക് കിട്ടേണ്ടാച്ചാല്‍.."

അതു കേട്ടു പിറുത്തുപിറുത്തു കൊണ്ട് അവന്‍ അടുക്കളയില്‍ നിന്നും പോയി.
അവന്റെത വികാരമെനിക്ക് പെട്ടെന്നു പിടികിട്ടിയെങ്കിലും..
മുട്ടുന്യായങ്ങളെ തല്ക്കാനലം പ്രോത്സാഹിപ്പിച്ചില്ല. സഹപാഠികളുടെ
അഭിപ്രായങ്ങള്ക്കു  കുട്ടികള്‍ ഒരു പാട് പ്രാധാന്യം കൊടുക്കും..
കുട്ടികളുടെ മന:ശ്ശാസ്ത്രം  ഇങ്ങനെയാണ്.. പണ്ട് ഞാനും അങ്ങനെത്തന്നെ
ആയിരുന്നല്ലോ..

ചപ്പാത്തിക്കു മാവുകുഴച്ചു കൊണ്ടിരിക്കുമ്പോള്‍ അടുക്കളജനലിലൂടെ
പുറത്തേക്കു നോക്കി. കോരിച്ചൊരിയുന്ന മഴയില്‍ പച്ചപുതച്ച നെല്പ്പാ
ടങ്ങള്‍ ത്രസിച്ചു നില്ക്കു ന്ന കാഴ്ച്ച. പാടവരമ്പിലൂടെ കുട്ടികള്‍
അടുത്തുള്ള പള്ളിക്കൂടത്തിലേക്ക് നടന്നു പോകുന്നു. പെട്ടെന്നു വീശിയടിച്ച
കാറ്റില്‍ മഴത്തുള്ളികള്‍ ജനല്‍ വഴി മുഖത്തേക്ക്... പെട്ടെന്നു
ഓര്മ്മലകള്ക്ക്ത ബാല്യം തിരിച്ചു കിട്ടിയ പോലെഞാനുമൊരു സ്കൂള്‍
കുട്ടിയായി...

മൂന്നാം ക്ലാസ്സിലേക്ക് ജയിച്ചു .. വേനല്‍ക്കാലവധി കഴിഞ്ഞു ഹൈദരാബാദില്‍
നിന്ന് വരുമ്പോള്‍ അച്ഛന്‍ എനിക്ക് വയലറ്റ് നിറത്തിലുള്ള ഒരു മഴക്കോട്ടു
വാങ്ങി തന്നിരുന്നു.. വാങ്ങിയ അന്ന് മുതല്‍ സ്കൂളില്‍ പോകുന്നത് വരെ
ഉറക്കത്തിലടക്കം അതും കെട്ടിപിടിച്ചോണ്ടാണ് ഞാന്‍ കിടന്നിരുന്നത്..

"ദൈവമേ ഏതു സമയത്താണ് കുട്ടിക്കിതു വാങ്ങി കൊടുക്കാന്‍ തോന്നിയതാവോ..
കുട്ടി ഇതൊന്നു കയ്യില്നിിന്നു മാറ്റി വച്ചിരുന്നെകില്‍.." സഹികെട്ട്
അമ്മയും പറഞ്ഞു.. അതൊന്നും വകവയ്ക്കാതെ ഞാന്‍ സദാ അതിനെ കയ്യിലെടുത്തു ഓമനിച്ചു കൊണ്ടിരുന്നു..

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി... ജൂണ്‍ ഒന്ന്...  പുതിയ ബാഗും
പുസ്തകങ്ങളും .. രാവിലെത്തന്നെ മഴ പെയ്യണേ എന്ന് തലേ രാത്രി
കിടക്കുമ്പോഴേ പ്രാര്ത്ഥിംച്ചിരുന്നു..

അത് പിന്നെ പണ്ടൊക്കെ അങ്ങനെത്തന്നെയായിരുന്നല്ലോ.. സ്കൂള്‍ തുറക്കുന്ന
അന്ന് തന്നെ കൃത്യമായി വികൃതിമഴ കുസൃതിയും കാണിച്ചു വരും ... സ്കൂളില്‍
പോകുന്ന കുട്ടികളുടെ പുതുവസ്ത്രങ്ങളും കുടയും നനപ്പിക്കാനായിട്ട് ..
അന്നും മഴ ആ പതിവ് തെറ്റിച്ചില്ല...

 ഞാന്‍ അടക്കാനാവാത്ത സന്തോഷത്തോടെയും ആകാംക്ഷയോടെയും അഭിമാനത്തോടെയും പ്രിയപ്പെട്ട  ആ മഴക്കോട്ടു ധരിച്ചുകൊണ്ട് കുടയെന്ന ഭാരമേന്താതെ.. ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക്‌ സ്വതന്ത്രയായി ഇറങ്ങി നടന്നു...

കലങ്ങിച്ചുവന്നു ഒഴുകുന്ന മഴവെള്ളച്ചാലുകളിലൂടെ കരിയിലകള്‍ കെട്ടിമറിഞ്ഞ്
മത്സരിച്ചോടുന്നു.. ദൂരേയുള്ള കുന്നിന്പ്രഞദേശത്തുനിന്നും ഇടയ്ക്കിടെ
ആകാശം മുരളുന്ന ശബ്ദം.. പുതിയ റബ്ബര്‍ ചെരിപ്പില്‍ നിന്നും
നടക്കുന്നതിനനുസരിച്ചു ചെളിവെള്ളം മഴക്കോട്ടിനു പിറകുവശത്തു വന്നു
പതിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു... മഴത്തുള്ളികള്‍ പൂത്തിരി
കത്തുന്നതുപോലെ ദേഹത്തു തട്ടിത്തെറിച്ചു പോകുന്നത് ഞാന്‍ കൗതുകത്തോടെ
ആസ്വദിച്ചു. എന്റെറ ബാഗ് ചേച്ചി ആദ്യമേ വാങ്ങിപ്പിടിച്ചിരുന്നു..
ചേച്ചിയും കൂട്ടുകാരുമൊക്കെ വീശിയടിക്കുന്ന കാറ്റില്‍ ചാഞ്ചാടുന്ന അവരുടെ
കുടകളെ നിയന്ത്രിക്കാന്‍ പാടുപെട്ടു കൊണ്ടിരുന്നു. ഞാനോ.. സ്വതന്ത്രമായ
ഒരു മഴപ്പക്ഷിയായി മഴയെ ആലിംഗനം ചെയ്തുകൊണ്ട് നീങ്ങി.
 ഒപ്പമുള്ള കുട്ടികളൊക്കെ അത്ഭുതത്തോടെയും കുശുംമ്പോടെയും എന്നെ
നോക്കുന്നുണ്ടായിരുന്നു .. അന്ന് കാലത്ത് അവിടങ്ങളില്‍ ആരും
മഴക്കോട്ടുപയോഗിച്ചിരുന്നില്ല.. എന്നു മാത്രമല്ലാ ഇങ്ങനെയൊരു സാധനം ഇതിനു
മുമ്പ് ആരും കണ്ടിട്ടുപോലും ഉണ്ടായിരിക്കുമോ എന്നു തന്നെ സംശയം...

അങ്ങനെ കുറച്ചു നിഗളിപ്പോടെ നടന്നുകൊണ്ടിരുന്ന എന്റെയ ഉത്സാഹത്തെ
തല്ലിക്കെടുത്തുന്ന രീതിയില്‍ പുറകില്‍ നിന്നും വന്ന ആറാം ക്ലാസ്സിലെ
തല്ലുകൊള്ളി ചൊറിയന്‍ ബക്കര്‍ വിളിച്ചു പറഞ്ഞു..

"ഏതാ ഈ കുട്ടിസ്രാങ്ക്???!...."  അതുകേട്ട് വഴിയിലുള്ള കുട്ടികളൊക്കെ
തുടങ്ങി കൂട്ടച്ചിരി..

എന്റെ കൂടെ ഉണ്ടായിരുന്ന അയല്വ.ക്കക്കാരും അവരുടെ കൂടെ കൂടി ആര്ത്തുി ചിരിച്ചു.

"സ്രാങ്കെ സ്രാങ്കെ കുട്ടിസ്രാങ്കെ" എന്ന് അവര്‍ താളത്തില്‍ വിളിച്ചു
പരിഹസിക്കാനും തുടങ്ങി...സങ്കടം കൊണ്ട് തൊണ്ട അടഞ്ഞുപോയി ..

പള്ളിക്കൂടത്തിന്റെു പടി കടന്നു വരുന്ന എന്നെ കുട്ടികള്‍ വിസ്മയഭരിതരായി
നോക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളെ കാണാത്ത വിഷമത്തില്‍,
തേങ്ങിക്കൊണ്ട്‌ പുതിയതായി ഒന്നാം ക്ലാസ്സില്‍ ചേര്ന്ന് കുട്ടികള്‍
വരാന്തയില്‍ നില്പ്പു ണ്ടായിരുന്നു. ഏതോ അപൂര്വ്വ  ജീവിയെക്കണ്ട്
പേടിച്ചരണ്ട പോലെ "അയ്യോ" എന്നു വിളിച്ചു കൊണ്ട് അവര്‍ ക്ലാസ്സിലേക്കോടി.

"കുട്ടിയ്ക്കെവിടെന്നു കിട്ടി ഈ വേഷം?.. കുട്ട്യോളെ പേടിപ്പിക്കാനായിട്ട്"

പുതിയ കുട്ടികളെ ഒരുവിധം സമാധാനിപ്പിച്ചു നിയന്ത്രിച്ചു സഹികെട്ടു
നിന്നിരുന്ന മുല്ല ടീച്ചറുടെ ശകാരവും കൂടിയായപ്പോള്‍ എനിക്ക് കരച്ചില്‍
അടക്കാനായില്ല. ആരും കാണാതെ കരഞ്ഞ് ഉടുപ്പിന്റെ തല കൊണ്ട് കണ്ണുകള്‍
ഒപ്പി..

അന്ന് അത്രയുമൊക്കെ മതിയായിരുന്നു ആ പിഞ്ചു ബാലികയുടെ മനസ്സ് നോവാന്‍..
അതോടെ അത്രയും നാള്‍ താലോലിച്ചുകൊണ്ട് നടന്ന ആ മഴക്കോട്ടിനെ ഞാന്‍ മടക്കി
തെല്ലു സങ്കടത്തോടെ അമ്മയുടെ അലമാരയില്‍ ഭദ്രമായി വച്ചു.. എങ്കിലും
വല്ലപ്പോഴുമൊക്കെ ആരും കാണാതെ ഞാന്‍ ആ മഴക്കോട്ടിനെ എടുത്തുവച്ചു
താലോലിക്കുമായിരുന്നു. ഹൈദരാബാദില്‍ നിന്നും വന്ന സമപ്രായക്കാരിയായ ഒരു
ബന്ധുവിന് ഞാനറിയാതെ അമ്മ അത് എടുത്തു കൊടുക്കുന്നത് വരെയും..

ക്ലോക്കില്‍ മണിയടിക്കുന്ന ശബ്ദം കേട്ടാണ് ചിന്തയില്നി്ന്നും ഉണര്ന്നിത്.
അയ്യോ.. സമയമൊരുപാടായല്ലോ.. ഏതായാലും കൂടുതല്‍ സമയം കുഴച്ചതു കൊണ്ട് അന്നത്തെ ചപ്പാത്തിക്കു നല്ല രുചിയായിരുന്നു.

കുട്ടികളെ പ്രാതല്‍ കൊടുത്തു സ്കൂളിലേക്കു വിട്ടു ജോലിക്കായി ഇറങ്ങാന്‍
തുടങ്ങുമ്പോള്‍ നല്ല മഴ... സ്കൂട്ടിയുടെ ഡാഷ് ബോര്ഡ് തുറന്നു
മഴക്കോട്ടെടുത്തു ഞാന്‍ ധരിച്ചു.

എന്തിനു വേറൊരു സൂര്യോദയം..."അച്ചടക്കമില്ലാത്ത വര്‍ഗ്ഗങ്ങള്‍ ..........."

ഏകാഗ്രതയോടെ പുസ്തകവായനയില്‍ മുഴുകിയിരുന്നിരുന്ന ദേവിക തലയുയര്‍ത്തി നോക്കി, ചായയുമായി ഹോസ്റ്റലിലെ പ്രധാന കുശിനിപ്പണിക്കാരി രാധ വന്നു നിന്നു കൊണ്ടു പിറുപിറുക്കുന്നു.

"എന്തു പറ്റി രാധേ? "

"അല്ലാ.. ഇപ്പോഴത്തെ കുട്ട്യോള്‍ടെ ഓരോ കാര്യങ്ങളേ... എത്ര നേരായെന്നറിയോ അവര്‍ ആ ലാന്‍ഡ്ക്കോപ്പില്‍ കുത്തിപ്പിടിച്ചിരുന്നു ആര്‍മ്മാദിക്കണേ.. ഇവറ്റങ്ങള്‍ക്കൊന്നും പഠിക്കാനൊന്നുമില്ലേ?... വീട്ടുകാര്‍ ഇത്രേം കാശ് ചെലവാക്കിയാണ് ഇവരെ പഠിക്കാന്‍ ഇങ്ങോട്ട് വിട്ടിരിക്കണേ എന്ന വല്ല ചിന്തയും ഉണ്ടോ?

"ഹ ഹ ഹ.. ലാന്‍ഡ്‌ക്കോപ്പല്ല രാധേ.. ലാപ്ടോപ്‌  എന്നു പറയൂ... അവര്‍ അതില്‍ പഠിക്കുകയായിരിക്കും.. ഞാനൊന്നു പോയി നോക്കട്ടെ..

പ്രിയപ്പെട്ട എഴുത്തുക്കാരിയുടെ ഭാവനാത്മകമായ വരികളിലൂടെയുള്ള വൈകാരികമായ പ്രയാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു കൊണ്ട് മേട്ട്രന്‍ എണീറ്റു..

"എന്താ ഇവിടെ?..  കുറേ നേരമായല്ലോ ചിരിയും കളിയും?.. പഠിക്കാനൊന്നുമില്ലേ?.. "

അപ്രതീക്ഷിതമായി  മേട്ട്രന്‍ കടന്നുവരുന്നത്‌ കടന്നുവന്നതു കണ്ടു പെണ്‍കുട്ടികള്‍ ഒരു വേള നിശബ്ദരായി.

"മേം.. ഞങ്ങള്‍ നാളെ നമ്മള്‍  സ്റ്റഡി ടൂര്‍ പോകുന്ന സ്ഥലങ്ങളുടെ ലൊക്കേഷനും അവിടെയുള്ള സംഗതികളുമൊക്കെ          ഇന്റര്‍നെറ്റില്‍ നോക്കുകയായിരുന്നു. വാട്ട്‌ എ മാര്‍വല്ലെസ് പ്ലേസ് മേം... റിയലി എന്ചാന്റിംഗ് പീസ്‌ ഓഫ് നേച്ച്വര്‍.." ഡെമില പറഞ്ഞു.

"ങാ.. മതി മതി.. നാളെ നേരിട്ടു കാണാനുള്ളതല്ലേ.. ചെല്ലൂ രാധ ഡൈനിങ്ങ്‌ റൂമില്‍ ചായയും കടിയും വച്ചിരിക്കുന്നതു കഴിക്കൂ. എന്നിട്ടാകാം ബാക്കി.."

ദേവിക ഇത്തിരി കര്‍ക്കശക്കാരി ആണെങ്കിലും മറ്റുള്ള ഹോസ്റ്റലുകളില്‍ ഉള്ളതു പോലുള്ള  ഹിറ്റ്‌ലര്‍ നയങ്ങളായിരുന്നില്ല അവരുടെ മേല്‍നോട്ടത്തിലുള്ള ഗ്രേസ്ഹോം ലേഡീസ് ഹോസ്റ്റലിലേത്. സ്നേഹത്തില്‍ പൊതിഞ്ഞ ശാസനകളില്‍ നിയന്ത്രിതരായി അവിടെ പെണ്‍കുട്ടികള്‍ നാടും വീടും വീട്ടുകാരെയുമൊക്കെ വിട്ടകന്ന ദുഃഖം മറന്നു സന്തോഷിച്ചുല്ലസിച്ചു കഴിയുന്നു. ദേവികയ്ക്ക് പെണ്‍കുട്ടികളുടെ മനസ്സില്‍ ഒരമ്മയുടെ രൂപമായിരുന്നു. കുട്ടികളുടെ ചെറിയ ചെറിയ കുസൃതികളില്‍ ഒന്നും അവര്‍ ക്ഷോഭിച്ചിരുന്നില്ല.

"നാളെ അതിരാവിലെത്തന്നെ പുറപ്പെടെണ്ടതല്ലേ.. വേഗം പോയി കൊണ്ടുപോകാനുള്ളതെല്ലാം തയ്യാറാക്കി വച്ച് സമയം കളയാതെ ഉറങ്ങാന്‍ നോക്കൂ കുട്ടികളേ.. രാവിലെ  ആരും ഉറക്കം തൂങ്ങുന്നത് എനിക്കു കാണണ്ടാ.."

അത്താഴം കഴിഞ്ഞു പൂമുഖത്തിരുന്നു സൊറ പറയുകയായിരുന്ന കുട്ടികള്‍ ദേവികയുടെ വാക്കുകള്‍ കേട്ട് അവരവരുടെ മുറികളിലേക്ക് പോയി.

പുലര്‍ച്ചയ്ക്ക് അന്തരീക്ഷത്തെ ആവരണം ചെയ്ത പുകമഞ്ഞിന്റെ കുളിരേകുന്ന തലോടലില്‍ ആഹ്ലാദത്തിമിര്‍പ്പുകളുടെ  തിരതള്ളലില്‍ ആകാംക്ഷാ ഭരിതരായി ഒരു വീഡിയോ കോച്ച് ബസ്സില്‍ അവര്‍ മൂന്നാര്‍ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി..

യാത്ര ബഹുദൂരം പിന്നിട്ടപ്പോള്‍ അതിമനോഹരമായ പ്രകൃതി സൌന്ദര്യം കണ്ണുകള്‍ക്ക്‌ കുളിരേകിത്തുടങ്ങി. അംബരചുംബികളായ പര്‍വ്വതനിരകളും അവയെ തഴുകുന്ന വെള്ള മേഘങ്ങളും പച്ചപുതച്ച മൊട്ടക്കുന്നുകളുമൊക്കെ ആ ഉല്ലാസയാത്രയ്ക്കു വര്‍ണ്ണപ്പകിട്ടേകുന്നുണ്ടായിരുന്നു.

ഉദയസൂര്യകിരണങ്ങള്‍ ചില്ലുജാലകത്തിലൂടെ ബസ്സിനുള്ളിലേക്ക്‌ അരിച്ചിറങ്ങാന്‍ തുടങ്ങി. കുളിരിന്റെ ലാളനയില്‍ സ്വയം മറന്നു മൗനമായി വഴിയോരക്കാഴ്ചകള്‍ കണ്ടിരുന്നിരുന്ന കുട്ടികള്‍ ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റു കര്‍മ്മനിരതരാവാന്‍ തുടങ്ങി. ചെറിയ കൂട്ടങ്ങളായി അവര്‍   പാട്ടുകള്‍ പാടാനും അതിനൊത്തു താളം പിടിച്ചു ആടാനുമൊക്കെ തുടങ്ങി.

ഒന്നാമത്തെ സീറ്റില്‍ രാധയോടൊപ്പം ഒരു ഷാള്‍ പുതച്ചു മൂകമായി ഇരുന്നിരുന്ന ദേവിക മനസ്സിനെ ഭൂതകാലത്തിലെ ഏതൊക്കെയോ ഓര്‍മ്മച്ചെപ്പുകളില്‍ എന്തോ തിരയാന്‍ വിട്ടതായി  തോന്നി. രാധയാണെങ്കില്‍ യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള ഉറക്കവും.

ലയയാണ് ദേവികാ മേം വിഷാദയായി ഇരിക്കുന്നത് ശ്രദ്ധിച്ചതും കൂട്ടുകാരോട് പറഞ്ഞതും. കുട്ടികള്‍ ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി ദേവികയുടെ അടുത്തു വന്നു വിഷാദകാരണം അന്വേഷിച്ചു.

"ഒന്നുമില്ല കുട്ടികളേ.. ഞാനിങ്ങനെ പഴയ കാലങ്ങളിലൂടെ ചുമ്മാ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു. നിങ്ങള്‍ പോയി എന്ജോയ്‌ ചെയ്യൂ.."

ദേവികയോട് ഒരു ആത്മബന്ധത്തിലെന്ന പോലെ അടുപ്പം കാണിച്ചിരുന്ന ശ്രുതിയൊഴികെ ബാക്കി എല്ലാവരും വീണ്ടും ആഘോഷത്തിമിര്‍പ്പിലേക്ക് മടങ്ങിപ്പോയി. ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ ശ്രുതിയുടെ മനസ്സില്‍ ദേവികയായിരുന്നു അമ്മ. അവളുടെ പപ്പ പുതിയ വിവാഹം കഴിച്ചു ഇരുവരും അമേരിക്കയില്‍ ആണ്. വര്‍ഷത്തില്‍ ഒന്നോരണ്ടോ ദിവസങ്ങള്‍ മാത്രമാണ് പപ്പ അവളോടൊപ്പം ചിലവഴിക്കുന്നത്. മാതാപിതാക്കളുടെ  ലാളനകള്‍ ലഭിക്കാതെ വളരുന്ന കുട്ടി. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ അവളുടെ സ്വഭാവഗുണങ്ങളും പക്വതയും അവളുടെ പ്രതികൂല സാഹചര്യങ്ങളും ദേവികയെ മാനസികമായി ശ്രുതിയിലേക്ക് അടുപ്പിച്ചിരുന്നു.

ഒരു  വലിയ കയറ്റവും ഹെയര്‍പ്പിന്‍ വളവും കഴിഞ്ഞ വഴി വലതുവശത്തു കണ്ട ഒരു ചെറിയ  ചായക്കടയുടെ അടുത്ത് എഞ്ചിന്‍ തണുപ്പിക്കാനായി വണ്ടി നിര്‍ത്തി. രാധയും ഡ്രൈവറും ക്ലീനറും ബാക്കി എല്ലാവരും ചായ കുടിക്കാനായി ഇറങ്ങിയപ്പോള്‍ ദേവിക ഇറങ്ങാത്തത് കണ്ടു ശ്രുതി അവരുടെ ചാരത്തു ചെന്നിരുന്നു.

"എന്താ കുട്ടീ.. ഇറങ്ങുന്നില്ലേ?.. ചെല്ലൂ.. ചായ കുടിച്ചു വരൂ.."

"ഇല്ലാ മേം.. എനിക്ക് മേമിന്റെ അടുത്തു കുറച്ചു നേരം ഇരിക്കണം..മേം കുറേ നേരമായി എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?.. എന്നോട് പറയാമോ?.. "

"കുട്ടീ... ജീവിതത്തിലെ ഓരോരോ സംഭവങ്ങള്‍ ഇങ്ങനെ ഓര്‍ക്കുകയായിരുന്നു. ഈ വണ്ടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെ കുതിച്ചും കിതച്ചും പോകുന്നത് പോലെയല്ലേ നമ്മുടെ ജീവിതവും?.. "

തന്‍റെ മാനസപുത്രിക്കു മുമ്പില്‍ മനസ്സു തുറക്കാന്‍ ദേവിക തയ്യാറായി..

സാധാരണക്കാരായ മാതാപിതാക്കളുടെ ഏഴു മക്കളില്‍ മൂന്നാമതായിട്ടായിരുന്നു ദേവികയുടെ ജനനം. ഇന്നത്തെപ്പോലെ ആശുപത്രികളില്‍ ആയിരുന്നില്ല വീടുകളില്‍ത്തന്നെയായിരുന്നു അന്നൊക്കെ പ്രസവം നടന്നിരുന്നത്. വയറ്റാട്ടിത്തള്ളമാര്‍ ആയിരുന്നു പ്രസവമേല്‍നോട്ടം നടത്തിയിരുന്നത്. രാത്രി വൈകിയ വേളയില്‍ പ്രസവം കുറച്ചു സങ്കീര്‍ണ്ണമാണെന്ന് തോന്നിയപ്പോള്‍ അച്ഛന്‍ ഒരു ഡോക്റ്ററെ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്നു. എന്നാല്‍ അയാള്‍ എത്തുന്നതിനും മുമ്പേ ദേവിക യാതൊരു കേടുപാടുകളും കൂടാതെത്തന്നെ അമ്മയുടെ വയറ്റില്‍ നിന്നും സ്വാതന്ത്ര്യം നേടിയിരുന്നു. അസാധാരണമായ ഓമനത്വം  തുളുമ്പുന്ന ആ കുട്ടിയെ കൈകളിലെടുത്തു താലോലിച്ചു കൊണ്ട് ആ ഡോക്ട്ടര്‍ ഒരുപാടു നേരം അവിടെ ഇരുന്നുപോലും!

ദേവിക   മറ്റു മക്കളില്‍ നിന്നും  വ്യത്യസ്തയായി തന്‍റെ    പിതാവിനോട്  കൂടുതല്‍ അടുപ്പം കാണിച്ചു. അച്ഛന്റെ ഒരു നിഴല്‍ പോലെ അനുസരണാശീലത്തിലും അസാധാരണമായ ധാര്‍മ്മികതയിലും പക്വതയിലും അവള്‍ വളര്‍ന്നു. അച്ഛനുമായുള്ള അടുപ്പം സ്വന്തം കൂടെപ്പിറപ്പുകള്‍ക്കു വരെ അസൂയ ജനിപ്പിച്ചു. അവരോടില്ലാത്ത വാത്സല്യം അവളോട്‌ അച്ഛന്‍ കാണിച്ചിരുന്നതായിരിക്കണം അതിനു പ്രധാന കാരണം. തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യങ്ങളില്‍ അമ്മയുടെ വാക്കുകളേക്കാള്‍ അച്ഛനു മുഖ്യം ദേവികയുടെ വാക്കുകളായിരുന്നു. "ദേവികയെ കണ്ടു പഠിക്ക്യാ" എന്നു മറ്റു മക്കളെ അച്ഛന്‍ ശാസിക്കുകയും ചെയ്യും.  ആയതിനാല്‍ സ്വന്തം രക്തബന്ധങ്ങളില്‍ നിന്നൊരു ഒറ്റപ്പെടല്‍ അന്നേ അവള്‍ അനുഭവിച്ചു തുടങ്ങിയിരുന്നു.

പഠനത്തിലും പെരുമാറ്റത്തിലും ചിന്താശക്തിയിലും എല്ലാം മികവു തെളിയിച്ചു കൊണ്ട് ദേവിക ബിരുദാനന്തരബിരുദം നല്ല മാര്‍ക്കോടെ നേടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം.. എണ്ണിച്ചുട്ട അപ്പങ്ങള്‍ കിട്ടുന്ന ഒരു  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനെ ബുദ്ധിമുട്ടിക്കാതെ തന്‍റെ പഠനത്തിനും സ്വന്തം ചെലവുകള്‍ക്കുമുള്ള പണം അയല്‍പ്പക്കക്കാരായ കുട്ടികള്‍ക്ക് അച്ഛന്റെ അനുവാദത്തോടെ ട്യൂഷന്‍ എടുത്താണ് അവള്‍ ഉണ്ടാക്കിയിരുന്നത്.  ആ സ്വയംപര്യാപ്തതയില്‍ വീണ്ടും മനസ്സുകള്‍ അസൂയാലുക്കളായി. അതില്‍ നിന്നും ഉടലെടുത്ത അപകര്‍ഷതാബോധം ഒരു വെറുപ്പിന്റെ രൂപത്തില്‍ എല്ലാവരുടെയും മനസ്സില്‍ അദൃശ്യമായി കിടന്നിരുന്ന വിവരം അറിയാതെ അവള്‍ എല്ലാവരെയും അഗാധമായി സ്നേഹിച്ചു. ഒരു ചിത്രശലഭത്തെ പോലെ നിഷ്ക്കളങ്കയായി അവള്‍ പാറി നടന്നു.

തൊട്ടു മൂത്ത സഹോദരിയുടെ വിവാഹം ഓരോരോ കാരണങ്ങളാല്‍ അനിശ്ചിതമായി നീണ്ടു പോയിക്കൊണ്ടിരുന്നത് അച്ഛനില്‍ അങ്കലാപ്പുണ്ടാക്കി. വിവാഹപ്രായം കഴിഞ്ഞു നിന്നിരുന്ന ദേവിക അച്ഛന്‍റെ നിര്‍ബന്ധബുദ്ധിയെ അനുസരിച്ചുകൊണ്ട് അച്ഛന്‍ ചൂണ്ടിക്കാണിച്ചയാളെ ചേച്ചിയെ മറികടന്നു കൊണ്ട് വരണമാല്യമണിയിക്കുകയായിരുന്നു. അതില്‍ വളരെയേറെ വിഷണ്ണയുമായിരുന്നു അവള്‍. പക്ഷേ, അതോടെ ചേച്ചിയുടെ മനസ്സില്‍ ദേവിക ഒരു ശത്രുവായി മാറുകയായിരുന്നു. അവര്‍ പ്രതികാരദാഹിയായി അവസരം പാര്‍ത്തിരിക്കുന്നത് അറിയാതെ ദേവിക അവളുടെ വിഷമം സ്വന്തം മനസ്സില്‍ ഒരു വിങ്ങലായി കൊണ്ടുനടന്നു.

ഒരു ജീവിതബാദ്ധ്യത തീര്‍ക്കാനെന്നോണം അധികമൊന്നും അന്വേഷിക്കാന്‍ തയ്യാറാവാതെ അച്ഛന്‍ ദേവികയ്ക്കായി കണ്ടെത്തിയ വിവാഹബന്ധം ഒരു പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ദേവികയുടെ സൗന്ദര്യവും അനിതരസാധാരണമായ വൈഭവങ്ങളും വിദ്യാഭ്യാസവും ധാര്‍മ്മികത്വവും  നാത്തൂന്മാരിലും അമ്മായിയമ്മയിലും അസൂയയും വെറുപ്പും ഉണ്ടാക്കി. അവരുടെ താളത്തിനൊത്തു തുള്ളുന്ന അവളേക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ള ഭര്‍ത്താവില്‍ നിന്നും ദേവിക അനുദിനം ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങാന്‍ തുടങ്ങി. പലവട്ടവും ഒരു വിവാഹമോചനത്തിനായി അവളെ മനസ്സ് നിര്‍ബന്ധിപ്പിച്ചു. എങ്കിലും അതുമൂലം ഒരു മാനഹാനി തന്‍റെ കുടുംബത്തിനുണ്ടാവരുത് എന്ന ചിന്തയിലും പറക്കമുറ്റാത്ത തന്‍റെ രണ്ടു കുട്ടികളുടെ ഭാവിയെ ഓര്‍ത്തും പതിനാറു കൊല്ലം വരെ ആ പീഡനം അവള്‍ പുറംലോകം അറിയാതെ സഹിച്ചു. എപ്പോഴും ചുറുചുറുക്കോടെയും പ്രസരിപ്പോടെയും കഴിഞ്ഞു കൊണ്ട് മറ്റുള്ളവരില്‍ സന്തോഷവും സമാധാനവും വാരിവിതറി ഒരു പൂമ്പാറ്റയെ പോലെ പാറിനടക്കാന്‍ ആഗ്രഹിച്ച ദേവികയുടെ മുഖം ആ നീണ്ട കാലയളവില്‍ കാര്‍മേഘം മൂടിയ ആകാശം പോലെയായിരുന്നു. അച്ഛന്‍ ആയിരുന്നു ഏക ആശ്രയം. എല്ലാ കാര്യങ്ങളും നന്നായി അറിയാവുന്ന എകവ്യക്തിയായ അച്ഛന്‍റെ വാക്കുകളില്‍ എന്നും കുറ്റബോധം നിറഞ്ഞു നിന്നിരുന്നു.

സഹോദരിമാരുടെ വിവാഹമെല്ലാം കഴിഞ്ഞു എല്ലാവരും നല്ല നിലയില്‍ എത്തി. ദേവികയുടെ ഏക സമാധാന ദുര്‍ഗ്ഗമായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മരണം അവളെ ശരിക്കും നിരാലംബയാക്കി. ഭര്‍തൃഗൃഹത്തിലെ പീഡനങ്ങള്‍ക്കു പുറമേ, അച്ഛന്റെ വിയോഗം ഉണ്ടാക്കിയ ഒറ്റപ്പെടലിനു ആക്കം കൂട്ടിക്കൊണ്ടു മറ്റൊരു അപ്രതീക്ഷിത ആഘാതവും... സ്വജനങ്ങള്‍ ബാല്യകാലം മുതല്‍ക്കേ മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരവാളുകള്‍ അവള്‍ക്കെതിരെ അവസരത്തിനനുസരിച്ച്‌  അവര്‍ ആഞ്ഞു വീശാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ശരിക്കും തളര്‍ന്നു പോയി.

ഭീകരമായിരുന്ന ഒരു കാളരാത്രിയുടെ അന്ത്യത്തില്‍ അവളൊരു തീരുമാനമെടുത്തു. വിവാഹമോചനം... അതു അവളെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ വീണ്ടും പരിഹാസപാത്രമാക്കി. കൂടെപ്പിറപ്പുകള്‍ക്കും കുടുംബത്തിന്‍റെ അന്തസ്സിനും കോട്ടം വരുത്താതെ അത്രയും യാതനകള്‍ സഹിച്ചു അവരെ സ്നേഹിച്ചിരുന്ന ദേവികയുടെ മനസ്സ് അപ്പോഴും ഒരു ആത്മഹത്യക്ക് അവളെ പ്രേരിപ്പിച്ചില്ല. ജീവിതസാഹചര്യങ്ങളോട് ധീരമായി പടപൊരുതി അവള്‍ തന്‍റെ രണ്ടു മക്കളെ ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി വളര്‍ത്തി സ്വയം പ്രാപ്തരാക്കി. കൂടുതല്‍ ജീവിത സൌകര്യങ്ങളും പദവികളും ആഗ്രഹിച്ച മക്കള്‍ അമ്മയെ ഉപേക്ഷിച്ചു അവരുടെ അച്ഛന്റെ കൂടെ പോയി. ഇന്നു ദേവികയ്ക്ക് സ്വന്തമെന്നു പറയാന്‍ ആരുമില്ല. ജനിച്ചേ മുതലുള്ള ഒറ്റപ്പെടല്‍ ഇന്നും ഈ ജീവിതസായാഹ്നത്തിലും അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇത്രയൊക്കെ അനുഭവിക്കാന്‍ എന്തായിരുന്നു ദേവിക ചെയ്ത തെറ്റുകള്‍????... അസൂയകളുടെ ബലിമൃഗം...

ദേവികയുടെ കണ്ണുകളിലൂടെ ധാരധാരയായി ഒഴുകിയിരുന്ന കണ്ണുനീര്‍ ശ്രുതി ആരും കാണാതെ തൂവാലയെടുത്ത് ഒപ്പിക്കൊണ്ടു അവരുടെ ചെവിയില്‍ മന്ത്രിച്ചു.

"മേം.. എന്‍റെ മുഖത്തേക്കു നോക്കി മേമിന് ആരുമില്ല എന്നു പറയാനാവുമോ?.. അമ്മയുടെ സ്നേഹം ഞാന്‍ ആദ്യമായി അറിയുന്നത് എന്‍റെ മേമില്‍ നിന്നാണ്.. ഈ അമ്മയെ എനിക്കുവേണം... ഒരാള്‍ക്കും ഇനി ഞാന്‍ അമ്മയെ വിട്ടുകൊടുക്കില്ലാ.. "

വിതുമ്പിക്കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ ദേവിക മാറോടു ചേര്‍ത്തു പിടിച്ചു.

ദൂരെ മൂന്നാറിന്‍റെ പച്ചപുതച്ച മൊട്ടക്കുന്നുകളില്‍ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട്‌ പ്രതീക്ഷയാകുന്ന സൂര്യന്‍ തന്നെ മറച്ചിരുന്ന കാര്‍മേഘ ശകലങ്ങളില്‍ നിന്നും പുഞ്ചിരിക്കുന്ന മുഖം പുറത്തു കാണിച്ചു.

-------- മീനു.

പ്രിയപ്പെട്ട ക്യാന്‍വാസ്വെളുപ്പായാലും കറുപ്പായാലും തവിട്ടായാലും മഞ്ഞയായാലും എല്ലാ നിറങ്ങളും തനിക്കു പ്രിയപ്പെട്ടവ തന്നേ..
വര്‍ണ്ണ വൈവിധ്യങ്ങളാണല്ലോ ക്യാന്‍വാസിലെ കോറലുകളില്‍ വര്‍ണ്ണ പകിട്ടേകി അതിനെ ജീവസ്സുറ്റതാക്കുന്നത്...
പ്രപഞ്ചം വെള്ളത്തുണിയില്‍ വര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച് അതിന്റെ ചിത്രലേഖ മനോഹരമാക്കാന്‍ ശ്രമിച്ചു..
നിറങ്ങൾ പലതും സ്വയവും അല്ലാതെയും കെട്ടിമറിഞ്ഞു കൊണ്ട് ഓരോ മൂലയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണദൃശ്യങ്ങള്‍ ഒരുക്കുന്നുണ്ടായിരുന്നു
ഓരോ നിമിഷങ്ങളിലും എത്രയെത്ര നിറക്കൂട്ടുകളുടെ നിനവുകള്‍ മനസ്സിലൂടെ മിന്നി മറയുന്നു...
പലപ്പോഴും നിറങ്ങളാല്‍ നെയ്ത രൂപങ്ങള്‍ അവ്യക്തതയോടെ ദൃഷ്ടിയെ കബളിപ്പിക്കാന്‍ ശ്രമിച്ചു.
ഇഴുകിച്ചേര്‍ന്ന ചില വര്‍ണ്ണക്കൂട്ടുകളില്‍ ഒന്നിച്ചു ചേരലിന്റെ അഹങ്കാരം നിറഞ്ഞിരുന്നത് മൂലം അവയെ വേര്‍ത്തിരിച്ചു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
ചിലവയോ അത്രയേറെ കെട്ടുപിണഞ്ഞു ഒരിക്കലും അഴിക്കാന്‍ സാധ്യമാകാത്ത വിധം കട്ട പിടിച്ചും കിടന്നു.
സുനാമിത്തിരകളാല്‍ ചിന്നിച്ചിതറിപ്പോയ മഹാസമുദ്രത്തിലെ ചെറുദ്വീപുകളെപ്പോലെ ഗദ്ഗദപ്പെടുന്ന ചില ഒറ്റപ്പെട്ട വര്‍ണ്ണബിന്ദുക്കളും..
കടുത്തതുമായി കൂട്ടുകൂടിയ ചില വര്‍ണ്ണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്വയം അവ്യക്തമായി ദൂരെയെവിടെക്കോ അലിഞ്ഞു പോയപോലെ..............
ആഹ്ലാദം കൊണ്ടു തുള്ളിച്ചാടിയ വര്‍ണ്ണത്തുള്ളികളെ കാറ്റു കവര്‍ന്നു കൊണ്ടു പോയി തറയിലിട്ടവ പേടിച്ചു വിറയ്ക്കുന്നു.
ക്യാന്‍വാസില്‍ രൂപം കൊണ്ട തന്‍റെ പ്രതിബിംബം സ്വയം കേഴുന്നുവോ?
പ്രിയ വര്‍ണ്ണങ്ങള്‍ക്ക് തന്നിഷ്ടപ്രകാരം ചേരുംപടി പരസ്പ്പരം പുണരാന്‍ അല്‍പ്പം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തത് അബദ്ധമായോ?
വികൃതമായ ഈ കാഴ്ച്ച തന്‍റെ മനസ്സിലെ കടല്‍ത്തിരകളുടെ നീലിമയെ വരെ ഇല്ലാതാക്കുമെന്നാണ് തോന്നുന്നത്. നിറങ്ങളില്ലാതെ വെറും ഇരമ്പല്‍ മാത്രമുള്ള തിരകളെ കടല്‍ക്കാക്കകള്‍ പോലും തിരിഞ്ഞു നോക്കിയെന്നു വരില്ലാ..
കടുംനീലയും കറുപ്പും കട്ട കുത്തിയ കടല്‍ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കി.. അത് നിറങ്ങള്‍ കട്ട കുത്തിയതല്ലാ.. ഭീമാകാരനായ ഒരു കടല്‍ജീവി താനിരിക്കുന്ന ചെറുതോണിയെ വിഴുങ്ങാന്‍ ആഴക്കടലില്‍ നിന്നും വരുന്ന വരവാണ്...
ഓളങ്ങള്‍ക്ക് ശക്തികൂടുംതോറും തോണിയുടെ ഉലച്ചില്‍ കൂടിക്കൊണ്ടിരുന്നു.
വികൃതമെങ്കിലും തന്‍റെ കയ്യിലുള്ള ക്യാന്‍വാസ് നനയാതിരിക്കാന്‍ അവ വായുവില്‍ ഉയര്‍ത്തിപ്പിടിച്ചു.
അപ്പോഴും അതിലെ പൂര്‍ണ്ണമായി ഉണങ്ങാത്ത ചില വര്‍ണ്ണങ്ങള്‍ സര്‍വ്വശക്തിയുമെടുത്തു ഒഴുകിപ്പുണര്‍ന്നു ചിത്രത്തിന്‍റെ വൈരൂപ്യം കുറയ്ക്കാനുള്ള അവസാന ശ്രമം നടത്തുന്നുണ്ടായിരുന്നു.
പിന്നില്‍ നിന്നും ആരൊക്കെയോ വികൃതമായി ചിരിക്കുന്നത്‌ കേള്‍ക്കാം.... ഒരു പരിഹാസം പോലെ..
അരയില്‍ നിന്നും തൂവാല വലിച്ചൂരി ചെവികള്‍ രണ്ടും വരിഞ്ഞുമുറുക്കി..
ഏതു നിമിഷവും തന്നെ കടലെടുത്തേക്കാം.. തന്‍റെ ക്യാന്‍വാസിലെ വര്‍ണ്ണസമ്മേളനങ്ങളില്‍ നിന്നുമുടലെടുത്ത തന്‍റെ പ്രിയപ്പെട്ട കടല്‍....
എങ്കിലും ഈ കാന്‍വാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു കളയാന്‍ തോന്നുന്നതേയില്ലാ.. വിരൂപമായെങ്കിലും അതിലെ വര്‍ണ്ണങ്ങളെ തനിക്കു അത്രമേല്‍ ഇഷ്ടമാണല്ലോ... ജീവനേക്കാളും..
-------------------------- മീനു.

അമ്മൂമ്മയെ പേരക്കുട്ടികള്‍ ശുശ്രൂഷിച്ചപ്പോള്‍..ഒരാഴ്ച കഴിഞ്ഞു വരുമെന്നു പറഞ്ഞിരുന്ന അക്കൌണ്ട് ഓഡിറ്റര്‍മാര്‍ രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ വരുന്നുവെന്ന് ബോസ്സ് അറിയിച്ചതോടെ റെക്കോര്‍ഡ്‌സ് എല്ലാം തകൃതിയില്‍ തയ്യാറാക്കുന്ന ജോലിയിലായിരുന്നു ഞാന്‍
മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ടു ഈര്‍ഷ്യയോടെ എടുത്തു നോക്കിയപ്പോള്‍ ഒരേയൊരു ആങ്ങളയായ കുട്ടന്‍..
"എന്താടാ രാവിലെത്തന്നെ?????!........ "
"അമ്മയെ ഇന്നു രാവിലെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആക്കി ... രണ്ടുദിവസമായുണ്ടായിരുന്ന പനിയും ജലദോഷവും ന്യുമോണിയ ആയി മാറി എന്നാണു ഡോക്റ്റര്‍ പറഞ്ഞേ.."
മഞ്ഞുകാലം എപ്പോഴും അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്....
ആ നനുത്ത തണുപ്പില്‍ പുലര്‍ച്ചയ്ക്ക് അന്തരീക്ഷത്തെ ആവരണം ചെയ്ത പുകമഞ്ഞിന്റെ കുളിരേകുന്ന തലോടലില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങാന്‍ എന്തൊരു രസമാണ് .. പുറത്തേക്ക് നോക്കിയാല്‍ മാറാല പിടിച്ചപോലെ മൊത്തം ആവരണം ചെയ്ത മഞ്ഞിന്റെ പുതപ്പും അതിനിടയിലൂടെ കീറി തുളച്ചു വരുന്ന സൂര്യ കിരണങ്ങളും പ്രഭാതത്തിനു ചാരുതയേകുന്നു. നമ്മളിങ്ങനെ ആസ്വദിച്ചു മഞ്ഞുകാലത്തെ വരവേല്‍ക്കുമ്പോഴേക്കും തുടങ്ങും തൊണ്ടവേദനയും ചുമയും ചുണ്ട് വിണ്ടുകീറലും ദേഹം മുഴുവന്‍ മൊളിച്ചിലും...അവയുടെ കൂടെ ചുമയും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതോടെ സ്വാഭാവികമായും മഞ്ഞുകാലത്തെ പഴിച്ചു തുടങ്ങും..
എനിക്ക് ജോലിയുള്ളതിനാല്‍ തല്ക്കാലം കുട്ടനും ഭാര്യയും അന്നത്തേക്ക്‌ ഹോസ്പ്പിറ്റലില്‍ അമ്മയ്ക്ക് കൂട്ടായി ഉണ്ടാകുമെന്നും പിറ്റേ ദിവസത്തേക്ക് നില്‍ക്കാനായി ചേച്ചി ചെല്ലാമെന്നു പറഞ്ഞിട്ടുണ്ടെന്നും കുട്ടന്‍ പറഞ്ഞു. .
അഞ്ചു മക്കളെ കഷ്ടപ്പെട്ട് പ്രസവിച്ചതിനാല്‍ ഇങ്ങനെയൊരു ഉപകാരമെങ്കിലും അമ്മയ്ക്ക് കിട്ടും.. ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ ശുശ്രൂഷയ്ക്ക് കാണും..
അസുഖത്തിന്‍റെ അസ്കതയും  നാക്കിലെ രുചിയില്ലായ്മ്മയും ഒക്കെക്കൂടിയായപ്പോള്‍ കണ്ടവരോടൊക്കെ ദേഷ്യഭാവത്തിലായിരുന്നു അമ്മയുടെ സംസാരം. സ്വന്തം മക്കളേ എന്തൊക്കെ വഴക്ക് പറഞ്ഞാലും അതേവരെ ഒരിക്കലും വഴക്കു പറയാത്ത ഒരേയൊരു മരുമകളെ വരെ അമ്മ ഒഴിവാക്കിയില്ല. അവള്‍ കൊണ്ട് വന്ന ബാഗില്‍ മൂന്നു ജോഡി സെറ്റ് മുണ്ട് കണ്ടപ്പോള്‍ അമ്മ ചോദിച്ചു .
"ഇനിയെന്നെ അങ്ങോട്ടു കൊണ്ടു പോകേണ്ടാ എന്ന് കരുതിയാണോ അലമാരയില്‍ ഉള്ളതൊക്കെ ഇങ്ങോട്ട് എടുത്തു കൊണ്ടു വന്നിരിക്കുന്നത്? ...." അപ്രതീക്ഷിതമായി അത് കേട്ട് പാവം അവള്‍ നിന്നിടത്തു നിന്ന് ഉരുകി പോയി ...
ആന്റിബയോട്ടിക്കിന്റെ കടുത്തപ്രയോഗത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് കുറച്ചു ആശ്വാസമായി ...
ഞായറാഴ്ച ദിവസം മക്കള്‍ എല്ലാവരും ഓരോരോ അത്യാവശ്യകാര്യങ്ങളില്‍ തിരിക്കിലായിരുന്നതിനാല്‍ പേരക്കുട്ടികളായ എന്റെ മോന്‍ വിഷ്ണുവിനെയും ആങ്ങളയുടെ മകന്‍ കാര്‍ത്തിക്കിനേയും ഉച്ച വരെ അമ്മൂമ്മയെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ നിര്‍ത്താന്‍ തീരുമാനിച്ചു..
അവധി ദിവസം ടീവിയുടെയും വീഡിയോ ഗെയിമുകളുടെയും ലോകത്തുനിന്ന് പോകാന്‍ മടിച്ചെങ്കിലും കുട്ടന്റെ വാക്കുകളെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത കാരണം മനസ്സില്ലാമനസ്സോടെ അവര്‍ പോയി .
ഉച്ചക്ക് ഭക്ഷണം കൊണ്ട് ഞാന്‍ പോകുന്നതുവരെ ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു ... ഞാന്‍ ചെന്നപ്പോള്‍ അമ്മ സന്തോഷത്തില്‍ കൊച്ചുമക്കളോട് നേരമ്പോക്കും പറഞ്ഞുക്കൊണ്ടിരിക്കുന്നു.. അസുഖത്തിനു കുറച്ചു ശമനമുള്ളതിനാലും കുറച്ചു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാലുമായിരിക്കാം കൊണ്ട് പോയ പൊടിയരിക്കഞ്ഞിയും മാങ്ങാച്ചമ്മന്തിയും കൂടാതെ രുചിക്കു വേണ്ടി ഉണ്ടാക്കിയ ഉപ്പും മുളകും പുളിയും കൂട്ടി ചാലിച്ചതും കൂട്ടി എത്രയോ ദിവസത്തിനു ശേഷം അമ്മ നന്നായി കഴിച്ചു ..
"അമ്മേ ഇവരിവിടെ പ്രശ്നങ്ങള്‍ എന്തേലും ഉണ്ടാക്കിയോ ????" ഞാന്‍ ചോദിച്ചു.
"ഇവരെന്റെയടുത്തു വന്നതോടെ എന്റെ അസുഖം പകുതി മാറിയപോലെ! .. ചുമക്കുമ്പോഴേക്കും തുപ്പല്‍ കോളാമ്പി കാണിച്ചു തന്നും ടോയ്ലെറ്റില്‍ പോകാന്‍ കയ്യ്
പിടിച്ചും സമയത്തിനു മരുന്നുകള്‍ തന്നും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും അവരെന്നെ നന്നായി നോക്കി..." സന്തോഷഭാവത്തോടെ അമ്മയത് പറഞ്ഞപ്പോള്‍ വളരെ സമാധാനമായി..
"നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ?... " ഞാന്‍ കുട്ടികളോട് ചോദിച്ചു. അവരുടെ ഭാഗം കൂടി കേള്‍ക്കണമല്ലോ
"ഞങ്ങള്‍ രാവിലെ വന്നവഴി ആദ്യം കാന്റീനില്‍ പോയി മസാലദോശ കഴിച്ചു... പക്ഷെ അതിനു തീരെ രുചി തോന്നിയില്ല ...അതോണ്ട് ഒരു പത്തു മണിയായപ്പോള്‍ റോഡിനു അപ്പുറത്തെ ഹോട്ടലില്‍ നിന്നും ചപ്പാത്തിയും കുറുമയും കഴിച്ചു... പിന്നെ,, പതിനൊന്ന് മണിക്ക് കോളയും സാന്റ് വിച്ചും കഴിച്ചു.. കൂടെ മൂന്നുനാലു മാഗസിന്‍സും വാങ്ങി"
ഉച്ചയ്ക്ക് എന്നോട് അവര്‍ക്ക് ഭക്ഷണം കൊണ്ടുവരേണ്ട എന്നു മുന്നേ തന്നെ പറഞ്ഞിരുന്നു .എന്നെ അവിടെയിരുത്തി അവര്‍ പോയി ചിക്കന്‍ ബിരിയാണിയും കഴിച്ചു. കുറച്ചു നേരത്തിനു ശേഷം ഞാന്‍ വീട്ടിലേക്കു മടങ്ങി.
അല്‍പ്പം സമയം കഴിഞ്ഞു കുട്ടന്‍ ഹോസ്പ്പിറ്റലില്‍ എത്തി. കുട്ടന്‍ രാവിലെ അവരുടെ കയ്യില്‍ ആയിരം രൂപ കൊടുത്തിരുന്നു ... അവരെക്കൊണ്ടു പറ്റാവുന്നത്ര ചെലവാക്കി ബാക്കി ഏല്‍പ്പിച്ച തുക കണ്ടപ്പോള്‍ കുട്ടന്‍റെ കണ്ണു തള്ളി.. ഉടനെത്തന്നെ അവരുടെ സ്തുത്യര്‍ഹ സേവനം മതിയാക്കി വേഗം ബസ്‌ കയറ്റി വീട്ടിലേക്കുവിട്ടു.
"ഇതിലും ഭേദം ഒരാളെ കൂലിക്ക് നിര്‍ത്തുകയായിരുന്നു.........." പിറ്റേ ദിവസം രാവിലെ കുട്ടന്‍റെ വായില്‍ നിന്നും വീണ ആത്മഗതം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

കാലചക്രം തിരിയുമ്പോള്‍ദൂരെ.. അങ്ങാകാശത്ത് നിലാവു നിറച്ച വെള്ളിത്തളികയില്‍ നിന്നും തുളുമ്പിയെന്നോണം, ഒരു നിലാവിന്‍ ശകലം ധൂളി പോലെ താഴേക്കു പതിക്കുമ്പോള്‍ തങ്കം ഉറക്കം പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ...വര്‍ഷങ്ങളായി വെള്ളയടിക്കാത്ത നാലുകെട്ടിന്‍റെ ചുമരുകള്‍ ഒരു നിമിഷം ആ നിലാസ്പര്‍ശത്തില്‍ വെണ്മയേറി തിളങ്ങി...രാവേറിയിട്ടും മൂവാണ്ടന്‍ മാവിലെ ശിഖരങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല എന്ന വാശിയിലെന്ന പോലെ കാറ്റ് അവയെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. വേപഥു പൂണ്ട ശിഖരങ്ങളിലെ കണ്ണിമാങ്ങകള്‍ ആലിപ്പഴം പോലെ താഴേക്കു ഉതിര്‍ന്നു വീണു.പണ്ടാണെങ്കില്‍ മീനുവും ഗീതയും കുട്ടനും അവയെല്ലാം  പെറുക്കി മുറിച്ചു ഉപ്പും പച്ച മുളകും ചേര്‍ത്തു ചില്ലു ഭരണികളില്‍ ആക്കി വയ്ക്കുമായിരുന്നു..
ആകാശത്തു നിന്നും ഇറങ്ങിവന്ന വെണ്ണിലാവ് ഒരല്പ്പനേരം ആ മാഞ്ചുവട്ടില്‍ വിശ്രമിച്ചു.തെക്കിനിയുടെ ദ്രവിച്ചു തുടങ്ങിയ ജനവാതിലുകള്‍ കുറ്റിയും കൊളുത്തുമെല്ലാം പോയി കാറ്റില്‍ തുറക്കുകയും അടയുകയും ചെയ്തു കൊണ്ടിരുന്നു.. പ്രകൃതിയുടെ വികൃതികളൊന്നും തങ്കത്തിന് പുത്തന്‍ അനുഭവങ്ങള്‍ അല്ലായിരുന്നതിനാല്‍ അവയ്ക്ക് അവരുടെ ഉറക്കത്തിനു ഭംഗം വരുത്താന്‍ സാധിക്കുമെന്ന് കരുതാന്‍ വയ്യാ.. ശാന്തമായി നിദ്രാദേവിയുടെ മാറിടത്തില്‍ തല വച്ചു തങ്കം കിടക്കുന്നത് നിലാവ് നിര്‍ന്നിമേഷനായി നോക്കി നിന്നു.
"തങ്കോ....... എന്തൊരുറക്കമാടോ ഇത്.... ഇവിടെ നടക്കുന്നതൊന്നും താനറിഞ്ഞില്ല്യാ..ന്നുണ്ടോ?!...." ചിരപരിചിതമായ ആ സ്വരം കേട്ട് തങ്കം ഒരു സ്വപ്നാടനത്തിലെന്നോണം ഞെട്ടിയുണര്‍ന്നു പഴകിയ ജനലഴികളില്‍ പിടിച്ചു കൊണ്ട് പുറത്തേക്കു നോക്കി.
"ങേ.. ബാലേട്ടനോ?!.. എന്താപ്പോ കാണാറില്ലല്ലോ കുറെ നാളായിട്ട്.. ഞാനുമങ്ങെത്താത്തതിന്റെ പരിഭവത്തിലാവും ല്ലേ?.. ആഗ്രഹമില്ലാഞ്ഞിട്ടാണോ ബാലേട്ടാ.. അന്നാ മഞ്ഞപ്പിത്തം വന്നു കിടന്നപ്പോള്‍ ബാലേട്ടനെ ഉടനെത്തന്നെ കാണാല്ലോന്നോര്‍ത്തു വല്ലാതെ മോഹിച്ചിരുന്നു.. എന്താ ചെയ്യാ.. പണ്ടത്തെപ്പോലെ എളുപ്പം മരിക്കാന്‍ ആളുകളെ ഇന്നത്തെ ഈ വൈദ്യശാസ്ത്രലോകം സമ്മതിക്കുന്നില്ലല്ലോ.. കയ്യിനും കാലിനും ഒക്കെ വേദനയുമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പോലെ കഴിയാനാണ് വിധി."
"തങ്കം.. തന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നതൊന്നും വേറുതെയാവില്ല്യടോ... "
"അല്ലാ.. ഇന്നെ ഒരു നിമിഷം കണ്ടില്ലെങ്കില്‍ പരിഭവിക്കുന്ന ആളല്ലേ.. എങ്ങന്യാ ബാലേട്ടാ ഒറ്റയ്ക്ക് അവിടെ കഴിയണേ?.. ആ യമരാജനോട് ഒന്നു പറഞ്ഞൂടെ എന്നെയുമങ്ങട് ഒന്നു കെട്ടിയെടുക്കാന്‍?.. ഇനിക്കു വയ്യാ ബാലേട്ടാ.. ഇങ്ങനെയിവിടെ ആരോരുമില്ലാതെ കഴിയാന്‍.."
കാറ്റ് നിലച്ചു.. മൂവാണ്ടന്‍ മാവിന്‍റെ ശിഖരങ്ങളില്‍ നിദ്ര ചേക്കേറിയെന്നു തോന്നുന്നു. നിലാവു തൂകിക്കൊണ്ടിരുന്ന വെള്ളിക്കിണ്ണത്തെ വലിയൊരു കാര്‍മേഘം വന്നു മറച്ചു. എവിടെയോ മഴ പെയ്യുന്നുണ്ട് എന്നു തോന്നുന്നു. ജനലഴികളിലൂടെ ഒഴുകിവന്ന പുതുമണ്ണിന്റെ സുഗന്ധം ശ്വസിച്ചു എന്നോണം തങ്കം സ്ഥലകാലബോധം വീണ്ടെടുത്തു.
"ങേ.. ബാലേട്ടന്‍ പോയോ? അല്ലെങ്കിലും അങ്ങനെത്തന്ന്യാ.. ഒന്നു നോക്കിച്ചിരിച്ചു അപ്പോഴേ പോകും.. പാവം ഇല്ല്യാത്ത നേരോണ്ടാക്കീട്ടു ന്നെ ക്കാണാന്‍ വരണതാവും.." തങ്കം വീണ്ടും കിടയ്ക്കയിലേക്കമര്‍ന്നു. കണ്‍പോളകളില്‍ നിദ്രാദേവി തഴുകുന്നത് അവര്‍ അറിഞ്ഞു.
**************************************************************************
രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞു നാമം ജപിച്ച് ഇരിക്കുമ്പോഴാണ് ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന മനോരമ കലണ്ടറില്‍ തങ്കത്തിന്റെ ദൃഷ്ടി പതിച്ചത്.
ഇടവം 16..
'ഹോ.. ഞാനൊക്കെ മറന്നു പോയല്ലോ ... ഇന്നല്ലേ ന്‍റെ പേരക്കുട്ടി മാളൂട്ടിയുടെ കല്യാണ നിശ്ച്യം.. ചെറുക്കന്‍ അമേരിക്ക്യെന്നു വന്നൂന്നൊക്കെ മിനിയാന്ന് കൌസല്ല്യ പറേണതു കേട്ടതാ.. എന്താ പുത്തന്‍പെരേന്നു ഒച്ചേം ബഹളോം ഒന്നും കേള്‍ക്കാത്തെ ആവോ? ദേഹണ്ണക്കാരോന്നും വന്നില്ല്യേ ഇത് വരെ.." മകന്‍ പുതിയതായി പണിതീര്‍ത്ത തൊട്ടടുത്തുള്ള മണിമാളികയിലേക്ക് തങ്കം ജനലഴികളിലൂടെ നോക്കി. ആ പരിസരം ശാന്തമായി കിടക്കുന്നത് കണ്ട് അവരില്‍ വേവലാതിയുണ്ടായി.
"രാധേ .....രാധേ ..ഇതെവിടെ പോയി കിടക്കുന്നു ഈ പെണ്ണ്... കണ്ണ് തെറ്റിയാല്‍ അവിടേം ഇവിടേം നാടാന്‍ പോകും .. അല്ലെങ്കില്‍ ടീവി കാണല്‍... വല്ലാത്തൊരു ജന്മം... " തന്നെ നോക്കാന്‍ വേണ്ടി നിര്‍ത്തിയിരിക്കുന്ന ഹോംനേഴ്സിനെ അവര്‍ നീട്ടി വിളിച്ചു.
വിളികേട്ട് രാധ ഓടിവന്നു..
"എന്താടീ പുത്തന്‍പെരേന്നു നിശ്ച്യത്തിന്‍റെ ആലവാരങ്ങളൊന്നും കേക്കാത്തെ?.. ദേഹണ്ണക്കാരോന്നും വന്നില്ല്യാന്നുണ്ടോ?.."
"വല്യമ്മേ.. വല്യമ്മ ഇന്നലെ സന്ധ്യക്കേ കെടന്നല്ലോ.. അതാ ഒന്നും അറിയാഞ്ഞേ..വല്യമ്മേടെ പേരക്കുട്ടി ശിഖമോള്‍ ഇന്നലെ വൈകീട്ട് ഏതോ ചെക്കന്‍റെ കൂടെ ഓടിപ്പോയീത്രേ.. സുരേട്ടന്‍ ഒന്നാകെ കലിതുള്ളി നില്‍ക്കാണ് ലതികേച്ചി വിവരം അറിഞ്ഞ വഴിയേ ബോധം കെട്ടു കിടക്കുന്നതാ.. ഞാന്‍ ഒരു ഇന്‍ജക്ഷന്‍ കൊടുത്തപ്പോള്‍  എണീറ്റ്‌ ഇരുന്നു കരയുന്നുണ്ട്.. "
"ശിവശിവാ എന്തായീ കേള്‍ക്കണേ ...ഇന്നത്തെ കുട്ട്യോള്‍ടെ ഓരോ കാര്യങ്ങള്‍... ഇനിയെങ്ങനെ ക്ഷണിച്ചിട്ട് വീട്ടിലേക്ക്യു വരണ ആളുകളുടെ മൊഖത്ത്‌ നോക്കും.. എന്തൊരു വേണ്ടാതീനമാ മാളൂട്ടി കാണിച്ചേ.. ഇതിനൊക്കെ ഇപ്പളത്തെ കുട്ട്യോള്‍ക്ക് എവിടുന്നാണാവോ ധൈര്യം?..ധൈരാണിന്നത്തെ കുട്ടികള്‍ക്കുള്ളത്...
ലതികേച്ചി പച്ചവെള്ളം കഴിക്കാന്‍ കൂട്ടാക്ക്ണില്ല്യാ.. കരച്ചിലന്നെ കരച്ചില്‍.."
"അവള്‍ കരയട്ടെടീ .. ഒന്നോണം പോന്ന പെണ്ണിനെ ഇത്രേം ദൂരേയ്ക്ക് നമ്മടെ കണ്‍വെട്ടത്തിനപ്പറത്തേക്ക് പഠിക്കാന്‍ പറഞ്ഞു വിടേണ്ട വല്ല കാര്യോണ്ടായിരുന്നോ?.. എന്തൊക്ക്യോ വരാന്‍ പോണൂ എന്നു അന്നേ ഞാന്‍ സന്ദേഹപ്പെട്ടതാ.."
"കൂടെ പഠിച്ചിരുന്ന ചെക്കനാണത്രേ..... ജോലിയൊന്നുമായില്ല... വീട്ടിലാണെങ്കില്‍ കഴിയാനുള്ള വകയും ഇല്ല്യാ.. പോരാത്തതിന് ജാതിയും..."
"മതി നിര്‍ത്താ.. ഇക്ക്യൊന്നും ഇനി കേക്കണ്ടാ.. ന്‍റെ തല മന്ദിച്ചിരിക്ക്ണൂ.. കൊറച്ച് വെള്ളം തരാ കുട്ട്യേ... ഞാനൊന്നു കെടക്കട്ടേ.." വെള്ളിക്കിണ്ടിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചു തങ്കംകിടക്കയിലേക്ക് ചാഞ്ഞ് കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു.
****************************************************************************************************************
"ദേവക്യേ.. ഒന്നിങ്ങട്‌ വര്യാ... "
പടി കടന്നു വരുന്ന ഗോപ്യേട്ടന്റെ വിളി കേട്ട് അടുക്കളമുറ്റം തൂത്തുവാരിക്കൊണ്ടിരുന്ന നാത്തൂന്‍ പൂമുഖത്തേക്ക്‌ ചെല്ലുമ്പോള്‍ താന്‍ അമ്മിക്കല്ലില്‍ ദോശയ്ക്കു ചമ്മന്തിയരയ്ക്കുകയായിരുന്നു. എന്താണ് ചേട്ടന്‍ പറയുന്നത് എന്ന ആകാംഷയോടെ അരപ്പു നിര്‍ത്തി താന്‍ കാതോര്‍ത്തു.
"എന്താ ഏട്ടാ.. മുഖത്ത് എന്താത്ര സന്തോഷം... മനയ്ക്കലെ പറമ്പിന്റെ കച്ചോടം നടന്നോ? .." ദേവക്യേച്ചി ചോദിച്ചു.
"അല്ലെടോ... പെങ്ങളൂട്ടീടെ പുടമുറി നിശ്ചയിച്ചു......"
"ങേ.. ആരുടേ.. നമ്മുടെ തങ്കത്തിന്റെയോ?! കൊള്ളാലോ..ആരാണ് ഏട്ടാ ചെക്കന്‍?? നാത്തൂന്‍ ഉദ്വേഗത്തോടെ തിരക്കുന്നു..
"നമ്മുടെ രാവുണ്ണിമാമന്റെ മോനാണ് ... മനയ്ക്കലെ പറമ്പിന്‍റെ കച്ചോടം ഒറപ്പിക്കാന്‍ പോണവഴി ഞാനൊന്നവിടെ കേറീതാ.. ദേ അവടെ നിക്കണൂ പോര നെറഞ്ഞൊരു ചെറുക്കന്‍.. പത്താം ക്ലാസ്സൊക്കെ പാസ്സായതാത്രേ.. നല്ല ആരോഗ്യോണ്ട്.. ജോലിയോന്നൂല്ല്യെങ്കിലും തായ് വഴി കിട്ട്യ കൊറേ സ്വത്തൊക്കെ രാവുണ്ണിയേട്ടനുണ്ട്.. അതിവനും കിട്ടാണ്ടിരിക്ക്യില്ല്യല്ലോ.. "
"ആണോ.. ചെക്കന്‍റെ സ്വഭാവം ഒക്കെ നോക്കേണ്ടേ?.. തങ്കത്തോട് ഒരു വാക്കെങ്കിലും ചോദിക്കേണ്ടേ? ഇത്രേം പെട്ടെന്ന് ഇതൊക്കെ വേണ്വായിരുന്നോ?.."
" ഓ പിന്നേ.. അവളോടെന്തു ചോദിക്കാനാ?.. നിന്നെ കെട്ടണ നേരത്ത് നിന്‍റെ അഭിപ്രായം നിന്‍റെ അച്ഛന്‍ ചോദിച്ചിരുന്നോ?.. ന്നട്ട് നെനക്കെന്തിന്റെ കൊറവാ ഞാന്‍ വരുത്ത്യേക്കണേ.. ജാതകം നോക്കിച്ചൂ പത്തില്‍ എട്ടു പോരുത്തോം ഉണ്ട്.. ഞാന്‍ പിന്നെ വേറൊന്നും നോക്കീല്ലാ.. രാവുണ്ണിയേട്ടന് വാക്കു കൊടുത്തു. മുഹൂര്‍ത്തോം നിശ്ചയിച്ചു......."
ഗോപിനാഥമേനോന്‍ പറയുന്നത് കേട്ട് നാത്തൂന്‍ വാ പൊളിച്ചു നിന്നു.. പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ കണ്ണ് പൊത്തിയപ്പോള്‍ പച്ചമുളകിന്റെ എരിവു കണ്ണിലേക്ക് പടര്‍ന്നത് തങ്കം ഓര്‍ത്തു.
"ചിങ്ങം പത്തിന് നിശ്ചയം ..പതിനേഴാം തീയതി കുടുംബക്ഷേത്രത്തില്‍ വച്ചിട്ട് പുടവ കൊടുക്കല്‍ ..വേഗം ഒരുക്കങ്ങള്‍ ഒക്കെ തുടങ്ങണം...."
ആരും തന്നോട് ബാലേട്ടനുമായുള്ള തന്റെ പുടമുറിയെ കുറിച്ച്  ഒരു അഭിപ്രായവും ചോദിച്ചില്ല. എന്തിന്.. കെട്ടാന്‍ പോകുന്ന ആളെ താന്‍ കണ്ടതു കൂടിയില്ല...കൂടപ്പിറപ്പ് ചൂണ്ടിക്കാണിച്ചു തന്ന ചെറുക്കന്റെ മുന്നില്‍ എതിര്‍പ്പുകള്‍ ഏതുമില്ലാതെ ശിരസ്സു കുനിച്ചു കൊടുത്തു.
എന്നിട്ടും.. തന്‍റെ ഭാഗ്യം കൊണ്ടാവാം.. അദ്ദേഹത്തിന്‍റെ സ്നേഹത്തിനൊരു കുറവുമുണ്ടായില്ല..... ഒരുകണക്കിന് അന്നു ചേട്ടന്‍ തനിക്കായി കൊണ്ടുവന്നത് ഒരു സൌഭാഗ്യം തന്നെയായിരുന്നല്ലോ.. കുറെ പണം ഒക്കെ ഉണ്ടായിട്ട് എന്തു കാര്യം?.. ഭാര്യയെ സ്നേഹിക്കാത്ത ഭര്‍ത്താവാണെങ്കില്‍ എല്ലാം നശിക്കില്ലേ.. താന്‍ എത്രയോ പുണ്യം ചെയ്തവള്‍!..
ആ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ മുഴുകി അരികില്‍ ശയിച്ചിരുന്ന ബാലേട്ടന്റെ മാറിലേക്ക്‌ ചാഞ്ഞു തങ്കം നിത്യനിദ്രയിലേക്ക് വഴുതി വീണു...

മാതാപിതാഗുരുദൈവം??!!!"മാതാപിതാഗുരുദൈവം"
ചെറുപ്പം മുതലേ നമ്മള്‍ കേട്ടുവളര്‍ന്ന ഈ ആപ്തവാക്യത്തിന്‍റെ പ്രസക്തി അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പഴയകാലത്തെ വിദ്യാഭ്യാസ സംസ്ക്കാരത്തെയും നിലവിലുള്ളതിനെയും കുറിച്ച് ഒരു അവലോകനം നടത്തുന്നത് ഉചിതമാണെന്നു തോന്നുന്നു.
പണ്ടുകാലത്ത് വിദ്യ അഭ്യസിക്കാന്‍ കുട്ടികള്‍ വീട് വിട്ടു പുറത്തിറങ്ങിയാല്‍പ്പിന്നെ തിരിച്ചെത്തുന്നതു വരെ അദ്ധ്യാപകരുടെ നിയന്ത്രണത്തിലായിരിക്കും. മാതാപിതാക്കളേക്കാള്‍ കുറച്ചു കൂടി ഭയഭക്തി ബഹുമാനങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകരോട് കാണിച്ചിരുന്നു. കാരണം, ഗുരുക്കള്‍ അവര്‍ക്കു അനുദിനം പകര്‍ന്നു കൊടുക്കുന്ന പുത്തന്‍ അറിവുകള്‍ അവരില്‍ വിസ്മയവും ബഹുമാനവും ജനിപ്പിച്ചിരുന്നു. മാത്രമല്ലാ, തെറ്റുകള്‍ ചെയ്യുമ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന ചെറു ശിക്ഷകളും ഉപദേശങ്ങളും, ഒരു സാമൂഹ്യജീവിയായി എങ്ങനെ കഴിയാം എന്നൊക്കെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രബോധനങ്ങളും ഒക്കെ അദ്ധ്യാപകരെ ദൈവതുല്യരായി കാണാന്‍ വിജ്ഞാനകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദനങ്ങള്‍ നല്‍കിയിരുന്നു.
പൌരാണിക കാലത്തില്‍ എന്ന പോലെ അരയാല്‍ത്തറയിലും ആശ്രമത്തിലും ഒന്നുമായിരുന്നില്ലാ വിദ്യാലയങ്ങള്‍ എങ്കിലും പുരാതനകാലത്തെ ഗുരുകുല വിദ്യാഭ്യാസത്തിനോട് സാമ്യത പുലര്‍ത്തുന്ന ഒരു വിദ്യാഭ്യാസരീതി തന്നെയായിരുന്നു സമീപകാലത്തിനു മുമ്പ് വരെ നമ്മള്‍ പിന്തുടര്‍ന്നു വന്നിരുന്നത്. ഗുരു എന്നു കേട്ടാല്‍ത്തന്നെ കുട്ടികളില്‍ ഒരു ബഹുമാനബോധം ഉടലെടുക്കും. അവര്‍ പറയുന്നതെന്തും മറുചിന്തകള്‍ കൂടാതെ ഹൃദയത്തിലേക്കാവാഹിക്കും. മാതാപിതാക്കള്‍ വരെ ഗുരുക്കള്‍ പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിച്ചിരുന്ന ആ കാലം ഒരു ചരിത്രമായത് വളരെ വേഗത്തിലായിരുന്നു. മാഷ്‌, ടീച്ചര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുമ്പോള്‍ മനസ്സ് നാമറിയാതെത്തന്നെ ബഹുമാനപൂരിതമാകും.
കാലം പുരോഗമിക്കുംതോറും വിദ്യാഭ്യാസ സംസ്ക്കാരത്തിന്‍റെ കെട്ടിലും മട്ടിലും വന്ന സ്ഫോടനാത്മകമായ മാറ്റങ്ങള്‍ 'മാതാപിതാഗുരുദൈവം' എന്നതിനെ പഴംകഥയാക്കി. പാശ്ചാത്യശക്തികളുടെ സ്വാധീനം ഭാരതീയ വിദ്യാഭ്യാസ സംസ്ക്കാരത്തെ മൊത്തത്തില്‍ വിഴുങ്ങുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.
പണ്ടുകാലത്ത് വിദ്യ അഭ്യസിക്കുന്നതിനോടൊപ്പം തന്നെ കുടുംബത്തിന്‍റെയും സമൂഹത്തിന്റെയും ചട്ടകൂടുകളില്‍ നിന്നു കൊണ്ടു മുതിര്‍ന്നവരെ ബഹുമാനിക്കാനും കുലീനമായി പെരുമാറാനും ഉള്ള പരിശീലനവും അവരറിയാതെത്തന്നെ കുട്ടികള്‍ക്ക് സിദ്ധിച്ചിരുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്നത്തെ വിദ്യാഭ്യാസ സംസ്ക്കാരം അവരെ അതിനനുവദിക്കുന്നില്ല. പണ്ടൊക്കെ മുതിര്‍ന്നവര്‍ പറയുന്നത് കുട്ടികള്‍ക്ക് വേദവാക്യം ആയിരുന്നെങ്കില്‍ ഇന്നത്തെ കുട്ടികളുടെ വാശികള്‍ക്ക് മുതിര്‍ന്നവര്‍ വശംവദരാവുന്ന സാഹചര്യമാണ്. കുട്ടികള്‍ ആവശ്യപ്പെടുന്നതൊക്കെ, അതു ആവശ്യമാണോ അനാവശ്യമാണോ എന്നു നോക്കാന്‍ മെനക്കെടാതെ അതേപടി സാധിച്ചു കൊടുക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യം എന്നു കരുതുന്ന മാതാപിതാക്കളാണ് ഇന്നുള്ളത്.
വലിയ ഫീസ്‌ കൊടുത്ത് ആംഗലേയ ഭാഷയില്‍ വിദ്യ അഭ്യസിക്കുന്നവരാണ് ഇന്നത്തെ കുട്ടികളില്‍ ഏറിയ പങ്കും. അവര്‍ കൊടുക്കുന്ന പണത്തില്‍ നിന്നും പ്രതിഫലം പറ്റുന്ന അദ്ധ്യാപക വേലക്കാരെ അവര്‍ക്കു പുച്ഛമാണ്. ഒരു കുട്ടി തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കാനുള്ള അധികാരം ഇന്നു അദ്ധ്യാപകര്‍ക്കില്ല. അഥവാ അങ്ങനെയെന്തെങ്കിലും ചെയ്‌താല്‍ ക്രിമിനല്‍ കുറ്റത്തിന് അദ്ധ്യാപകര്‍ക്കെതിരെ കേസു കൊടുക്കുന്നത് അവരുടെ മാതാപിതാക്കളായിരിക്കും. എന്തിനാ ഇത്തരം പൊല്ലാപ്പുകള്‍ എടുത്തു തലയില്‍ വയ്ക്കുന്നെ എന്ന ചിന്തയില്‍ അദ്ധ്യാപകരും പണ്ടത്തെപ്പോലെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നത് നിര്‍ത്തി അല്ലെങ്കില്‍ നിര്‍ത്തേണ്ടി വന്നു എന്നു അനുമാനിക്കാം.
ഒട്ടുമിക്ക സ്കൂളുകളിലും മലയാളത്തില്‍ സംസാരിക്കുക എന്നു പറയുന്നത് കൊലപാതകക്കുറ്റത്തിനെക്കാള്‍ വലിയ പാതകമാണ്. കുട്ടികള്‍ മലയാളം പറഞ്ഞതിന്‍റെ പേരില്‍ എന്തൊക്കെ പഴികളാണ് ഇന്നു സ്കൂള്‍ മാനേജ്മെന്റുകളില്‍ നിന്നും കുട്ടികളും മാതാപിതാക്കളും ഏറ്റുവാങ്ങേണ്ടി വരുന്നത്. കുട്ടികള്‍ വരുന്ന സ്കൂള്‍ ബസ്സില്‍ ജോലിക്കു വരുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ ഇരുന്നു കഴിഞ്ഞു ബാക്കി സീറ്റ് ഉണ്ടെങ്കില്‍ മാത്രം അതില്‍ ഇരിക്കാന്‍ അനുവാദം കൊടുക്കുന്ന മാനേജ്മെന്റുകള്‍. പണ്ടുകാലത്തിനു വിപരീതമായി, വെഹിക്കിള്‍ ഫീസ്‌ അടക്കുന്നത് കുട്ടികളാണ് എന്ന കാരണത്താല്‍, കുട്ടികള്‍ ഇരുന്നും അദ്ധ്യാപകര്‍ പരിചാരകരെപ്പോലെ നിന്നും യാത്ര ചെയ്യുമ്പോള്‍, കുട്ടികളുടെ മനസ്സില്‍ അദ്ധ്യാപകരെക്കുറിച്ചുണ്ടാകുന്ന ചിത്രം എന്തായിരിക്കും എന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പഴയ തലമുറയിലെ ആര്‍ക്കെങ്കിലും അവരെ പഠിപ്പിച്ച അധ്യാപകര്‍ നില്‍ക്കുന്നത്രെ കണ്ടാല്‍ ഇരിപ്പുറയ്ക്കുമോ?
ഫീസ്‌ അടയ്ക്കുന്ന കാരണത്താല്‍, മാതാപിതാക്കളും അദ്ധ്യാപകരോട് അദ്ധ്യാപനത്തൊഴിലാളികള്‍ എന്ന വില കുറഞ്ഞ രീതിയിലാണ് പെരുമാറി വരുന്നത്. തങ്ങള്‍ കൃത്യമായി ഫീസ്‌ അടച്ചിട്ടും എന്താണ് കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുന്നത് എന്നു വളരെ കര്‍ക്കശമായി അവര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. മാത്രമല്ല അദ്ധ്യാപകരെക്കുറിച്ച് മാനേജ്മെന്റിനോട് പരാതി പറയുകയും ചെയ്യുന്നു. കുട്ടികള്‍ നേരാംവണ്ണം പഠിക്കാത്തതിന് അദ്ധ്യാപകര്‍ എന്തു പിഴച്ചു?.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇതും. മുതിര്‍ന്നവരോടും അദ്ധ്യാപകരോടും എന്തിന് മാതാപിതാക്കളോടു വരേയും പണ്ടത്തേപ്പോലെ കുട്ടികള്‍ക്കിന്നു ബഹുമാനമില്ല. ഇന്നത്തെ കുട്ടികള്‍ക്ക് പണ്ടത്തേപ്പോലെ കളിക്കൂട്ടുകാരില്ല. കമ്പ്യൂട്ടറും ടാബ്ലറ്റും സ്മാര്‍ട്ട്‌ ഫോണുകളുമായി മല്ലടിച്ച് അവര്‍ ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നു. സ്കൂളില്‍ വരുമ്പോള്‍ മാത്രം കണ്ടുമുട്ടുന്ന സഹപാഠികളോട് അവര്‍ക്കുള്ള വികാരം മാല്സര്യബുദ്ധി മാത്രം.
ഇതെല്ലാം കാണുമ്പോളും അനുഭവിക്കുമ്പോളും പള്ളിക്കൂടത്തില്‍ പോയിരുന്ന ആ പഴയകാലത്തേക്കു ഓര്‍മ്മകള്‍ പാഞ്ഞുപോകും. പണ്ടത്തെ കുട്ടികളുടെ പള്ളിക്കൂടം പോക്ക് ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. മിക്കവാറും നടന്നു പോകാവുന്ന ദൂരത്തിലുള്ള സ്കൂളുകളില്‍ തന്നെയായിരിക്കും വിദ്യാഭ്യാസം. പോകുന്ന വഴിക്കുള്ള വീടുകളിലെ കൂട്ടുകാരെയെല്ലാം കൂട്ടി തോടുകളിലും വെള്ളക്കെട്ടുകളിലും ഒക്കെ ഇറങ്ങിത്തിമിര്‍ത്തും കാണുന്ന മാവിലോക്കെ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തിയും, വീട്ടുകാര്‍ കാണാതെ അവരുടെ തൊടികളിലെ പേരക്കയും ഇരിമ്പന്‍ പുളിയും ചാമ്പക്കയുമൊക്കെ പറിച്ചു പങ്കു വച്ചു തിന്നും, പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന പുഷ്പങ്ങള്‍ ഇറുത്തും കലപില കൂട്ടി സന്തോഷിച്ചും പരസ്പ്പരം സ്നേഹിച്ചും അരങ്ങുതകര്‍ത്തിരുന്ന ആ സുവര്‍ണ്ണകാലം..
ഇന്നത്തെപ്പോലെ സ്കൂള്‍ ബസ്സൊന്നും അന്നുണ്ടായിരുന്നില്ല എന്നു മാത്രമല്ലാ യൂണിഫോറമോ കോട്ടും സ്യൂട്ടും ടൈയ്യുമോ എന്തിന്, പാന്‍റ്സ് ധരിക്കുന്ന കുട്ടികള്‍ വരെ അന്നുണ്ടായിരുന്നില്ല. പത്തുമണിക്ക് ക്ലാസ് തുടങ്ങാനുള്ള മണിയടിക്കുന്നതിനും മുമ്പ് ക്ലാസ്സില്‍ ഹാജരാവണം. നാലുമണിക്ക് സ്കൂള്‍ വിടാനുള്ള മണിനാദവും പ്രതീക്ഷിച്ചുകൊണ്ട് പുസ്തകസഞ്ചിയും ചോറ്റുപാത്രങ്ങളുമൊക്കെ ഒരുക്കിവച്ച് അക്ഷമരായി ഇരിക്കുന്ന കുട്ടികള്‍. സ്കൂളില്‍പ്പോയി തിരിച്ചെത്തുന്ന കുട്ടികളെ കണ്ടാല്‍ പാടത്തെ ചെളിയില്‍ പണിയെടുക്കാന്‍ പോയവരെപ്പോലെ തോന്നിപ്പിക്കും. വസ്ത്രങ്ങളെല്ലാം അഴുക്കു പുരണ്ടു ഒരുമാതിരിയായിരിക്കും. പണ്ടെല്ലാം വെള്ളിയാഴ്ച്ചകള്‍ വന്നെത്തുമ്പോള്‍ കുട്ടികളില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു. ശനിയും ഞായറും മുടക്കാണല്ലോ എന്ന സന്തോഷം. ഇന്നത്തെ കുട്ടികള്‍ക്ക് ശനിയാഴ്ച്ചയും പഠനം ഉണ്ട്. അല്ലാത്ത പക്ഷം ട്യൂഷന്‍, സംഗീതം, നൃത്തം, ചിത്രരചന, ആയോധനകലകള്‍ എന്നിവ അഭ്യസിക്കാന്‍ പോകുന്നതുകൊണ്ട്‌ കൂട്ടുകാരുമായുള്ള ഉല്ലാസത്തിനുള്ള അവരുടെ അവസരം നഷ്ടമാകുന്നു. എല്ലാ രംഗത്തും ഒന്നാമതാവണം എന്നുള്ള മല്സര ബുദ്ധിയാണ് ഈ ശോചനീയാവസ്ഥ സൃഷ്ടിക്കുന്നത്.
വീട്ടിലെത്തി കാപ്പികുടി കഴിഞ്ഞവഴി ഒരോട്ടമാണ് പറമ്പിലേക്ക്.. പിന്നെ കൂട്ടുകാരുമൊത്ത് സന്ധ്യവരെ പലതരം കളികള്‍ തന്നെ. ഇരുട്ടു വീഴുന്നതോടെ വീട്ടില്‍ നിന്നും അമ്മ നീട്ടിവിളിക്കും. അപ്പോള്‍ത്തന്നെ കളികള്‍ എല്ലാം നിര്‍ത്തി എല്ലാവരും പിരിഞ്ഞു അവരവരുടെ വീടുകളിലേക്ക് പോകും. പിന്നെ കുളി, നാമം ചൊല്ലല്‍ അത് കഴിഞ്ഞു പഠിപ്പ്. ഏകദേശം രാത്രി എട്ടുമണിയാവുമ്പോഴേക്കും അത്താഴം കാലാക്കി അമ്മ ഉണ്ണാന്‍ വിളിക്കും. വീട്ടിലെ കുട്ടികള്‍ എല്ലാവരും നിരന്നിരുന്നു ആദ്യം കഴിക്കും. പിന്നീട് മുതിര്‍ന്നവര്‍. ഹോം വര്‍ക്കുകള്‍ ചെയ്തു തീരാത്തവര്‍ ഉണ്ടെങ്കില്‍ ഊണിനു ശേഷം ഇരുന്നു ചെയ്യും. എങ്ങനെപ്പോയാലും പരമാവധി ഒമ്പതരയ്ക്കുള്ളില്‍ ഉറങ്ങാന്‍ കിടന്നിരിക്കും. ഇന്നത്തെ കുട്ടികളില്‍ ആര്‍ക്കാണ് രാത്രി പതിനൊന്നുമണിയെങ്കിലുമാവാതെ ഉറങ്ങാന്‍ സാധിക്കുക?അത്രമാത്രം പഠനഭാരം ആണ് ഇന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ളത്. അഥവാ പഠിക്കാന്‍ ഇല്ലെങ്കിലും അവര്‍ രാത്രി വൈകി വരെ ടിവിയുടെ മുന്നില്‍ ചെലവഴിക്കും.
ഇന്നത്തെ കാലത്ത് മൂന്നര വയസ്സില്‍ കുട്ടികളെ നഴ്സറിയില്‍ ചേര്‍ക്കുന്നതോടെ വലിയൊരു ഉത്തരവാദിത്ത്വം തലയില്‍ കയറ്റി വച്ച് അവരുടെ ചിന്തകളെ വേറൊരു തലത്തിലേക്ക് മേയാന്‍ വിടുകയും ആ പ്രായം മുതല്‍ വീടിനു പുറത്തേക്ക് വിടാതെ അടച്ചു വളര്‍ത്തുകയും ചെയുന്നു... മണ്ണ് വാരി കളിക്കാനോ മറ്റുള്ള കുട്ടികളോട് ചേര്‍ന്ന് ഉല്ലസിക്കാനോ ഇവര്‍ക്ക് അവസരം കിട്ടുന്നില്ല.. ചുമട്ടു തൊഴിലാളികളേക്കാള്‍ കഷ്ടമാണ്.. എടുത്താല്‍ താങ്ങാന്‍ വയ്യാത്ത പുസ്തക സഞ്ചിയും എത്ര ചെയ്താലും തീരാത്ത ഹോം വര്‍ക്കും. കുട്ടികളെക്കൊണ്ട് ഒരു യന്ത്രമനുഷ്യനെ വെല്ലുന്ന രീതിയില്‍ കഠിനാദ്ധ്വാനം ചെയ്യിച്ച് അവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിച്ചുകൊണ്ട്‌ വളര്‍ത്തുന്നത് ബോധപൂര്‍വ്വം നമ്മള്‍ അച്ഛനമ്മമാര്‍ തന്നെയാണ്. ഫാസ്റ്റ് ഫുഡ്‌ സംസ്ക്കാരവും അലോപ്പതി മരുന്നുകളുടെ നിരന്തമായ ഉപയോഗവും കുട്ടികളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്
നന്നായി പഠിച്ചു പരീക്ഷ എഴുതി, നല്ല മാര്‍ക്ക് വാങ്ങി തരക്കേടില്ലാത്ത ജോലിയില്‍ പ്രവേശിക്കാമെന്നല്ലാതെ പ്രായോഗികമായ അറിവോ ക്രിയാത്മകതയോ സമൂഹത്തോട് സാമാന്യരീതിയില്‍ ഇടപഴകാനുള്ള സംസ്ക്കാരമോ വിദ്യാഭ്യാസം കൊണ്ട് ഇവര്‍ നേടുന്നില്ല.
അനുഭവങ്ങളില്‍ അധിഷ്ടിതമായ ഒരു പഠനമല്ല നടക്കുന്നത്.
ഇന്നത്തെ കുട്ടികള്‍ക്ക് പരാജയങ്ങളെ നേരിടാനും അതില്‍നിന്നു കരകയറി മുന്നോട്ടു പോകാനുമുള്ള ആത്മവിശ്വാസം വളരെ കുറവാണ്. പണ്ടുകാലത്ത് സാധുക്കള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് കുട്ടികളെ കൊണ്ടു ചെയ്യിച്ചു അവരില്‍ സഹായമാനോഭവം വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്കു അയല്‍പ്പക്കത്ത് ആരാണ് താമസിക്കുന്നത് എന്ന് പോലും അറിയില്ലാ എന്നത് ഖേദകരം തന്നേ. സമൂഹവുമായി ബന്ധങ്ങള്‍ ഇല്ലാത്തതുകാരണം ആളുകളെ നേരിടാനും ബന്ധപ്പെടാനും ഉളള വിമുഖതയില്‍ സൈബര്‍ ബന്ധങ്ങളിലൂടെ മറഞ്ഞിരുന്നു കൂട്ടുകൂടാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്പര്യം..
കച്ചവട രീതിയില്‍ ഉളള ഇന്നത്തെ വിദ്യാഭ്യാസനയങ്ങള്‍ ചന്തയില്‍ നിന്ന് സാധങ്ങള്‍ വാങ്ങുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു. ഒരേ സ്കൂളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ രണ്ടും മൂന്നും യൂണിഫോമുകളും, സ്കൂളിന്‍റെ പേര് പ്രിന്‍റ് ചെയ്ത ബാഗും പുസ്തകങ്ങളും ഒക്കെ വാങ്ങാന്‍ കുട്ടികളെ മാനേജ്മെന്റ്റ് ബാധ്യസ്ഥരാക്കുന്നു. വന്‍തുകയാണ് ഇന്നു മാതാപിതാക്കള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ചെലവഴിക്കേണ്ടി വരുന്നത്. അതിനു വേണ്ടി അവര്‍ക്കു ജോലിക്കു പോകേണ്ടി വരുന്നതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല എന്നതും ഇക്കാലത്ത് കുട്ടികളെ ഒരു ശാപമായി ഗ്രസിച്ചിരിക്കുന്നു. മുത്തശ്ശിക്കഥകളും കേട്ടു മുതിര്‍ന്നവരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിഞ്ഞു വളര്‍ന്നിരുന്ന പണ്ടത്തെ കുട്ടികളുമായി താരതമ്യം ചെയുമ്പോള്‍ ഇന്നത്തെ കുട്ടികളുടെ അവസ്ഥ ശോചനീയമാണ്. വ്യക്തിബന്ധങ്ങളുടെ മൂല്യം ഇവര്‍ക്കറിയില്ല. അതാണ്‌ സ്വന്തം സഹോദരിയെ വരെ ഒരു സ്ത്രീ എന്ന രീതിയില്‍ മാത്രം പരിഗണിക്കുവാനും അവര്‍ക്കെതിരെ പീഡനങ്ങള്‍ അഴിച്ചു വിടാനും വരെ പുത്തന്‍ തലമുറയെ പ്രേരിതമാക്കുന്നത് എന്നാണു എന്‍റെ അഭിപ്രായം.
മേല്‍പ്പറഞ്ഞ മൂല്യച്യുതികള്‍ എല്ലാം ആരും ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതാണ് എന്നു ഞാന്‍ പറയുന്നില്ല. മാറുന്ന കാലഘട്ടത്തിനനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതൊക്കെ. പക്ഷെ, ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു മനസ്സിന്‍റെ വേവലാതികള്‍ മാത്രമായി ഈ കുറിപ്പിനെ കണ്ടാല്‍ മതി.
----------- മീനു

ബന്ധങ്ങളുടെ മൂല്യംസമൂഹത്തിന്‍റെ നിലനില്‍പ്പിനു സഹജീവികളുടെ പരസ്പ്പരമുള്ള സഹകരണവും പരിഗണനയും സ്നേഹവും അത്യന്താപേക്ഷിതമാണ്. ഇവയാണ് സമൂഹത്തിലെ വ്യക്തികളെ കൂട്ടിയിണക്കുന്ന കണ്ണികളെന്ന 'ബന്ധങ്ങള്‍'. ബന്ധങ്ങളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന മനുഷ്യര്‍ക്ക്, കാലക്രമേണ ബന്ധങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂലച്യുതിയെക്കുറിച്ച് എത്രത്തോളം അവബോധമുണ്ട് എന്നതാണ് ചിന്താവിഷയം.
ഭൗതികമായ നേട്ടത്തിനു വേണ്ടി മനുഷ്യര്‍ എന്നും എപ്പോഴും രാപകലില്ലാതെ നെട്ടോട്ടമോടുന്നത്, കഴിയാവുന്നതും ഇത്തരം ബന്ധങ്ങളെ എത്രയും കാര്യക്ഷമമായി മുറുകെപ്പിടിക്കാമെന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും. അന്ധമായ ആ ഓട്ടപ്പാച്ചിലിനിടയില്‍ ആകസ്മികമായി ശിഥിലമായി പോകുന്ന അനേകം സ്നേഹബന്ധങ്ങള്‍ ഇന്നത്തെ സമൂഹത്തിന്‍റെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.
ഇന്റര്‍നെറ്റ്‌ അതിപ്രസരം, ബന്ധങ്ങളുടെ ഇടയില്‍ നടത്തുന്ന കടന്നുകയറ്റം മൂലം ഇന്ന് അയല്‍പ്പക്കത്തുള്ളവര്‍ കൂടി ആശയവിനിമയം നടത്തുന്നത് നേരിട്ടല്ല, മറിച്ചു ഈ വക സാങ്കേതിക വിദ്യകളിലൂടെയാണ്.. അയല്‍പ്പക്കക്കാരുടെ വിലാസം അറിയില്ലെങ്കിലും ഇമെയില്‍ വിലാസം അറിയും എന്നു പറയുന്ന അവസ്ഥ! ഇന്നത്തെ ബന്ധങ്ങള്‍ എല്ലാം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ളതായി മാറിയിരിക്കുന്നോ എന്നു സംശയിക്കേണ്ടിയിയിരിക്കുന്നു എന്നല്ലാ ഏറെക്കുറേ അങ്ങനെത്തന്നെ ആണെന്നാണ്‌ വര്‍ത്തമാനകാലം ചൂണ്ടിക്കാണിക്കുന്നത്.
അടുപ്പം അല്ലെങ്കില്‍ ബന്ധം; അതിനെ പ്രധാനമായും രണ്ടു തരമായി തിരിക്കാം - സ്നേഹബന്ധവും രക്തബന്ധവും
രക്തബന്ധങ്ങളുടെ കാര്യമെടുത്താല്‍, സ്വത്തും പെരുമയും ഉളള മുത്തച്ഛനേയും മുത്തശ്ശിയേയും നോക്കാന്‍ മക്കളും പേരമക്കളും എല്ലാം, തങ്ങളവരെ വല്ലാതെ സ്നേഹിക്കുന്നുവരാണെന്നും ബഹുമാനിക്കുന്നവരാണെന്നും ഒക്കെ മാത്സര്യബുദ്ധിയോടെ അഭിനയിച്ചുകൊണ്ട് പൈതൃകത്തെ വാനോളം പുകഴ്ത്തും ... എന്നാലോ, പണ്ടു ചോര നീരാക്കി കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി, പഠിപ്പിച്ച് വലിയവരാക്കി, അവസാനം പാപ്പരായ മാതാപിതാക്കളെ ഇത്തരം ഗോഷ്ഠികള്‍ കാണിച്ചു ഗൌനിക്കാന്‍ മിക്കവരും മുതിരാറില്ല എന്നു മാത്രമല്ലാ അവഹേളിക്കാനും തയ്യാറാവുന്നു എന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌!
അച്ഛനമ്മമാര്‍ തങ്ങളെ ഭൂജാതരാക്കിയെങ്കില്‍ വളര്‍ത്താനുള്ള കടമയും അവര്‍ക്കുണ്ട് എന്ന ധാരണയില്‍, അവര്‍ അവശരായിരിക്കുമ്പോള്‍ മക്കള്‍ അവരെ അവഗണിക്കുന്നത് ശരിയായ നടപടിയാണോ? ചുരുങ്ങിയ പക്ഷം, പിറന്ന പടി ഉപേക്ഷിക്കാതെ വളര്‍ത്തി വലുതാക്കി എന്ന ചിന്തയെങ്കിലും അവര്‍ക്കു വേണ്ടതല്ലേ? ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ മക്കള്‍ക്കു ചെയ്യുന്നതു പോലെ അന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് നമ്മളോട് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയായിരുന്നിരിക്കില്ലാ എന്നു ചിന്തിക്കാന്‍ ആരും തുനിയാറില്ല എന്നതാണ് വാസ്തവം.
ഇനി സഹോദരബന്ധങ്ങള്‍ കണക്കിലെടുത്താലും ഇത് തന്നെ അവസ്ഥ ... പണത്തിന്റെയും പ്രതാപത്തിന്റെയും ഉന്നതങ്ങളില്‍ ഇരിക്കുന്നവരെ മാത്രം സുഹൃത്തുക്കളായും സഹോദരരായും ബന്ധുക്കളായുമൊക്കെ കണക്കാക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ഇതര പക്ഷക്കാരെ മനപ്പൂര്‍വം അവഗണിക്കാനും പരിഹസിക്കുവാനും വരെ ഇന്നത്തെ സമൂഹത്തിനു യാതൊരു മടിയുമില്ല.
ബന്ധുജനങ്ങളുടെ ഇടയിലുള്ള ബന്ധങ്ങളിലും ഈ വക മേനി പറച്ചിലുകള്‍ക്കു തന്നെയാണ് മുഴച്ചു നില്‍ക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ...
വ്യക്തിയെക്കൊണ്ട് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നോക്കിയാണ് ഇന്നത്തെ കാലത്ത് ഭൂരിപക്ഷവും സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും എന്നാണു എനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അത് അതുല്യവികാരം എന്നു കൊട്ടി ഘോഷിക്കപ്പെടുന്ന പ്രണയമായാല്‍ വരെ.. ആത്മാര്‍ത്ഥതയ്ക്കും സ്നേഹത്തിനും ഉപരിയായി സ്വാര്‍ത്ഥതയ്ക്കാണ് ഇപ്പോള്‍ ബന്ധങ്ങളില്‍ മുന്‍‌തൂക്കം..
തൃപ്തിയില്ലാത്ത സ്നേഹബന്ധങ്ങള്‍ പരിപാലിച്ചു കൊണ്ടു സ്വാര്‍ത്ഥലാഭങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന ജീവിതങ്ങളില്‍ എന്തു ധാര്‍മ്മികതയുണ്ട് എന്നാണു എനിക്കു ചോദിക്കാനുള്ളത്. ന്യായ വാദങ്ങളും പ്രവൃത്തികളും സ്വന്തം സൌകര്യത്തിനനുസരിച്ചു തിരിച്ചു മറിച്ചും പ്രയോഗിക്കുന്നവര്‍.. തന്‍റെ സൗകര്യം അനുസരിച്ച് തത്ത്വസംഹിതകളെ വളച്ചൊടിച്ചു സ്വയം 'അന്ധരായി' നടിക്കുന്നവര്‍!..
സമ്പത്തില്ലാത്തവരെ സ്നേഹിക്കുമ്പോള്‍ അത് അവരോടു ചെയ്യുന്ന ഒരു സഹതാപമായാണ് സമ്പന്നര്‍ പരിഗണിക്കുന്നത്. അതേ സമയം, അവര്‍ ചെയ്യുന്ന സഹായങ്ങള്‍ക്ക് പ്രതിഫലമായി ഇത്തരക്കാരുടെ സേവനം അല്ലെങ്കില്‍ അടിമത്തവും അവര്‍ പ്രതീക്ഷിക്കുകയും ചെയ്യും. അത്തരം ബന്ധങ്ങളില്‍ സ്നേഹം എന്ന വാക്കിനു എന്ത് മൂല്യമാണുള്ളത്?
ജീവിതം ഒരു മത്സരയോട്ടമായാണ് ഒട്ടുമിക്കവരും കാണുന്നത് .. അതിനിടയില്‍ പലരും അടിതെറ്റി വീഴുന്നു .. വിജയം നേടിയവര്‍ വീണവരോട് മേല്‍ക്കോയ്മ കാണിക്കുന്നു.. ഇന്നത്തെ സമൂഹത്തില്‍ യാതൊരു തരത്തിലുമുള്ള ബന്ധങ്ങള്‍ക്കും സ്ഥിരതയില്ല... വിജയിച്ചവരുടെ കൂടെയേ എന്നും ഇപ്പോഴും ആളുകള്‍ കാണൂ.. ജീവിതസാമൂഹ്യ ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ജീവിച്ചു മത്സരയോട്ടത്തില്‍ പരാജിതരാവുന്നവര്‍ വെറും പേക്കോലങ്ങള്‍.. നല്ല തമാശ!... നേരെച്ചൊവ്വേ ജീവിക്കുന്നവര്‍ക്കു എന്നും പരിഹാസവും അവഗണനയും പുച്ഛവും മാത്രം മിച്ചം.
ഏറ്റവും കൂടുതല്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കേമര്‍.. ഇത്തരക്കാര്‍ ദൈവങ്ങളെവരെ കച്ചവടച്ചരക്കാക്കും!.. വേദങ്ങള്‍ വായിച്ചു അത് ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും നാലാംതരം!.. അവര്‍ക്കു പ്രതീക്ഷിക്കാന്‍ മരണാനന്തരമുള്ള മോക്ഷം മാത്രം?!..
ഇന്നത്തെ ഈ അവസ്ഥയില്‍ മനസ്സില്‍ ഇനിയും ധാര്‍മ്മിക മൂല്യമുള്ളവര്‍, അവര്‍ ഉള്‍പ്പെടുന്ന ബന്ധങ്ങളുടെ മൂല്യവും അസ്ഥിത്ത്വവും ഉദ്ദേശ്യശുദ്ധിയും ഏതു തരത്തിലുള്ളതാണെന്നു അവ തുടങ്ങുന്നതിനും, തുടങ്ങിയത് തുടരുന്നതിനും മുമ്പായി അല്‍പ്പനേരം ഇരുന്നു നല്ല വണ്ണം വിചിന്തനം ചെയ്യുന്നതു നന്നായിരിക്കും..
സ്നേഹപൂര്‍വ്വം
മീനു.

ഒളിമങ്ങാത്ത ഓര്‍മ്മപ്പൂക്കളം''മാവേലി നാട് വാണീടും കാലം -
മാനുഷ്യരെല്ലാരും ഒന്നുപോലെ ....
ആമോദത്തോടെ വസിക്കും കാലം -
ആപത്തന്നാര്‍ക്കുമൊട്ടില്ല താനും ....
കള്ളവുമില്ലാ....ചതിയുമില്ല -
എള്ളോളമില്ല....പൊളി വചനം ,",

മലയാളിയുടെ ദേശീയ ആഘോഷമായ ഓണം ശരിക്കും ഗൃഹാതുരതയുണര്‍ത്തുന്ന ഒരു ആഘോഷം തന്നെയാണ്. മധുരമുള്ള ഓർമ്മകളിൽ ഒന്നുകൂടി ജീവിക്കാനും, അതൊക്കെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാനും ഹൃദയത്തില്‍ കേരളത്തനിമ ഇനിയും നഷ്ടപ്പെടാത്ത എല്ലാ മലയാളികളും ആഗ്രഹിക്കുന്നു

ആഘോഷങ്ങള്‍ എല്ലാം ജീവിതത്തിന്റെ ഊര്‍ജ്ജസ്വലതക്ക് അത്യാവശം തന്നെ.......... എന്റെ കുട്ടിക്കാലത്തെ ഓണങ്ങള്‍ മനസ്സില്‍ ഇന്നും നല്ല ഓര്‍മ്മകളായി ഒളിമങ്ങാതെ കിടക്കുന്നു....

വീട്ടില്‍ എവിടെ നോക്കിയാലും നെല്ലും മുറ്റം നിറയെ വൈക്കോലും.. കൂട്ടുകാരോടൊത്ത് വൈക്കോല്‍ കുണ്ടക്ക് ചുറ്റുമുള്ള ഒളിച്ചു കളിയും എല്ലാം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..

ഓണക്കാലത്തു അച്ഛന്‍ ജോലി സ്ഥലമായ ഹൈദരാബാദില്‍ നിന്നും ലീവിനു വരുന്നുണ്ടെങ്കില്‍ താമസംവിനാ ഞങ്ങളുടെ ഓണം തുടങ്ങുകയായി.. അല്ലാത്ത പക്ഷം പോസ്റ്റ്‌മാന്‍ മണിയോര്‍ഡര്‍ കൊണ്ടു വരുന്നതു വരെ കാത്തിരിക്കണം ഞങ്ങളുടെ വീട്ടുപടിയ്ക്കല്‍ ഓണം എത്തണമെങ്കില്‍... അതിനു ശേഷമാണ് സാധങ്ങളൊക്കെ വാങ്ങുന്നതും ഓണക്കോടികള്‍ എടുക്കുന്നതും.. പിന്നീട് ഓണം കഴിയുന്നതു വരെ അമ്മയും ചേച്ചിയുമൊക്കെ അടുക്കളയില്‍ തിക്കിലായിരിക്കും.. ഇടക്കൊയ്ക്കെ വല്ലപ്പോഴും ഓരോ കടയില്‍ പോക്കൊക്കെയേ ഞങ്ങള്‍ കുട്ടികള്‍ ചെയ്തു കൊടുക്കേണ്ടതായിട്ടുള്ളൂ.

പൂവിടല്‍ ഞങ്ങള്‍ കുട്ടികളുടെ വകുപ്പായിരുന്നു...ഓണപ്പരീക്ഷക്ക് ശേഷം സ്കൂള്‍ പൂട്ടിയതിനു ശേഷമാണ് ഓണാഘോഷത്തിലേക്ക് പ്രവേശിക്കുന്നത്.. ചില പൂക്കള്‍ ഒക്കെ  തലേ ദിവസം തന്നെ തേക്കിന്‍ താളുകളില്‍ ഇറുത്തുകൊണ്ടു വന്നു വച്ചിരിക്കും.... മണ്ണ് കുഴച്ചു മുറ്റത്തു തിണ്ടുണ്ടാക്കും..ചാണകം കൊണ്ട് വന്നു വയ്ക്കും.. സാധാരണ ദിവസങ്ങളില്‍ രാവിലെ  എഴുന്നേല്‍ക്കാന്‍ മടിയാണെങ്കിലും ഓണക്കാലത്ത് പുലര്‍ച്ചെ തന്നേ എഴുന്നേല്‍ക്കും മുറ്റമൊക്കെ അടിച്ചുവൃത്തിയാക്കി ചാണകം തേച്ചു പൂക്കളമിടും... എന്നിട്ട് അയല്‍പ്പക്കത്തെ വീടുകളിലെ പൂക്കളങ്ങള്‍ സന്ദര്‍ശിക്കും... അഭിപ്രായങ്ങള്‍ പറയും ...

ആരുടെ പൂക്കളം ആണ് കൂടുതല്‍ മനോഹരം എന്നൊക്കെ താരതമ്യം ചെയ്യലും ഒക്കെ ഞങ്ങളുടെ കാര്യപരിപാടികള്‍ ആയിരുന്നു. ഒരു ദിവസം ഇട്ടതു അത്ര നന്നായില്ലെങ്കില്‍ മറ്റാരും ഉപയോഗിക്കാത്ത പൂവുകള്‍ തേടിപ്പിടിച്ചു അവ കൊണ്ടു പൂക്കളമിടും. അതൊക്കെ ഒരു അനിര്‍വചനീയമായ മത്സരാനുഭൂതി ഉണര്‍ത്തിയിരുന്നു. പൂക്കളമിടല്‍ പൂര്‍ത്തിയാകുമ്പോള്‍ "പൂവേ.. പൊലി പൂവേ.." എന്നു ആര്‍പ്പു വിളിക്കും. മറ്റുള്ള വീടുകളില്‍ ആര്‍പ്പുവിളി ഉയരുന്നതിനു മുമ്പ് നമ്മുടെ വീട്ടില്‍ നിന്നും ഉയരണം എന്ന മാത്സര്യബുദ്ധിയും കുട്ടികളില്‍ ഉണ്ടായിരുന്നു.  മഴ വന്നാല്‍ പൂക്കളത്തിനു മുകളില്‍ അച്ചാച്ഛന്റെ വലിയ കാലന്‍കുട വച്ച് കൊടുക്കും.. മറ്റുള്ളവര്‍ വന്നു പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും മുമ്പ് കോഴികളും വളര്‍ത്തുമൃഗങ്ങളും വന്നു പൂക്കളം കേടു വരുത്താതെയിരിക്കാന്‍ ഉമ്മറക്കോലായിലിരുന്നു ശ്രദ്ധിക്കും... ഒപ്പം അതിന്‍റെ ഭംഗി ആസ്വദിക്കുകയും നാളത്തെ പൂക്കളത്തില്‍ എന്തൊക്കെ പൂക്കള്‍ വേണം ചര്‍ച്ച ചെയ്യുകയും ചെയ്യും.

ഏകദേശം പത്തര മണിയോടെ ഇല നിറയെ വിഭവങ്ങളുമായി വിളമ്പപ്പെടുന്ന ഓണസദ്യ കുടുംബക്കാരും ബന്ധുക്കളും നിലത്തു നിരയായി ചമ്മ്രം പടിഞ്ഞിരുന്നു സന്തോഷത്തോടെ കഴിക്കും. സാമ്പാര്‍, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിശ്ശേരി, ഇഷ്ടു, കൂട്ടുകറി, പുളിയിഞ്ചി, നാരങ്ങ അച്ചാര്‍, കടുമാങ്ങ അച്ചാര്‍, വിവിധ തരം തോരനുകള്‍, പപ്പടം, പഴനുറുക്ക്, പായസം തുടങ്ങിയവയൊക്കെ കൂടി ഒരു പിടിയങ്ങു പിടിക്കും.

ഓണക്കോടി കിട്ടുന്നതൊക്കെ ഒരു സംഭവം തന്നെ ആയിരുന്നു .. ഓണപ്പാട്ടുകളുടമായി വരുന്ന പാണന്മാരും അവകാശം ചോദിച്ചു വരുന്ന നായാടികളും  ഓണക്കാലത്തെ പ്രത്യേക കാഴ്ചകള്‍ തന്നെ.

അടുത്ത വീടുകളില്‍ തുമ്പി തുള്ളലും പെണ്ണ് കെട്ടി കളികളും കൈ കൊട്ടി കളിയും ഒക്കെ ഉണ്ടാകും... അതൊക്കെ പോയി കണ്ട് ആസ്വദിക്കും...

ആഘോഷങ്ങള്‍ ഉളള കാലങ്ങളില്‍ മാത്രമേ വീടുകളിലേക്ക് വളക്കച്ചവടക്കാര്‍ വരൂ.. അപ്പോള്‍ വീട്ടുകാര്‍ രണ്ട് കയ്യിലും നിറച്ചു ഇടാന്‍ കുപ്പിവളകള്‍ വാങ്ങി തരും... അതും കിലുക്കി കയ്യില്‍ മൈലാഞ്ചിയും ഒക്കെ ഇട്ടു കൊണ്ട് കൂട്ടുകാരോടോത്തു ഓടിച്ചാടി കളിച്ചു നടക്കും... വീട്ടിലെ പത്തായത്തില്‍ നിറയെ വാഴക്കുലകള്‍ കാണും... പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും കായ വറവും ഒക്കെ ഇടയ്ക്കിടെ വന്നു കഴിക്കും... കൂടെയുള്ള കൂട്ടുകാര്‍ക്കും വിളിച്ചു കൊടുക്കും..

ഈ ഓര്‍മ്മകള്‍ ഒക്കെയാണ് ലോകത്തിന്റെ ഏതു കോണിൽ ജീവിക്കുമ്പോഴും നാടിനെ സ്നേഹിക്കുന്ന മലയാളിയുടെ മനസ്സില്‍ ഓണക്കാലത്ത് നുരയുക. ഓണദിവസം ഓണക്കോടി ധരിക്കാനും ഇലയിൽ ഭക്ഷണം വിളമ്പി കഴിക്കാനും അവരെ പ്രേരിപ്പിക്കുന്നതും.

-------------------മീനു. 

Wednesday, 14 January 2015

മുന്നറിയിപ്പ്..ഒരുങ്ങിയിരുന്നോളൂ എരിഞ്ഞടങ്ങാന്‍  
തന്‍ ചെയ്തികളാം വിറകുകൊള്ളികള്‍
അടുക്കിയടുക്കി വച്ച പട്ടടയില്‍

രക്ഷപ്പെടാമെന്നു വ്യാമോഹിക്കേണ്ട  
നിന്‍ ക്രൂരമാം പാപകര്‍മ്മങ്ങളാല്‍  
സജ്ജീകരിച്ചൊരു ചിതയില്‍ നിന്നും  

ദ്രോഹിച്ചു ദ്രോഹിച്ചു എന്‍ മനസ്സിനെ
നിഷ്ടൂരമായി തളര്‍ത്തീടുമ്പോള്‍ എന്നും  
ഉയരുകയായിരുന്നു നിന്‍ ചുടല  
 
വേദനിക്കും മനസ്സില്‍ ഏരിഞ്ഞീടും  
നേരിപ്പോടിന്‍ തീവ്രമാം ചൂടില്‍  
ഭസ്മമായീടും നിന്‍ ഭൌതിക ശരീരം  

പാവമാം എന്‍ പ്രയത്നം മുതലാക്കി
എന്‍റെ ചോരയെ നീരാക്കി അതില്‍
എന്നും നീരാടി തിമിര്‍ത്തവര്‍ നിങ്ങള്‍

നിരാലംബയാം എന്‍ നിസ്സഹായതയില്‍
അവഹേളനത്തിന്‍ കൂരമ്പുകളെയ്തു  
പരിഹാസത്തോടന്നു രസിച്ചു നിങ്ങള്‍

നിങ്ങളില്‍ അന്നുരുവായ അഹന്ത തന്നെ
തലയ്ക്കു മുകളില്‍ തൂങ്ങും അഗ്നിയായ്
ഇന്നു നിങ്ങളെത്തന്നെ വേട്ടയാടുന്നു

ചോരയും നീരും ഊറ്റിക്കുടിച്ചു ചണ്ടിയാക്കി
നിങ്ങള്‍ വലിച്ചെറിഞ്ഞ ഈ ആത്മാവിന്‍  
ശാപമൊരു കൊടുങ്കാറ്റായ് വീശുമിപ്പോള്‍

പരിഹാരങ്ങള്‍ക്കൊന്നും താങ്ങീടാന്‍  
കഴിയുന്നതിലും ഭാരമാണല്ലോ നീയന്നു
സമ്പാദിച്ചു വച്ച പാപച്ചുമടുകള്‍ക്ക്
 
അകന്നുപോയല്ലോ ആത്മമിത്രങ്ങളും
പഴിക്കുന്നു നിത്യവും രക്തബന്ധങ്ങളും  
സത്യവും മിഥ്യയും ചികഞ്ഞീടാതെ

വിധിതന്‍ വൈപരീത്യം വിരിയിച്ച
പീഡനങ്ങളാം തിരമാലകള്‍ ഇന്നൊരു
വന്‍ തിരയായ്‌ മനസ്സില്‍ മരുവുന്നു  

തിരിച്ചടിച്ചീടും ചടുലമായ് നിശ്ചയം
തകര്‍ക്കും ഞാനാ നികൃഷ്ട സംസ്ക്കാരം
അചഞ്ചലമാമെന്‍ മനോധൈര്യത്താല്‍

നീയടിച്ചമര്‍ത്തിയ ജീവച്ഛവമല്ല ഞാന്‍  
മരിക്കാനെനിക്കിന്നു മനസ്സില്ലയൊട്ടുമേ
ജീവിച്ചീടും ഞാന്‍ മഹാമേരുവായ്

ശാന്തമായിരുന്നയെന്‍ മനസ്സിലെയലകളില്‍  
കൊടുങ്കാറ്റിന്‍ രൌദ്രത പകര്‍ന്നു നിങ്ങള്‍  
വിതച്ചത് കൊയ്തീടാനൊരുങ്ങിയിരിക്കൂ

----------------------------- മീനു.

പാമോയില്‍ കുംഭകോണംക്ലോക്കില്‍ ഒമ്പതടിക്കുന്നു..

ശ്ശോ...നേരം വൈകിയല്ലോ.. ഇന്നും മാനേജരുടെ കയ്യില്‍ നിന്നും വഴക്കുറപ്പാണ്

ടിംഗ് ടോംഗ്..

കാളിംഗ്ബെല്‍ അടിക്കുന്നു

ആരാണാവോ ദൈവമേ .. ഈ നേരം വൈകിയ നേരത്ത് മനുഷ്യനെ മെനക്കെടുത്താനായിട്ടു,,,

വാതില്‍ തുറന്നപ്പോള്‍ കേബിള്‍ക്കാരന്‍ ജോസേട്ടന്‍  കറുത്തൊരു തോല്‍ബാഗും കക്ഷത്തു വച്ചുകൊണ്ടു വെളുക്കെചിരിച്ചു നില്‍ക്കുന്നു

ജോസേട്ടാ ഈ നേരത്താണോ വരണേ.. അല്ലെങ്കിലെ നേരം വൈകി നിലക്കാണ് ഞാന്‍.. അയാളെ  കണ്ടു അമര്‍ഷം വന്നത് പുറത്തുകാണിക്കാതെ ചോദിച്ചു

മ്ബ്ല്.. എപ്പ വന്നാലും ഇവ്ടെ ആളുണ്ടാവില്ല്യാ.. മ്ബ്ലു കാശ് വാങ്ങാന്‍ വരുംബ്ലയ്ക്കും കുട്ടി ആപ്പീസില്പൂവല്ലേ?.. അതോണ്ട് നേരത്തെങ്ങ്ട് പോന്നതാ...

 പിന്നെ ഒന്നും പറയാന്‍ നില്‍ക്കാതെ അകത്തേക്കു കയറി അലമാരി തുറന്ന് പൈസയെടുത്തു വന്നു കേബിളിന്റെ മാസവരിയും കൊടുത്തു വീടുംപൂട്ടി ഞാന്‍ ധൃതിയില്‍  നടന്നു..

ഓഫീസിലെത്തുമ്പോള്‍ പതിവുപോലെ  നാലഞ്ചുപേര്‍  വരാന്തയില്‍  കാത്തു നില്‍ക്കുന്നു ,,ആരെയും ശ്രദ്ധിക്കാതെ ഓഫീസിലേക്ക് കയറുമ്പോള്‍ പിറകില്‍ നിന്നും ഒരു വിളി...

"മീനൂട്ട്യേ..." തിരിഞ്ഞു നോക്കിയ ഞാനൊന്നു അമ്പരന്നു പോയി.

പണ്ടത്തെ റേഷന്‍ കടക്കാരന്‍ അപ്പുണ്ണി മാമന്‍......... പല്ലൊക്കെ പോയെങ്കിലും മോണ കാട്ടിയുള്ള ആ ചിരിയില്‍ പണ്ടത്തെ വാല്‍സല്യങ്ങളെല്ലാം അതേ പടി ഒളിച്ചിരിക്കുന്നു. 

"അയ്യോ.. ആരാത്?!!... മാമനെന്താ ഇപ്പൊ ഇവിടേ?... ഇന്നെ മനസ്സിലായി അല്ലേ.." ഓടിച്ചെന്നു ചുക്കിച്ചുളിഞ്ഞു വിറയല്‍ ബാധിച്ച ആ കൈകള്‍ പിടിച്ചു

"പിന്നെന്താ ഇയ്ക്കറിയാണ്ടേ.. ബാലേട്ടന്റെ എല്ലാ പിള്ളേരേം ഇക്ക്യു ഇന്‍റെ പിള്ളേരെ പോലെ സ്നേഗാ.. കുഞ്ഞായിരിക്കുമ്പോ റേഷന്‍ പീട്യേല് വരണ ആ എലുമ്പിപ്പെണ്ണ് തന്നെ നീയിപ്ലും.. ന്താ.. നീയ് സാര്യുടുത്തൂന്നു വച്ച് ഇക്ക്യെന്താ  മനസ്സിലാവാണ്ടിരിക്ക്യോ?..  കുട്ടി വ്ട്യാ ജോലി ചെയ്യണേന്നു ന്‍റെ മോന്‍ അശോകന്‍ പറഞ്ഞേര്‍ന്നു.. മാമന് സന്തോഷായീട്ടോ.. നന്നായി വരട്ടേ.. കുട്ടി മറന്നിണ്ടാവും മാമനെ ന്നു നിരീച്ചു.." 

"അപ്പുണ്ണി മാമനെ മറക്കാനോ.. റേഷന്‍ കടേല് വരുമ്പോഴൊക്കെ ആറ്റുമണമേലെ ഉണ്ണ്യാര്‍ച്ചക്കുട്ടി വന്നല്ലോ..'  എന്നു പറഞ്ഞു കളിയാക്കാറുള്ളതല്ലേ.. മറക്കാന്‍ പറ്റില്ല മാമനെ.." 

മോളേ.. ഈ കര്‍ലാസ്‌  ഒന്ന്  വേം ശെരിയാക്കിത്തര്യാ.. മാമന് ഇത് കഴിഞ്ഞു കരന്റാപ്പീസില് പോവാനുള്ളതാ... പീട്യൊക്കെ പോയീ.. നടത്താന്‍ അശോകന് താല്‍പ്പര്യല്ല്യാത്രേ.. അവനിപ്പോ ബോംബേലാ... മൂത്ത കുട്ടിക്ക് ആറുവയസ്സു കഴിഞ്ഞൂ..." 

"അതിനെന്താ.. മാമന്‍ വരൂ.. ഇരിക്കൂ... ഇപ്പൊത്തന്നെ ശെരിയാക്കിത്തരാം ട്ടോ...

ഉടനെത്തന്നെ ഫയലുകള്‍ വരുത്തി അപ്പുണ്ണിമാമന്‍റെ പേപ്പര്‍ ശരിയാക്കിക്കൊടുത്തു. നിറഞ്ഞ മനസ്സുമായി അദ്ദേഹം പോകുന്നത് ഗൃഹാതുരത്വത്തോടെ നോക്കിയിരുന്നു. 

പിന്നെ ഉപഭോക്താക്കളുടെ ഒരു ബഹളം തന്നെയായിരുന്നു എന്നത്തെയും പോലെ.. ഉച്ച ഭക്ഷണം കഴിക്കുന്നതു വരെ തിരക്കില്‍ നിന്നൊരു മുക്തി കിട്ടിയില്ല. ഉച്ചഭക്ഷണം കഴിഞ്ഞു തിരിച്ചു വന്നു കസേരയില്‍ ഇരിക്കുമ്പോള്‍ അപ്പുണ്ണിമാമന്‍ വീണ്ടും മനസ്സിലേക്ക് കയറി വന്നു. 

ഇന്നത്തെ കാപട്യങ്ങളൊന്നുമേയില്ലാത്ത ഗ്രാമീണത തുളുമ്പുന്ന ആ പഴയകാലം... 
.
കണ്ണിമാങ്ങയും പുളിങ്കുരുവും ചാമ്പക്കയും കൂട്ടുകാരോടൊത്തു പറിച്ചു ഭുജിച്ചു നടന്നു കണ്ണുപൊത്തിക്കളിയും കൊത്താംകല്ലും കളിച്ചു കുളത്തില്‍ പോയി നീന്തിക്കളിച്ചും ആഹ്ലാദിച്ചു നടന്നിരുന്ന സ്കൂള്‍ അവധിക്കാലം..

അമ്മാവന്‍റെ മക്കളും ചെറിയമ്മയുടെ മക്കളും ഒക്കെ വിരുന്നു വന്നു  ആവോളം വര്‍ണ്ണശോഭ വിതറിയിരുന്ന ആ സുന്ദര കാലം..

മഴ പെയ്താല്‍ കൊച്ചുതോണികള്‍ ഉണ്ടാക്കി അതില്‍ കട്ടുറുമ്പിനെയും കൊച്ചു പ്രാണികളെയും ഒക്കെ ഇട്ടു തെങ്ങിന്‍റെ കടയ്ക്കും മറ്റും
കെട്ടിക്കിടക്കുന്ന മഴവെള്ളക്കായലില്‍ ഒഴുക്കും. പ്രാണികള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ നാലുപാടും ഓടി വിഫലമായി അമ്പരന്നു നില്‍ക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കൊക്കെ ഭയങ്കര കൌതുകമായിരുന്നു.

അങ്ങനെ രസം പിടിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്ധ്യയോടടുത്ത നേരത്ത് അമ്മയുടെ നീട്ടിയുള്ള വിളി..

"മീനു ... റേഷന്‍കടയില്‍ പാമോയില്‍ വന്നിട്ടുണ്ട് എന്ന് കാര്‍ത്ത്യായനി പറഞ്ഞു. വേഗം  പോയി അത് വാങ്ങിക്കൊണ്ടു വരിന്‍.. നമുക്ക് അതോണ്ട് ചക്ക വറുക്കാം.."

കളി നിര്‍ത്തേണ്ടി വരുമെന്നുള്ള വിഷമം ഉണ്ടായെങ്കിലും ചക്ക വറുത്തതും തിന്നുകൊണ്ട്‌ ഉമ്മറത്തിരുന്നു  ഓട്ടിന്‍ പുറത്തുനിന്നും ഒഴുകി വീണു മുറ്റത്ത് കൊച്ചരുവികള്‍ തീര്‍ക്കുന്ന മഴനൂലുകളുടെ സൌന്ദര്യം ആസ്വദിക്കുന്ന ഓര്‍മ്മയൊരു ആവേശമുണ്ടാക്കി.

അമ്മാവന്‍റെ മക്കളായ ദേവുവും മണിയേട്ടനും അന്നേരം പാമോയില്‍ വാങ്ങാനായി വരുന്നു എന്നറിയിച്ചു. എന്നേക്കാള്‍ രണ്ടുമൂന്നു വയസ്സ് കൂടുതലേ ഉള്ളൂവെങ്കിലും തമാശകള്‍ പൊട്ടിക്കുന്നതില്‍ മണിയേട്ടന്‍ അസാമാന്യനായിരുന്നു. അതോടെ റേഷന്‍കടയില്‍ പോകുന്നതിന്‍റെ വിരക്തിയുമം മാറി.  

ആയിടയ്ക്കായിരുന്നു വെളിച്ചെണ്ണയ്ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയില്‍ എന്നൊരു സാധനം സര്‍ക്കാര്‍ ഇറക്കുമതി ചെയ്തതും റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഓരോ കാര്‍ഡിനും ഓരോ ലിറ്റര്‍ എന്നനിലയില്‍ വിശേഷാവസരങ്ങളില്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതും..

അന്ന് എനിക്കും ദേവുവിനും ഒരു പത്തു വയസ്സ് പ്രായം ഉണ്ടാവും.. 

ഞങ്ങളുടെ അയല്‍പക്കത്തെ രണ്ടു വീട്ടുകാര്‍ പാമോയില്‍ വാങ്ങുന്നില്ലെന്നു പറഞ്ഞപ്പോള്‍ അവരുടെ കാര്‍ഡും വേടിച്ചു ആ മൂവര്‍ സംഘം റേഷന്‍ കട ലക്ഷ്യമാക്കി നീങ്ങി.

മൊത്തം നാലു ലിറ്റര്‍ പാമോയില്‍ കിട്ടും. അന്നൊക്കെ ഞങ്ങള്‍ എണ്ണ വാങ്ങിയിരുന്നത് കൊച്ചു ഭരണികളില്‍ ആയിരുന്നു. രണ്ടു ലിറ്റര്‍ വച്ചു കൊള്ളുന്ന രണ്ടു ഭരണികള്‍. ഒന്ന് എന്‍റെ കയ്യിലും മറ്റേത് മണിയെട്ടന്റെ കയ്യിലും.

റേഷന്‍ കടയില്‍ ചെന്നപ്പോള്‍ പാമോയില്‍ വാങ്ങാന്‍ വന്നവരുടെ  നീണ്ട വരി കണ്ടു ഞങ്ങള്‍ അമ്പരന്നു.

'ഛെ.. ഇനി ഇന്നത്തെ കളി വെള്ളത്തിലായത് തന്നെ..' മാത്രമല്ല ആകാശം മൊത്തം നല്ലമഴക്കാറും ഉണ്ട് . വരിയില്‍ നില്‍ക്കാതെ വേറെ വഴിയില്ലല്ലോ.

ഏകദേശം ഒരു ഒന്നര മണിക്കൂര്‍ നിന്നാണ് പാമോയില്‍ വാങ്ങാന്‍ സാധിച്ചത്.

സമയം സന്ധ്യയ്ക്കൊരു ആറുമണിയോളം ആയിക്കാണും.. ഇരുട്ടായിത്തുടങ്ങി..

പെട്ടെന്നാണ് ആകാശത്തു നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഒരു ഇടിമിന്നല്‍ താഴേക്കു പതിച്ചത്. ചെവിയടയ്ക്കുന്ന ഇടിമുഴക്കവും.

ഞങ്ങള്‍ ഭയവിഹ്വലരായി.. ചെവികള്‍ ചൂളം വിളിക്കുന്നു. വലിയൊരു മഴയുടെ നാന്ദി കുറിച്ചു കൊണ്ട് ശക്തമായ മഴത്തുള്ളികള്‍ അവിടവിടെയായി വീണു തുടങ്ങി.

ഞങ്ങള്‍ നടപ്പിനു വേഗത കൂട്ടി. സുമാര്‍ പതിനഞ്ചു മിനിട്ട് വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നു വേണം വീടുകളില്‍ എത്താന്‍.

അപ്പോഴാണ്‌ മണിയേട്ടന്‍ പറയുന്നത്..

"അതേയ്.. ഈ ഇടിമിന്നലൊരു വല്ല്യ പ്രശ്നമാണ് ട്ടോ.. ഇടി വെട്ടണ നേരത്ത് നമ്മള്‍ കണ്ണടച്ചു നടക്കണം അല്ലച്ചാല്‍... മിന്നല്‍ കണ്ണിലടിച്ചു കാഴ്ച്ച പൂവുംന്നാ പറയണേ.. ഞാന്‍ കണ്ണടയ്ക്കാന്‍ പോവാണ് ട്ടോ .. നിങ്ങളും കണ്ണടച്ചോ..."

"ഈ മണിയേട്ടനെന്തായീപ്പറയണേ?.. കണ്ണടച്ചു നടന്നാലെങ്ങിന്യാ കണ്ണ് കാണാ.. പിന്നേ... ഞങ്ങളൊന്നും അടക്കുന്നില്ല...അല്ലെടി ദേവൂ?.."

"നിങ്ങളെന്താച്ചാല്‍ ചെയ്തോളൂ.. ഇനിക്ക് കണ്ണു പോണേല് കൊറച്ചു ദണ്ണംണ്ട്.. ഞാന്‍ കണ്ണടയ്ക്കാന്‍ പോവാ.. നിങ്ങള് ന്‍റെ പിന്നാലെ നടന്നോ.." 

ഒരല്‍പ്പദൂരം കഴിയുന്നതിലും മുമ്പേ മുന്നില്‍ കിടന്നിരുന്ന ഒരു കല്ലില്‍ തട്ടി മണിയേട്ടനും കയ്യിലെ ഭരണിയും തകിടം മറഞ്ഞു ദേ കിടക്കുന്നു ധരണിയില്‍... 

മണിയേട്ടന്റെ മുട്ടുകള്‍  പൊട്ടി രക്തം ഒഴുകി... അത് കണ്ട് ഞാനാകെ അമ്പരന്നു.  

വലിയ ധൈര്യക്കാരിയായ ദേവു ഉടനെ വേലിയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പച്ച പറിച്ച് അത് കൈകൊണ്ടു പിഴിഞ്ഞ് മണിയേട്ടന്റെ മുറിവില്‍ ഇറ്റിച്ചു. മണിയേട്ടന്‍ നീറ്റല്‍ കൊണ്ട് പിടഞ്ഞു.

എന്നാല്‍ അതൊന്നുമായിരുന്നില്ല മണിയേട്ടന്റെ യഥാര്‍ത്ഥ വിഷമം.. പാമോയില്‍ കളഞ്ഞും കൊണ്ട് വീട്ടിലേക്കു ചെല്ലാന്‍ പറ്റുമോ? അതായത്  സ്കൂള്‍ വാദ്ധ്യാരായ മണിയേട്ടന്റെ അച്ഛന്‍ ഇറയത്തു വച്ചിരിക്കുന്ന ചൂരലിന് ഇന്നു പണിയുണ്ടാകുമല്ലോ എന്ന ഭീതിയായിരുന്നു അപ്പോള്‍ മണിയേട്ടനെ വല്ലാതെ തളര്‍ത്തിയിരുന്നത്.. 

ആ ദയനീയഭാവം കണ്ടു ഞങ്ങളുടെ കണ്ണുകളിലും വിഷാദം തുള്ളികളായി രൂപം കൊണ്ടു.

ഇനി നമ്മളെന്താ ചെയ്യാ?

പെട്ടെന്നാണ് മണിയേട്ടന്‍ ഒരുപായം പറഞ്ഞത്.

"നിന്റെ ഭരണിയില്‍ നിന്നും പകുതി എണ്ണ എന്‍റെ ഭരണിയിലേയ്ക്ക് ഒഴിക്കൂ വെള്ളമൊഴിച്ച് ഭരണി നിറയ്ക്കാം  ... ഏണ്ണ കുറവുള്ളത് അപ്പൊ അമ്മയ്ക്കറിയാന്‍ പറ്റില്ല്യ.."

ഞാന്‍ പ്രതികരിക്കും മുമ്പേ എന്‍റെ കയ്യിലുള്ള ഭരണി പിടിച്ചു വാങ്ങി മണിയേട്ടന്‍ പകുതി എണ്ണ അതിലേക്കു ഒഴിക്കലും കഴിഞ്ഞു. 

മണിയേട്ടന്‍ പോകുന്ന വഴിക്കുള്ള അമ്പലക്കിണറ്റില്‍ നിന്നും വെള്ളം കോരി ഭരണിയുടെ ബാക്കി ഭാഗവും  നിറച്ചു..

എന്റെ നെഞ്ച് ശക്തിയായി മിടിടിക്കാന്‍ തുടങ്ങി. കള്ളത്തരം ചെയ്ത കുറ്റബോധം കൊണ്ട് ഞാനറിയാതെ കണ്ണുനീര്‍  ധാരധാരയായി ഒഴുകി..

കാലുകള്‍ക്ക് വല്ലാത്ത ഭാരം.. നടന്നിട്ടു ഒരടിപോലും നീങ്ങാത്ത പോലെ. 

മണിയേട്ടന്‍ ഞങ്ങളെ ഓരോ മുട്ടുന്യായങ്ങള്‍ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

വീട്ടില്‍ ചെല്ലുമ്പോള്‍ അടുക്കളയിലെ തറയിലിരുന്നു അമ്മ നന്നായി മൂത്ത ഒരു ചക്ക വെട്ടി ചുളകള്‍ പറിച്ചൊരു മുറത്തിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നു.  അമ്മയോട് ഒന്നും ഉരിയാടാതെ ഭരണി  പാതിയേംപുറത്തു വച്ചു. 

ഏകദേശം പതിനഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍ ദേവുന്റെ  അമ്മ കലിതുള്ളിക്കൊണ്ട് അടുക്കളമുറ്റത്തേക്കു പാഞ്ഞു വന്നു.

"തങ്കോപ്പേ  പിള്ളേര് എന്ത് വേണ്ടാതീനമായീ കാട്ടി വച്ചേക്കണേന്നറിയോ?...എണ്ണേല് വെള്ളോം ഒഴിച്ച് നാശാക്കി കൊണ്ട്ന്നേക്കണൂ.. ആ മണി ഒപ്പിച്ച പണിയാണത്രേ..ഇവറ്റങ്ങള്‍ക്ക് ത്രേം ബുദ്ധീം ബോധോംല്ല്യാണ്ടായല്ലോ.. ഈ മീനൂനെങ്കിലും ഇത്തിരി വിവരണ്ട്ന്നാ ഞാന്‍ വിചാരിച്ചേ..."

ഇതു കേട്ട വഴി ഞാന്‍ മെല്ലെ അകത്തേക്ക് വലിഞ്ഞു നേരെ പൂമുഖത്തേക്ക്‌ പോയി.

"ക്ക്യൊന്നും മനസ്സിലായില്ല്യ സുമതീ.. എന്താ നീയ് പറേണേ?..

കയ്യില്‍ വെളിച്ചെണ്ണ പുരട്ടി ചക്കയുടെ മുളഞ്ഞീന്‍ ഇളക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേ അന്തം വിട്ടുകൊണ്ട് അമ്മ ചോദിച്ചു.

"ഓപ്പെ... " ആ ചെക്കന്‍ എണ്ണയും കൊണ്ട് വരുമ്പോള്‍ അടിതെറ്റി വീണൂത്രേ... ബാക്കിള്ളതില്‍ അത്രയ്ക്ക് വെള്ളോം ചേര്‍ത്തു രണ്ടു ഭരണിയിലും ആക്കിട്ടാ വന്നേക്കുന്നത്.. ഞാന്‍ ഉരുളിയിലേക്ക് എണ്ണ ഒഴിച്ച വഴി തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്‌ പോലെയല്ലേ അത് പൊട്ടിത്തെറിച്ചേ.. ന്‍റെ കണ്ണു പോവാഞ്ഞത് ജമ്മാന്തരം..."എട്ടനതാ ആ ചെക്കനെ പൊതിരെ തല്ലുണൂ.... ഇനിപ്പോ തല്ലിട്ടെന്താ കാര്യം .. പോവണ്ടത് പോയില്ലേ.." 

ദേവുന്റെ  അമ്മ തകര്‍ത്തു പറഞ്ഞോണ്ടിരിക്കുന്നു. ഭാഗ്യത്തിന് അച്ഛന്‍ വീട്ടിലില്ല..

അകലെ നിന്നും മണിയെട്ടന്റെ മോങ്ങല്‍ ഒരു വിഷാദ ഗാനം പോലെ ഉയരുന്നത് കേള്‍ക്കാം..

ഹും.. അമ്മാവന്‍റെ ചൂരലിനു ജോലിയുണ്ടായിരിക്കുന്നു.

"ടീ.. മീന്വോ...ങ്ങട് വാടീ കഴുതേ... "

അമ്മയുടെ ആക്രോശം..

അമ്മയുടെ ഈ വിളി പ്രതീക്ഷിച്ചു കൊണ്ട് തന്നെയായിരുന്നു തിണ്ണയില്‍ ഞാനിരുന്നിരുന്നത്. നെഞ്ചിടിക്കുന്നു.. മുട്ടുകള്‍ കൂട്ടിമുട്ടുന്നു..

ക്രൂശിതയാവാന്‍ പോകുന്നവളേ പോലെ തലയും കുനിച്ചു കൊണ്ട് ഞാന്‍ അങ്ങോട്ടു  നടന്നു..  

------------------------------ മീനു.

കാണാത്ത സൌഹൃദങ്ങള്‍
"ഗോപാലാ.. നിന്‍റെ ഉത്തരവാദിത്വമൊക്കെ എവിടെ പോയീ?.. മണി ഒമ്പതരയായിട്ടും ഇന്റര്‍നെറ്റ്‌ ഹബ് ഓണ്‍ ചെയ്തില്ലേ?.." 

ഓഫീസില്‍ എത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത വഴി കണ്ണുരുട്ടിക്കൊണ്ട് ഈര്‍ഷ്യയോടെ യാമിനി പ്യൂണിനെ ശകാരിച്ചു.

"ദേ കെടക്കണ്.. ഇടി വെട്ടിയാലും മഴ പെയ്താലും ആകാശം ഇടിഞ്ഞു വീണാലും തന്നെ എല്ലാരും ഈ ഗോപാലന്‍റെ നെഞ്ചത്തേക്ക് അങ്ങട് കേറിക്കോളും.. ഇതിന്ന് എത്രാമത്തെ ആളുടെ ചോദ്യമാണെന്നറിയാമോ?.. മാഡം എന്താ ചോദിക്കാത്തെയെന്നു ഞാന്‍ ആലോചിക്ക്യായിരുന്നു.. ഇന്നലെ രാത്രിയിലെ ഇടിമിന്നലില്‍ വയറോ മറ്റോ കത്തിപ്പോയി എന്നാ തോന്നണേ.. മനോജ്‌ സാറ് ചെക്ക് ചെയ്യുന്നുണ്ട് ട്ടോ.. നെറ്റ് വരും വന്നോളും... വരാതിരിക്കില്ല്യ... ദൈവേ.. ഇനി വരാതിരിക്കുമോ... ഹോ എന്നാപ്പിന്നെ ന്‍റെ കാര്യം ഇന്നു കട്ടപ്പൊക.. കാലം പോയ പോക്കേ.. പണ്ടൊക്കെ വന്ന വഴി ചായ കിട്ടീലെങ്കില്‍ ആയിരുന്നു ഗോപാലന് ചീത്ത കേട്ടിരുന്നത്.. ഇപ്പൊ.. നെറ്റ് ഉണ്ടെങ്കില്‍ ചോറും ചായയുമൊന്നും ആര്‍ക്കും വേണ്ടാ.. ഗോപാലനേം വേണ്ടാ.." ഗോപാലന്‍ പിറുപിറുത്തു. 

ഗോപാലനോട്‌ കോക്രി കാണിച്ചു കൊണ്ട് യാമിനി നിസ്സംഗഭാവത്തോടെ തന്‍റെ ജോലികളില്‍ മുഴുകി.     

"എന്തൊരു ഇരിപ്പാടോ ഇത്?.. ചായയൊക്കെ ആറിത്തണുത്തല്ലോ?.." 

എതോ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ കൊടുത്തിരുന്നത് വാങ്ങാനായി ഓഫീസില്‍ വന്ന തന്‍റെ സഹപാഠിയായിരുന്ന നന്ദന്‍ ചോദിക്കുന്നതു കേട്ട് കമ്പ്യൂട്ടറിലെ ജോലിയില്‍ മുഴുകിയിരുന്നിരുന്ന യാമിനി തലപൊക്കി നോക്കി. 

"ങേ .. നന്ദനോ? ... ഇയാള്‍ വന്നിട്ടു കുറെ നേരമായോ?!.."

"ങ്ങും.. അഞ്ചു മിനിറ്റോളം ആയി ഞാനിവിടെ വന്നു നില്‍ക്കുന്നു... അതിനു താനീ ലോകത്തൊന്നുമല്ലല്ലോ?.. ഇനിയും നിന്നാല്‍ പണി പാളും എന്ന് കരുതിയാണ് വിളിക്കാമെന്നു വച്ചത്..ഹ ഹ ഹ"  

"സോറി നന്ദന്‍ ..പുതിയ മാനെജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഇതില്‍ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തതേയുള്ളൂ. ഇനിയിതൊക്കെ ഒന്ന് ഫെമിലിയര്‍ ആയി വരാന്‍ എത്ര ദിവസം എടുക്കുമോ ആവോ? മാര്‍ച്ച് മാസം ആയതു കൊണ്ട് ഒരുപാട് അര്‍ജന്റ്റ് അപ്ഡെഷന്‍സും ഉണ്ട്. ശ്രദ്ധയൊന്നു തെറ്റിയാല്‍ പിന്നെ ഇരട്ടിപ്പണിയാവും.. നന്ദന്‍റെ ഡോക്യുമെന്റ് ഞാന്‍ ഇന്നലെത്തന്നെ ശരിയാക്കി ഫ്രന്റ്റ്‌ ഓഫീസില്‍ കൊടുത്തിട്ടുണ്ട്. അവിടെ നിന്നും കളക്റ്റ് ചെയ്തോളൂട്ടോ" 

കസേരയിലേക്ക് ചാഞ്ഞിരുന്നു ഒരു ദീര്‍ഘ നിശ്വാസം വിട്ട്ക രണ്ടു നിമിഷം കണ്ണടച്ചിരുന്നതിനു ശേഷം യാമിനി വീണ്ടും തന്‍റെ ജോലിയില്‍ വ്യാപൃതയായി. 

'ഹോ.. വല്ലാതെ സ്ട്രെയിന്‍ പിടിച്ച ജോലി തന്നെയിത്.. ആഹാ.. ഇതിനിടെ നെറ്റ് വന്നതും ഞാനറിഞ്ഞില്ലല്ലോ!..  മതി.. ഇനി കുറച്ചു നേരം റിലാക്സ് ചെയ്തിട്ടു മതി ജോലിയൊക്കെ.. ഇന്നാണല്ലോ മാനസത്തിലെ ആക്ടീവ് മെമ്പര്‍ രാജീവിന്‍റെ ബര്‍ത്ത്ഡേ.. സൈറ്റില്‍ കയറി ഒരു പിറന്നാള്‍ ആശംസ ഇട്ടു കളയാം.. "

അവള്‍ മാനസം എന്ന മലയാളം സോഷ്യല്‍ വെബ്‌ സൈറ്റിന്‍റെ വിന്‍ഡോ തുറന്നപ്പോള്‍ ഒരു പുതിയ ബ്ലോഗ്‌പോസ്റ്റ്‌ അപ്പ്രൂവലിന് വേണ്ടി കാത്തു കിടക്കുന്നത് കണ്ടു. 

'നിഗൂഡതയുടെ നിഴലില്‍....' പോസ്റ്റഡ് ബൈ മഞ്ജിമ മോഹന്‍.

മാനസത്തിലെ പുതിയ അംഗമാണ് മഞ്ജിമ. ചടുലമായ ആശയ സംവേദനവും പെട്ടെന്ന് എല്ലാവരുമായും അടുക്കുന്ന പ്രകൃതവും ശക്തമായ ഭാഷയും ജ്ഞാനവും മഞ്ജിമയെ വ്യത്യസ്തയാക്കുന്നു. യാമിനി ആ ബ്ലോഗ്‌ അപ്പ്രൂവ് ആക്കിയതിന് ശേഷം സൈറ്റില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. ജോലിക്കൂടുതല്‍ മൂലം ഈയിടെ സൈറ്റില്‍ അധികനേരം ചിലവഴിക്കാന്‍ സാധിക്കാറില്ല. 

"നവീനമായ  കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വിശാല്‍ മണപ്പുറത്തിന്‍റെ ചര്‍ച്ചയില്‍ ബെന്‍സിയും രാഹുലും ദിവ്യയും രാമേട്ടനും ടീച്ചറും എല്ലാം അഭിപ്രായങ്ങള്‍ പറഞ്ഞു തകര്‍ക്കുന്നല്ലോ.. ങേ..  ഇടയ്ക്ക് എനിക്കിട്ടും ആരോ പാര വച്ചിരിക്കുന്നുവല്ലോ.. ഹോ എനിക്കിപ്പോ നേരമില്ലാതായിപ്പോയത് അവരുടെ ഭാഗ്യം.. തകര്‍ത്തോളൂ തകര്‍ത്തോളൂട്ടോ.. എല്ലാം കൂടി ഞാന്‍ തരുന്നുണ്ട്... ജോലി കഴിഞ്ഞൊന്നു വീട്ടില്‍ ചെല്ലട്ടേ.." ഒരു ഗൂഡമന്ദസ്മിതത്തോടെ യാമിനിയുടെ ആത്മഗതം.

തന്‍റെ ബ്ലോഗ്‌ അപ്പ്രൂവ് ആയ ഇമെയില്‍ നോട്ടിഫിക്കേഷന്‍ കണ്ടിട്ടാവണം മഞ്ജിമ മോഹന്‍ ചാറ്റ് ബോക്സില്‍ പ്രത്യക്ഷപ്പെട്ടു. 

"ഹായ് യാമിനി ചേച്ചീ.." മഞ്ജിമ യാമിനിയെ ചാറ്റ് ചെയ്യാന്‍ ക്ഷണിച്ചു. അവളെക്കുറിച്ച് കൂടുതല്‍ അറിയണമെന്നു ആഗ്രഹിച്ചിരുന്ന യാമിനി അവളോട്‌ ഉടനെ പ്രതികരിച്ചു.

ഹെലോ മഞ്ജിമ .. സുഖം തന്നെയല്ലേ?.. മഞ്ജിമ എന്ത് ചെയ്യുന്നു?.. വീട്ടില്‍ ആരൊക്കെയുണ്ട്?"

"ചേച്ചീ.. സുഖം തന്നെ.. ഞാന്‍ ഫസ്റ്റ് ഇയര്‍ ഡിഗ്രീ സ്ടുടെന്റ്റ്‌ ആണ്. വീട്ടില്‍ അമ്മ, ചേച്ചി എന്നിവര്‍ മാത്രം" 

"ഓഹോ ഈ ചെറുപ്രായത്തി്ലും മഞ്ജിമ നന്നായി എഴുതുന്നുണ്ടല്ലോ?.. പാരമ്പര്യമായി കിട്ടിയതാണോ ഈ കഴിവ്? "

"ഹേയ് അല്ല ചേച്ചീ.. ഞാനിങ്ങനെ വെറുതെ ഓരോ ഭ്രാന്തുകള്‍ കുത്തിക്കുറിക്കുന്നതാ അതൊക്കെ... അത്രയ്ക്കും ഗുണനിലവാരം ഒക്കെ അവയ്ക്കുണ്ടോ?.." 

"പിന്നല്ലാതെ.. ഒരു തുടക്കക്കാരിയെ അപേക്ഷിച്ച് എത്രയോ നന്നായി മഞ്ജിമ എഴുതുന്നു. മാത്രമല്ല ആ എഴുത്തില്‍ ഒരുപാട് സാമൂഹ്യ സാംസ്കാരീക രാഷ്ട്രീയ വിഷയങ്ങളും നിര്‍ലോഭം കടന്നു വരികയും ചെയ്യുന്നു.. റിയലി എക്സലന്റ്!.. ഇത്രയൊക്കെ പക്വത മഞ്ജിമയ്ക്ക് എങ്ങനെ കിട്ടി എന്നാണു ഞാന്‍ അതിശയിക്കുന്നത്." 

"ഹ ഹ ഹ എന്‍റെ ചേച്ചീ.. ഇവയൊക്കെ നിഷിദ്ധമെന്നു കരുതി മാറി നില്‍ക്കുന്നതാണ്  നമ്മള്‍ പെണ്‍വര്‍ഗ്ഗത്തിന്‍റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കളമൊരുക്കുന്നത്.. എല്ലാ മേഖലയിലും നമുക്ക് അറിവുകള്‍ ഉണ്ടാവണം. അങ്ങനെ പുരുഷന്മാരെ മാത്രം ഈ മേഖലകളുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു കൊണ്ട് മൗനം ആചരിച്ചാല്‍ സ്ത്രീകളുടെ ഭാവി ഇരുളടഞ്ഞതു തന്നെ. ആ ഒരു തിരിച്ചറിവ് മാത്രമാണ് എന്നെ നയിക്കുന്നത്" 


"വെരി ഗുഡ് മഞ്ജിമ.. എന്നാലും ഒരു നല്ല പ്രൊഫൈല്‍ ഫോട്ടോയെങ്കിലും ഇടാമായിരുന്നില്ലേ? ബ്ലോഗ്‌ ഒക്കെ പോസ്റ്റ്‌ ചെയ്യുന്നവര്‍ക്ക് ഒരു പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇത്രയും മടിയോ?" 

"അത് ചേച്ചീ.. ഇന്നത്തെ കാലമല്ലേ.. ആരൊക്കെ അത് ദുരുപയോഗം ചെയ്യുമെന്ന് പറയാനാവില്ലല്ലോ.. പ്ലീസ് ചേച്ചി എന്നെയതിനു നിര്‍ബന്ധിക്കരുതേ.. എനിക്കു ഭയമാ.." 

"ഓക്കേ.. എന്നാല്‍ ഞാന്‍ തല്‍ക്കാലം പോട്ടെ.. ഓഫീസില്‍ പിടിപ്പതു ജോലി കിടക്കുന്നു.. പിന്നെ കാണാംട്ടോ.." 

ഓക്കേ ചേച്ചീ.. ബൈ.. ടേക്ക് കെയര്‍.."

"ബൈ ബൈ" 

"ഇത്രയും ബോള്‍ഡ് ആയ മഞ്ജിമയ്ക്ക് ഒരു പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇത്രയും ഭയമോ?!.. ഫോട്ടോയിടാതിരിക്കാനുള്ള ഓരോരുത്തരുടെ മുട്ടുന്യായങ്ങളേ... ങാ.. എന്തെങ്കിലുമാവട്ടെ.. ഒക്കെ ഓരോരുത്തരുടെ ഇഷ്ടം.."  യാമിനി പിറുപിറുത്തു കൊണ്ട് മാനസത്തില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്യാന്‍ മുതിരുമ്പോഴാണ് സൈറ്റിലെ അഡ്മിനില്‍ ഒരാളായ ക്രിസ്റ്റിച്ചായന്‍ ചാറ്റില്‍ വന്നു വിളിക്കുന്നത്‌..

"എന്താഡോ..  സൂപ്പര്‍ ഫാസ്റ്റിനെ പോലെ സ്റ്റോപ്പില്‍ നിര്‍ത്താതെ പോവാണോ? തിരക്കിലായിരിക്കുമല്ലേ? ഇവിടെ ഡിസ്കില്‍ തകര്‍ക്കുന്നതൊന്നും കാണുന്നില്ല്യെ ആവോ?.. ഒരനക്കവും ഇല്ലല്ലോ?.. 

"മാഷേ..ഇവിടെ നല്ല തിരക്കാണ്... നിങ്ങളെപ്പോലെയൊന്നുമല്ലല്ലോ.. നമുക്കൊക്കെയിവിടെ ജോലി ചെയ്താലല്ലേ ശമ്പളം കിട്ടൂ..ഹി ഹി ഹി.."

"പിന്നേ ഞങ്ങളൊക്കെ ഇവിടെ ചുമ്മായിരുന്നു ശമ്പളം വാങ്ങല്ലേ?.. ഒന്നുമല്ലെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കീബോര്‍ഡില്‍ ഇട്ടിങ്ങനെ കുത്തുന്നെങ്കിലുമുണ്ടല്ലോ.. ഹ ഹ ഹ ഹ.." 
   
"എനിക്കീ ജോലിയിങ്ങനെ ചെയ്തോണ്ടിരിക്കാന്‍ വല്ല്യ താല്‍പ്പര്യമൊന്നും ഉണ്ടായിട്ടല്ലാട്ടോ.. പിന്നേ.. പട്ടിണി കിടക്കുമ്പോ ഒരു സുഖ്വോണ്ടാവില്ല്യ എന്നോര്‍ത്തിട്ടാ..കി കി കീ.." 

"ഓ.. ഇക്ക്യു വയ്യാ.. രാവിലെത്തന്നെ വളിച്ച വിറ്റും കൊണ്ട് ഇറങ്ങീലെ?.. കാലാകാലങ്ങളായി ഇത് സഹിക്കണ ഞങ്ങളെയൊക്കെ സമ്മതിക്കണം.. ഹ ഹ ഹ."

"അതൊക്കെ പോട്ടെ.. ചാറ്റ് ബോക്സില്‍ മഞ്ജിമ തകര്‍ക്കുന്നത് കണ്ട്വോ? ഞാന്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ പറഞ്ഞപ്പോ അവള്‍ സ്ലിപ്പായി.." 

"അവള്‍ ഇടണമെങ്കില്‍ ഇടട്ടെ യാമിനീ.. ഇനി അതും പറഞ്ഞു അവളുടെ ഉള്ള മൂഡ്‌ കളയണ്ടാ.. തല്‍ക്കാലം അവള്‍ ഒന്ന് നല്ലോണം ആക്ടീവ് ആവട്ടെ.. പിന്നീട് കാര്യമായി ഒന്ന് റിക്വെസ്റ്റ് ചെയ്തു നോക്കാം.. ചെറിയ കുട്ടിയാ.." 

"ഹും.. അത് അവളുടെ വര്‍ത്താനം കാണുമ്പോള്‍ തോന്നുന്നുമുണ്ട്.. ഒരു ചെറിയ കുട്ടി പോലും..വലിയവരാരും ഇല്ലെങ്കില്‍..ഹും.."

"ഹ ഹ ഹ ഹ ഹ ഈ യാമിനീടെ ഒരു കാര്യം.. താന്‍ ജോയിന്‍ ചെയ്തപ്പോള്‍ ഞാന്‍ എത്ര പറഞ്ഞിട്ടാണ് താനൊരു പ്രൊഫൈല്‍ ഫോട്ടോ ഇട്ടേന്നു വല്ല ഓര്‍മ്മയുമുണ്ടോ?.. എന്നിട്ട് ഇറങ്ങിക്കോളും കുട്ടികളെ വെരട്ടാനായിട്ട്.. ഹ ഹ ഹ ഹ "

"കി കി കി കീ... അവ്ടെ ഇളിച്ചോണ്ട് ഇരുന്നോളൂ... ഞാന്‍ പോട്ടേ.. പിന്നെ കാണാം..ട്ടോ.. ഇവിടെ വന്നു കിളയ്ക്കുന്നതിനു നിങ്ങളൊന്നുമെനിക്കു ശമ്പളമൊന്നും തരണില്ലല്ലോ.. അപ്പോള്‍ ഓക്കേ..  ബൈ.."

"ങാ ചെല്ല് ചെല്ല്... ആദ്യം ജോലി... പിന്നെ ജോളി.. ഹ ഹ ഹഹ .. ബൈ.. "

സന്ധ്യാസമയത്ത് ഇടിമിന്നലിന്‍റെ അകമ്പടിയോടെ ആര്‍ത്തലച്ചു വന്ന മഴയുടെ മാസ്മരീകസംഗീതം തുറന്നിട്ട ജാലകത്തിലൂടെ ആസ്വദിക്കുകയായിരുന്നു യാമിനി. ഡൈനിംഗ്  ടേബിളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നത്‌ കേട്ട് ഈര്‍ഷ്യയോടെ അവള്‍ അവിടേക്ക് ചെന്നു. 

പരിചയമില്ലാത്തൊരു മൊബൈല്‍ നമ്പര്‍.. വൈമനസ്യത്തോടെ ഫോണ്‍ എടുത്തു. 

"ഹെലോ യാമിനിച്ചേച്ചിയല്ലേ? ആരാണെന്ന് മനസ്സിലായോ.. ഇത് മഞ്ജിമയാ... മാനസത്തിലെ മഞ്ജിമ മോഹന്‍.. ഇപ്പൊ പിടി കിട്ടിയോ ആവോ?"

"ഹോ.. വാട്ട്‌ എ സര്‍പ്രൈസ് !!!.. പിന്നേ..മനസ്സിലായി മനസ്സിലായി?.. എന്താ മനസ്സിലാവാതിരിക്കാന്‍?.. ന്‍റെ നമ്പര്‍ എവിടെ നിന്നു കിട്ടി കുട്ടിയ്ക്ക്?! "

"ഹ ഹ ഹ.. അതൊക്കെയുണ്ട് ചേച്ചീ.. ഞാനാരാ മോള്‍..."

"ഹ ഹ എന്നാലും പറയൂ കുട്ടീ.. ഞാനാര്‍ക്കും അങ്ങനെ എന്‍റെ നമ്പറൊന്നും കൊടുക്കാറില്ലല്ലോ.. പിന്നെ മഞ്ജിമയ്ക്ക് ഇതാരു തന്നു?.." 

"എന്‍റെ ചേച്ചീ.. ചുമ്മാ ടെന്‍ഷനടിക്കാതെ.. അതോക്കെയെനിക്ക് കിട്ടും... ഞാന്‍ മനസ്സ് വച്ചാ കിട്ടാത്തത് വല്ലതുമുണ്ടോ.. ഹി ഹി ഹി.. അത് വിട്ടുകളയൂ.. എന്തൊക്കെയുണ്ട് ചേച്ചിയുടെ വിശേഷങ്ങള്‍?.."

"നിഷേധം കലര്‍ന്ന അവളുടെ മറുപടിയില്‍ തൃപ്തയായില്ല എങ്കിലും അത് പുറത്തു കാട്ടാതെ യാമിനി ചുറുചുറുക്കുള്ള ആ സംസാരത്തോട് നല്ല രീതിയില്‍ തന്നെ പ്രതികരിച്ചു. അവസാനം സംഭാഷണം നിര്‍ത്തുമ്പോഴേക്കും യാമിനിയുടെ നല്ലൊരു കൂട്ടുകാരിയായി മാറിയിരുന്നു മഞ്ജിമ. 

 
പിന്നേയും അവള്‍ പലപ്പോഴും യാമിനിക്ക് ഫോണ്‍ ചെയ്തു. മഞ്ജിമയുടെ സ്നേഹത്തോടെയുള്ള സംഭാഷണം അവളോടുണ്ടായിരുന്ന നീരസം പൂര്‍ണ്ണമായും അലിയിച്ചു കളയാന്‍ പര്യാപ്തമായിരുന്നു. നീണ്ട സംഭാഷണങ്ങള്‍ക്കിടയില്‍ പിന്നെ ഔപചാരിതകള്‍ക്ക് ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല. ഒരു അനിയത്തിയോടെന്ന പോലെ യാമിനി അവളോട്‌ വ്യക്തിപരമായ കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തു. അതോടൊപ്പം മാനസം എന്ന സൌഹൃദ കൂട്ടായ്മയുടെ ഒഴിച്ചു കൂടാനാവാത്തൊരു ഘടകമായും ചുരുങ്ങിയ കാലയളവിനുള്ളില്‍ അവള്‍ മാറി. പ്രത്യേകിച്ച് ചാറ്റ് റൂമിലും സംവാദങ്ങളിലും അവളുടെ സജീവ സാന്നിദ്ധ്യം നിറഞ്ഞു നിന്നു. ലോക കാര്യങ്ങളിലുള്ള അവളുടെ നിലപാടുകള്‍ തികച്ചും അചഞ്ചലവും വ്യത്യസ്ഥതയേറിയതും ആയിരുന്നു. ആ വ്യക്തിത്വം ഒരുപാട് പേരെ ആകര്‍ഷിച്ചു. 

ഒരു ദിവസം മാനസത്തിലെ സജീവ അംഗമായ രാജീവ്, മഞ്ജിമയും താനും പ്രണയത്തിലാണെന്ന വിവരം യാമിനിയോടു സ്വകാര്യമായി അറിയിച്ചു. സഹാദരിമാരില്ലാതിരുന്ന രാജീവിന് യാമിനി തന്‍റെ സ്വന്തം സഹോദരി പോലെയായിരുന്നു. ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും അവന്‍റെ യാമിനിച്ചേച്ചിയോട്  പങ്കു വയ്ക്കുന്ന പ്രകൃതം. 

"ങേ.. ഇത് മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത് പോലെയായല്ലോ.. ഗൊള്ളാം.. ഗൊള്ളാം.. മഞ്ജിമ കാര്യബോധമുള്ള ഒരു നല്ല കുട്ടിയാണ് എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.. അവളെ നീ കെട്ടിയാല്‍ ചുരുങ്ങിയ പക്ഷം നിനക്കു കുറച്ചു വിവരമെങ്കിലും വയ്ക്കുമല്ലോ.. ഹ ഹ ഹ.. പക്ഷെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോട് കൂടി വേണം ട്ടോ വിവാഹമൊക്കെ... എന്നോട് ഇത്രയും അടുപ്പമുണ്ടായിട്ടും ഇത് അവള്‍ എന്നോട് പറഞ്ഞില്ലല്ലോ.. കഷ്ടം.. ഇനി കാണട്ടെ അവളെ.. ശരിയാക്കിക്കൊടുക്കുന്നുണ്ട്.." 

"അയ്യോ ചേച്ചീ.. ഇത്രയും അടുപ്പമുള്ള ഞാന്‍ വരെ ചമ്മല്‍ കൊണ്ട് ഇപ്പോഴല്ലേ ചെച്ചിയോടിക്കാര്യം പറഞ്ഞേ.. അവള്‍ക്കു ഒടുക്കത്തെ ചമ്മലാ ചേച്ചീ ഇക്കാര്യം ചേച്ചിയോട് പറയാന്‍.. പിന്നെ.. അച്ഛനും അമ്മയുമൊന്നും ഇതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല... ഹും.. പരമാവധി പിടിച്ചു നോക്കാം.. കാര്യമൊന്നുമുണ്ടാവില്ല എന്നറിയാമെങ്കിലും.." 

"ഹും.. കുറേ നാളായി ഞാന്‍ ശ്രദ്ധിക്കുന്നു നിങ്ങളുടെ ഈ തിരിഞ്ഞു കളികള്‍.. അത് ഓവറാവുമ്പോള്‍ ചോദിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍.." 

അതിന്‍റെ പിറ്റേ ദിവസമായിരുന്നു ഓഫീസ് സ്റ്റാഫിന്‍റെ കുടുംബസമേതമുള്ള വടക്കേ ഇന്ത്യന്‍ വിനോദയാത്രയ്ക്കായി യാമിനിയും കുടുംബവും പുറപ്പെട്ടത്‌. അതിനാല്‍ ഒരാഴ്ച്ച കാലത്തേക്ക് യാമിനിയ്ക്ക് മാനസമെന്ന സൌഹൃദ കൂട്ടായ്മയില്‍ തന്‍റെ സാന്നിദ്ധ്യം പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. മാനസത്തിലെ കൂട്ടുകാരുമായി സംവേദിക്കാനാവാതിരുന്നത് അവള്‍ക്കു ഒരുപാട് മനപ്രയാസമുണ്ടാക്കി. അനേകം തവണ മഞ്ജിമയുടെയും രാജീവിന്‍റെയും മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും അതെല്ലാം വിഫലമായി. മാനസത്തിലെ മറ്റൊരു കൂട്ടുകാരിയായ ദിവ്യയെ വിളിച്ച് അവരെക്കുറിച്ച് അന്വേഷിച്ചു. മഞ്ജിമയും രാജീവും നാലഞ്ചു ദിവസമായി മാനസത്തില്‍ ലോഗിന്‍ ചെയ്യാറില്ല എന്നറിഞ്ഞപ്പോള്‍ മനസ്സിലെ അങ്കലാപ്പ് വര്‍ദ്ധിച്ചു. വിനോദയാത്രയുടെ അവസാന ദിവസങ്ങള്‍ യാമിനിക്ക് ഒട്ടും ആസ്വാദ്യകരമായി തോന്നിയില്ല. 

മടക്കയാത്രയിലുടനീളം രാജീവിനേയും മഞ്ജിമയേയും കുറിച്ചുള്ള ചിന്തകള്‍ യാമിനിയെ വേട്ടയാടി. അതിരാവിലെ ട്രെയിന്‍ പാലക്കാട്ടെത്തിയപ്പോള്‍ പ്ലാറ്റ്ഫോര്‍മില്‍ പത്രം വില്‍ക്കുന്നവരെ കണ്ടു. ദിവസങ്ങള്‍ക്കു ശേഷം ഒരു മലയാള ദിനപത്രം കണ്ട സന്തോഷത്തില്‍ യാമിനി ഒരെണ്ണം വാങ്ങി നിവര്‍ത്തി ആര്‍ത്തിയോടെ വായന തുടങ്ങി. 

ഒന്നാം പേജിലെ രണ്ടാം പകുതിയില്‍ കൊടുത്ത യുവാവിന്റെയും യുവതിയുടെയും ചിത്രങ്ങളും വാര്‍ത്തയും കണ്ട് യാമിനി സ്തബ്ധയായി. മറുകയ്യില്‍ ഇരുന്നിരുന്ന ചായ കപ്പ് ഊര്‍ന്നു സഹപ്രവര്‍ത്തകയായ രേവതിയുടെ ദേഹത്തേക്ക് വീണപ്പോഴാണ് ബോധരഹിതയായി കുഴഞ്ഞു വീഴുന്ന യാമിനിയെ അവര്‍ കണ്ടത്.

കര്‍ണാടകത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മാരകായുധങ്ങള്‍ സഹിതം പോലീസ് പിടികൂടിയ യുവതീയുവാക്കളുടെ ചിത്രമായിരുന്നു അത്. രാജീവായിരുന്നു ആ യുവാവ്..  അങ്ങനെയെങ്കില്‍ ആ യുവതി മഞ്ജിമ തന്നെയായിരിക്കും എന്ന് യാമിനിക്ക് അനുമാനിച്ചു. വളരെ അടുപ്പമുണ്ടായിരുന്നിട്ടും മഞ്ജിമയുടെ വ്യക്തതയുള്ള ഒരു ഫോട്ടോ വരെ അതെ വരെ യാമിനി കണ്ടിട്ടുണ്ടായിരുന്നില്ല. ചോദിക്കുമ്പോഴൊക്കെ കയ്യിലുള്ള ഫോട്ടോസ് കൊള്ളില്ല..  നല്ല ഫോട്ടോ എടുത്തു ഉടനെ അയക്കാം.. എന്നൊക്കെ ഓരോ ഒഴിവുകഴിവുകള്‍ പറയാറാണ് പതിവ്.. 

പിടിക്കപ്പെട്ടവരുടെ കയ്യില്‍ നിന്നും ലഭിച്ച ലഘു ലേഖകളില്‍ നിന്നും അവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നു പോലീസ് ആരോപിക്കുന്നു. സംഘത്തിലെ കൂടുതല്‍  പേരെ പിടികൂടുന്നതിനായി പോലീസ് കൂട്ടുപുഴ-മാനന്തവാടി വനമേഖലകളില്‍ വലവിരിച്ചിരിക്കുന്നു. 
സ്വബോധം തിരിച്ചു കിട്ടിയ യാമിനിയുടെ മനസ്സിലേക്ക് വീണ്ടും യുവമിഥുനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കടന്നു വന്നു. മഞ്ജിമ ഒരിക്കല്‍ മാനസത്തില്‍ പോസ്റ്റ്‌ ചെയ്തിരുന്ന വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ചര്‍ച്ചയെക്കുറിച്ച് അവള്‍ ഓര്‍ത്തു. 'ധനസമ്പാദനത്തിലെ കടിഞ്ഞാണുകള്‍' എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു ആ ചര്‍ച്ച. അതായത്, ഒരു വ്യക്തിക്ക് പരമാവധി സമ്പാദിക്കാനാവുന്നതിനു ഒരു പരിധി നിശ്ചയിക്കുക. വന്‍കിട സ്ഥാപനങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുക. പരിധിയ്ക്ക് പുറത്തു സ്വത്തുകള്‍ സ്വായത്തമാക്കി വച്ചവരില്‍ നിന്നും അവ പിടിച്ചെടുത്ത് സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ള ജനവിഭാഗങ്ങള്‍ക്ക് വിഭജിച്ചു കൊടുക്കുക.അതിലൂടെ സമൂഹത്തിലെ സാമ്പത്തീക അസമത്വങ്ങളും അഴിമതിയും സ്വജനപക്ഷപാതവും നിര്‍മ്മാര്‍ജ്ജനം ചെയ്യുക... എന്നതായിരുന്നു ചര്‍ച്ചയുടെ കാതല്‍. 
രാജീവും ഷംനാസും സുരേന്ദ്ര വര്‍മ്മയും ജോസഫ് ചീരനും അല്ലാതെ മഞ്ജിമയുടെ ചര്‍ച്ചയിലെ വാദമുഖങ്ങളെ ആരും കാര്യമായി പിന്‍താങ്ങിയില്ല എങ്കിലും ചര്‍ച്ച ശരിക്കും ആ കാലയളവില്‍ മാനസത്തില്‍ ഏറെ തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രാജീവിനും മഞ്ജിമയ്ക്കും ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നെന്നു തനിക്കു അവരുടെ ഇടപെടലുകളില്‍ നിന്നും ഒരിക്കലും വായിച്ചെടുക്കാന്‍ ആയില്ലല്ലോ. എല്ലാവരുടെയും നല്ല വശങ്ങള്‍ മാത്രം കാണാന്‍ പഠിച്ച താന്‍ ഒരു വിഡ്ഢി തന്നെ. അവരെ സഹോദരീസഹോദരന്മാരായി സ്നേഹിച്ചിരുന്ന തന്നെയും മാനസത്തിലുള്ള മറ്റുള്ളവരെയും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ചതിക്കുകയായിരുന്നില്ലേ എന്നോര്‍ത്ത് യാമിനിക്ക് അവരോടു അടങ്ങാത്ത ദേഷ്യം തോന്നി. ഒപ്പം അവരെ അന്ധമായി വിശ്വസിച്ച തന്നോട് തന്നെ പുച്ഛവും... 

"അവരുടെ തീവ്രവാദ ബന്ധം തെളിയിക്കപ്പെടുകയാണെങ്കില്‍ പിന്നെ അവരുമായി സമീപകാലത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെയും അത് സംശയത്തിന്‍റെ കരിനിഴലില്‍ നിര്‍ത്തില്ലേ?..  ദൈവമേ.. ഇനി എന്തൊക്കെ ഭവിഷ്യത്തുകള്‍ ആണാവോ ഉണ്ടാവാന്‍ പോകുന്നത്.." യാമിനിയുടെ മനസ്സില്‍ ഭീതി പെരുമ്പറ കൊട്ടി. 

'ഓണ്‍ലൈന്‍ സൌഹൃദങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുമ്പോള്‍ അവയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധം മിക്കവരിലും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം' എന്ന് ഒരു ചര്‍ച്ചയില്‍ പ്രമുഖ ബ്ലോഗ്ഗറും കൌണ്‍സിലറുമായ ശ്രീ. റോബി പെരുമാടന്‍ പറഞ്ഞത് അന്ന് താനും അത്ര വിലമതിച്ചിരുന്നില്ലല്ലോ എന്നോര്‍ത്തു അവള്‍ പരിതപിച്ചു.

------------------------ മീനു.