Wednesday 13 January 2016

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക് 2 - ഓള്‍ ഇന്ത്യ റേഡിയോ............

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക് 2 - ഓള്‍ ഇന്ത്യ റേഡിയോ............

ഹൈസ്കൂള്‍ വരെ ഞാന്‍ പഠിച്ചിരുന്നത് എന്റെ നാട്ടിന്‍പുറത്തുള്ള സ്കൂളിലായിരുന്നു..നെല് വയലുകളും മാമ്പഴങ്ങള്‍ നിറഞ്ഞ മാവുകളും പേരയ്ക്കാമരങ്ങളും നിറഞ്ഞിരുന്ന  സ്കൂളിലേക്കുള്ള വഴിയോരക്കാഴ്ചകള്‍ എന്റെ മനസ്സിലേക്ക് ഇന്നും അറിയാതെ ഓടിയെത്തുന്നു

 
പത്താം ക്ലാസ് നല്ല  മാര്‍ക്കോടെ പാസ്സായി ......  മക്കള്‍ക്ക്‌ തനിക്കു  കൊടുക്കാന്‍  സാധിക്കുന്ന  ഏറ്റവും  വലിയ ധനം വിദ്യാധനം ആണെന്നു  റെയില്‍വേ  ജീവനക്കാരനായിരുന്ന  അച്ഛന് ബോദ്ധ്യമുണ്ടായിരുന്നു.  എന്നാല്‍  പത്താം ക്ലാസ്  കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍  പഠിപ്പ് നിര്‍ത്തി കുടുംബജീവിതം നയിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം എന്നതായിരുന്നു  തറവാട്ടിലെ ഭൂരിഭാഗം കാരണവന്മാരുടേയും മനോഗതം. എന്‍റെ കാര്യത്തിലും  അവര്‍  ഇടപെട്ടു. കുട്ടിയെ ഇനി പഠിക്കാന്‍ വിടേണ്ടാ.. അവള്‍  വീട്ടുകാര്യങ്ങളൊക്കെ  പഠിക്കട്ടേ എന്നൊക്കെ അവര്‍ അച്ഛനോട്  ഉപദേശിച്ചു. കാരണം പത്താം ക്ലാസ്സിനു  ശേഷം എന്‍റെ സഹോദരിമാരല്ലാതെ കുടുംബത്തിലെ ആരും ഉപരിപഠനത്തിനു പോയിരുന്നില്ല. പക്ഷേ, അച്ഛന്‍ അതൊന്നും  ചെവികൊണ്ടില്ല. 
 
അങ്ങനെ ഞാനും ഒരു കോളേജ് കുമാരിയായി. ആ ഗ്രാമത്തില്‍ നിന്നും അക്കാലത്ത് വളരെ വിരളം പെണ്‍കുട്ടികള്‍ മാത്രമേ  കോളേജില്‍ പോയിരുന്നുള്ളൂ. അച്ഛന്‍ ഹൈദരാബാദില്‍ നിന്നും  കൊണ്ടുവരുന്ന  ചുരിദാറുകള്‍  ധരിക്കാന്‍ വീട്ടിലെ മറ്റുള്ള പെണ്‍കുട്ടികള്‍ക്ക്  അന്നൊക്കെ വിമുഖതയായിരുന്നു. കാരണം ആ നാടിനെ  സംബന്ധിച്ച്  ആ വസ്ത്രരീതി അന്യമായിരുന്നു. കോളേജില്‍ ചിലരെല്ലാം ചുരിദാര്‍  ധരിച്ചു  വരുന്നത്  ഞാന്‍ ശ്രദ്ധിച്ചു. അതോടെ  ഞാനും  ചുരിദാറുകള്‍ ധരിച്ച്  കോളേജില്‍ പോകാന്‍ തുടങ്ങി. അതിനെ സംബന്ധിച്ച്  ചില  നാടന്മാരുടെ വിമര്‍ശനങ്ങളും  അന്ന് സഹിക്കേണ്ടി  വന്നിട്ടുണ്ട്. അന്നെന്നെ  കളിയാക്കിയവരുടെ ഭാര്യമാരും മക്കളുമൊക്കെ ഇന്ന്  ചുരിദാര്‍  ധരിച്ചു പോകുന്നത്  കാണുമ്പോള്‍ എനിക്ക് ചിരി വരും.  പെണ്‍കുട്ടികള്‍ക്ക് ഏറ്റവും  അനുയോജ്യമായ  വസ്ത്രങ്ങളില്‍  ഒന്നാണ്  അതെന്ന അവബോധത്തില്‍ ഞാന്‍  അതിനെ ഒഴിവാക്കിയില്ല. 
 
പറഞ്ഞു പറഞ്ഞ് വിഷയത്തില്‍ നിന്നും അല്പം വ്യതിചലിച്ചു പോയി. വിഷയം ഇതൊന്നുമല്ലാ...  നാട്ടിലെ പൊതുവായ  ഏതു  സംരംഭങ്ങളോടും അനുകൂലമായ  മനോഭാവം പുലര്‍ത്തിവരുന്നവരായിരുന്നു  ഞങ്ങളുടെ  വീട്ടുകാര്‍. അതിനാല്‍  എപ്പോഴും എന്തെങ്കിലും  കാര്യങ്ങള്‍ക്കായി  ആരെങ്കിലുമൊക്കെ ഏതു  സമയത്തും  വീട്ടില്‍  വരാറുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുമായും നല്ല  സഹകരണം കാരണവന്മാര്‍  ഉറപ്പു  വരുത്തിയിരുന്നു. അന്നൊക്കെ കമ്പിത്തപാലൊക്കെ വരുമ്പോള്‍ അതൊക്കെ  വായിപ്പിക്കാനും  അപ്ലിക്കേഷന്‍  ഫോമുകള്‍ പൂരിപ്പിക്കാനുമൊക്കെ ആളുകള്‍  വന്നിരുന്നത്  ഞങ്ങളുടെ  വീട്ടിലേക്കായിരുന്നു.     
 
പൊതു തിരഞ്ഞെടുപ്പ് കാലമായാല്‍ അമ്മാവന്‍റെ  സുഹൃത്തുക്കളും മറ്റുള്ള  ചിലരുമൊക്കെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ വീടിന്‍റെ കോലായില്‍ വന്നിരിക്കാറുണ്ട്. ടീവിയില്‍ നോക്കിയിരിക്കുന്നതുപോലെയാണ് റേഡിയോയില്‍ കണ്ണുംനട്ട്  അന്നൊക്കെ  അവര്‍ ഇരുന്നിരുന്നത്. നമ്മുക്കാണെങ്കില്‍ രാഷ്ട്രീയത്തെക്കുറിച്ച്  യാതൊരു  പിടിപാടും ഇല്ലതാനും. 
 
ഇടതുവലതു വിഭാഗങ്ങളില്‍പ്പെടുന്ന ജനം അക്ഷമരായി ഇലക്ഷന്‍ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കും. മലയാളം പ്രാദേശിക വാര്‍ത്തകള്‍ കഴിഞ്ഞാല്‍ പിന്നെ ഡല്‍ഹി റിലെ വാര്‍ത്തകള്‍  വരുന്നത് വരെ അവര്‍ത്തമ്മിലുള്ള ചര്‍ച്ചകള്‍ കോലായിയിലും  മുറ്റത്തും പൊടിപൊടിക്കുന്നത്  കാണാം. ഇടതേത് വലതേത് എന്നൊന്നും പിടുത്തമില്ലാതിരുന്ന ഞങ്ങള്‍ കുട്ടികള്‍ അതിലൊന്നും ശ്രദ്ധ കൊടുക്കാറില്ല.
 
ഇടതും വലതും ഒരേപോലെ മുന്നിട്ടുനില്ക്കുന്ന അവസരത്തിലാണ് ഇംഗ്ലീഷ്  വാര്‍ത്ത വന്നത്. ഇംഗ്ലീഷ് വാര്‍ത്ത വന്നാല്‍ സാധാരണ നാട്ടുകാരൊക്കെ റേഡിയോ ഓഫ് ചെയ്തു വയ്ക്കുകയാണ് പതിവ്. എന്നാല്‍ അന്ന് അതും കേട്ടേ അടങ്ങൂ  എന്ന വാശിയില്‍ നാട്ടുകാര്‍. പക്ഷേ കേട്ടിട്ട് ഒന്നുമങ്ങട് പുടി കിട്ടുന്നതുമില്ല. ലീഡിംഗ് നിലകള്‍  പറയുമ്പോള്‍  അത്  ഇടതാണോ  വലതാണോ  എന്ന്  നിശ്ചയമില്ലാതെ അവര്‍ പരസ്പരം നോക്കി. 
 
ഉടനേ ഒരു കാരണവരുടെ തലയില്‍ ബോധോദയമുണ്ടായി. 
 
"ഇതൊക്കെ കേട്ടാ  മനസ്സിലാവണ കുട്ട്യോളൊക്കെ ഇവിടണ്ടല്ലോ... മീനൂട്ട്യേ ഒന്നിങ്ങട്‌ വര്യാ... " അദ്ദേഹം അകത്തേക്ക്  വിളിച്ചു പറഞ്ഞു. 
 
എന്താണ്  കാര്യമെന്നറിയാതെ ഞാന്‍ പുറത്തേക്കു വന്നു. 
 
"കുട്ടിക്ക് ഇംഗ്ലീഷ് ഒക്കെ അറിയാലോ.. ആരായിപ്പോ  മുന്നിട്ടു നിക്കണേന്നു ഒന്നങ്ങട് പറയാ... " 
 
ഞാന്‍ കുടുങ്ങിപ്പോയി... പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാരിക്ക് എന്ത് ഇംഗ്ലീഷ്.. അതും  ആഷ് പൂഷ്  എന്ന് വാര്‍ത്ത വായിക്കുന്നത്  കേട്ട്  എന്ത്  മനസ്സിലാവാന്‍... എന്നാല്‍ സാധിക്കില്ലാന്നു പറയാന്‍ അപ്പോഴത്തെ  ആത്മാഭിമാനം സമ്മതിച്ചുമില്ല.
 
"എബൌട്ട്‌ കേരള അസ്സംബ്ലി ഇലക്ഷന്‍സ്... അക്കോര്‍ഡിംഗ് ടു ദി ലാസ്റ്റ് റിപ്പോര്‍ട്ട് എല്‍ ഡി എഫ് ഈസ്‌ ട്രെയിലിംഗ് ബൈ സെവെന്‍ സീറ്റ്സ്..(about kerala assembly elections... according to the last report LDF is trailing by seven seats) "
 
ട്രെയിലിംഗ്!!... എന്താത് സംഭവം?... ഒരിക്കലും കേട്ടിട്ടില്ലേയില്ല ആ വാക്ക്.. ആശയക്കുഴപ്പമായി. ചിന്തിച്ചു.. ട്രെയിലിംഗ്, ട്രെയിനിംഗ്.. ഹും.. ട്രെയിന്‍ പോലെ മുന്നോട്ടു പോകുന്നു  എന്നുതന്നെയായിരിക്കണം അതിന്‍റെ അര്‍ത്ഥമെന്നു  ഞാനങ്ങു  ഉറപ്പിച്ചു. 
 
"മോളേ .... ആരാണ്  മുന്നിട്ടു  നില്ക്കുന്നേ..": കാരണവര്‍  ചോദിച്ചു..  
 
ലവലേശം  സംശയമില്ലാതെ  ഞാന്‍ അടിച്ചുവിട്ടു. 
 
":എല്‍ ഡി എഫ് ഏഴു സീറ്റിനു  മുന്നിലാണ്.  ദേ ലാസ്റ്റ് റിപ്പോര്‍ട്ട്  വന്നൂന്നാ ന്യൂസില്‍ പറഞ്ഞേ"
 
അതോടെ ഇടതു പക്ഷക്കാര്‍ ആഹ്ലാദപ്രകടനവുമായി പടിയിറങ്ങിപ്പോയി. വലതുപക്ഷക്കാരനായിരുന്ന  ആ കാരണവരുടെ മുഖം മ്ലാനവുമായി. 
 
ആ നേരത്താണ്  അമ്മാവന്‍ പുറത്തുനിന്നും സൈക്കിളില്‍ വീട്ടിലേക്കു കടന്നുവരുന്നത്. 
 
"ശ്രീധരേട്ടാ.. എന്താ ഒരുഷാറില്ലാത്തേ.. ഇങ്ങടെ പാര്‍ട്ടി ജയിക്കാന്‍ പോവാണല്ലോ... ഞാനിപ്പോ  ഇംഗ്ലീഷ്  വാര്‍ത്ത കേട്ടു. ഏഴു സീറ്റിനു മുന്നിട്ടു നില്ക്കുന്നു." വിഷണ്ണനായി  പടിയിറങ്ങുന്ന ശ്രീധരന്‍ നായരോട് അമ്മാവന്‍ പറഞ്ഞു. ഞങ്ങടെ പാര്‍ട്ടി മുന്നിലാണെന്നോ?!!! ദേ ഇപ്പോ  ആ മീനൂട്ടി പറഞ്ഞേയുള്ളൂ  ഏഴു  സീറ്റിനു  പിന്നിലാണെന്ന്... നീ  ശെരിക്കും കേട്ടിട്ട് തന്ന്യാണോ  ഈ പറേണത്?!.." കാരണവര്‍ക്ക് അത്ഭുതം
 
"ഹല്ലാപ്പിന്നെ.. ഞാന്‍ ശരിക്കും  കേട്ടതല്ലേ എല്‍ ഡി എഫ് ഏഴു സീറ്റിനു പിറകിലാണെന്ന്. ..."
 
കോലായില്‍ നിന്ന്  ഈ  സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു നിന്നിരുന്ന  എനിക്ക് മനസ്സിലായി.. പണി പാളി... അമ്മാവന്‍  പറഞ്ഞത് കേട്ട് ആ കാരണവര്‍ പൂമുഖത്തേക്ക്‌ തിരിഞ്ഞു നോക്കി. ഞാന്‍ നിമിഷനേരം കൊണ്ട് തൂണിന്റെ മറവിലേക്ക് ഒളിച്ചു.
 
"ഡാ ഉണ്ണ്യേ.. എന്തിനാടാ ഇവറ്റങ്ങളെയൊക്കെ പഠിക്കാന്‍  വിടണേ.. ഒരു കാര്യൂല്യാ..." എന്നും പറഞ്ഞുകൊണ്ട് ആ കാരണവര്‍  പടിയിറങ്ങിപ്പോയി. എന്താണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥം എന്നറിയാതെ  അമ്മാവനും മേല്പ്പോട്ട് നോക്കി നില്ക്കുന്നതും കണ്ടു. 
 
പിന്നീട് കോളേജില്‍ പോകുമ്പോഴൊക്കെ അന്ന് വീട്ടില്‍ നിന്നും ജയ്‌ വിളിച്ചു  ആഹ്ലാദത്തോടെ പോയവരുടെ മുന്നില്‍ച്ചെന്നു ചാടാതെയിരിക്കാനുള്ള തത്രപ്പാടായിരുന്നു കുറച്ചു നാള്‍. ഇംഗ്ലീഷ് ന്യൂസ് കേള്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക്  ആ  കഥ  ഓര്‍മ്മ വരും. 

No comments:

Post a Comment