Wednesday, 6 May 2015

വേലിയിറക്കം

(വിഷയം - പരോപകാരം)
പാറയിലടിച്ചു തകര്‍ന്ന തിരയുടെ തുള്ളികള്‍ കടല്‍ക്കാറ്റ്, ബാഹുലേയന്‍റെ മുഖത്തേക്ക്  പറത്തിയിട്ടു.
വേലിയേറ്റം തുടങ്ങിയിരിക്കണം....
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കടലിനു മാത്രമല്ല സ്വന്തം. ഓരോ ജീവിതത്തിലും അത് സംഭവിക്കുന്നില്ലേ?...
അല്പം പിറകിലോട്ടു മാറി, കടലിലേക്ക്‌ തള്ളിനില്‍ക്കുന്ന ആ പാറയില്‍ വീണ്ടും മലര്‍ന്നു കിടന്നു.
"തനിക്കിനി എങ്ങോട്ടു പോകാന്‍?.."
കടല്‍ക്കാക്കകളെപ്പോലെ ചിന്തകള്‍ എങ്ങോട്ടെന്നില്ലാതെ പറക്കാന്‍ തുടങ്ങി.
രാഷ്ട്രീയം തനിക്കൊരു ഉപജീവനമാര്‍ഗ്ഗമായിരുന്നില്ല. ഹൈസ്ക്കൂള്‍ മുതല്‍ ചരിത്ര പാഠപുസ്തകങ്ങള്‍ തന്‍റെ കൂട്ടുകാരായിരുന്നല്ലോ. സ്വജീവന്‍ പണയംവച്ചും അനീതികള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും എതിരെ പടപൊരുതിയവരുടെ ആത്മാക്കളെ ഓരോരുത്തരെയായി എള്ളുംപൂവും കാണിയ്ക്ക വച്ച് അന്നേമുതല്‍ ഹൃദയത്തില്‍ കുടിയിരുത്തിവന്ന തനിക്കു രാഷ്ട്രസേവനമല്ലാതെ മറ്റൊരു തട്ടകം സ്വീകരിക്കാനാവുമായിരുന്നില്ല.
"മോനേ.. നെനക്കും വേണ്ടേടാ.. ഒരു മംഗലോം കുഞ്ഞൂട്ടി പരാധീനങ്ങളുമൊക്കെ.. ഒള്ളതൊക്കെ ഇങ്ങനെ വേണ്ടാന്ന്ച്ചാല്‍ നാളെ നീ എന്ത് ചെയ്യും?"
തറവാട് ഭാഗം വച്ചു കിട്ടിയ ഒന്നര ഏക്കര്‍ ഭൂമി പാര്‍ട്ടിക്കുവേണ്ടി എഴുതിക്കൊടുക്കുമ്പോള്‍ വിഷമത്തോടെ അമ്മ പറഞ്ഞു.
തന്‍റെ ഹൃദയമെന്നു പറഞ്ഞാല്‍ താന്തിയാത്തോപ്പി മുതല്‍ മഹാത്മാഗാന്ധി വരെയുള്ള  മഹദ്വ്യക്തികളുടെ ആത്മാക്കള്‍ കുടിയിരിക്കുന്ന സ്മൃതി മണ്ഡപവുംഅവരുടെ ഇസങ്ങളുടെ കേദാരവുമായിരുന്നു.
അഴിമതികള്‍ക്കും അരാജകത്വത്തിനും പേടീ സ്വപ്നമായിരുന്നു തന്‍റെ ജീവിതം..അണികളുടെ ആരവങ്ങള്‍ ഞരമ്പുകളില്‍ ഒഴുകുന്ന ചോരയെ പ്രായഭേദമെന്യേ തിളപ്പിച്ചിരുന്നു. കയ്യും മെയ്യും നോക്കാതെ സമരമുഖത്തേക്ക് കുതിച്ചു ചെന്നു അണികളിലൊരാളായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ബാഹുലേയന്‍ പാര്‍ട്ടിയിലെ യുവജനങ്ങളുടെ ശക്തനായ വക്താവും ജനങ്ങള്‍ മാത്രമല്ലാ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു.
എവിടെയാണ് പിഴവ് സംഭവിച്ചത്? മന്ത്രിയാവണമെന്നു ഒരിക്കലും ആഗ്രഹിച്ചതായിരുന്നില്ല. അണികളുടെ ശക്തമായ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരികയായിരുന്നു. ആഡംബരങ്ങളും മണിമന്ദിരങ്ങളും എല്ലാം ഉപേക്ഷിച്ച്, അണികളില്‍ ഒരാളായി ആത്മാര്‍ത്ഥതയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഭരണനിര്‍വ്വഹണം നടത്തിക്കൊണ്ടിരുന്നത് ആരിലൊക്കെയായിരിക്കണം അസ്വസ്ഥത ഉളവാക്കിയിരിക്കുക?..
ആരുടെയൊക്കെയോ തിരക്കഥയ്ക്ക് വശംവദരായ തന്‍റെ പ്രിയപ്പെട്ട അണികളുടെപ്പോലും   bആട്ടുംതുപ്പും പരിഹാസവും ഏറ്റുവാങ്ങി സങ്കടത്തോടെ പടിയിറങ്ങേണ്ടി വരാന്‍ മാത്രം നിഷ്ഠൂരത തന്‍റെ ഏതു പ്രവൃത്തികളിലായിരിക്കും അവര്‍ കണ്ടെത്തിയിരിക്കുക?!...
എന്നില്‍ ദശാബ്ദങ്ങളായി കുടികൊള്ളുന്ന, നിത്യവും ഞാന്‍ തിരികത്തിച്ചു തൊഴുതു പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളേ... പറയൂ.. നിങ്ങളും ചരിത്രമായത് ഇങ്ങനെയൊക്കെയായിരുന്നുവോ?!...
പറന്നു പോകുന്നതിനിടയില്‍ ഒരു കടല്‍ക്കാക്ക കാഷ്ിച്ചത് മുഖത്തു വീഴാതെ പാറയില്‍ വീണു ചിതറി. അതിനു ലക്‌ഷ്യം തെറ്റിയതായിരിക്കണം.
മഹാസാഗരത്തില്‍ വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു....

ചതിക്ക് കൂട്ടുനിന്നപ്പോള്‍..

(വിഷയം - പരോപകാരം)
കൈകളില്‍ വിലങ്ങുമായി പോലീസ് ജീപ്പിലിരിക്കുമ്പോള്‍ പ്രശസ്തമായ ഒരു
കമ്പനിയിലെ വിവരസാങ്കേതിക വിദഗ്ദ്ധനായ ഫിറോസിന്റെ ചിന്തകള്‍ പിറകോട്ടു
പാഞ്ഞു.

രാജീവന്‍ തനിക്ക് വെറുമൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല. ബാല്യകാലം
മുതലേ വീട്ടിലെ ഒരംഗം പോലെയായിരുന്നു അവന്‍.

"എടാ എനിക്കൊരു ഉപകാരം ചെയ്തു തരാമോ?" ഫോണിലൂടെ രാജീവന്‍ ഫിറോസിനോട്‌ അപേക്ഷിച്ചു.

"നീ പറയെടാ.. ഞാനില്ലേ ഇവിടേ.. " അവന്‍ മറുപടി പറഞ്ഞു.

താന്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ച് അവന്‍റെ കാമുകിയായ നീരദയുടെ
ഇമെയില്‍ അക്കൌണ്ട് തുറന്നു കൊടുത്ത് തന്‍റെ കൂട്ടുകാരന്‍റെ പ്രീതി
നേടിയപ്പോള്‍ താന്‍   സൈബര്‍ സെല്ലിന്‍റെ വലയില്‍ കുടുങ്ങുമെന്ന് ഫിറോസ്‌
ഒരിക്കലും കരുതിയിരുന്നില്ല.

വഴിത്തിരിവുകള്‍

വഴിത്തിരിവുകള്‍


ചിന്തകളോളം വേഗമുള്ള മറ്റൊന്നും ഈ പ്രപഞ്ചത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. എത്രയോ പെട്ടെന്നാണ് താനിപ്പോള്‍ ആ കലാലയ ജീവിതത്തിലേക്ക് പറന്നു ചെന്നത്!.
"താനെന്താടോ വല്ല്യ കാര്യായി നോക്കി നില്‍ക്കണേ?" കോളേജ് വരാന്തയുടെ വിജനമായ ഭാഗത്തുള്ള തൂണില്‍ ചാരിനിന്നു കൊണ്ട് ഇരുട്ടുകുത്തി പെയ്യുന്ന മഴയുടെ മനോഹാരിത ആസ്വദിച്ചു നില്‍ക്കുമ്പോഴായിരുന്നു വിജയ്‌ തന്നോട് ആദ്യമായി സംസാരിച്ചത്.
എന്തുകൊണ്ടായിരിക്കും ഒരു അന്തര്‍മുഖിയായിരുന്ന തന്നോട് അവനടുപ്പം തോന്നിയിരിക്കുകയെന്നു ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ചിന്തകള്‍ എത്ര വിചിത്രമായാണ് മനസ്സിനെ കീഴ്പ്പെടുത്തുന്നത്.. മായക്കാഴ്ച്ചകളാല്‍ മനസ്സില്‍ പണിതുയര്‍ത്തപ്പെടുന്ന കൊട്ടാരങ്ങള്‍ക്ക് ഒരിക്കലും യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങളായിരിക്കില്ല.
വിശുദ്ധമായ ഒരു സുഹൃദ്ബന്ധം എന്നതിലുപരിയായി ഒരു പ്രണയമായി ഒരിക്കലും അവനുമായുള്ള കൂട്ടിനെ നോക്കിക്കാണാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. പഠിപ്പ് കഴിഞ്ഞു പിരിഞ്ഞതിനു ശേഷം ഇത്രയും കാലത്തിനിടയില്‍ ഒരേയൊരു ഫോണ്‍ വിളി മാത്രം. വര്‍ഷങ്ങള്‍ക്കു ശേഷം തന്നെക്കാണാന്‍ വിജയ്‌ വന്നു എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അവള്‍ സ്വയം നുള്ളി നോക്കി. സത്യം തന്നേ.. പുറത്തു മഴ താണ്ഡവം നടത്തുന്നുണ്ട്.
"താനെപ്പോഴാടോ ഇത്രയും സ്മാര്‍ട്ടായത്?.." അവന്‍ അത്ഭുതപ്പെട്ടു.
"പരിചയക്കാരോട് വരെ അധികം മിണ്ടാത്ത കുട്ട്യായിരുന്നു വിദ്യ. വഴിയിലൂടെ നടന്നു പോകുമ്പോള്‍ എപ്പോഴും കൈയിലുണ്ടാവുമായിരുന്ന കുടകൊണ്ട്‌ മുഖം മറച്ചു നടന്നിരുന്നവള്‍ ഇത്രേം വല്ല്യൊരു സ്ഥാപനത്തിന്‍റെ ഡയറക്ട്ടറാവുകയെന്നെല്ലാം പറഞ്ഞാല്‍.. ഹോഹോ ചിന്തിക്കാന്‍ തന്നെ വയ്യാ.." വിജയ്‌ തലയില്‍ കൈവച്ചു കൊണ്ട് ചന്ദ്രോപ്പയോട് പറഞ്ഞു.
"ചന്ദ്രോപ്പാ.. ഇത് വിജയ്‌. എന്‍റെ ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയാ.. ഇപ്പോ അമേരിക്കയിലാ ജോലിയൊക്കെ.. വല്ല്യ പൈസക്കാരനാട്ടോ.." ചന്ദ്രോപ്പയോട് അവനെ പരിചയപ്പെടുത്തേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, അവനു അവരുമായി വാതോരാതെ സംസാരിച്ചു തുടങ്ങാന്‍. താന്‍ ഓഫീസിലെ തിരക്കുകളില്‍ ഊളിയിട്ടപ്പോഴും അവര്‍ സന്ദര്‍ശക മുറിയിലിരുന്നു സംസാരിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. വാചാലനായ അവനു പണ്ടും സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക്‌ ക്ഷാമമുണ്ടായിരുന്നില്ലല്ലോ.
തന്‍റെ ഏക അത്താണിയായിരുന്ന അമ്മയെ കാലം കൊണ്ടുപോയപ്പോള്‍ തന്‍റെ മുന്നില്‍ അമ്മയുടെ ഉറ്റസുഹൃത്തായിരുന്ന ചന്ദ്രോപ്പ ഒരു ആശ്വാസമായി അവതരിക്കുകയായിരുന്നു. സ്നേഹത്തിന്‍റെ ആള്‍രൂപമായിരുന്ന ചന്ദ്രോപ്പ നാട്ടിലെ സാധുക്കളായ സ്ത്രീജനങ്ങളെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ വ്യക്തിയുമായിരുന്നു. അവര്‍ക്ക് മക്കള്‍ ഇല്ലാതിരുന്നത് കൊണ്ട് തന്നെ സ്വന്തം മകളെപ്പോലെത്തന്നെ വളര്‍ത്തി. അമ്മയില്ലാത്ത ദുഃഖം ഒരിക്കല്‍പ്പോലും അനുഭവിക്കാന്‍ അവര്‍ ഇടയാക്കിയിട്ടില്ല.
ചന്ദ്രോപ്പയുടെ ജീവകാരുണ്യ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളില്‍ താനും പങ്കാളിയായപ്പോള്‍ തന്നിലെ അന്തര്‍മുഖത്വം തനിയേ മാഞ്ഞുപോകുകയായിരുന്നു. വിജയ്‌ അങ്ങനെ ചോദിച്ചപ്പോളാണ് സത്യത്തില്‍ താനിങ്ങനെയൊക്കെ മാറിയിരിക്കുന്നുവല്ലോ എന്ന് ചിന്തിക്കുന്നത് തന്നെ!
ജീവിത സാഹചര്യങ്ങളാണ് മനുഷ്യരെ തന്റേടികളാക്കുന്നത് എന്ന് പറയുന്നത് എത്ര സത്യം!..
ചെറുപ്പത്തിലേ അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ കൈക്കുഞ്ഞായിരുന്ന തന്നെ വളര്‍ത്തിക്കൊണ്ടുവരാന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും അവഗണനകളും ഏല്പിച്ച ആഴത്തിലുള്ള മുറിവുകള്‍ മനസ്സില്‍ എന്നും ഉണങ്ങാതെ കിടന്നിരുന്നു.
സ്വതന്ത്രമായി ചിന്തിക്കാനും അന്തസ്സോടെ ജീവിക്കാനും സാധ്യമാകാത്ത വിധത്തിലുള്ള അസ്വാതന്ത്ര്യവും അവഗണനകളും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീവര്‍ഗ്ഗത്തിന്റെ ഒരു പ്രതിനിധിയേപ്പോലെ അമ്മ ഏറ്റുവാങ്ങിയിരുന്നത് സങ്കടത്തോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്. പാവം..
സാമ്പത്തിക സ്വയംപര്യാപ്തയും സ്വാതന്ത്ര്യവും നേടിയെടുത്താല്‍ത്തന്നെയേ സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് സ്ത്രീകള്‍ക്ക് കടന്നു വരാനാകൂ എന്ന ഉറച്ച തത്ത്വത്തില്‍ വിശ്വസിക്കുന്ന ചന്ദ്രോപ്പയുടെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അമ്മയനുഭവിച്ച യാതനകള്‍ക്ക് ചെറിയ രീതിയിലെങ്കിലും തന്നിലൂടെ ഒരു പരിഹാരമാവുമല്ലോ എന്നു കരുതി. രണ്ടുപേരും ചെര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ അവശതയനുഭവിക്കുന്ന സ്ത്രീവിഭാഗങ്ങള്‍ക്ക് ആശ്വാസമായി.
ചന്ദ്രോപ്പയുടെ പേരിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലത്ത് ഒരു ഫാം തുടങ്ങിയാലോ എന്ന ആശയം താന്‍ മുന്നോട്ടു വച്ചത് അംഗീകരിക്കപ്പെടുകയായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ എടുത്തിരുന്ന ബിരുദാന്തര ബിരുദം, സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന ആ ഫാമിന്‍റെ പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ തനിക്കു ഉപകാരപ്രദമായി. കണിശമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നാലായിരത്തോളം സ്ത്രീകള്‍ ജോലിയെടുക്കുന്ന ഒരു സ്ഥാപനമായി അതിനെ വളര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഡിമാണ്ട് അനുസരിച്ച് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച കാണിക്കാതെത്തന്നെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ തൊഴിലാളികളും ബദ്ധശ്രദ്ധ പുലര്‍ത്തിയത്‌ ഇത്രയും വലിയൊരു സംരംഭമായി ഇത് വളരാന്‍ ഉപയുക്തമായി. ശമ്പളത്തിന് പുറമേ ഫാമിന്‍റെ വരുമാനത്തിന്‍റെ നിശ്ചിത തുകയും പണിയെടുക്കുന്നവര്‍ക്ക് വീതിച്ചു കൊടുത്തപ്പോള്‍ കൂടുതല്‍ അര്‍പ്പണബോധത്തോടെ അവര്‍ ജോലിചെയ്തു.
ഫാമിന്‍റെ വരുമാനം കൊണ്ട് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുമെന്ന തന്‍റെ ആശയം വളരെ പ്രായോഗികമായി നടന്നപ്പോള്‍ ചന്ദ്രോപ്പ തന്നെ ചേര്‍ത്തു പിടിച്ചുക്കൊണ്ടു പറഞ്ഞു "മോളൂ നീയെനിക്കു പിറക്കാതെ പോയ മകള്‍ തന്നെ.."
സ്ത്രീ വിമോചന സമിതിയുടെ നേതൃത്വം കൂടി ഏറ്റെടുത്തതോടെ ഒരു നിമിഷം പോലും വിശ്രമിക്കാന്‍ തന്‍റെ മനസ്സ് അനുവദിച്ചിരുന്നില്ല. തന്നെ അത് അല്പം തന്റേടിയാക്കിയതില്‍ അത്ഭുതപ്പെടാനില്ലല്ലോ.
ഇതിനിടിയില്‍ വ്യക്തിപരമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ താനും മറന്നുപോയോ?.. ഒരു കുടുംബജീവിതത്തെക്കുറിച്ച് താനിതേവരേയും ആലോചിച്ചില്ല എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീജനതയുടെ സംരക്ഷണമാണ് സംഘടനയുടെ പ്രധാന ലക്‌ഷ്യം എങ്കിലും ഒരിക്കലും താനൊരു പുരുഷ വിദ്വേഷിയോ അവര്‍ക്കെതിരെ സദാ നില കൊള്ളുന്നവളോ ആയിരുന്നില്ലല്ലോ. കുടുംബജീവിതം എന്നാല്‍ അതില്‍ പുരുഷന്‍ വഹിക്കുന്ന പങ്കും അതിപ്രധാനമാണ്.
സമൂഹത്തില്‍ പൊതുവേ സ്ത്രീവിമോചന പ്രസ്ഥാനങ്ങളെ പുരുഷ വിദ്വേഷത്തിന്റെ കുന്തമുനകള്‍ ആയാണ് മിക്കവരും കരുതുന്നത്. എന്നാല്‍ തന്‍റെയും ചന്ദ്രോപ്പയുടെയും തങ്ങളുടെ ഈ പ്രസ്ഥാനത്തിന്റെയും തന്നെ നയം അതില്‍നിന്നൊക്കെ എത്രയോ വ്യത്യസ്തമാണ്.
തന്നിഷ്ടം പോലെ തോന്ന്യാസങ്ങൾക്കും ആഭാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും പിന്നീട് പരാതിയുമായി വരുകയും ചെയ്യുന്ന സ്ത്രീജനങ്ങളുടെ സ്ഥാനം സംഘടനയ്ക്ക് പുറത്തായിരിക്കും.
പണം ഉണ്ടാക്കാന്‍ വേണ്ടി സ്വയം വില്പ്പനച്ചരക്കാവുകയും അതിന്‍റെ തിരിച്ചടികളുടെ ഹേതു പുരുഷവര്‍ഗ്ഗം ആണെന്ന് മുറവിളി കൂട്ടുന്ന സ്ത്രീകളുടെ മുതലക്കണ്ണീര്‍ ഒരിക്കലും തന്‍റെ കണ്ണുകളെ ഈറനണിയിച്ചിട്ടില്ല. കുടുംബനാഥനായ ഭര്‍ത്താവിലൂടെയും കുട്ടികളിലൂടെയുമാണ് സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തിന്റെ സഫലതയും സമാധാനപരമായ ഇടപഴകലുകളിലൂടെ സ്വന്തം വ്യക്തിത്വവും കണ്ടെത്തേണ്ടത്. അല്ലാതെ തൊട്ടതിനുംപിടിച്ചതിനുമെല്ലാം പുരുഷന്മാരെ പ്രതിക്കൂട്ടിലാക്കി അവരുടെ വിദ്വേഷം പിടിച്ചു പറ്റുന്ന പ്രവണത ഒരിക്കലും നല്ലൊരു നാളെയെ വരവേല്‍ക്കാന്‍ സഹായകമാവുകയില്ല. പക്ഷേ, നിഷ്ക്കളങ്കരായ സ്ത്രീകളെ പുരുഷ മേധാവിത്വം അടിച്ചേല്പിച്ചു ഉപദ്രവിക്കുന്ന പുരുഷന്മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ ഇതേവരെ സംഘടന അലംഭാവം കാണിച്ചിട്ടുമില്ല.
പുരുഷന്‍ ഇല്ലാതെ ഒരു സ്ത്രീ പൂര്‍ണ്ണയാവുന്നില്ല. തിരിച്ചും അങ്ങനെത്തന്നേ. സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും കുടുംബത്തിലായാലും സമൂഹത്തിലായാലും വിദ്യാഭ്യാസ സംസ്ക്കാര സമ്പന്നരായി തനതായ വ്യക്തിപ്രഭാവത്തോടെ നിലകൊണ്ടാല്‍ മാത്രമേ പരസ്പരപൂരകമായ ബഹുമാനവും അതിലൂടെ സമാധാനവും സ്വപ്നം കാണാന്‍ വരെ സാധിക്കുകയുള്ളൂ.
"മോളേ വിദ്യേ.. ഒന്നിങ്ങു വരൂ.. ഇതാരൊക്കെയാ വന്നിരിക്കണേന്നു നോക്കൂ..." പൂമുഖത്തു നിന്നും ചന്ദ്രോപ്പയുടെ വിളി.
കാറില്‍നിന്നും മുറ്റത്തേയ്ക്കിറങ്ങുന്നവരെക്കണ്ട് അവള്‍ അമ്പരന്നു.
വിജയും അച്ഛനും അമ്മയും...

പകരം

ഒന്നിനൊന്നു പകരം വച്ചീടുവാന്‍
മറ്റൊന്നുണ്ടോയീ ഭൂതലത്തില്‍?

ജന്മനാട്ടില്‍ ജീവിക്കും സുഖം
ലഭിച്ചീടുമോ മറുനാടുകളില്‍?

കുത്തരിക്കഞ്ഞി കഴിക്കും മനുഷ്യര്‍ക്ക്‌
ഗോതമ്പു കഞ്ഞി പിടിച്ചീടുമോ?

കടലാസില്‍ കോറിയ വര്‍ണ്ണവിസ്മയങ്ങള്‍
നേര്‍ക്കാഴ്ച്ചകള്‍ക്ക് പകരമായീടുമോ?

മുങ്ങിക്കുളിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി
കോരിക്കുളിച്ചാല്‍ ലഭിച്ചീടുമോ?

ഗ്രാമവീഥിയില്‍ മരുവിടും കുളിര്‍
നഗരവീഥിയെ മുകര്‍ന്നീടുമോ?

ദിവാസ്വപ്നങ്ങള്‍ കണ്ടിരുന്നീടുകില്‍
കയ്ക്കും യാഥാര്‍ത്ഥ്യങ്ങള്‍ മാഞ്ഞീടുമോ?

കണ്ണടയ്ച്ചങ്ങു ഇരുട്ടാക്കീടുകില്‍
മുന്നിലെ കാഴ്ച്ചകള്‍ മങ്ങീടുമോ?

കത്ത് വായിച്ചു ലഭിക്കുന്ന സായൂജ്യം
ഇമെയില്‍ വായിച്ചാല്‍ കിട്ടീടുമോ?

അമ്മിഞ്ഞപ്പാലിന്‍ ഗുണമേകീടുവാന്‍
മറ്റൊരു പാലിനും ആയീടുമോ?

കാര്യസ്ഥനെയങ്ങ് തൊഴിലാളിയാക്കുകില്‍
കാര്യങ്ങളെല്ലാം നടന്നീടുമോ?

കാര്യം നടത്താന്‍ കുറുക്കുവഴികള്‍
ശാശ്വതമായി ലഭിച്ചീടുമോ?

മാതാപിതാക്കള്‍ തന്‍ ലാളനമേകുവാന്‍
മറ്റൊരു കൂട്ടര്‍ക്ക് സാധിക്കുമോ?

മൂലകൃതിയുടെ തര്‍ജ്ജമ വായിക്കില്‍
പൂര്‍ണ്ണ സംതൃപ്തി ലഭിച്ചീടുമോ?

ആദ്യാനുരാഗത്തിന്‍ മാധുര്യഭാവങ്ങള്‍
പുനരനുരാഗത്തില്‍ വിരിഞ്ഞീടുമോ?

ആശിച്ചതൊന്നു ലഭിക്കാതെ വരികില്‍
കിട്ടുന്നതില്‍ തൃപ്തി വന്നീടുമോ

മനുഷ്യയുക്തിയ്ക്ക് പകരം നില്‍ക്കുവാന്‍
ആവുമോ യന്ത്രങ്ങള്‍ക്കെന്നെങ്കിലും?

നഷ്ടപ്പെട്ടവയ്ക്ക് പകരമായീടുമോ
നേടിയ കാര്യങ്ങളേതെങ്കിലും?

വാവിട്ട വാക്കിനെ തിരിച്ചെടുത്തീടുവാന്‍
മറ്റൊരു വാക്കിനു സാധിക്കുമോ?

പകരമാവില്ലെങ്കിലും പകരപ്പര്യായങ്ങള്‍
ക്ഷണിക സാന്ത്വനങ്ങള്‍ ഏകിടുന്നു

എന്തോക്കെയേതൊക്കെ പകരം വച്ചീടിലും
സംതൃപ്തിയെന്നത് മിഥ്യ മാത്രം.

------------------ മീനു