Wednesday 13 January 2016

കുട്ടിക്കാലം ഒരു ഫ്ലാഷ്ബാക്ക് 3: പ്രഭാത വിസ്മയങ്ങള്‍

കുട്ടിക്കാലം ഒരു ഫ്ലാഷ്ബാക്ക് 3: പ്രഭാത വിസ്മയങ്ങള്‍

ഗതകാലസ്മരണകള്‍ നമ്മില്‍ മധുരനൊമ്പരങ്ങളും വിവേചിച്ചനുഭവിക്കാനാവാത്ത അതുല്യവികാരങ്ങളുമായിരിക്കും ഉണര്‍ത്തുക

 
 "ചേച്ചിക്കെന്നെ ഓര്‍മ്മയുണ്ടോ ?"
 
ഓഫീസിലേക്കു കടന്നുവന്ന ഒരു പെണ്‍കുട്ടിയുടെ ചോദ്യമാണ് എന്നെ  ഒരിക്കല്‍ക്കൂടി സ്മൃതികളുടെ പൂന്തോട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്ഷണിച്ചത്.
 
ഞങ്ങളുടെ നാട്ടില്‍ ധാരാളമായി ഉണ്ടായിരുന്ന കരിമ്പനകള്‍ കരാറെടുത്ത് പനനൊങ്ക് വെട്ടിയെടുക്കാന്‍ ഒലവക്കോട് നിന്നും വന്നിരുന്ന കോയാക്കയുടെയും ബീവിയുടെയും വിരലില്‍ത്തൂങ്ങി വന്നിരുന്ന മൂന്നുവയസ്സുകാരിയായ ഉമ്മുക്കുന്സുവിന്റെ  മുഖം പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തി. നരുന്തുപോലെയിരുന്ന ആ കുസൃതിക്കുടുക്കയുടെ മുഖം ഉത്തരവാദിത്വങ്ങള്‍ തളംകെട്ടി നില്ക്കുന്ന ഒരു വീട്ടമ്മയുടേതായി മാറിയിരിക്കുന്നു..

"എന്റെ കുന്‍സൂ.. നീയങ്ങു വളര്‍ന്നുവലുതായല്ലോ ..... എന്താ പ്രത്യേകിച്ച് ഈ വഴിക്കൊക്കേ?" അവളെ കണ്ട സന്തോഷം എന്റെ മുഖത്ത് പ്രതിഫലിച്ചു. 
 
തന്നേക്കാള്‍ മൂന്നോ നാലോ വയസ്സ് ഇളയതായിരുന്ന ഉമ്മകുന്സുവിനെ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം ഇഷ്ട്ടമായിരുന്നു ...

രാവിലെ പതിവുള്ള ഉറക്കച്ചടവോടെ എഴുന്നേറ്റുവന്നു വടക്കിനിക്കോലായിലെ കഴുക്കോലില്‍ കെട്ടിത്തുക്കിയിട്ടിരിക്കുന്ന  ഇരുമ്പുപാട്ടയില്‍ നിന്നും
കൈയെത്തിച്ചു ശകലം  ഉമിക്കരിയെടുത്ത് വായില്‍ത്തിരുകി ചൂണ്ടു വിരല്‍ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നാലു തിരിതിരിച്ചു ദന്തശുദ്ധി നടത്തി,
മുറ്റത്തെ ചെന്തെങ്ങിന്‍തൈയിന്‍റെ പട്ടയില്‍ നിന്നും പച്ചീര്‍ക്കിലി ഒടിച്ചെടുത്തു കീറി, നാക്ക് വടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേരത്തായിരിക്കും  മൂവാണ്ടന്‍മാവിന്റെ ചുവട്ടിലിരുന്നു കോയാക്ക ആന്‍ഡ്‌ ടീം വെട്ടിയിറിക്കിയ  പനനൊങ്കുകള്‍ പൊളിച്ചെടുത്തുകൊണ്ടിരിക്കുന്ന കാഴ്ച കാണുക. 
 
.പിന്നെ വായും മുഖവും കഴുകിയെന്നു വരുത്തി  ഒരൊറ്റയോട്ടമാണ് അങ്ങോട്ട്‌. ഞാന്‍ ചെല്ലുന്നതിനുമുന്നേത്തന്നെ വീട്ടിലെ മറ്റുകുട്ടികള്‍ അവിടെ ഹാജരായിരിക്കും ..മടിച്ചിക്കോതയായി എന്നും  എണീക്കാന്‍ വൈകുന്നതിന്റെ ഒരേയൊരു ദോഷവശം.... കാരണം , ആദ്യമാദ്യം വരുന്നവര്‍ക്കാണല്ലോ പൊട്ടിയ നൊങ്കുകള്‍ കോയാക്ക ആദ്യം കൊടുക്കുക .... എങ്കിലും കോയക്കാക്ക് എന്നോട് പ്രത്യേക മമതയായിരുന്നു ... കുട്ടികള്‍ പൊട്ടിയ നൊന്കിനു വേണ്ടി ബഹളം കൂട്ടുന്നതിനിടയ്ക്കു ചിലപ്പോഴൊക്കെ ഉമ്മകുന്സു കുട്ടയില്‍ നിന്നും
പൊട്ടാത്ത നോങ്കു എടുത്തു എനിക്ക് തരും .. കോയക്കയും ബീവിയും അത് കണ്ടില്ലെന്നു നടിക്കും .. അതിനെച്ചൊല്ലി കുട്ടികള്‍ അസൂയയോടെ മുഖം
വീര്‍പ്പിച്ച് എന്നെ ഒറ്റപ്പെടുത്തും..... പാവം ഞാനെന്തു പിഴച്ചു? ....ഇന്നും  അവരില്‍ച്ചിലരുടെ എന്നോടുള്ള സമീപനത്തില്‍ ഒറ്റപ്പെടുത്തലിന്റെ ലാഞ്ഛന നിലനില്ക്കുന്നുണ്ട് എന്നതാണ് വാസ്തവം.  

വെറുംവയറ്റില്‍ നൊങ്ക്  കഴിക്കുമ്പോളുണ്ടാകുന്ന അസ്ക്കിതകളൊന്നും ആരുമത്ര കാര്യമാക്കാറില്ലായെങ്കിലും ചിലര്‍ക്കൊക്കെ അസ്വസ്തതകളുണ്ടായി സ്ക്കൂളില്‍പ്പോക്ക് മുടങ്ങിയിട്ടുമുണ്ട്. മാത്രമല്ലാ വെള്ളയുടുപ്പില്‍ നൊങ്കിന്റെ കറപറ്റിയത് അറിയുക അമ്മയുടെ തല്ലുകൊള്ളുമ്പോഴും .....

അമ്മയുടെ ഉച്ചത്തിലുള്ള വിളി വരുന്നതോടെ നൊങ്കുതീറ്റി അവസാനിപ്പിച്ച് എല്ലാവരും അമ്മയോടൊപ്പം തറവാട്ടുകുളത്തിലേക്ക് നീരാടാന്‍ പോകും. കുളത്തില്‍ കുളിക്കുന്നത്  ഇഷ്ടമുള്ള കാര്യം തന്നെയാണ്. പക്ഷേ, വെള്ളത്തിലിറങ്ങുന്നതിനും മുമ്പേ അമ്മ ഞങ്ങളുടെ ദേഹമാസകലം നടത്തുന്ന എണ്ണയഭിഷേകത്തോടാണ് യോജിക്കാന്‍ കഴിയാതിരുന്നിരുന്നത്. മുഖത്തു എണ്ണ തേയ്ക്കുമ്പോള്‍ ഇടയ്ക്കൊക്കെ കണ്ണിനുള്ളിലെങ്ങാനും പറ്റിയാല്‍പ്പിന്നെ ഏറെനേരത്തേക്ക് ഒരുമാതിരിയാണ്. 
 
അമ്മയുടെ കൊണ്ടുവന്ന മുഷിഞ്ഞ തുണികളൊക്കെ അലക്കിക്കഴിയുന്നതുവരെ ഞങ്ങള്‍ കുട്ടികള്‍ നീന്തിത്തിമിര്‍ക്കും. പിന്നെ സോപ്പ് തേച്ചുള്ള ചകിരിപ്രയോഗത്തിനായി ഓരോരുത്തരെയായി അമ്മ കരയിലേക്കു വിളിക്കും. കണ്ണുംമൂക്കുമില്ലാത്ത പോലെയാണ്  അമ്മയുടെ  ഈ ചകിരിപ്രയോഗം. കളിക്കുന്നതിനിടയില്‍ വീണ് മുട്ടിന്റെ പെയിന്റൊക്കെ ചിലപ്പോള്‍  പോയിട്ടുണ്ടായിരിക്കും. അതൊന്നും ശ്രദ്ധിക്കാതെ അമ്മ ലാവിഷായങ്ങ് തകര്‍ക്കും. വേദന കൊണ്ട് നമ്മള്‍ പുളയുമ്പോള്‍  ഈറന്‍ കൈയും വച്ച് നല്ല പെടയും ചിലപ്പോള്‍ കിട്ടും. അതുകഴിഞ്ഞു വീണ്ടും കുളത്തിലേക്ക് ഇറങ്ങിയാലോ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ മുറിവുകളില്‍ കുഞ്ഞുമീനുകളുടെ ശൃംഗാരചേഷ്ടകളും കൂടിയാവുമ്പോള്‍ ഭേഷായി.
 
പിന്നീട് ഒരുക്കങ്ങളെല്ലാം പെട്ടെന്ന്‍ കഴിച്ച് പുസ്തകങ്ങളും ഭക്ഷണപ്പാത്രങ്ങളുമായി അയല്‍ക്കാരായ സഹപാഠികളോപ്പം ഒരു വിനോദയാത്രപോലെ ആര്‍മാദിച്ചുകൊണ്ട് സ്കൂളിലേക്കുള്ള പോക്കായി.  പാടവരമ്പുകളുടെ ഇടയ്ക്ക് കാണുന്ന കഴായകളില്‍ ഇറങ്ങിക്കളിച്ചും പാല്‍ നിറഞ്ഞ ഇളം നെല്ക്കതിരുകള്‍ ചവച്ചുതുപ്പിയും വരമ്പുകളില്‍ കാണുന്ന ഞണ്ടുകളെയും തവളകളേയുമൊക്കെ കല്ലെറിഞ്ഞും പാടത്തുകൂടി കുട്ടിപ്പട്ടാളം മാര്‍ച്ച് ചെയ്യും. ജാഥ പറമ്പുകളില്‍ എത്തുന്നതോടെ അവിടെയുള്ള മാങ്ങ  ചാമ്പക്ക, നെല്ലിക്ക, കശുമാങ്ങ, പേരയ്ക്ക ഇത്യാദിയൊക്കെ ഞങ്ങളുടെ ഇരയാകും. റോഡിലെത്തിയാല്‍ കലുങ്കുകളുടെ അടിയില്‍ കൂക്കിവിളിച്ച് അതിന്‍റെ പ്രതിദ്ധ്വനിയുണ്ടാവുന്നത് കേട്ടുരസിക്കും. 
 
പത്തുമണിക്കാണ് ക്ലാസ് തുടങ്ങുന്നതെങ്കിലും രണ്ടരക്കിലോമീറ്ററോളമുള്ള ആ പ്രയാണം ഒമ്പതുമണിയാവുമ്പോഴേക്കും സ്കൂളിന്‍റെ പടികടന്നിരിക്കും. നേരെ പോകുന്നത് കിണറ്റിന്‍കരയിലേക്കായിരിക്കും. വെള്ളംകോരി ബക്കറ്റിന്റെ വക്കില്‍ കൈപ്പത്തിവച്ച് മുടുമുടാന്നു വെള്ളം കുടിക്കുമ്പോള്‍ കിട്ടിയിരുന്ന അനുഭൂതി ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. 
 
പിന്നെ ക്ലാസ് അടിച്ചുവാരി വൃത്തിയാക്കലും ബ്ലാക്ക് ബോര്‍ഡ് മഷിത്തണ്ടുപയോഗിച്ച് തുടച്ചുമിനുക്കി, അതിന്‍റെ ഏറ്റവും മുകളിലായി ഏതെങ്കിലുമൊരു മഹദ് വചനവും(മിക്കവാറും അത് "ഗോഡ് ഈസ്‌ ലവ്, വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം, ഐക്യമത്യം മഹാബലം, മരം ഒരു വരം എന്നിവയൊക്കെയായിരിക്കും) തീയതിയും കുറിച്ചുവയ്ക്കലുമൊക്കെയാണ്. ഹോംവര്‍ക്ക്  ചെയ്യാതെ വന്നവര്‍  അത് മറ്റു കുട്ടികളില്‍നിന്നും  തകൃതിയായി കോപ്പിയടിക്കുന്ന തിരക്കിലും. 
 
"എന്താടോ രാവിലെത്തന്നെ കണക്ഷന്‍വിട്ടപോലെയിരിക്കുന്നേ?... "   മാനേജര്‍സര്‍ മുന്നില്‍ പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്നു. 
 

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക് 2 - ഓള്‍ ഇന്ത്യ റേഡിയോ............

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക് 2 - ഓള്‍ ഇന്ത്യ റേഡിയോ............

ഹൈസ്കൂള്‍ വരെ ഞാന്‍ പഠിച്ചിരുന്നത് എന്റെ നാട്ടിന്‍പുറത്തുള്ള സ്കൂളിലായിരുന്നു..നെല് വയലുകളും മാമ്പഴങ്ങള്‍ നിറഞ്ഞ മാവുകളും പേരയ്ക്കാമരങ്ങളും നിറഞ്ഞിരുന്ന  സ്കൂളിലേക്കുള്ള വഴിയോരക്കാഴ്ചകള്‍ എന്റെ മനസ്സിലേക്ക് ഇന്നും അറിയാതെ ഓടിയെത്തുന്നു

 
പത്താം ക്ലാസ് നല്ല  മാര്‍ക്കോടെ പാസ്സായി ......  മക്കള്‍ക്ക്‌ തനിക്കു  കൊടുക്കാന്‍  സാധിക്കുന്ന  ഏറ്റവും  വലിയ ധനം വിദ്യാധനം ആണെന്നു  റെയില്‍വേ  ജീവനക്കാരനായിരുന്ന  അച്ഛന് ബോദ്ധ്യമുണ്ടായിരുന്നു.  എന്നാല്‍  പത്താം ക്ലാസ്  കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍  പഠിപ്പ് നിര്‍ത്തി കുടുംബജീവിതം നയിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം എന്നതായിരുന്നു  തറവാട്ടിലെ ഭൂരിഭാഗം കാരണവന്മാരുടേയും മനോഗതം. എന്‍റെ കാര്യത്തിലും  അവര്‍  ഇടപെട്ടു. കുട്ടിയെ ഇനി പഠിക്കാന്‍ വിടേണ്ടാ.. അവള്‍  വീട്ടുകാര്യങ്ങളൊക്കെ  പഠിക്കട്ടേ എന്നൊക്കെ അവര്‍ അച്ഛനോട്  ഉപദേശിച്ചു. കാരണം പത്താം ക്ലാസ്സിനു  ശേഷം എന്‍റെ സഹോദരിമാരല്ലാതെ കുടുംബത്തിലെ ആരും ഉപരിപഠനത്തിനു പോയിരുന്നില്ല. പക്ഷേ, അച്ഛന്‍ അതൊന്നും  ചെവികൊണ്ടില്ല. 
 
അങ്ങനെ ഞാനും ഒരു കോളേജ് കുമാരിയായി. ആ ഗ്രാമത്തില്‍ നിന്നും അക്കാലത്ത് വളരെ വിരളം പെണ്‍കുട്ടികള്‍ മാത്രമേ  കോളേജില്‍ പോയിരുന്നുള്ളൂ. അച്ഛന്‍ ഹൈദരാബാദില്‍ നിന്നും  കൊണ്ടുവരുന്ന  ചുരിദാറുകള്‍  ധരിക്കാന്‍ വീട്ടിലെ മറ്റുള്ള പെണ്‍കുട്ടികള്‍ക്ക്  അന്നൊക്കെ വിമുഖതയായിരുന്നു. കാരണം ആ നാടിനെ  സംബന്ധിച്ച്  ആ വസ്ത്രരീതി അന്യമായിരുന്നു. കോളേജില്‍ ചിലരെല്ലാം ചുരിദാര്‍  ധരിച്ചു  വരുന്നത്  ഞാന്‍ ശ്രദ്ധിച്ചു. അതോടെ  ഞാനും  ചുരിദാറുകള്‍ ധരിച്ച്  കോളേജില്‍ പോകാന്‍ തുടങ്ങി. അതിനെ സംബന്ധിച്ച്  ചില  നാടന്മാരുടെ വിമര്‍ശനങ്ങളും  അന്ന് സഹിക്കേണ്ടി  വന്നിട്ടുണ്ട്. അന്നെന്നെ  കളിയാക്കിയവരുടെ ഭാര്യമാരും മക്കളുമൊക്കെ ഇന്ന്  ചുരിദാര്‍  ധരിച്ചു പോകുന്നത്  കാണുമ്പോള്‍ എനിക്ക് ചിരി വരും.  പെണ്‍കുട്ടികള്‍ക്ക് ഏറ്റവും  അനുയോജ്യമായ  വസ്ത്രങ്ങളില്‍  ഒന്നാണ്  അതെന്ന അവബോധത്തില്‍ ഞാന്‍  അതിനെ ഒഴിവാക്കിയില്ല. 
 
പറഞ്ഞു പറഞ്ഞ് വിഷയത്തില്‍ നിന്നും അല്പം വ്യതിചലിച്ചു പോയി. വിഷയം ഇതൊന്നുമല്ലാ...  നാട്ടിലെ പൊതുവായ  ഏതു  സംരംഭങ്ങളോടും അനുകൂലമായ  മനോഭാവം പുലര്‍ത്തിവരുന്നവരായിരുന്നു  ഞങ്ങളുടെ  വീട്ടുകാര്‍. അതിനാല്‍  എപ്പോഴും എന്തെങ്കിലും  കാര്യങ്ങള്‍ക്കായി  ആരെങ്കിലുമൊക്കെ ഏതു  സമയത്തും  വീട്ടില്‍  വരാറുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുമായും നല്ല  സഹകരണം കാരണവന്മാര്‍  ഉറപ്പു  വരുത്തിയിരുന്നു. അന്നൊക്കെ കമ്പിത്തപാലൊക്കെ വരുമ്പോള്‍ അതൊക്കെ  വായിപ്പിക്കാനും  അപ്ലിക്കേഷന്‍  ഫോമുകള്‍ പൂരിപ്പിക്കാനുമൊക്കെ ആളുകള്‍  വന്നിരുന്നത്  ഞങ്ങളുടെ  വീട്ടിലേക്കായിരുന്നു.     
 
പൊതു തിരഞ്ഞെടുപ്പ് കാലമായാല്‍ അമ്മാവന്‍റെ  സുഹൃത്തുക്കളും മറ്റുള്ള  ചിലരുമൊക്കെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ വീടിന്‍റെ കോലായില്‍ വന്നിരിക്കാറുണ്ട്. ടീവിയില്‍ നോക്കിയിരിക്കുന്നതുപോലെയാണ് റേഡിയോയില്‍ കണ്ണുംനട്ട്  അന്നൊക്കെ  അവര്‍ ഇരുന്നിരുന്നത്. നമ്മുക്കാണെങ്കില്‍ രാഷ്ട്രീയത്തെക്കുറിച്ച്  യാതൊരു  പിടിപാടും ഇല്ലതാനും. 
 
ഇടതുവലതു വിഭാഗങ്ങളില്‍പ്പെടുന്ന ജനം അക്ഷമരായി ഇലക്ഷന്‍ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കും. മലയാളം പ്രാദേശിക വാര്‍ത്തകള്‍ കഴിഞ്ഞാല്‍ പിന്നെ ഡല്‍ഹി റിലെ വാര്‍ത്തകള്‍  വരുന്നത് വരെ അവര്‍ത്തമ്മിലുള്ള ചര്‍ച്ചകള്‍ കോലായിയിലും  മുറ്റത്തും പൊടിപൊടിക്കുന്നത്  കാണാം. ഇടതേത് വലതേത് എന്നൊന്നും പിടുത്തമില്ലാതിരുന്ന ഞങ്ങള്‍ കുട്ടികള്‍ അതിലൊന്നും ശ്രദ്ധ കൊടുക്കാറില്ല.
 
ഇടതും വലതും ഒരേപോലെ മുന്നിട്ടുനില്ക്കുന്ന അവസരത്തിലാണ് ഇംഗ്ലീഷ്  വാര്‍ത്ത വന്നത്. ഇംഗ്ലീഷ് വാര്‍ത്ത വന്നാല്‍ സാധാരണ നാട്ടുകാരൊക്കെ റേഡിയോ ഓഫ് ചെയ്തു വയ്ക്കുകയാണ് പതിവ്. എന്നാല്‍ അന്ന് അതും കേട്ടേ അടങ്ങൂ  എന്ന വാശിയില്‍ നാട്ടുകാര്‍. പക്ഷേ കേട്ടിട്ട് ഒന്നുമങ്ങട് പുടി കിട്ടുന്നതുമില്ല. ലീഡിംഗ് നിലകള്‍  പറയുമ്പോള്‍  അത്  ഇടതാണോ  വലതാണോ  എന്ന്  നിശ്ചയമില്ലാതെ അവര്‍ പരസ്പരം നോക്കി. 
 
ഉടനേ ഒരു കാരണവരുടെ തലയില്‍ ബോധോദയമുണ്ടായി. 
 
"ഇതൊക്കെ കേട്ടാ  മനസ്സിലാവണ കുട്ട്യോളൊക്കെ ഇവിടണ്ടല്ലോ... മീനൂട്ട്യേ ഒന്നിങ്ങട്‌ വര്യാ... " അദ്ദേഹം അകത്തേക്ക്  വിളിച്ചു പറഞ്ഞു. 
 
എന്താണ്  കാര്യമെന്നറിയാതെ ഞാന്‍ പുറത്തേക്കു വന്നു. 
 
"കുട്ടിക്ക് ഇംഗ്ലീഷ് ഒക്കെ അറിയാലോ.. ആരായിപ്പോ  മുന്നിട്ടു നിക്കണേന്നു ഒന്നങ്ങട് പറയാ... " 
 
ഞാന്‍ കുടുങ്ങിപ്പോയി... പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാരിക്ക് എന്ത് ഇംഗ്ലീഷ്.. അതും  ആഷ് പൂഷ്  എന്ന് വാര്‍ത്ത വായിക്കുന്നത്  കേട്ട്  എന്ത്  മനസ്സിലാവാന്‍... എന്നാല്‍ സാധിക്കില്ലാന്നു പറയാന്‍ അപ്പോഴത്തെ  ആത്മാഭിമാനം സമ്മതിച്ചുമില്ല.
 
"എബൌട്ട്‌ കേരള അസ്സംബ്ലി ഇലക്ഷന്‍സ്... അക്കോര്‍ഡിംഗ് ടു ദി ലാസ്റ്റ് റിപ്പോര്‍ട്ട് എല്‍ ഡി എഫ് ഈസ്‌ ട്രെയിലിംഗ് ബൈ സെവെന്‍ സീറ്റ്സ്..(about kerala assembly elections... according to the last report LDF is trailing by seven seats) "
 
ട്രെയിലിംഗ്!!... എന്താത് സംഭവം?... ഒരിക്കലും കേട്ടിട്ടില്ലേയില്ല ആ വാക്ക്.. ആശയക്കുഴപ്പമായി. ചിന്തിച്ചു.. ട്രെയിലിംഗ്, ട്രെയിനിംഗ്.. ഹും.. ട്രെയിന്‍ പോലെ മുന്നോട്ടു പോകുന്നു  എന്നുതന്നെയായിരിക്കണം അതിന്‍റെ അര്‍ത്ഥമെന്നു  ഞാനങ്ങു  ഉറപ്പിച്ചു. 
 
"മോളേ .... ആരാണ്  മുന്നിട്ടു  നില്ക്കുന്നേ..": കാരണവര്‍  ചോദിച്ചു..  
 
ലവലേശം  സംശയമില്ലാതെ  ഞാന്‍ അടിച്ചുവിട്ടു. 
 
":എല്‍ ഡി എഫ് ഏഴു സീറ്റിനു  മുന്നിലാണ്.  ദേ ലാസ്റ്റ് റിപ്പോര്‍ട്ട്  വന്നൂന്നാ ന്യൂസില്‍ പറഞ്ഞേ"
 
അതോടെ ഇടതു പക്ഷക്കാര്‍ ആഹ്ലാദപ്രകടനവുമായി പടിയിറങ്ങിപ്പോയി. വലതുപക്ഷക്കാരനായിരുന്ന  ആ കാരണവരുടെ മുഖം മ്ലാനവുമായി. 
 
ആ നേരത്താണ്  അമ്മാവന്‍ പുറത്തുനിന്നും സൈക്കിളില്‍ വീട്ടിലേക്കു കടന്നുവരുന്നത്. 
 
"ശ്രീധരേട്ടാ.. എന്താ ഒരുഷാറില്ലാത്തേ.. ഇങ്ങടെ പാര്‍ട്ടി ജയിക്കാന്‍ പോവാണല്ലോ... ഞാനിപ്പോ  ഇംഗ്ലീഷ്  വാര്‍ത്ത കേട്ടു. ഏഴു സീറ്റിനു മുന്നിട്ടു നില്ക്കുന്നു." വിഷണ്ണനായി  പടിയിറങ്ങുന്ന ശ്രീധരന്‍ നായരോട് അമ്മാവന്‍ പറഞ്ഞു. ഞങ്ങടെ പാര്‍ട്ടി മുന്നിലാണെന്നോ?!!! ദേ ഇപ്പോ  ആ മീനൂട്ടി പറഞ്ഞേയുള്ളൂ  ഏഴു  സീറ്റിനു  പിന്നിലാണെന്ന്... നീ  ശെരിക്കും കേട്ടിട്ട് തന്ന്യാണോ  ഈ പറേണത്?!.." കാരണവര്‍ക്ക് അത്ഭുതം
 
"ഹല്ലാപ്പിന്നെ.. ഞാന്‍ ശരിക്കും  കേട്ടതല്ലേ എല്‍ ഡി എഫ് ഏഴു സീറ്റിനു പിറകിലാണെന്ന്. ..."
 
കോലായില്‍ നിന്ന്  ഈ  സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു നിന്നിരുന്ന  എനിക്ക് മനസ്സിലായി.. പണി പാളി... അമ്മാവന്‍  പറഞ്ഞത് കേട്ട് ആ കാരണവര്‍ പൂമുഖത്തേക്ക്‌ തിരിഞ്ഞു നോക്കി. ഞാന്‍ നിമിഷനേരം കൊണ്ട് തൂണിന്റെ മറവിലേക്ക് ഒളിച്ചു.
 
"ഡാ ഉണ്ണ്യേ.. എന്തിനാടാ ഇവറ്റങ്ങളെയൊക്കെ പഠിക്കാന്‍  വിടണേ.. ഒരു കാര്യൂല്യാ..." എന്നും പറഞ്ഞുകൊണ്ട് ആ കാരണവര്‍  പടിയിറങ്ങിപ്പോയി. എന്താണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥം എന്നറിയാതെ  അമ്മാവനും മേല്പ്പോട്ട് നോക്കി നില്ക്കുന്നതും കണ്ടു. 
 
പിന്നീട് കോളേജില്‍ പോകുമ്പോഴൊക്കെ അന്ന് വീട്ടില്‍ നിന്നും ജയ്‌ വിളിച്ചു  ആഹ്ലാദത്തോടെ പോയവരുടെ മുന്നില്‍ച്ചെന്നു ചാടാതെയിരിക്കാനുള്ള തത്രപ്പാടായിരുന്നു കുറച്ചു നാള്‍. ഇംഗ്ലീഷ് ന്യൂസ് കേള്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക്  ആ  കഥ  ഓര്‍മ്മ വരും. 

കാരക്കാടന്‍ മാപ്ല!!!!!!!!

കാരക്കാടന്‍ മാപ്ല!!!!!!!!


അഞ്ചരക്കുള്ള അലാറം അടിക്കും മുന്‍പേ ഉറക്കമുണരുകയെന്നതു ശീലമായിട്ടിപ്പോള്‍ ഒരുപാടു നാളായി. എന്നാലും ടൈംപീസിനെ അതിന്‍റെ കടമ നിര്‍വ്വഹിപ്പിച്ചിട്ടേ കിടക്ക വിട്ടെഴുന്നേല്‍ക്കൂ. രാവിലെ ജോലിക്കിറങ്ങുന്നതുവരേയുള്ള ഓരോ നിമിഷങ്ങളും വളരേ വിലപ്പെട്ടതാണ്‌. അതിനിടയില്‍ ഒരു ഫോണ്‍ വരുന്നതോ ആരെങ്കിലും വീട്ടിലേക്കു കയറിവരുന്നതോ ഒക്കെ ജോലിക്കാരായ വീട്ടമ്മമാരെ സംബന്ധിച്ചു അലോസരങ്ങള്‍ തന്നേ. കുളിതേവാരങ്ങള്‍ കഴിഞ്ഞു ഭക്ഷണമുണ്ടാക്കി കുട്ടികളെ ഉണര്‍ത്തി, അവര്‍ക്കു സ്കൂളിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളും അടുക്കള ശുചീകരണവുമൊക്കെയായി സമയബന്ധിതമായ പിടിപ്പതു പണികള്‍ കാണും. രാവിലെ കുട്ടികളെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തുകയെന്നതാണ് ഏറ്റവും വിഷമകരം. എത്ര വിളിച്ചാലും "അമ്മേ ഒരഞ്ചു മിനുറ്റ്" എന്നു പറഞ്ഞുകൊണ്ടു അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതു കാണുമ്പോള്‍ അരിശം വരാതിരിക്കുമോ? .
പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നേരത്താണു തൊട്ടടുത്ത വീട്ടില്‍ത്തന്നെയുള്ള ചേച്ചി കയറി വരുന്നത്.
"എടീ.. നമ്മുടെ കാരക്കാടന്‍ മാപ്ല  മരിച്ചൂത്രേ.. " ചേച്ചി അറിയിച്ചു.
"ആണോ.. നന്നായി..." എന്റെയാ പ്രതികരണം കേട്ടു നെറ്റി ചുളിച്ചുകൊണ്ടു ചേച്ചി പറഞ്ഞു.
"മരിച്ചവരെപ്പറ്റിയാണോടീ ഇങ്ങനെയൊക്കെ പറയേണ്ടത്?.. ഹും.."
"അയ്യോ ചേച്ചീ... സോറി.. അതുപിന്നേ അയാളെ നമുക്കൊക്കെ പണ്ടു വെറുപ്പായിരുന്നല്ലോ.. ആ ഒരോര്‍മ്മയില്‍ പെട്ടെന്നങ്ങുപറഞ്ഞുപോയതാ.. "
കാരക്കാടന്‍ മാപ്പിള...................................
വെള്ളത്തുണി കൊണ്ടുള്ള തലേക്കെട്ടും കായക്കറ പുരണ്ട കുപ്പായവും നന്നായി പൊക്കിയുടുത്ത കള്ളിമുണ്ടും നിറയെ നോട്ടുകള്‍ അടുക്കിവച്ചു വീര്‍ത്ത കീശകളുള്ള വീതികൂടിയ പച്ചബെല്‍റ്റും കൈയിലൊരു കാലന്‍കുടയുമാണു സ്ഥിരം വേഷം. പാടവരമ്പിലൂടെയുള്ള കാരക്കാടന്‍ മാപ്ലയുടെ ആ വരവ് ദൂരെ നിന്നും കണ്ടവഴിയേ കൗമാരപ്രായക്കാരായിരുന്ന ഞാനും ചേച്ചിയുമെല്ലാം വടക്കിനിയിലേക്കു വലിഞ്ഞു കളയുമായിരുന്നു.
പ്രകൃതി രമണീയമായ ഞങ്ങളുടെ ഗ്രാമത്തില്‍ അന്നൊക്കെ ധാരാളമായി നേന്ത്രവാഴ, നെല്ല്, പച്ചക്കറികള്‍ എന്നിവ സമൃദ്ധമായി കൃഷി ചെയ്യപ്പെട്ടിരുന്നു. അച്ചാരമായി ഒരു തുക കൃഷിക്കാര്‍ക്കു നല്‍കി അവരുടെ നേന്ത്രവാഴത്തോട്ടങ്ങളിലെ വാഴക്കുലകള്‍ കരാറെടുത്തു അവ മൂപ്പെത്തുമ്പോള്‍ മൊത്തമായി ചന്തയില്‍ക്കൊണ്ടുപോയി ചില്ലറവില്പ്പനക്കാര്‍ക്കു മറിച്ചു വില്ക്കുന്ന സമ്പ്രദായം അന്നുമുതലേ ഉണ്ടായിരുന്നു. അതിനായി കാരക്കാടു നിന്നും വന്നിരുന്ന ഹൈദ്രോസ് മാപ്ലയെ നാട്ടുകാര്‍ കാരക്കാടന്‍ മാപ്പിളയെന്നാണ് വിളിച്ചിരുന്നത്.
എന്‍റെ അമ്മാവന്മാര്‍ക്കും നേന്ത്രവാഴത്തോട്ടങ്ങള്‍ ഉണ്ടായിരുന്നു. അവ കരാറെടുത്തു ഇടയ്ക്കിടെ വിളവു നിരീക്ഷിക്കാന്‍ വേണ്ടി വരുന്ന അവസരങ്ങളിലാണ് ഈ മാപ്പിള ഞങ്ങളുടെ വീട്ടിലേക്കു കയറുന്നത്. തോട്ടങ്ങളില്‍ കയറിയിറങ്ങിയ ക്ഷീണം മാറ്റാനായിഅയാള്‍ ഞങ്ങളുടെ ഉമ്മറത്തിണ്ണയില്‍ വന്നിരിക്കും.
"ന്താ.. വ്ടെ ആളും അനക്കോം ഒന്നൂല്യേ.. മനുസ്യെനു തൊണ്ട നനക്കാന്‍ വല്ല മോരോ കഞ്ഞിയോ തരാനായിട്ട്..." അതു കേട്ടു അമ്മമ്മ പുറത്തേക്കു വരും..
"അള്ളാ.. ഈ തള്ളയിതേവരെ മയ്യത്തായില്ലേ?!... "
അമ്മമ്മയെക്കണ്ടവഴി കാരക്കാടന്റെ വായില്‍നിന്നും വീഴുന്നതു മിക്കവാറും ഇതായിരിക്കും. നാക്കിനു ഒട്ടും നിയന്ത്രണമില്ലാത്ത ആളുകളുടെ ജനുസ്സില്‍പ്പെട്ട ഒരു ജന്മമാണ് കാരക്കാടന്‍ മാപ്ലയെന്നു നന്നായി അറിയുന്ന അമ്മമ്മ അതു കേട്ടു ചുമ്മാ ചിരിക്കുകയേയുള്ളൂ.
"തങ്ക്വോ... ദേ കാരക്കാടന്‍ വന്നിരിക്ക്ണൂ.. കുടിക്കാനെന്തേലുമിങ്ങട് എടുത്തോളൂ.. " അമ്മമ്മ അടുക്കളയിലുള്ള അമ്മയോടു വിളിച്ചു പറയും.
"കുടിക്കാന്‍ മാത്രല്ലാ... ബെയ്ക്കാനും എന്തേങ്കിലിങ്ങട്ട് എടുത്താളീ... ഹലാക്കിന്റെ ബെശപ്പ്.. ബയറു കാളുന്നു" അമ്മമ്മയുടേതിനു പുറകെ മാപ്ലയുടേയും ഓര്‍ഡര്‍ അടുക്കളയിലേക്കു പായും.
ഒരു ദിവസം വന്നപാടുള്ള തീറ്റയും കുടിയുമൊക്കെ കഴിഞ്ഞു ഈ മാപ്പിള, അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മുറുക്കാനെടുത്തു ചവച്ചുകൊണ്ടു ഉമ്മറത്തിണ്ണയിലിരുന്നു സൊറ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആ നേരത്താണു എങ്ങോട്ടോ വിരുന്നു പോകാനായി ആയിടെ കല്യാണം കഴിഞ്ഞിരുന്ന എന്‍റെ അമ്മാവനും അമ്മായിയും വീട്ടില്‍നിന്നും പുറത്തേക്കിറങ്ങിയത്. സുന്ദരിയാണെങ്കിലും അമ്മായിക്കു അമ്മാവനേക്കാള്‍ തൊലിവെളുപ്പും ഉയരവും കുറവാണ്. അപ്രതീക്ഷിതമായി ഏതോ അപശകുനം കണ്ടതുപോലെ മാപ്ലയെ മുന്നില്‍ക്കണ്ടപ്പോള്‍ അയാളുടെ സ്വഭാവം നന്നായറിയുന്ന അമ്മാവനൊന്നു പരുങ്ങി.
"ഹും കണ്ടില്ലേ... പൂവമ്പയം പോലത്തെ പുയ്യാപ്ലച്ചെക്കന് ബെടിമരുന്ന് അരയ്ക്കണ അമ്മിക്കൊയ പോലത്തൊരു ബീവി.. ങ്ങളൊക്കെ എബടെ നോക്കീട്ടാ നിക്കാഹ് നടത്തിക്കൊട്ക്കണേ.. കസ്ട്ടം "
ഒരു കുഴിമിന്നി പൊട്ടുന്നതു പോലെയാണു കാരക്കാടന്റെ കണ്ണുംമൂക്കും നോക്കാതെയുള്ള ആ പരിഹാസം അമ്മായിയുടെ കാതുകളില്‍ പതിച്ചത്. കേട്ടവഴി കടന്നല്‍കുത്തിയ മുഖഭാവവുമായി അമ്മായി അകത്തേക്കു തന്നെ ഓടി. മാപ്ലയെ ഈര്‍ഷ്യയോടെ ഒന്നു നോക്കിയതിനു ശേഷം അമ്മായിയെ ആശ്വസിപ്പിക്കാനായി പുറകേ അമ്മാവനും.
"എന്താടോ മാപ്ലേ... നാക്കിനു എല്ലില്ലാന്നു വച്ചു കുട്ട്യോളോടു വേണ്ടാതീനം പറയാണോ? " അമ്മമ്മ മാപ്ലയോടു കയര്‍ത്തു.
"ഇതാപ്പോ നല്ല കൂത്ത്... ഞമ്മള് ഒള്ള കാര്യല്ലേ പറഞ്ഞോള്ളൂ... അയിനിപ്പോ ങ്ങളെന്തിനാ ത്ത്രയ്ക്ക് ചൂടാവണത്?"
മാപ്ലക്കു ഇത്തരം വികാരവിക്ഷോഭങ്ങളൊന്നും അത്ര കാര്യമായി തോന്നാറില്ല. അയാളോട് കൂടുതലൊന്നും പറഞ്ഞിട്ടു കാര്യമില്ലായെന്നറിയുന്ന അമ്മമ്മ പിന്നെയൊന്നും ഉരിയാടിയുമില്ല.
മറ്റൊരവസരത്തില്‍ കാരക്കാടന്‍ മാപ്പിളയ്ക്കു കഴിക്കാനായി കൊഴുക്കട്ടയും കട്ടന്‍ചായയുമായി വന്ന ചെറിയമ്മയോടു അയാള്‍ ചോദിച്ചു.
"ങേ.. ഇതെന്താണ്ങ്ങളീ കൊണ്ടു ബന്നു ബച്ചേക്കണത് ന്‍റെ റബ്ബേ.. ഡബ്ബറു പന്തോ?????!.... "
"മാപ്ലേ.. ങ്ങള് വേണോച്ചാല്‍ കഴിച്ചാ മതി.. എന്തു കൊടുത്താലും ഒരു കുറ്റം പറച്ചില്‍.. ആ പാവം കെട്ട്യോളിങ്ങള്യോക്കെ എങ്ങനെ സഹിക്ക്ണൂ.. ശിവശിവാ..." ചെറിയമ്മയും വിട്ടുകൊടുത്തില്ല.
"ന്‍റെ കെട്ട്യോളാ?... അതൊരു ശീമാടല്ലേന്ന്... അയിനു പേറൊയിഞ്ഞ നേരണ്ടാ... കയിഞ്ഞ മാസായിരുന്നു ഓള്‍ടെ ഒമ്പതാമത്തെ പേറ്... പടച്ചോനിങ്ങനെ ഞമ്മക്കു തന്നോണ്ടിരിക്ക്യല്ലേ?" മുറുക്കാന്‍കറ പറ്റിയ പല്ലുകള്‍ കാട്ടി അയാള്‍ ഇളിച്ചു.
"അല്ലാ... എബടെപ്പോയി ങ്ങടെ കറത്ത നായര്? ആ ചെങ്ങായീനെ കണ്ടിട്ടിപ്പോ കൊറേ ആയല്ലോ.." ചെറിയമ്മയെ ചൊടിപ്പിക്കാനായി അയാള്‍ ചോദിച്ചു.
"ന്‍റെ ഭര്‍ത്താവിത്തിരി കറുത്തുപോയേന് ങ്ങക്കിപ്പോ ഛേതോന്നുല്ലല്ലോ... വന്നിരിക്കുന്നു ഒരു ചുന്തരന്‍... ആ മോന്ത കണ്ടാലും മതി.." ചെറിയമ്മ തിരിച്ചടിച്ചു.
കാരക്കാടന്‍റെ വായില്‍ നിന്നും വരുന്ന മിസൈലുകളെ ചെറുക്കാനുള്ള ത്രാണിയുള്ളതു ചെറിയമ്മയ്ക്കു മാത്രമാണ്. മറ്റുള്ള സ്ത്രീജനങ്ങളൊക്കെ ഇദ്ദേഹം വന്നാല്‍പ്പിന്നെ പൂമുഖത്തേക്കു കടക്കാതിരിക്കാന്‍ ശ്രമിക്കും. അത്യാവശ്യമായി പുറത്തേക്കു പോകേണ്ടി വരുമ്പോള്‍ ഞങ്ങള്‍ അടുത്തവീടിന്‍റെ പുരയിടത്തിലൂടെ പോകുകയാണു പതിവ്.
സ്കൂള്‍ വിട്ടു ചെറിയമ്മയുടെ മകള്‍ വന്നതും അപ്പോഴായിരുന്നു.
"അല്ലാ.. ഇയിനൊക്കെയൊരു പുയ്യാപ്ലേ കിട്ടാന്‍ ബല്ലാണ്ട് പണിപ്പെടൂലോ... കരിക്കട്ട പോലിരിക്കണ ചെക്കന്മാര്‍ക്കും ബെളുത്ത ഹൂറികളെ ബേണന്നൊക്ക്യാണേ മോഗം... അനക്കു ബല്ല തമഴന്മാരേം കിട്ടാണ്ടിരിക്കില്ലാ... ബിസ്മില്ലാ...... ".
ഒരിക്കല്‍ അച്ഛനുമായി കാരക്കാടന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ അവിടേക്കു വന്നു. അമ്മയുടെ മുടി കുറേശ്ശെയായി നരയ്ക്കാന്‍ തുടങ്ങിയിരുന്നു. അമ്മയെക്കണ്ടവഴി മാപ്ലയുടെ ഡയലോഗ് വന്നു.
"അല്ല നായരേ.. ഇതാകെ നരച്ചുകൊരച്ചു തള്ളയായിപ്പോയല്ലോ... ഇയിനെ ഒഴിവാക്കീട്ടു ങ്ങക്കു ബേറൊരു പെണ്ണിനെ കെട്ട്യാലെന്താ?.. "
"അതേയ് മാപ്ലയിപ്പോ കായക്കച്ചോടത്തിനു വന്നതാ അതോ വല്ല ദല്ലാള്‍പ്പണിയ്ക്കോ?" അമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു.
"സംഗതി ഞമ്മള് കായക്കച്ചോടക്കാരാനാണെങ്കിത്തന്നേ ഈ പാവം നായര്ക്കൊരു ബെകിടം വരണത് കണ്ടാ പൊരുത്തപ്പെടാന്‍ പറ്റൂലല്ലോ.. അതോണ്ട് പറഞ്ഞുപോയതാണ് ..." അയാള്‍ പറഞ്ഞു.
"ന്‍റെ മാപ്ലേ.. ങ്ങളെക്കൊണ്ടു തോറ്റൂ.. മുടി നരക്കുമ്പോഴും പല്ലു കൊഴിയുമ്പോഴുമൊക്കെ ഭാര്യേ മാറ്റുകാന്ന്വെച്ചാല്‍ നടക്കണ കാര്യാണോ? അല്ലാ ഒന്നു ചോയ്ച്ചോട്ടെ.. ങ്ങടെ എത്രാമത്തെ ബീവ്യാ ഇപ്പോ കൂടെ പൊറുക്കണത്?" അച്ഛന്‍ ചോദിച്ചു.
"ങ്ങക്ക് ബല്ല പിരാന്തുമുണ്ടോ നായരേ.. ഞമ്മള് ഓരെയൊന്നു സുയ്പ്പാക്കാനായി പറഞ്ഞതല്ലേന്ന്.. ന്നാ.. പ്പിന്നെ ഞമ്മള് ബരട്ടേ... " ചിരിച്ചുകൊണ്ടു ഇറയത്തു തൂക്കിയിരുന്ന കാലന്‍കുടയുമെടുത്തു പോകാനിറങ്ങിയ കാരക്കാടനോടു അമ്മ പറഞ്ഞു..
"ങ്ങള് ഇനി വരാനൊന്നും നിക്കണ്ടാ.. ഇവ്ടുന്നൊന്നു പോയിത്തന്നാ മതി.."
കാരക്കാടന്‍ പടികടന്നു പോകുന്ന നേരത്താണു ഞാന്‍ സ്കൂളില്‍ നിന്നും വരുന്നത്.. എന്നെക്കാണുമ്പോഴൊക്കെ അയാള്‍ ചോദിക്കാറുള്ളതു അന്നും ചോദിക്കാന്‍ മറന്നില്ല.
"യ്യ് ഇന്റൊപ്പം കാരക്കാട്ടേക്ക് പോരണാ?.. ന്‍റെ ജുബൈറും ഈയും നല്ല ചേര്‍ച്ച്യാ.. ഓന് ഞമ്മള്‍ നിക്കാഹ് ആലോയിക്ക്ണ് ണ്ടേ .. ഈയ്യാണെങ്കി ഓനും ബല്ല്യ കൊയപ്പണ്ടാവില്ല്യാ.."
അയാളോടു കോക്രി കാണിച്ചു കൊണ്ടു ഞാന്‍ അകത്തേക്കു കയറിപ്പോയ രംഗമോര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും.
കാരക്കാടന്‍ മാപ്ലയെപ്പറ്റി ചിന്തിച്ചിരുന്നു നേരംപോയതറിഞ്ഞില്ല. തിരക്കിട്ടു വസ്ത്രം മാറി ജോലിക്കു പോകാനിറങ്ങി. ബസ്സിലിരിക്കുമ്പോള്‍ വീണ്ടും കാലന്‍കുടയുമായി കാരക്കാടന്‍ മനസ്സിന്‍റെ പൂമുഖത്തു വന്നിരുന്നു.
ചില മനുഷ്യര്‍ അങ്ങനെയാണ്. തങ്ങളുടെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ചുള്ള കടുത്ത അപകര്‍ഷബോധത്തില്‍ നിന്നും മുക്തി നേടാനായി മറ്റുള്ളവരുടെ ന്യൂനതകളെ പര്‍വ്വതീകരിച്ചു കാണിച്ചു പരിഹസിച്ചു അതില്‍നിന്നും ആശ്വാസം കണ്ടെത്തുന്നവര്‍.
കാരക്കാടന്‍ മാപ്ലയ്ക്ക് ഇത്തരം അസ്ക്കിതകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും അയാളൊരു നെറികെട്ടവനോ പിടിച്ചുപറിക്കാരനോ ആയിരുന്നില്ല. മതസൌഹാര്‍ദ്ദവും മനുഷ്യസ്നേഹവും ആവോളം മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തി തന്നെയായിരുന്നു കാരക്കാടന്‍. പല അടിയന്തിര സന്ദര്‍ഭങ്ങളിലും അമ്മാവന്മാരുടെ കൈത്താങ്ങായി അദ്ദേഹം നിന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബാംഗങ്ങളോടു അദ്ദേഹം കാണിച്ചിരുന്ന സ്വാതന്ത്ര്യം ഈ കുടുംബത്തോടുള്ള അമിതമായ അടുപ്പം കൊണ്ടായിരുന്നെന്നു മനസ്സിലാക്കാനുള്ള പക്വത കുട്ടികളായ ഞങ്ങള്‍ക്കു അന്നുണ്ടായിരുന്നില്ലല്ലോ.
കാരക്കാടന്‍ മാപ്ലയുടെ ആത്മാവിനു നിത്യശാന്തി നേരട്ടേ.

ഞാനൊരു ഭാഗ്യവതി!

ഞാനൊരു ഭാഗ്യവതി!


ഞാനൊരു ഭാഗ്യവതിയാണ്. എന്താണുകാരണമെന്നല്ലേ? അതൊക്കെയറിഞ്ഞാല്‍ നിങ്ങള്‍ തന്നെ പറയും ശരിക്കും ഞാനൊരു ഭാഗ്യവതി തന്നെയാണെന്ന് ...

എന്റെ സന്തതസഹചാരികളും പ്രിയസുഹൃത്തുക്കളുമായ കുറച്ചു പേരാണ് എന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണക്കാര്‍.

അവരില്‍ ഏറ്റവും കൂടുതല്‍ എന്റെ ചാരത്തോടിയെത്താന്‍ വെമ്പുന്ന ഒരു കക്ഷിയുണ്ട്. വന്നവഴി എന്റെ അടുത്തിരുന്നു സ്നേഹത്തോടെ എന്റെ മുടികളില്‍ തഴുകി പതിയേ ആലിംഗനം ചെയ്തു ആ മാറത്തോടു ചേര്‍ത്തു അതിലങ്ങലിയിപ്പിച്ചു കളയും. ബഹളങ്ങളും വര്‍ത്തമാനങ്ങളും ഒന്നും ഇഷ്ടമല്ല. ചിന്തകളിലൂടെയായിരിക്കും ഞങ്ങളുടെ ആശയവിനിമയങ്ങള്‍. ആസമയത്തു കാറ്റുപോലും കലപില കൂട്ടാന്‍ ഭയക്കും. ചിന്തകളുടെ പുഷ്പകവിമാനത്തില്‍ ഞങ്ങള്‍ എവിടേയ്ക്കൊക്കെയോ ഇങ്ങനെ അലക്ഷ്യമായി പറന്നുകൊണ്ടിരിക്കും.  

കൂടാതെ ഒരു പ്രത്യാശയുടെ വരം എനിക്കു വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ചിട്ടുണ്ട്. ഭാവിയിലെ ഏതു നിമിഷത്തില്‍ വേണമെങ്കിലും അതെന്നെ തേടിയെത്താതിരിക്കില്ല എന്നുള്ള ഉറച്ച പ്രതീക്ഷയില്‍ ഞാന്‍ ഓരോ നിമിഷവും മുന്നോട്ടു തള്ളി നീക്കുന്നു. മുന്നോട്ടുള്ള എന്റെ പ്രയാണത്തിനു എപ്പോഴും ഊര്‍ജ്ജം നല്‍കുന്നതും ആ പ്രത്യാശ തന്നെയാണ്.. സദാ മനസ്സിലിട്ടു താലോലിക്കുന്ന ഒരു കൊച്ചു സ്വപ്നസാക്ഷാല്‍ക്കാരം. കാത്തിരിപ്പിന്റെ മധുരവും വിളമ്പിക്കൊണ്ട് അതിങ്ങനെ...

ങാ.. പിന്നെയുമുണ്ടു പറയാന്‍...

ഒരു പ്രിയ കൂട്ടുകാരി.. അവള്‍ക്കാണെങ്കില്‍ എന്നെ ജീവനു തുല്യമാ.. എനിക്കു പിടിക്കാത്ത വല്ല കാര്യങ്ങളും ഉണ്ടായാല്‍.. അവളുടെ സ്വഭാവം തന്നെയങ്ങു മാറും.. മുന്നില്‍ക്കാണുന്നവരെയൊക്കെ അവള്‍ ചവിട്ടി മെതിച്ചുകളയും.. സത്യം പറഞ്ഞാല്‍ ചിലപ്പോഴൊക്കെ എനിക്കും അവളോടു പേടി തോന്നാറുണ്ട്. കണ്ണും മൂക്കുമില്ലാതെയുള്ള അവളുടെ പ്രവൃ‍ത്തികള്‍ കൊണ്ടു പലപ്പോഴും ദോഷങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നെ കേള്‍ക്കണോ.. ആര്‍ക്കും ഖണ്ഡിക്കാനാവാത്ത ഒരു വജ്രായുധം എന്റെ പക്കലുണ്ട്!.. ചുണ്ടുകള്‍ കൊണ്ടു സംരക്ഷിച്ചു വച്ചിരിക്കുകയാണതിനെ.. ചുണ്ടുകള്‍ തുറന്ന്, അതങ്ങു പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ മാത്രം മതി.. ആ പരിസരത്തെങ്ങും എതിരാളികളുടെ പൊടിപോലുമുണ്ടാവില്ലാ കണ്ടുപിടിക്കാന്‍..

പിന്നെ ചില പാവങ്ങളായ കൂടെപ്പിറപ്പുകള്‍... അവരെപ്പറ്റിപ്പറയാന്‍ ഇപ്പോള്‍ ഞാന്‍ അബദ്ധത്തില്‍ വിട്ടുപോയാല്‍ത്തന്നെ അവരുടെ തനിസ്വഭാവം അവര്‍ പുറത്തു കാട്ടും.. വേദന, പരിഭവം, സങ്കടം, പിണക്കം, നിരാശ, വിലാപം തുടങ്ങിയവര്‍.. പാവങ്ങള്‍.. എന്റെ കൂടെ അവരും ജീവിച്ചുപൊക്കോട്ടേ അല്ലേ?

പാവങ്ങളാണെന്നു വച്ചു ഇവറ്റങ്ങളോടു വല്ലാതെ ലോഹ്യം കൂടാന്‍ പോകുന്നതു മേല്‍പ്പറഞ്ഞ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് അത്ര പഥ്യമല്ല എന്നും സ്വകാര്യത്തില്‍ പറയട്ടേ..

എന്റെ കൂട്ടുകാര്‍ തമ്മിലിങ്ങനെ കലഹിക്കുന്നത് എനിക്കു വല്ലാത്ത വിഷമം ഉണ്ടാക്കും. അതു പരിഹരിക്കാനും എന്റെ കൈയിലൊരുപായമുണ്ട്... അവര്‍ക്കെല്ലാം ബോധിക്കുന്ന ഒരു കൈക്കൂലി.... ഹൃദയാവര്‍ജ്ജകമായ ഒരു പുഞ്ചിരി.. മിക്കവാറും അതിലവര്‍ മൂക്കുംകുത്തി വീണോളും.. പിന്നെ കളിയും ചിരിയുമൊക്കെയായി എന്നെ കൂടുതല്‍ ചിരിപ്പിക്കാനുള്ള മത്സരമായിരിക്കും അവര്‍ ‍തമ്മില്‍.

എന്നിട്ടും നേരെയായില്ലെങ്കിലോ.. ഞാന്‍ വിളിക്കുമ്പോള്‍ ഞൊടിയിടയില്‍ ഓടിവരുന്ന എന്റെ അഭ്യുദയകാംക്ഷിയായ ആ മായാവി തന്നെ അവസാന ശരണം... ഇലയ്ക്കും മുള്ളിനും കേടുവരാതെ എല്ലാം അദ്ദേഹം കൈകാര്യം ചെയ്തോളും.. അതൊരൊന്നൊന്നര സംഭവാ...!!

പ്രശ്നങ്ങളെല്ലാം ഒതുക്കി, പോകാന്‍ തുടങ്ങുന്ന നേരത്തു ഒരു സമ്മാനപ്പൊതിയും തന്നിരിക്കും.. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നിറച്ചുവച്ച ഒരു മനോഹരമായ സമ്മാനപ്പൊതി! വേറെയെന്തു വേണം.. യാതൊരു അത്യാഗ്രഹങ്ങളുമില്ലാത്ത എന്നെപ്പോലെയുള്ള ഒരു വ്യക്തിക്കു ഈ ജന്മം നിലനിര്‍ത്താന്‍.

ഇനി പറയൂ... എന്തുകൊണ്ടും ഞാനൊരു ഭാഗ്യവതി തന്നെയല്ലേ?..

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക്

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക്


ശാന്തമായി ഒഴുകുന്ന തെളി നീരിന്റെ സൌമ്യതയോടെ മനസ്സിലേക്കാവാഹിച്ച സൌഹൃദക്കൂട്ടായ്മ്മയുടെ സ്നേഹമര്‍മ്മരങ്ങള്‍ ആസ്വദിക്കുന്നവരുടെ സമക്ഷം ചില ബാല്യകൗമാര ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
ഭൂമിയില്‍ ജന്മമെടുത്തതില്‍പ്പിന്നെ വീണുകിട്ടിയ അത്യപൂര്‍വ്വമായ ഈ സുന്ദരമായ കാലയളവില്‍ മനസ്സിലെ മണിച്ചെപ്പില്‍ മായതെക്കിടക്കുന്ന ഓര്‍മ്മകളില്‍ ഏതാണ് ആദ്യം പങ്കു വയ്ക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിനറുതി വരുത്തിക്കൊണ്ടു കുഞ്ഞുടുപ്പുമിട്ടുകൊണ്ട് ഓടിച്ചാടി നടന്ന ആ സുന്ദര കാലഘട്ടത്തിലേക്ക് കടന്നുചെല്ലട്ടേ..............
കണ്ണിമാങ്ങയും പുളിങ്കുരുവും പെറുക്കിയെടുത്തു കൂട്ടുകാരോടൊത്തു നടന്ന കാലം.. വീടിനടുത്തായി ആരംഭിച്ച പുതിയ പ്രൈമറി സ്കൂളിലേക്കുള്ള ആദ്യ ചുവടുവെപ്പ്‌... നാലുവയസ്സുള്ള എന്നെ 5 വയസ്സുകാരിയാക്കി സ്കൂള്‍ രേഖകളില്‍ കാണിച്ചു ഒന്നാം ക്ലാസ്സിലെ ബഞ്ചിലിരുത്തിയപ്പോള്‍ അതേവരെ അന്യമായിരുന്ന ഏതോ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു. അങ്ങനെ എന്നേക്കാള്‍ പ്രായകൂടുതലുള്ളവരുമായി ഞാന്‍ മത്സരിച്ചു മുന്നേറി...
എല്ലാവരെയും പോലെ നടക്കാനായിരുന്നു അന്നത്തെ മനോഭാവം .. പുതുമയെക്കാള്‍ ഒരുമയെ സ്നേഹിച്ച കാലം ...
അച്ഛന്‍ ഹൈദരാബാദില്‍ നിന്നു കൊണ്ടുവന്ന ഫാഷന്‍ ഉടുപ്പുകളോ റെയിന്‍കോട്ടുകളോ ഇട്ടു വന്നാല്‍ സഹപാഠികള്‍ കളിയാക്കിയിരുന്നതു മനസ്സില്‍ കുഞ്ഞുനൊമ്പരങ്ങള്‍ ഉണര്‍ത്തിയിരുന്നത്‌ ഓര്‍ക്കുന്നു. .. എങ്കിലും ഇത്തരം ചെറിയ സങ്കടങ്ങള്‍ മനസ്സിലാക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് പരമമായ സത്യം.
റെയിന്‍കോട്ട് ധരിച്ചു വരുന്ന എന്നെ കുട്ടിഭൂതമെന്നു വിളിച്ചു കൂട്ടുകാര്‍ കളിയാക്കിയിരുന്നപ്പോള്‍ എല്ലാ കുട്ടികളുടേയും കൈവശമുണ്ടായിരുന്ന മരക്കാലന്‍ ശീലക്കുട ചൂടി പോകുകയെന്നത് എന്‍റെ ഒരു സ്വപ്നമായി മാറി. കൂട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ വന്നപ്പോള്‍ മേലാല്‍ റെയിന്‍കോട്ട് ധരിച്ചു പോകില്ലെന്നു വീട്ടില്‍ വാശി പിടിച്ചു അതുപേക്ഷിച്ചു. പിന്നീട് സഹോദരിയുടേയും സഹപാഠികളുടേയും കുടയായിരുന്നു പിന്നീടു സ്ക്കൂളില്‍ പോകാന്‍ ശരണം.
അന്നൊക്കെ മഴയുടെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു. മഴയങ്ങു തുടങ്ങിയാല്‍ ശരിക്കും ശക്തമായ മഴതന്നെ!.. .. കോരി ചൊരിയുന്ന മഴയത്തും സ്കൂളില്‍പ്പോക്കു മുടക്കാറില്ലായിരുന്നു. സ്കൂളില്‍ എത്തുമ്പോഴേക്കും ഞാനും പുസ്തകവും ഏതാണ്ടൊക്കെ നനഞ്ഞിട്ടുണ്ടാകും...വര്‍ഷകാലം കഴിയുമ്പോഴേക്കും പുസ്തകം പകുതിയേ കാണൂ..
പുസ്തകം ഇല്ലെങ്കിലും വലിയ കുഴപ്പമൊന്നും തോന്നിയിരുന്നില്ല. കാരണം, പുസ്തകത്തിലെ പാഠങ്ങളൊക്കെ കുറച്ചു ദിവസങ്ങള്‍ക്കൊണ്ടുതന്നെ കാണാപാഠമാക്കിയിട്ടുണ്ടാകും..
മൂന്നാം ക്ലാസ്സിലെത്തിയപ്പോഴേക്കും അനിയനെ സ്കൂളില്‍ ചേര്‍ത്തു... അവനെയും സ്കൂളിലേക്ക് കൊണ്ടുപോകേണ്ട ചുമതല എനിക്കായിരുന്നു..
ഒരു ദിവസം സ്ക്കൂളില്‍ പോകുമ്പോള്‍ ഒരു ഇടവഴിയില്‍ വച്ചു നീണ്ട കൊമ്പുള്ള ഒരു പോത്ത് ഓടി വന്നു അനിയനെ ഒരു കുണ്ടിലേക്ക് തട്ടിയിട്ടു.. ഞങ്ങള്‍ പേടിച്ചു നിലവിളിച്ചു. ആരൊക്കെയോ ചേര്‍ന്ന് അവനെ അവിടെ നിന്നും പിടിച്ചു കയറ്റി.. അതില്‍പിന്നെ മൃഗങ്ങളെ എനിക്ക് പേടിയാണ്..പിന്നെ മൃഗസ്വഭാവമുള്ളവരേയും...
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം അപ്പര്‍പ്രൈമറി കാലഘട്ടം... വലിയൊരു സര്‍ക്കാര്‍ സ്കൂള്‍ ... രാഷ്ട്രീയവും കോലാഹലങ്ങളും കൊടികുത്തിവാഴുന്ന
സ്കൂള്‍ അങ്കണം..
ഷിഫ്റ്റ്‌ ആയാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത് ...പല ക്ലാസ്സിലും പലപ്പോഴും ടീച്ചര്‍മാര്‍ വന്നിരുന്നില്ല .. സംസ്കൃതം ഐച്ഛിക വിഷയമായെടുത്തു...എന്നാല്‍ ആ കൊല്ലത്തില്‍ ആകെ പഠിപ്പിച്ചത് അതിന്‍റെ അക്ഷരമാല മാത്രവും.
ടീച്ചര്‍മാര്‍ ഇല്ലാത്ത സമയം മുഴുവന്‍ ഞങ്ങള്‍ കളിയാണ്... നെല്ലിക്കയും മാങ്ങയും ചാമ്പക്കയും അമ്പഴങ്ങയുമെല്ലാം നിറയെ കായ്ച്ചു നിന്നിരുന്ന സ്കൂള്‍ മൈതാനം... ചില്ലുകളികളും കൊച്ചിപ്പിടുത്തവും ഒളിച്ചുകളികളുംകൊണ്ട് ആ കൊല്ലം മൊത്തം ഞങ്ങള്‍ അടിച്ചു തകര്‍ത്തു.
അവധിക്കാലത്തു ഞെട്ടിക്കുന്നൊരു വാര്‍ത്ത അച്ഛന്‍ പറഞ്ഞു... താമസം അമ്മ വീട്ടില്‍ നിന്ന് അച്ഛന്റെ വീട്ടിലേക്കു മാറ്റുന്നു .. അമ്മവീട്ടില്‍ എന്തൊക്കെയോ അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു ആ തീരുമാനം...
എന്റെ നെഞ്ച് തകര്‍ന്നു ..പ്രിയ കൂട്ടുകാരികളായ സുജാതയും സുനന്ദയേയും വിട്ടു പിരിയുന്ന സങ്കടം.
അച്ഛനോട് സങ്കടം പറഞ്ഞു.. കൊടുമ്പിരി കൊണ്ടുനിന്നിരുന്ന ആഭ്യന്തരകലഹത്തിനിടയില്‍ നമ്മുടെ കൊച്ചു സങ്കടങ്ങള്‍ക്കെന്തു വില...
പിന്നീടങ്ങോട്ടു പുതിയ സ്കൂള്‍, പുതിയ കൂട്ടുക്കാര്‍, പുതിയ അദ്ധ്യാപകര്‍.. അവിടെയാരുമെന്നെ അത്രയ്ക്ക് ഗൌനിക്കുന്നില്ലാ എന്നൊരു തോന്നല്‍.. എന്നാല്‍ അധിക ദിവസങ്ങള്‍ കഴിയുമ്പോഴേക്കും എനിക്കു കൂട്ടുകാരികളെയൊക്കെ കിട്ടി..
ഇംഗ്ലീഷ് എടുക്കുന്ന ശാരദ ടീച്ചറും കണക്കു പഠിപ്പിക്കുന്ന ചന്ദ്രമതി ടീച്ചറുമൊക്കെ എന്നോട് സ്നേഹം കാണിച്ചു. അതുകൊണ്ടായിരിക്കാം അവരുടെയൊക്കെ വിഷയങ്ങളിലൊക്കെ എനിക്കു നല്ല മാര്‍ക്കുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയും മലയാളവും പഠിപ്പിച്ചിരുന്ന മറിയുമ്മടീച്ചറെ എനിക്ക് തീരെ ഇഷ്ടല്ലായിരുന്നു. എപ്പോള്‍ നോക്കിയാലും അവര്‍ക്കെന്നോടൊരു ഈര്‍ഷ്യ പോലെ. ആ വിഷയങ്ങളുടെ മാര്‍ക്കുകളിലും അവരോടുള്ള അനിഷ്ടം പ്രതിഫലിച്ചിരുന്നു. എന്നോടാ കളി..
ആ സ്ക്കൂളില്‍ പഠിപ്പല്ലാതെ കലാകായികങ്ങളുമായി ബന്ധപ്പെട്ട ഒരു സംഗതികളും ഉണ്ടായിരുന്നില്ല.
ഹൈസ്കൂള്‍ ആയപ്പോഴേക്കും അമ്മയുടെ തറവാടിന്റെ അടുത്തുതന്നെ ഞങ്ങള്‍ വീടു വച്ചു... അങ്ങനെ വീണ്ടുമെന്റെ പഴയ പ്രിയകൂട്ടുകാരികളെ എനിക്കു തിരിച്ചു കിട്ടി.
പിന്നീടു ഞങ്ങള്‍ കളിക്കുന്നതും കുളിക്കാന്‍ കുളത്തില്‍ പോകുന്നതും കടയില്‍ പോകുന്നതും സ്കൂളില്‍ പോകുന്നതും ..എല്ലാം ഒരുമിച്ചായിരുന്നു.
ഒളിച്ചു കളിക്കുന്നതും കൊത്താംകല്ലാടുന്നതും മയിലാഞ്ചിയിടുന്നതും, അങ്ങനെ എന്തെല്ലാം രസകരമായ ഓര്‍മ്മകള്‍...
ഓണക്കാലമായാല്‍ നാലുമണിക്കു തന്നെ ഉറക്കമുണര്‍ന്നു പൂക്കളിറുത്തു ഓരോരുത്തരുടേയും മുറ്റത്തു മത്സരിച്ചു പൂക്കളമിടും... തിരുവാതിരക്കാലമായാല്‍
പാട്ടുപാടി പോയി കുളത്തില്‍ കുളിച്ചുവന്നു ഊഞ്ഞാലാടും... വിഷുക്കാലമായാല്‍ പടക്കവും കമ്പിത്തിരിയും കത്തിച്ചു രസിക്കും ....
വേനലവധിക്കാലങ്ങളില്‍ അച്ഛന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് പോകും... അവിടെ പോയാല്‍ റെയില്‍വേ ക്വാര്‍ട്ടെഴ്സില്‍ അടച്ചിരുന്നുകൊണ്ടുള്ള ദിവസങ്ങള്‍...
ഹൈസ്ക്കൂളിലെ എന്റെ ബന്ധുക്കള്‍ കൂടിയായിരുന്ന കൂട്ടുകാരും ഞാനും വളരെ വാശിയോടെത്തന്നെയാണ് പഠിച്ചിരുന്നത് ... പ്രീഡിഗ്രി കാലയളവില്‍ വലിയ
കോളേജില്‍ ആണ് പഠിച്ചതെങ്കിലും സൗഹൃദം ഒന്നോ രണ്ടോ കൂട്ടുകാരികളില്‍ മാത്രമൊതുങ്ങി. അധികം ഒച്ചപ്പാടില്ലാത്ത ഒരു കാലയളവായിരുന്നു അതെന്നോര്‍ക്കുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാനായി കോളേജില്‍ പോയിരുന്ന കാലഘട്ടത്തില്‍ എടുത്തു പറയത്തക്കതായി ഒന്നും ഓര്‍ക്കുന്നില്ല.
എന്‍റെ പഴയ ഡയറിക്കുറിപ്പുകളില്‍ നിന്നും....

വിവാദനായികസൌന്ദര്യത്തിന്റെ പര്യായമായിരുന്നു അവള്‍... അതിനു മാറ്റുകൂട്ടിക്കൊണ്ട് അവളുടെ സ്വര്‍ണ്ണമുടികളും..
ശൈശവം മുതലേ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമെല്ലാം എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കാനുള്ള പ്രചോദനം അവള്‍ക്കു നല്കിയിരുന്നു. അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം പരമാവധി മുതലെടുത്തു അവളൊരു അഭിനേത്രിയായി മാറി. പ്രശസ്തമായ സിനിമകളിലൂടെ പ്രശസ്തിയുടെ പടവുകള്‍ താണ്ടാന്‍ അവളെ സഹായിച്ചിരുന്നത് പ്രധാനമായും അവളുടെ സൗന്ദര്യം തന്നെ.
തന്‍റെ അഭിനയപാടവവും സൗന്ദര്യവും മൂലം അതിപ്രശസ്തയായിരുന്നെങ്കിലും അവള്‍ വിവാദങ്ങളുടെ കൂട്ടുകാരികൂടിയായിരുന്നു. അല്പവസ്ത്രധാരിയായും വിവസ്ത്രയായുമൊക്കെ സിനിമകളിലും പരസ്യങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാന്‍ യാതൊരു മടിയും കാണിക്കാതിരുന്നാല്‍ വിവാദങ്ങള്‍ എല്ലായ്പ്പോഴും പിറകേത്തന്നെ ഉണ്ടാവുമല്ലോ. മാദ്ധ്യമങ്ങള്‍ക്കു എല്ലാ ദിവസവും കുറച്ചു സ്ഥലം അല്ലെങ്കില്‍ സമയം അവളുടെ വിശേഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വേണ്ടി മാറ്റി വയ്ക്കേണ്ട അവസ്ഥയായിരുന്നു. സത്യത്തില്‍ അവരുടെ കച്ചവടം പൊടിപൊടിക്കാന്‍ അവളുടേയും സംഭാവനകള്‍ ഉണ്ടായിരുന്നു എന്നാണ് പറയേണ്ടത്.
സംഭവബഹുലമായ ജീവിതത്തില്‍ ഒന്നില്‍ക്കൂടുതല്‍ വിവാഹങ്ങളും വിവാഹ മോചനങ്ങളും പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും പലരുമായുള്ള അവിഹിത ബന്ധങ്ങളുടെ ഗോസിപ്പുകളും വാര്‍ത്തകളില്‍ അനുദിനം ഇടംപിടിച്ചപ്പോള്‍ പ്രശസ്തിക്കൊപ്പം തന്നെ കുപ്രസിദ്ധിയും ഉണ്ടായി.
സിനിമാരംഗത്തെ ഒരുപാട് പുരസ്ക്കാരങ്ങള്‍ അവളെത്തേടിയെത്തിയിരുന്നു. ഒടുവില്‍ രോഗബാധിതയായിരിക്കേ ഉണ്ടായ ദുരൂഹ മരണവും വിവാദമായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ അബദ്ധമാണോ എന്നൊക്കെയുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ലോകം മുഴുവനിലുമുള്ള മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.
സിനിമാക്കാര്‍ക്ക് പുതിയ വിഷയം കിട്ടി. അവളുടെ മരണം ഇതിവൃത്തമാക്കി ധാരാളം സിനിമകള്‍ ഇറങ്ങി. മിക്ക സിനിമകളും വന്‍വിജയമായി. അവളുടെ വ്യക്തിത്വം കൊണ്ട് സിനിമാ വ്യവസായംതന്നെ പുഷ്ടി പ്രാപിച്ചു എന്നും കരുതാം.
ജോലിയോടുള്ള അവളുടെ അസാധാരണമായ സത്യസന്ധതയും പുതിയ ഉദ്യമങ്ങള്‍ വിജയത്തിലേക്കെത്തിക്കാനുള്ള ധീരതയും വാഴ്ത്തപ്പെടെണ്ടാതുതന്നെയായിരുന്നു. പ്രായഭേദമെന്യേ ആ മാദകസൗന്ദര്യം പുരുഷന്മാരുടെ ഉറക്കം കെടുത്തിയിരുന്നു പോലും!
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കെ അവളുടേതെന്നു പറഞ്ഞു പ്രചരിച്ച ഒരു നഗ്നചിത്രവും വന്‍വിവാദമായി. അവളുടെ ആരാധകരും അഭ്യുദയകാംക്ഷികളും നിര്‍ദ്ദേശിച്ചതനുസരിച്ചു അതിന്‍റെ പേരില്‍ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി.
എന്നാല്‍ ആ ചിത്രം തന്റേതു തന്നെയാണ് എന്നു നിഷ്ക്കളങ്കമായൊരു പുഞ്ചിരിയോടെ വെളിപ്പെടുത്തുകയായിരുന്നു അവള്‍ ചെയ്തത്. സദസ്സും ഇതു കേട്ട സര്‍വ്വരും അവിശ്വസനീയതയോടെ സ്വയം മൂക്കത്തു വിരല്‍ വച്ചപ്പോള്‍ അവള്‍ തുടര്‍ന്നു.
വിദ്യാഭ്യാസ മില്ലാത്ത ഒരനാഥപ്പെണ്‍കുട്ടി. ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാതെ നടന്നപ്പോള്‍ പിടിച്ചു നില്ക്കാന്‍ കിട്ടിയ അവസരങ്ങള്‍ ഉപയോഗിച്ചു. ഞാന്‍ ജീവിതത്തില്‍ ആരില്‍നിന്നും ഒന്നും കവര്‍ന്നിട്ടില്ലാ, നുണകള്‍ പറഞ്ഞു വഞ്ചിച്ചിട്ടില്ല. സൂക്ഷിച്ചു നോക്കിയാല്‍ ഒരുകാലത്തു ഞാനനുഭവിച്ച പോലെ എന്നെപ്പോലുള്ള ഒരുപാടു പെണ്‍കുട്ടികളുടെ ദയനീയതയും നിസ്സഹായതയുമാണ് ആ ചിത്രത്തില്‍ കാണാന്‍ കഴിയുക.''
ചോദ്യങ്ങള്‍ കൊണ്ട് അവളെ മുള്‍മുനയില്‍ നിര്‍ത്താനായി തയ്യാറെടുത്തു വന്നവരോട് അവള്‍ തുറന്നടിച്ചു.
"ഞാന്‍ നന്മയുള്ളവളാണ്; പക്ഷേ, മാലാഖയല്ല. ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്;
പക്ഷേ, ഒരു പിശാചൊന്നുമല്ല. ഈ വലിയ ലോകത്തില്‍ സ്നേഹിക്കാന്‍ ആത്മാര്‍ത്ഥതയുള്ള ഒരാളെ തേടിനടക്കുന്ന ചെറിയൊരു കുട്ടി. അതാണു ഞാന്‍.''
ജീവിച്ചിരിക്കുമ്പോഴും ശേഷവും വിവാദങ്ങളുടെ തോഴിയായിരുന്നെങ്കിലും വിവാദങ്ങളെക്കുറിച്ച് ഒരിക്കല്‍പ്പോലും അവള്‍ ആശങ്കപ്പെട്ടതായി ആര്‍ക്കും കാണാന്‍ സാധിച്ചിട്ടില്ല.
ആ വിവാദനായികയുടെ പേരായിരുന്നു മരിലിൻ മൺറോ!
-----------------------------------------------------------------------------------------------
മരിലിൻ മൺറോ
ജനനം നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജൂൺ 1, 1926-നു – മുപ്പത്തി ആറാം വയസ്സില്‍ മരണം: ഓഗസ്റ്റ് 5, 1962.
ബസ് സ്റ്റോപ്പ് (1956) എന്ന ചലച്ചിത്രത്തിലെ അഭിനയം വിമർശകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ഈ വേഷത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ്നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. മരിലിന്റെ ചലച്ചിത്ര നിർമാണക്കമ്പനിയായ മരിലിൻ മൺറോ പ്രൊഡക്ഷൻസ് ദി പ്രിൻസ് ആൻഡ് ദി ഷോഗേൾ (1957) എന്ന ചലച്ചിത്രം നിർമിച്ചു. ഇതിലെ അഭിനയത്തിന് മരിലിന് ബാഫ്റ്റ പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഡേവിഡ് ഡി ഡോണറ്റല്ലോ പുരസ്കാരവും ലഭിക്കുകയുണ്ടായി. സം ലൈക്ക് ഇറ്റ് ഹോട്ട് (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് പുരസ്കാരം ലഭിച്ചു. മരിലിന്റെ പൂർത്തിയായ അവസാന ചലച്ചിത്രം ദി മിസ്‌ഫിറ്റ്സ് (1961) ആയിരുന്നു. ക്ലാർക്ക് ഗേബിൾ ആയിരുന്നു ഈ ചിത്രത്തിൽ മരിലിനോടൊപ്പമഭിനയിച്ചത്.
മരിലിൻ മൺറോയുടെ സിനിമകള്‍ ഇന്നും ചില സിനിമാ സങ്കേതങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.
1999-ൽ മൺറോയെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായി തിരഞ്ഞെടുക്കുകയുണ്ടായി. മരണശേഷം സാംസ്കാരിക ബിം‌ബം എന്നതുകൂടാതെ അമേരിക്കയെ പ്രതിനിധീകരിക്കുന്ന സെക്സ് ബിംബം എന്ന പ്രതിച്ഛായയും മരിലിന് ലഭിച്ചു. 2009-ൽ ടി.വി. ഗൈഡ് നെറ്റ്‌വർക്ക്മരിലിനെ എക്കാലത്തെയും ചലച്ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുത്തു.
മരിലിൻ മൺറോയുടെ സ്മരണയ്ക്കായി 2011 ജൂലൈ 15 നു ചിക്കാഗോയിലും 2012 ല്‍ കാലിഫോര്‍ണിയയിലും സ്ഥാപിച്ച കൂറ്റന്‍ ശില്പ്പങ്ങള്‍ ഇന്നും കാഴ്ചക്കാര്‍ക്ക് രോമാഞ്ചം സൃഷ്ടിക്കുന്നു എന്നതും അവരുടെ സെലിബ്രിറ്റിക്ക് ഇഹലോകവാസം വെടിഞ്ഞു 53 വര്‍ഷത്തിനു ശേഷവും കാര്യമായി മങ്ങലേറ്റിട്ടില്ല എന്നു തെളിയിക്കുന്നു.

(ചില വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് - വിക്കിപ്പീഡിയ)

Wednesday 6 May 2015

വേലിയിറക്കം

(വിഷയം - പരോപകാരം)
പാറയിലടിച്ചു തകര്‍ന്ന തിരയുടെ തുള്ളികള്‍ കടല്‍ക്കാറ്റ്, ബാഹുലേയന്‍റെ മുഖത്തേക്ക്  പറത്തിയിട്ടു.
വേലിയേറ്റം തുടങ്ങിയിരിക്കണം....
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കടലിനു മാത്രമല്ല സ്വന്തം. ഓരോ ജീവിതത്തിലും അത് സംഭവിക്കുന്നില്ലേ?...
അല്പം പിറകിലോട്ടു മാറി, കടലിലേക്ക്‌ തള്ളിനില്‍ക്കുന്ന ആ പാറയില്‍ വീണ്ടും മലര്‍ന്നു കിടന്നു.
"തനിക്കിനി എങ്ങോട്ടു പോകാന്‍?.."
കടല്‍ക്കാക്കകളെപ്പോലെ ചിന്തകള്‍ എങ്ങോട്ടെന്നില്ലാതെ പറക്കാന്‍ തുടങ്ങി.
രാഷ്ട്രീയം തനിക്കൊരു ഉപജീവനമാര്‍ഗ്ഗമായിരുന്നില്ല. ഹൈസ്ക്കൂള്‍ മുതല്‍ ചരിത്ര പാഠപുസ്തകങ്ങള്‍ തന്‍റെ കൂട്ടുകാരായിരുന്നല്ലോ. സ്വജീവന്‍ പണയംവച്ചും അനീതികള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും എതിരെ പടപൊരുതിയവരുടെ ആത്മാക്കളെ ഓരോരുത്തരെയായി എള്ളുംപൂവും കാണിയ്ക്ക വച്ച് അന്നേമുതല്‍ ഹൃദയത്തില്‍ കുടിയിരുത്തിവന്ന തനിക്കു രാഷ്ട്രസേവനമല്ലാതെ മറ്റൊരു തട്ടകം സ്വീകരിക്കാനാവുമായിരുന്നില്ല.
"മോനേ.. നെനക്കും വേണ്ടേടാ.. ഒരു മംഗലോം കുഞ്ഞൂട്ടി പരാധീനങ്ങളുമൊക്കെ.. ഒള്ളതൊക്കെ ഇങ്ങനെ വേണ്ടാന്ന്ച്ചാല്‍ നാളെ നീ എന്ത് ചെയ്യും?"
തറവാട് ഭാഗം വച്ചു കിട്ടിയ ഒന്നര ഏക്കര്‍ ഭൂമി പാര്‍ട്ടിക്കുവേണ്ടി എഴുതിക്കൊടുക്കുമ്പോള്‍ വിഷമത്തോടെ അമ്മ പറഞ്ഞു.
തന്‍റെ ഹൃദയമെന്നു പറഞ്ഞാല്‍ താന്തിയാത്തോപ്പി മുതല്‍ മഹാത്മാഗാന്ധി വരെയുള്ള  മഹദ്വ്യക്തികളുടെ ആത്മാക്കള്‍ കുടിയിരിക്കുന്ന സ്മൃതി മണ്ഡപവുംഅവരുടെ ഇസങ്ങളുടെ കേദാരവുമായിരുന്നു.
അഴിമതികള്‍ക്കും അരാജകത്വത്തിനും പേടീ സ്വപ്നമായിരുന്നു തന്‍റെ ജീവിതം..അണികളുടെ ആരവങ്ങള്‍ ഞരമ്പുകളില്‍ ഒഴുകുന്ന ചോരയെ പ്രായഭേദമെന്യേ തിളപ്പിച്ചിരുന്നു. കയ്യും മെയ്യും നോക്കാതെ സമരമുഖത്തേക്ക് കുതിച്ചു ചെന്നു അണികളിലൊരാളായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ബാഹുലേയന്‍ പാര്‍ട്ടിയിലെ യുവജനങ്ങളുടെ ശക്തനായ വക്താവും ജനങ്ങള്‍ മാത്രമല്ലാ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു.
എവിടെയാണ് പിഴവ് സംഭവിച്ചത്? മന്ത്രിയാവണമെന്നു ഒരിക്കലും ആഗ്രഹിച്ചതായിരുന്നില്ല. അണികളുടെ ശക്തമായ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരികയായിരുന്നു. ആഡംബരങ്ങളും മണിമന്ദിരങ്ങളും എല്ലാം ഉപേക്ഷിച്ച്, അണികളില്‍ ഒരാളായി ആത്മാര്‍ത്ഥതയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഭരണനിര്‍വ്വഹണം നടത്തിക്കൊണ്ടിരുന്നത് ആരിലൊക്കെയായിരിക്കണം അസ്വസ്ഥത ഉളവാക്കിയിരിക്കുക?..
ആരുടെയൊക്കെയോ തിരക്കഥയ്ക്ക് വശംവദരായ തന്‍റെ പ്രിയപ്പെട്ട അണികളുടെപ്പോലും   bആട്ടുംതുപ്പും പരിഹാസവും ഏറ്റുവാങ്ങി സങ്കടത്തോടെ പടിയിറങ്ങേണ്ടി വരാന്‍ മാത്രം നിഷ്ഠൂരത തന്‍റെ ഏതു പ്രവൃത്തികളിലായിരിക്കും അവര്‍ കണ്ടെത്തിയിരിക്കുക?!...
എന്നില്‍ ദശാബ്ദങ്ങളായി കുടികൊള്ളുന്ന, നിത്യവും ഞാന്‍ തിരികത്തിച്ചു തൊഴുതു പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളേ... പറയൂ.. നിങ്ങളും ചരിത്രമായത് ഇങ്ങനെയൊക്കെയായിരുന്നുവോ?!...
പറന്നു പോകുന്നതിനിടയില്‍ ഒരു കടല്‍ക്കാക്ക കാഷ്ിച്ചത് മുഖത്തു വീഴാതെ പാറയില്‍ വീണു ചിതറി. അതിനു ലക്‌ഷ്യം തെറ്റിയതായിരിക്കണം.
മഹാസാഗരത്തില്‍ വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു....