Wednesday 13 January 2016

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക്

എന്‍റെ കുട്ടിക്കാലം.... ഒരു ഫ്ലാഷ് ബാക്ക്


ശാന്തമായി ഒഴുകുന്ന തെളി നീരിന്റെ സൌമ്യതയോടെ മനസ്സിലേക്കാവാഹിച്ച സൌഹൃദക്കൂട്ടായ്മ്മയുടെ സ്നേഹമര്‍മ്മരങ്ങള്‍ ആസ്വദിക്കുന്നവരുടെ സമക്ഷം ചില ബാല്യകൗമാര ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
ഭൂമിയില്‍ ജന്മമെടുത്തതില്‍പ്പിന്നെ വീണുകിട്ടിയ അത്യപൂര്‍വ്വമായ ഈ സുന്ദരമായ കാലയളവില്‍ മനസ്സിലെ മണിച്ചെപ്പില്‍ മായതെക്കിടക്കുന്ന ഓര്‍മ്മകളില്‍ ഏതാണ് ആദ്യം പങ്കു വയ്ക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിനറുതി വരുത്തിക്കൊണ്ടു കുഞ്ഞുടുപ്പുമിട്ടുകൊണ്ട് ഓടിച്ചാടി നടന്ന ആ സുന്ദര കാലഘട്ടത്തിലേക്ക് കടന്നുചെല്ലട്ടേ..............
കണ്ണിമാങ്ങയും പുളിങ്കുരുവും പെറുക്കിയെടുത്തു കൂട്ടുകാരോടൊത്തു നടന്ന കാലം.. വീടിനടുത്തായി ആരംഭിച്ച പുതിയ പ്രൈമറി സ്കൂളിലേക്കുള്ള ആദ്യ ചുവടുവെപ്പ്‌... നാലുവയസ്സുള്ള എന്നെ 5 വയസ്സുകാരിയാക്കി സ്കൂള്‍ രേഖകളില്‍ കാണിച്ചു ഒന്നാം ക്ലാസ്സിലെ ബഞ്ചിലിരുത്തിയപ്പോള്‍ അതേവരെ അന്യമായിരുന്ന ഏതോ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു. അങ്ങനെ എന്നേക്കാള്‍ പ്രായകൂടുതലുള്ളവരുമായി ഞാന്‍ മത്സരിച്ചു മുന്നേറി...
എല്ലാവരെയും പോലെ നടക്കാനായിരുന്നു അന്നത്തെ മനോഭാവം .. പുതുമയെക്കാള്‍ ഒരുമയെ സ്നേഹിച്ച കാലം ...
അച്ഛന്‍ ഹൈദരാബാദില്‍ നിന്നു കൊണ്ടുവന്ന ഫാഷന്‍ ഉടുപ്പുകളോ റെയിന്‍കോട്ടുകളോ ഇട്ടു വന്നാല്‍ സഹപാഠികള്‍ കളിയാക്കിയിരുന്നതു മനസ്സില്‍ കുഞ്ഞുനൊമ്പരങ്ങള്‍ ഉണര്‍ത്തിയിരുന്നത്‌ ഓര്‍ക്കുന്നു. .. എങ്കിലും ഇത്തരം ചെറിയ സങ്കടങ്ങള്‍ മനസ്സിലാക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് പരമമായ സത്യം.
റെയിന്‍കോട്ട് ധരിച്ചു വരുന്ന എന്നെ കുട്ടിഭൂതമെന്നു വിളിച്ചു കൂട്ടുകാര്‍ കളിയാക്കിയിരുന്നപ്പോള്‍ എല്ലാ കുട്ടികളുടേയും കൈവശമുണ്ടായിരുന്ന മരക്കാലന്‍ ശീലക്കുട ചൂടി പോകുകയെന്നത് എന്‍റെ ഒരു സ്വപ്നമായി മാറി. കൂട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ വന്നപ്പോള്‍ മേലാല്‍ റെയിന്‍കോട്ട് ധരിച്ചു പോകില്ലെന്നു വീട്ടില്‍ വാശി പിടിച്ചു അതുപേക്ഷിച്ചു. പിന്നീട് സഹോദരിയുടേയും സഹപാഠികളുടേയും കുടയായിരുന്നു പിന്നീടു സ്ക്കൂളില്‍ പോകാന്‍ ശരണം.
അന്നൊക്കെ മഴയുടെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു. മഴയങ്ങു തുടങ്ങിയാല്‍ ശരിക്കും ശക്തമായ മഴതന്നെ!.. .. കോരി ചൊരിയുന്ന മഴയത്തും സ്കൂളില്‍പ്പോക്കു മുടക്കാറില്ലായിരുന്നു. സ്കൂളില്‍ എത്തുമ്പോഴേക്കും ഞാനും പുസ്തകവും ഏതാണ്ടൊക്കെ നനഞ്ഞിട്ടുണ്ടാകും...വര്‍ഷകാലം കഴിയുമ്പോഴേക്കും പുസ്തകം പകുതിയേ കാണൂ..
പുസ്തകം ഇല്ലെങ്കിലും വലിയ കുഴപ്പമൊന്നും തോന്നിയിരുന്നില്ല. കാരണം, പുസ്തകത്തിലെ പാഠങ്ങളൊക്കെ കുറച്ചു ദിവസങ്ങള്‍ക്കൊണ്ടുതന്നെ കാണാപാഠമാക്കിയിട്ടുണ്ടാകും..
മൂന്നാം ക്ലാസ്സിലെത്തിയപ്പോഴേക്കും അനിയനെ സ്കൂളില്‍ ചേര്‍ത്തു... അവനെയും സ്കൂളിലേക്ക് കൊണ്ടുപോകേണ്ട ചുമതല എനിക്കായിരുന്നു..
ഒരു ദിവസം സ്ക്കൂളില്‍ പോകുമ്പോള്‍ ഒരു ഇടവഴിയില്‍ വച്ചു നീണ്ട കൊമ്പുള്ള ഒരു പോത്ത് ഓടി വന്നു അനിയനെ ഒരു കുണ്ടിലേക്ക് തട്ടിയിട്ടു.. ഞങ്ങള്‍ പേടിച്ചു നിലവിളിച്ചു. ആരൊക്കെയോ ചേര്‍ന്ന് അവനെ അവിടെ നിന്നും പിടിച്ചു കയറ്റി.. അതില്‍പിന്നെ മൃഗങ്ങളെ എനിക്ക് പേടിയാണ്..പിന്നെ മൃഗസ്വഭാവമുള്ളവരേയും...
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം അപ്പര്‍പ്രൈമറി കാലഘട്ടം... വലിയൊരു സര്‍ക്കാര്‍ സ്കൂള്‍ ... രാഷ്ട്രീയവും കോലാഹലങ്ങളും കൊടികുത്തിവാഴുന്ന
സ്കൂള്‍ അങ്കണം..
ഷിഫ്റ്റ്‌ ആയാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത് ...പല ക്ലാസ്സിലും പലപ്പോഴും ടീച്ചര്‍മാര്‍ വന്നിരുന്നില്ല .. സംസ്കൃതം ഐച്ഛിക വിഷയമായെടുത്തു...എന്നാല്‍ ആ കൊല്ലത്തില്‍ ആകെ പഠിപ്പിച്ചത് അതിന്‍റെ അക്ഷരമാല മാത്രവും.
ടീച്ചര്‍മാര്‍ ഇല്ലാത്ത സമയം മുഴുവന്‍ ഞങ്ങള്‍ കളിയാണ്... നെല്ലിക്കയും മാങ്ങയും ചാമ്പക്കയും അമ്പഴങ്ങയുമെല്ലാം നിറയെ കായ്ച്ചു നിന്നിരുന്ന സ്കൂള്‍ മൈതാനം... ചില്ലുകളികളും കൊച്ചിപ്പിടുത്തവും ഒളിച്ചുകളികളുംകൊണ്ട് ആ കൊല്ലം മൊത്തം ഞങ്ങള്‍ അടിച്ചു തകര്‍ത്തു.
അവധിക്കാലത്തു ഞെട്ടിക്കുന്നൊരു വാര്‍ത്ത അച്ഛന്‍ പറഞ്ഞു... താമസം അമ്മ വീട്ടില്‍ നിന്ന് അച്ഛന്റെ വീട്ടിലേക്കു മാറ്റുന്നു .. അമ്മവീട്ടില്‍ എന്തൊക്കെയോ അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു ആ തീരുമാനം...
എന്റെ നെഞ്ച് തകര്‍ന്നു ..പ്രിയ കൂട്ടുകാരികളായ സുജാതയും സുനന്ദയേയും വിട്ടു പിരിയുന്ന സങ്കടം.
അച്ഛനോട് സങ്കടം പറഞ്ഞു.. കൊടുമ്പിരി കൊണ്ടുനിന്നിരുന്ന ആഭ്യന്തരകലഹത്തിനിടയില്‍ നമ്മുടെ കൊച്ചു സങ്കടങ്ങള്‍ക്കെന്തു വില...
പിന്നീടങ്ങോട്ടു പുതിയ സ്കൂള്‍, പുതിയ കൂട്ടുക്കാര്‍, പുതിയ അദ്ധ്യാപകര്‍.. അവിടെയാരുമെന്നെ അത്രയ്ക്ക് ഗൌനിക്കുന്നില്ലാ എന്നൊരു തോന്നല്‍.. എന്നാല്‍ അധിക ദിവസങ്ങള്‍ കഴിയുമ്പോഴേക്കും എനിക്കു കൂട്ടുകാരികളെയൊക്കെ കിട്ടി..
ഇംഗ്ലീഷ് എടുക്കുന്ന ശാരദ ടീച്ചറും കണക്കു പഠിപ്പിക്കുന്ന ചന്ദ്രമതി ടീച്ചറുമൊക്കെ എന്നോട് സ്നേഹം കാണിച്ചു. അതുകൊണ്ടായിരിക്കാം അവരുടെയൊക്കെ വിഷയങ്ങളിലൊക്കെ എനിക്കു നല്ല മാര്‍ക്കുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയും മലയാളവും പഠിപ്പിച്ചിരുന്ന മറിയുമ്മടീച്ചറെ എനിക്ക് തീരെ ഇഷ്ടല്ലായിരുന്നു. എപ്പോള്‍ നോക്കിയാലും അവര്‍ക്കെന്നോടൊരു ഈര്‍ഷ്യ പോലെ. ആ വിഷയങ്ങളുടെ മാര്‍ക്കുകളിലും അവരോടുള്ള അനിഷ്ടം പ്രതിഫലിച്ചിരുന്നു. എന്നോടാ കളി..
ആ സ്ക്കൂളില്‍ പഠിപ്പല്ലാതെ കലാകായികങ്ങളുമായി ബന്ധപ്പെട്ട ഒരു സംഗതികളും ഉണ്ടായിരുന്നില്ല.
ഹൈസ്കൂള്‍ ആയപ്പോഴേക്കും അമ്മയുടെ തറവാടിന്റെ അടുത്തുതന്നെ ഞങ്ങള്‍ വീടു വച്ചു... അങ്ങനെ വീണ്ടുമെന്റെ പഴയ പ്രിയകൂട്ടുകാരികളെ എനിക്കു തിരിച്ചു കിട്ടി.
പിന്നീടു ഞങ്ങള്‍ കളിക്കുന്നതും കുളിക്കാന്‍ കുളത്തില്‍ പോകുന്നതും കടയില്‍ പോകുന്നതും സ്കൂളില്‍ പോകുന്നതും ..എല്ലാം ഒരുമിച്ചായിരുന്നു.
ഒളിച്ചു കളിക്കുന്നതും കൊത്താംകല്ലാടുന്നതും മയിലാഞ്ചിയിടുന്നതും, അങ്ങനെ എന്തെല്ലാം രസകരമായ ഓര്‍മ്മകള്‍...
ഓണക്കാലമായാല്‍ നാലുമണിക്കു തന്നെ ഉറക്കമുണര്‍ന്നു പൂക്കളിറുത്തു ഓരോരുത്തരുടേയും മുറ്റത്തു മത്സരിച്ചു പൂക്കളമിടും... തിരുവാതിരക്കാലമായാല്‍
പാട്ടുപാടി പോയി കുളത്തില്‍ കുളിച്ചുവന്നു ഊഞ്ഞാലാടും... വിഷുക്കാലമായാല്‍ പടക്കവും കമ്പിത്തിരിയും കത്തിച്ചു രസിക്കും ....
വേനലവധിക്കാലങ്ങളില്‍ അച്ഛന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് പോകും... അവിടെ പോയാല്‍ റെയില്‍വേ ക്വാര്‍ട്ടെഴ്സില്‍ അടച്ചിരുന്നുകൊണ്ടുള്ള ദിവസങ്ങള്‍...
ഹൈസ്ക്കൂളിലെ എന്റെ ബന്ധുക്കള്‍ കൂടിയായിരുന്ന കൂട്ടുകാരും ഞാനും വളരെ വാശിയോടെത്തന്നെയാണ് പഠിച്ചിരുന്നത് ... പ്രീഡിഗ്രി കാലയളവില്‍ വലിയ
കോളേജില്‍ ആണ് പഠിച്ചതെങ്കിലും സൗഹൃദം ഒന്നോ രണ്ടോ കൂട്ടുകാരികളില്‍ മാത്രമൊതുങ്ങി. അധികം ഒച്ചപ്പാടില്ലാത്ത ഒരു കാലയളവായിരുന്നു അതെന്നോര്‍ക്കുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാനായി കോളേജില്‍ പോയിരുന്ന കാലഘട്ടത്തില്‍ എടുത്തു പറയത്തക്കതായി ഒന്നും ഓര്‍ക്കുന്നില്ല.
എന്‍റെ പഴയ ഡയറിക്കുറിപ്പുകളില്‍ നിന്നും....

No comments:

Post a Comment