Saturday, 7 March 2015

വെളിച്ചം തേടുന്ന നിഗൂഡതകള്‍

രാത്രിചിന്തകള്‍ക്ക് ഇരുട്ടിനേക്കാള്‍ ഇരുളിമയാണ്... 

അനന്തമായ ശ്യൂന്യാകാശത്തിലൂടെ നക്ഷത്ര വെളിച്ചങ്ങള്‍ തേടി അവ പാഞ്ഞുകൊണ്ടിരിക്കുന്നു....

അനുനിമിഷം മരവിച്ചു കൊണ്ടിരിക്കുന്ന മനസ്സില്‍ ഏറെക്കാലമായി ഈ ശിശിരം.. എന്ന് മുതലായിരുന്നു സ്നേഹസാന്ത്വനങ്ങളും പരിഗണനകളും പൊഴിഞ്ഞു വീഴാന്‍ തുടങ്ങിയത് ? ഇനിയുമൊരു വസന്തകാലത്തെ വഹിക്കാനുള്ള വിധി ഈ മനസ്സിന് ഉണ്ടാകുമോ?  

ഇന്ന് ചെറുകിളികള്‍ പോലും കൂടുകൂട്ടാന്‍ മടിയ്ക്കുന്ന ഈ പൂങ്കാവനത്തിനു പറയാന്‍ പൂക്കളുടെ പൊട്ടിച്ചിരികള്‍ നിലയ്ക്കാത്ത ത്രസിപ്പിക്കുന്ന വസന്തകാലങ്ങളുടെ ഒരുപാട് കഥകളുണ്ട്.

എവിടെയായിരുന്നു പിഴവ് പറ്റിയത്? വസന്തത്തിനു അകന്നു പോകാനുള്ള വഴികള്‍ സൃഷ്ടിച്ചത് ആരായിരിക്കും? പൂക്കളോടും കിളികളോടും എനിക്കുണ്ടായിരുന്ന അമിത വാത്സല്യം ആരിലാണ് ആശങ്ക ഉളവാക്കിയിരിക്കുക. പുഞ്ചിരിക്കുന്ന പൂക്കളില്‍ വഞ്ചനയുടെ ലാഞ്ചന കാണാന്‍ എനിക്ക് കഴുയുമായിരുന്നില്ലല്ലോ. അവിടെയായിരിക്കണം എനിക്ക് പിഴച്ചത്. 

എന്നിലെ വസന്തശോഭ കവര്‍ന്നെടുത്തു കടന്നുകളയാന്‍ മാത്രം ഞാന്‍ ഒരിക്കലും അവരെ വേദനിപ്പിച്ചിട്ടില്ലല്ലോ. പിന്നേയും എനിക്ക് ദുഃഖങ്ങള്‍ സമ്മാനിക്കാന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ലാളിച്ചിരുന്ന കുഞ്ഞുപൂക്കള്‍ക്ക് വരെ എങ്ങനെ സാധിച്ചു? ജീവിതം ഒരു പ്രഹേളികയാണെന്ന് പറയുന്നത് എത്ര സത്യം! നമ്മുടെ വരുതിയിലല്ല ഒന്നും. 

ദൈവമേ.. നിറം മങ്ങിയ എന്‍റെ മലര്‍വാടിയിലെ അവസാന ഇലയും കൊഴിയുന്നതിനും മുമ്പ് യാന്ത്രികമായി നിരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ജീവിതം ഒന്നു തിരിച്ചെടുക്കാമോ? അല്ലാതെ ഇങ്ങനെയുള്ള ഈ ജീവിതം അര്‍ത്ഥശ്യൂന്യമല്ലേ? മരണം എന്നെ വരിയ്ക്കുന്നതില്‍ പ്രതീക്ഷകള്‍ നശിച്ച ഈ മനസ്സില്‍ തെല്ലും ആശങ്കയോ ഭയമോ ഇല്ലാ പക്ഷേ സ്വയം മരണത്തെ വരിയ്ക്കാന്‍ എന്‍റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. 

ICU വിലെ അരണ്ട വെളിച്ചത്തില്‍ മരണത്തോട് സംവാദം തുടങ്ങിയിട്ട് ഇന്നേക്ക് നാലാം ദിവസമായിരിക്കുന്നു. 

അതാ.. ഞാന്‍ ആകാശത്തിലേക്ക് ഉയരുന്നു.. താര സമൂഹങ്ങളെ പിന്തള്ളിക്കൊണ്ട് ഞാന്‍ ശയിക്കുന്ന സ്വര്‍ണ്ണ മഞ്ചം നിത്യവസന്തത്തിന്‍റെ പൂങ്കാവനത്തിലേക്ക് ഇതാ എത്തിയിരിക്കുന്നു..

"നിന്നെ എന്‍റെ ഈ പൂങ്കാവനത്തിലെ ഒരു മനോഹര പുഷ്പ്പമാക്കുന്നതിനും മുമ്പ് ഞാന്‍ നിന്നോട് ചിലത് ആരായട്ടെ?" ആകാശത്തില്‍ നിന്നും ഉയര്‍ന്നു കേട്ട ആ അശരീരി കേട്ട് ഞാന്‍ ഭവ്യതയോടെ കൈകൂപ്പി നിന്നു.

"ജീവിതത്തിലെ നിറങ്ങള്‍ നഷ്ടപ്പെട്ടു എന്ന് നീയെന്നോട്‌ പരാതി പറയുന്നതെന്തു കൊണ്ട്?" 

"ദൈവമേ, എന്നെ സദാ അവഗണിക്കുകയും പഴി ചാരുകയും ചെയ്യുന്ന ഈ സമൂഹത്തിലുള്ള വ്യര്‍ത്ഥമായ ജീവിതം എന്നില്‍ മടുപ്പുളവാക്കുന്നു. ഓജസ്സ് നഷ്ടപ്പെട്ട എന്നെ പ്രതിഷ്ഠിക്കാന്‍ തയ്യാറുള്ള ഒരു ഹൃദയം പോലും ഞാന്‍ ഇവിടെ കാണുന്നില്ല. സ്വാര്‍ത്ഥതയില്‍ നിന്നും പുറപ്പെടുന്ന പുച്ഛങ്ങളും പരിഹാസ ശരങ്ങളും ഇനിയും നേരിടാനുള്ള ശക്തി എന്‍റെ മനസ്സിനില്ലാ."

"മകളേ, മനസ്സിലെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന കേവലം തെറ്റിദ്ധാരണകളും വിഭ്രാന്തികളുമാണത്.. നീ കരുതുന്നത് പോലെ നിന്‍റെ ജീവിതത്തിനു നിറഭേദങ്ങള്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. അതാ നോക്കൂ നിന്‍റെ ഉയിരിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിന്‍റെ ആളുകളെ" 

പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞ വെള്ളിത്തിരയില്‍ ഞാന്‍ ആകാംക്ഷയോടെ നോക്കി...

 എന്‍റെ കുട്ടിയെ രക്ഷിക്കണേ എന്നു അലമുറയിട്ടു കരഞ്ഞുകൊണ്ട്‌ അമ്മയും സഹോദരങ്ങളും. വഴിപാടുകള്‍ നേര്‍ന്നു കൊണ്ട് ദൈവസന്നിധിയില്‍ കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്ന കൂട്ടുകാര്‍, മ്ലാനത മുറ്റിയ മുഖവുമായി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, വേവലാതിയോടെ വിവരങ്ങള്‍ തിരക്കി പരക്കം പായുന്ന അയല്‍പ്പക്കക്കാരും ബന്ധുക്കളും.. സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഇന്‍ബോക്സില്‍ നിറഞ്ഞിരിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളുടെ ആയിരക്കണക്കിന് മെയിലുകള്‍!

എല്ലാം കണ്ടു അമ്പരന്നു ഞാന്‍ നിന്നു....

"ഇനി പറയൂ.. നിന്‍റെ ജീവനുവേണ്ടിയുള്ള ഇത്രയും പേരുടെ പ്രാര്‍ത്ഥനകള്‍ അവഗണിച്ചു കൊണ്ട് നിന്നെ ഈ പൂങ്കാവനത്തിലെ നിത്യപുഷ്പ്പമായി വാഴിക്കാന്‍ എനിക്ക് സാധിക്കുമോ? എങ്കിലും എന്‍റെ പ്രിയപ്പെട്ടവളായ നിന്‍റെ അന്തിമ തീരുമാനം ഞാന്‍ നടത്തിത്തരും." വീണ്ടും അശരീരി. 

"ദൈവമേ.. അങ്ങെന്റെ കണ്ണുതുറപ്പിച്ചു.. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന എന്‍റെ അഭ്യുദയകാംക്ഷികളുടെ ഇടമുറിയാത്ത സ്നേഹവാത്സല്യങ്ങള്‍ എന്‍റെ മനസ്സ് ആഗ്രഹിച്ചിരുന്നു. അത് എന്നിലെ അവരോടുള്ള അമിത സ്നേഹവും തിരിച്ച് അതേ നാണയത്തില്‍ ഉള്ള അമിതമായ പ്രതീക്ഷകളും കൊണ്ടായിരുന്നു എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഒരു വ്യക്തിയെ സദാസമയവും പരിഗണിക്കാനോ പരിചരിക്കാനോ സാദ്ധ്യമായെന്നു വരില്ല. അവരുടെ പരിമിതികളും സാഹചര്യങ്ങളും മനസ്സിലാക്കാന്‍ എന്നിലെ സ്വാര്‍ത്ഥത അനുവദിച്ചിരുന്നുമില്ല. എന്നോട് ക്ഷമിക്കേണമേ"..ഞാന്‍ മുട്ടുകുത്തി നിന്നു വാവിട്ടു കരഞ്ഞു.. 

"എന്‍റെ കുഞ്ഞേ.. മറ്റുള്ളവരെ വിധിക്കുന്നതിനും മുമ്പ് നമ്മിലെ ന്യൂനതകള്‍ നമ്മള്‍ കണ്ടറിയണം. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഇടവഴികളിലൂടെയാണ് ഓരോ ജീവിതങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ് മഹത്തരം. ഏതളവില്‍ ആയാലും നമ്മെ തേടിവരുന്ന സ്നേഹം അനുഭവിച്ചറിയാനും ദാതാക്കളെ ബഹുമാനിക്കാനും നാം തയ്യാറാവണം. നമുക്ക് ലഭിക്കുന്ന സ്നേഹത്തിന്‍റെ ഇരട്ടിയായി നമ്മള്‍ തിരിച്ചു കൊടുക്കുകയും വേണം. നമ്മിലെ നമ്മളെ നമ്മള്‍ കാണുന്നതുപോലെ മറ്റുള്ളവരിലെ അവരേയും കണ്ടു കൊണ്ട് സമാധാനത്തോടെയും സന്തോഷത്തോടേയും ജീവിക്കൂ." 

മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കാതിലേക്ക് നിരന്തരം തുളച്ചു കയറുന്നു.. 

"ശ്ശോ.. ആരാണാവോ ഈ നേരത്ത് എന്നെ ശല്യപ്പെടുത്തുന്നത്..." കണ്ണുകള്‍ തുറക്കാതെ ആലസ്യത്തോടെ മൊബൈല്‍ തപ്പിയെടുത്തു കാതോടു ചേര്‍ത്തു. 

"മീനൂ.. ഇന്ന് ഹര്‍ത്താല്‍ ആണത്രെ... ജോലിക്ക് പോകണ്ടാട്ടോ .. ഭാസ്ക്കരന്‍ സര്‍ വിളിച്ചു പറഞ്ഞതാ.. " രാഗിണിയുടെ സ്വരം. 

"ങേ.. രാഗിണിയോ.. ഇത് നല്ല കഥ..  ദൈവവുമായി ചാറ്റ് ചെയ്യുന്ന നേരത്താ അവളുടെ ഒരു ഹര്‍ത്താല്‍... നന്നായി  ഏതായാലും ഇന്ന് ജോലിക്ക് പോകേണ്ടല്ലോ.. ഹി ഹി ഹി "

ജാള്യതയില്‍ വിരിഞ്ഞ മന്ദസ്മിതത്തോടെ ഞാന്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കയറി കണ്ണുകള്‍ ഇറുക്കിയടച്ചു.... ദൈവം ഇപ്പോഴും ഓണ്‍ലൈനില്‍ത്തന്നെ ഉണ്ടായിരിക്കുമോ ആവോ?.. 

------------- മീനു

കല്യാണ സദ്യ

"മിനീ, നാളെ സോമശേഖരന്‍ സാറിന്‍റെ മകളുടെ കല്യാണമാണ്. വളരെ കാര്യമായിത്തന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് അങ്ങോട്ടേക്ക് പോകും. അതിനാല്‍ ഉച്ചഭക്ഷണം കൊണ്ട് പോകേണ്ടാ.." രാത്രി കിടക്കാന്‍ പോകുമ്പോള്‍ വിനയചന്ദ്രന്‍ ഭാര്യയോടു പറഞ്ഞു. .

മേലുദ്യോഗസ്ഥനോട് അനുവാദം ചോദിച്ച്, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയ്ക്കും അരമണിക്കൂര്‍ മുമ്പ് തന്നെ ഓഫീസില്‍ നിന്നുമിറങ്ങി. പട്ടണത്തില്‍നിനും കുറച്ചു അകലെയുള്ള കല്യാണ മണ്ഡപത്തിലേക്ക് അയാള്‍ ബസ്സ് കയറി. ഹാളില്‍ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി ആളുകളുടെ തിക്കും തിരക്കും. സിവില്‍ സപ്ലൈയുടെ മദ്യക്കടയില്‍ എപ്പോഴും കാണാറുള്ളതിനേക്കാള്‍ നീണ്ട വരിയുടെ അവസാനം അയാളും നിന്നു. ഒരു മണിക്കൂറോളം നിന്നിട്ടും വരി പകുതി പോലും നീങ്ങാതെ വന്നപ്പോള്‍ ആ ഉദ്യമം ഉപേക്ഷിച്ചു അയാള്‍ ഓഫീസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വധൂവരന്മാര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നിരുന്ന സമ്മാനപ്പൊതി നല്‍കാന്‍ സ്വീകരണ ഹാളിലേക്ക് കാലുകുത്താന്‍ പോലും പറ്റാത്ത അത്ര തിരക്കും. സോമശേഖരന്‍ സാറിനെയോ പരിചയമുള്ള അദ്ദേഹത്തിന്‍റെ ബന്ധുക്കളേയോ ഒന്നും പുറത്തു കണ്ടുമില്ലാ. നിവൃത്തിയില്ലാതെ അതുമായി നട്ടുച്ച വെയില്‍ കൊണ്ട് വിയര്‍ത്തൊലിച്ചു ബസ്സ് സ്റ്റോപ്പിലേക്ക് തലയും കുമ്പിട്ടു അയാള്‍ നടന്നു. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്‌ അയാള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ അയാള്‍ വിശപ്പ് കടിച്ചമര്‍ത്തി  നേരെ ഓഫീസിലേക്ക് തന്നെ മടങ്ങി.  

"മിനീ.. നീ വേഗം ചെന്ന് കഴിക്കാനെന്തെങ്കിലും എടുത്തോണ്ട് വരൂ.. വിശന്നിട്ടു വയ്യാ.." വൈകീട്ട് ഓഫീസില്‍ നിന്നും എത്തിയപാടേ അയാള്‍ ഭക്ഷണം കഴിക്കാന്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടു ഭാര്യ അത്ഭുതപ്പെട്ടു. 

"എന്ത് പറ്റി വിന്വേട്ടാ.. അപ്പോള്‍ കല്യാണത്തിനു പോയില്ലേ?.." മിനി ചോദിച്ചു. 

"പിന്നേ.. കല്യാണവും സദ്യയും ഒക്കെ കെങ്കേമമായി നടക്കുന്നുണ്ടായിരുന്നു..  ഇന്നത്തെ കല്യാണങ്ങള്‍ക്ക് സമയത്തിനു വല്ലതും കഴിക്കണം എന്നുള്ളവര്‍ ഭക്ഷണപ്പൊതിയും കൂടെക്കൊണ്ടു പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ പട്ടി ചന്തയ്ക്കു പോയ അവസ്ഥയായിരിക്കും"

അയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത്‌  മിനി നോക്കി നിന്നു.  .  

നിശ്ചലം

ജീവിതമെന്ന കളിക്കളത്തില്‍  മനസ്സെന്ന മാന്ത്രിക ബാറ്റു കൊണ്ട് എതിരെ പാഞ്ഞു വന്നുകൊണ്ടിരുന്ന പന്തുകളായ നിരാശയുടെ കാര്‍മേഘങ്ങളേയും സംഘര്‍ഷങ്ങളുടെ ഇടിമിന്നലുകളേയും പ്രതിരോധിച്ചു കൊണ്ടു സമാധാനത്തിന്‍റെ മഴവില്ലുകളും ആശ്വാസത്തിന്‍റെ കണ്ണീര്‍ മഴകളും സാന്ത്വനിപ്പിക്കുന്ന പരസ്പര ബന്ധങ്ങളും അതിലെ സ്നേഹ ബന്ധനങ്ങളും മനസ്സില്‍ നെയ്തു കൂട്ടി, സ്വപ്നങ്ങളില്‍ വിരാജിച്ചു ലഭിക്കുന്ന സാന്ത്വനങ്ങളും പിന്നീട് ഉരുത്തിരിയുന്ന പ്രണയങ്ങളും നേരിട്ടു മടുത്തപ്പോള്‍ അഗ്നി സ്ഫുരിക്കുന്ന വിരഹങ്ങളും നിഷ്കാസിതമാക്കുന്ന അവസ്ഥകളും അര്‍ത്ഥശൂന്യമായ ഏറ്റുപറച്ചിലുകളുമായ സമസ്യകള്‍ തുടര്‍ന്ന് തുടര്‍ന്ന് വീണ്ടും സ്നേഹിക്കപ്പെടാനുള്ള വ്യഗ്രതയില്‍ നിരാശയായി, ഇനിയും നാമ്പെടുക്കാത്ത സ്വപ്നങ്ങള്‍ മനസ്സെരിക്കുന്ന ചുടുകാറ്റായി സ്വസ്ഥതയെ, താനറിയാതെത്തന്നെ എവിടേക്കൊക്കെയോ അടിച്ചു തെറിപ്പിച്ചു ലക്ഷ്യങ്ങള്‍ തെറ്റിച്ചു കൊണ്ട് സദാ കടന്നു പോയിക്കൊണ്ടിരിക്കുന്നതും നോക്കി നിശ്ചലം ഞാന്‍ നിന്നു. 

വാലന്‍റൈന്‍സ് ഡേ

പ്രഭാത നമസ്ക്കാരം കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് നടക്കുമ്പോള്‍ ഗ്രേസി പെട്ടെന്നു ഓര്‍ത്തു.. ഇന്നാണല്ലോ വാലന്‍റൈന്‍ ഡേ.. മനസ്സില്‍ വിശുദ്ധമായ പ്രണയമുള്ളവര്‍ക്ക് പ്രണയാതുരമായ ഓര്‍മ്മകളെ തഴുകിയിരിക്കാനൊരു ദിവസം.... 

വയസ്സ് 55  ആയെങ്കിലും വാലന്‍റൈന്‍ ഡേ എന്ന് കേള്‍ക്കുമ്പോള്‍ ഗ്രേസിയുടെ ഓര്‍മ്മകള്‍ അവള്‍ പഠിച്ച സെയിന്‍റ് ജോസഫ്‌ കോളേജിന്റെ പടവുകള്‍ കയറി ലൈബ്രറി ഹാളിലെ അവളുടെ സ്ഥിരം ഇരിപ്പിടത്തില്‍ പോയി ഇരിക്കും. ഡെസ്ക്കില്‍ ഇനിയും മായാതെ കിടക്കുന്ന കോമ്പസ് കൊണ്ട് കുത്തിവരയ്ച്ച ഗ്രേസി - സാം എന്ന അക്ഷരങ്ങളില്‍ വികാരാര്‍ദ്രമായി വിരലുകള്‍ ഓടിക്കും. 

പുസ്തകങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്ന ശാന്തപ്രകൃതയായ തനിക്കു ശാന്തപ്രകൃതനും പുസ്തകപ്പുഴുവുമായ സാമുവലിനോട് പ്രണയം തോന്നിയത് സ്വാഭാവികമായിരിക്കാം. പഠിപ്പ് കഴിഞ്ഞവഴി തന്നെ അപ്പച്ചന്‍ പണക്കാരനായ വില്ല്യംസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ജീവിതത്തില്‍ സ്വയംപര്യാപ്തത നേടാന്‍ പാടുപെടുകയായിരുന്ന സാമുവലില്‍ അശക്തനായിരുന്നു. എങ്കിലും, എല്ലാ വര്‍ഷവും ഈ പ്രണയദിനത്തില്‍ മുടങ്ങാതെ തന്‍റെ ഓര്‍മ്മയിലേക്ക് ഓടിയെത്താന്‍ അവന്‍ മറക്കാറില്ല. 

വില്ല്യംസ്  ജീവിതത്തേക്കാള്‍ കൂടുതല്‍ പ്രണയിച്ചിരുന്നത് തന്‍റെ കച്ചവടങ്ങളെ ആയിരുന്നു. മരണം ഒരു ഹൃദയസ്തംഭനമായി വന്ന് വില്ല്യംസിനെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മൂത്ത മകനു പത്തുവയസ്സും രണ്ടാമത്തവന് ഏഴു വയസ്സും വിന്‍സി മോള്‍ക്ക്‌ നാല് വയസ്സുമായിരുന്നു. കച്ചവടത്തില്‍ വില്ല്യംസ് ഉണ്ടാക്കി വച്ചിരുന്ന കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഗ്രേസിക്കു  വീടും പുരയിടവും വില്‍ക്കേണ്ടി വന്നു. ദൂരെ ഒരു ചെറിയ വീടും പുരയിടവും വാങ്ങി, മിച്ചം വന്ന പൈസ കൊണ്ട് ഒരു തയ്യല്‍ക്കട തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചിലവുകളും വഹിക്കാന്‍ ഗ്രേസിക്കു അഹോരാത്രം  പാടുപെടേണ്ടി വന്നിരുന്നു എങ്കിലും ഒരു കുറവും അറിയിക്കാതെ അവള്‍ കുട്ടികളെ വളര്‍ത്തി വലുതാക്കി. 

പറക്കമുറ്റാറാപ്പോള്‍ അമ്മയെ നിഷ്ക്കരുണം ഉപേക്ഷിച്ച് മക്കളെല്ലാം പറന്നുപോയപ്പോള്‍ തന്‍റെ വീടും പുരയിടവും വിറ്റുകിട്ടിയ പൈസ വൃദ്ധസദനത്തിനു സംഭാവന ചെയ്തിട്ടു അവള്‍ സ്വയം അവിടത്തെ അന്തേവാസിയായി ജീവിതം നയിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളമായിരിക്കുന്നു.

സ്നേഹസമ്പന്നനായ റാഫേല്‍ അച്ചന്‍റെ വാക്കുകളെ തിരസ്ക്കരിക്കാന്‍ കഴിയാതിരുന്നതു കൊണ്ടൊന്നു മാത്രമാണ് ഇപ്പോള്‍ വീണ്ടുമൊരു കുടുംബ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ താന്‍ തയ്യാറെടുക്കുന്നത്. റാഫേല്‍ അച്ചന്‍ നല്ലപോലെ അറിയുന്ന, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിക്ക് വേണ്ടി തന്നെ തിരഞ്ഞെടുത്തു.  അച്ചനെ പൂര്‍ണ്ണവിശ്വാസമാണെന്നും അതുകൊണ്ട് മനസ്സമ്മതത്തിന്റെ അന്നുമാത്രമേ തനിക്കു വേണ്ടി അച്ചന്‍ തിരഞ്ഞെടുത്ത ജീവിത പങ്കാളിയുടെ മുഖം താന്‍ കാണുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞുവത്രേ.  രണ്ടാമതൊരു കുടുംബജീവിതം തന്നെ സ്വപ്നത്തില്‍പ്പോലും ആഗ്രഹിക്കാതിരുന്ന തനിക്കും അത് സ്വീകാര്യമായി. രൂപം കൊണ്ടല്ലല്ലോ മനസ്സ് കൊണ്ടല്ലേ പ്രധാനമായും ദമ്പതിമാര്‍ക്ക് ചേര്‍ച്ചയുണ്ടാവേണ്ടത്.. 

"ഗ്രേസിയമ്മേ ദാ മനസ്സമ്മതത്തിനുള്ള ഉടുപ്പുകള്‍.. ഇതുടുത്തു വേഗം വരാന്‍ മദര്‍ സുപ്പീരിയര്‍ പറഞ്ഞു" ഉടുപ്പും കൊണ്ടു വന്ന വൃദ്ധസദനത്തിലെ നേഴ്സ് ആയ ജോളിമോള്‍ അറിയിച്ചു.     

കന്യാസ്ത്രീകളുടെയും വൃദ്ധസദനത്തിലെ മറ്റു അന്തേവാസികളുടെയും അകമ്പടിയോടെ പള്ളിയില്‍ എത്തുമ്പോള്‍ വരനും കൂട്ടരും എത്തിക്കഴിഞ്ഞിരുന്നു. ഗ്രേസിയെ കന്യാസ്ത്രീകള്‍ അള്‍ത്താരയുടെ മുന്നിലേക്ക്‌ ആനയിപ്പിച്ചു. പള്ളിയുടെ ഇടത്തുവശത്തെ വാതിലിലൂടെ തന്‍റെ സമീപത്തേക്ക് നടന്നു വരുന്ന വരനെ അവള്‍ ആകാംക്ഷയോടെ നോക്കി. അയാളുടെ മുഖം കണ്ട് തന്‍റെ കണ്ണുകളെത്തന്നെ വിശ്വസിക്കാനാവാതെ അമ്പരന്നു നിന്ന ഗ്രേസിയുടെ കരം ഗ്രഹിച്ചു വശ്യമായ ഒരു പുഞ്ചിരിയോടെ വരന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.." ഗ്രേസീ.. സംശയിക്കേണ്ടാ ഇത് ഞാന്‍ തന്നേ... നിന്‍റെ സാം.."

അരികില്‍ പ്രസന്നവദനനായി നിന്നിരുന്ന റാഫേല്‍ അച്ചന്‍റെ ഭാവങ്ങളില്‍ നിന്നും നിമിഷനേരം കൊണ്ട് ഈ സംഭവവികാസങ്ങളുടെ തിരക്കഥ വായിച്ചെടുക്കാന്‍ ഗ്രേസിയ്ക്ക് കഴിഞ്ഞു. 

മനസ്സമ്മതച്ചടങ്ങിന്‍റെ തുടക്കമറിയിച്ചു കൊണ്ടു പള്ളിമണികള്‍ മുഴങ്ങിയപ്പോള്‍ പരസ്പ്പരം സ്വന്തമാകാനുള്ള വികാരവായ്പ്പോടെ പ്രണയാതുരരായി സാമുവലും ഗേസ്രിയും നിന്നു. 

 എല്ലാ കൂട്ടുകാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്നു.   

കാലചക്രത്തിന്‍ തിരിച്ചിലില്‍

നിരക്ഷരതയില്‍ മുന്നോക്കമായിരുന്ന കുറ്റിയാട് ഗ്രാമത്തിലെ സര്‍വ്വസമ്മതനും കറകളഞ്ഞ പരോപകാരിയുമായിരുന്നു അവിടത്തെ സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്ന ദാമോദരന്‍ മാഷ്‌. അതിരാവിലെത്തന്നെ അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത്‌ പലതരം എഴുത്തുകുത്തുകള്‍ ചെയ്യിപ്പിക്കാനായി നാട്ടുകാര്‍ എത്തുമായിരുന്നു. ആരെയും നിരാശപ്പെടുത്താതെ, സൌമ്യത കൈവിടാതെ, പ്രത്യുപകാരം പ്രതീക്ഷിക്കാതെ അദ്ദേഹം എല്ലാം ചെയ്തു കൊടുക്കുന്നതിനാല്‍ എല്ലാവരുടെയും ആരാധ്യപുരുഷനായിരുന്നു അദ്ദേഹം. 

കാലചക്രം ഉരുണ്ടു. ശാസ്ത്രം വളര്‍ന്നു. മാഷ്‌ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു വീട്ടിലിരിപ്പായി. എന്നാല്‍ പണ്ടത്തെപ്പോലെ എഴുത്തുകുത്തുകള്‍ക്കായുള്ള സഹായം തേടി ആരും ഇപ്പോള്‍ ആ പടികടന്നു വരാറില്ലാ. 

"മോനെ ഈ അപേക്ഷയൊന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തു ഇമെയില്‍ ചെയ്തു തരാമോ... കുറെ നേരമായി ഞാന്‍ ആപ്പീസിനു പുറത്തു കാത്തുനില്‍ക്കുന്നു.. തൊണ്ട വരണ്ടിട്ട് വയ്യാ  .. ഇത് കഴിഞ്ഞിട്ട് വേണം എന്തേലും വെള്ളം വാങ്ങിക്കുടിക്കാന്‍.. വീട്ടില്‍ മക്കള്‍ കമ്പ്യൂട്ടറൊക്കെ വാങ്ങി വച്ചിട്ടുണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം... എനിക്ക് ഓപ്പറേറ് ചെയ്യാന്‍ അറിയേണ്ടേ കുട്ട്യേ?.. ഇതിനു വേണ്ടി അവരെ അമേരിക്കേന്നു വരുത്താനും പറ്റില്ലല്ലോ.. ഹ ഹ ഹ"  

ട്രാവല്‍ എജന്‍സിയിലെ കമ്പ്യൂട്ടറില്‍ ജോലിത്തിരക്കിലായിരുന്ന അഖില്‍  അത് കേട്ട് തലപൊക്കി നോക്കിയപ്പോള്‍ തന്റെ അച്ഛനെ പഠിപ്പിച്ച  ദാമോദരന്‍ മാഷ്‌ ചിരിച്ചു കൊണ്ടു നില്‍ക്കുന്നു. ബഹുമാനത്തോടെ ഉടനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. 

"മാഷ്‌ പുറത്ത് ഇരിക്കൂട്ടോ.. ഇപ്പൊ ചെയ്തു തരാം.." മാഷ്‌ നീട്ടിയ കടലാസ്സ് വാങ്ങിക്കൊണ്ടു അവന്‍ പറഞ്ഞു.

'കമ്പ്യൂട്ടറും ഈമെയിലും ഒന്നും ഇല്ലാതിരുന്ന പഴയ കാലത്ത്, ഈ നാട്ടിലെ സര്‍വ്വരും ഓരോരോ കാര്യങ്ങള്‍ക്കായി മാഷിന്‍റെ വീട്ടു മുറ്റത്ത്‌ കാത്തുനിന്നിരുന്നു. ഇപ്പോള്‍ ഇതാ നിസ്സാരമായ ഒരു അപേക്ഷ ശരിപ്പെടുത്തിക്കിട്ടാനായി മാഷ്‌ തന്‍റെ ആപ്പീസിനു മുന്നില്‍ കാത്തു നില്‍ക്കുന്നു!... കഷ്ടം' 

അപേക്ഷ ടൈപ്പ് ചെയ്യുമ്പോള്‍ അഖില്‍ ഓര്‍ത്തു.

റോബിന്‍സണ്‍ ക്രൂസോ

"ഗുഡ് മോര്‍ണിംഗ് ഗ്രാനീ.. " എന്നും പറഞ്ഞ് കയ്യില്‍ ആവി പറക്കുന്ന ചായയുമായി കൊച്ചുമകനായ റോബിന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നത് കണ്ടു കൊണ്ടാണ് മുത്തശ്ശി എന്നും രാവിലെ കൃത്യം ആറുമണിക്ക് ഉറക്കത്തില്‍ നിന്നും ഉണരാറ്. ഇന്നെന്തു പറ്റി?.. മണി എട്ടരയായിട്ടും അവനെന്തേ വന്നില്ലാ?!.. 

പരിചരണത്തിലെ കൃത്യതയില്‍ അവനെ കവച്ചു വയ്ക്കാന്‍ ലോകത്തില്‍ ഒരുപക്ഷെ ആരും തന്നെ ഉണ്ടായിരിക്കില്ലാ. വെളുപ്പിനേ എഴുന്നേല്‍ക്കും ചായ ഉണ്ടാക്കിത്തരും, മുറികളും, കുളിമുറികളും കക്കൂസുകളും  വൃത്തിയാക്കും എന്നല്ലാ തികഞ്ഞ പക്വതയും അടുക്കും ചിട്ടയും കാണിക്കുന്ന തന്‍റെ പേരക്കുട്ടിയോട്‌ മുത്തശ്ശിക്ക് സ്നേഹവാല്‍സല്ല്യങ്ങള്‍ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. 

പാരീസിലുള്ള മകനും മരുമകളും തനിക്ക് കൂട്ടായി റോബിന്‍ മോനെ ഇവിടെ നിര്‍ത്തിപ്പോയെങ്കിലും അവര്‍ കൂടെയില്ലാത്ത വിഷമങ്ങളെല്ലാം ദുരീകരിക്കാന്‍ റോബിന്‍ എന്ന മിടുക്കന്‍ കൊച്ചിന് കഴിയുന്നുണ്ടായിരുന്നു. 

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ജോയേലിനും ക്രിസ്റ്റീനയ്ക്കും അവരുടെ ജീവിതത്തില്‍ കുട്ടികളെ വേണമെന്നോ വളര്‍ത്തണമെന്നോ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.. ജോലിയും ആഘോഷങ്ങളുമായി തങ്ങളുടെ ജീവിതം ജീവിച്ചു തീര്‍ക്കാനായിരുന്നു അവരുടെ തീരുമാനം. തന്‍റെ നിരന്തരമായ അപേക്ഷകളുടെ അന്ത്യത്തില്‍ അവസാനം അവര്‍ കനിഞ്ഞരുളിയ റോബിന് ഒരുപക്ഷേ അവര്‍ക്കു തന്നോടുള്ളതിനേക്കാള്‍ സ്നേഹമുണ്ട് എന്ന് പലവട്ടവും തോന്നിയിട്ടുണ്ട്. 

ചെന്ന് നോക്കാം.. അവര്‍ ചെറുമകന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വിളിച്ചു.. റോബിന്‍.. റോബിന്‍..  

റോബിന്‍ വിളി കേള്‍ക്കുന്നില്ല എന്ന് മാത്രമല്ലാ കണ്ണുകള്‍ അടച്ചു തന്‍റെ കിടക്കയില്‍ നിശ്ചലനായി കിടക്കുന്നു. മുത്തശ്ശിയുടെ മനസ്സില്‍ ആധി കയറി വിവശയായ അവര്‍ പെട്ടെന്നു ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ ഊരി അവന്‍റെ ഹൃദയം പറിച്ചെടുത്തു കൈകളില്‍ വച്ചു പരിശോധിച്ചു.  

"ഓ മൈ ഗോഡ്.. മെയിന്‍ കണ്ട്രോള്‍ യൂണിറ്റ് ഈസ്‌ നോട്ട് വര്‍ക്കിംഗ്!.. അതിലെ ചെറിയ ഡിജിറ്റല്‍ സ്ക്രീനില്‍ "പ്രോഗ്രാം എറര്‍... സിസ്റ്റം സ്റ്റാള്‍ഡ്.. മാനുഫാക്ച്ചറേര്‍'സ് ടെക്നിക്കല്‍ അസ്സിസ്റ്റന്‍സ് ഈസ്‌ റിക്ക്വയെര്‍ഡ്.." എന്ന സന്ദേശം ഓടിക്കൊണ്ടിരിക്കുന്നു. അത് കണ്ടു മുത്തശ്ശിയുടെ ഹൃദയം തകര്‍ന്നു. കണ്ണുകളില്‍ നിന്നും നീര്‍ ധാരയായി ഒഴുകി. 

യന്ത്രമനുഷ്യനായിരുന്നെങ്കിലും മക്കള്‍ പോലും തരാത്ത സ്നേഹവും പരിചരണവുമായിരുന്നല്ലോ ഒട്ടും സ്വാര്‍ത്ഥമോഹമില്ലാത്ത റോബിന്‍സണ്‍ ക്രൂസോ അവര്‍ക്കു നല്‍കിയിരുന്നത്!