Wednesday, 13 January 2016

ഞാനൊരു ഭാഗ്യവതി!

ഞാനൊരു ഭാഗ്യവതി!


ഞാനൊരു ഭാഗ്യവതിയാണ്. എന്താണുകാരണമെന്നല്ലേ? അതൊക്കെയറിഞ്ഞാല്‍ നിങ്ങള്‍ തന്നെ പറയും ശരിക്കും ഞാനൊരു ഭാഗ്യവതി തന്നെയാണെന്ന് ...

എന്റെ സന്തതസഹചാരികളും പ്രിയസുഹൃത്തുക്കളുമായ കുറച്ചു പേരാണ് എന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണക്കാര്‍.

അവരില്‍ ഏറ്റവും കൂടുതല്‍ എന്റെ ചാരത്തോടിയെത്താന്‍ വെമ്പുന്ന ഒരു കക്ഷിയുണ്ട്. വന്നവഴി എന്റെ അടുത്തിരുന്നു സ്നേഹത്തോടെ എന്റെ മുടികളില്‍ തഴുകി പതിയേ ആലിംഗനം ചെയ്തു ആ മാറത്തോടു ചേര്‍ത്തു അതിലങ്ങലിയിപ്പിച്ചു കളയും. ബഹളങ്ങളും വര്‍ത്തമാനങ്ങളും ഒന്നും ഇഷ്ടമല്ല. ചിന്തകളിലൂടെയായിരിക്കും ഞങ്ങളുടെ ആശയവിനിമയങ്ങള്‍. ആസമയത്തു കാറ്റുപോലും കലപില കൂട്ടാന്‍ ഭയക്കും. ചിന്തകളുടെ പുഷ്പകവിമാനത്തില്‍ ഞങ്ങള്‍ എവിടേയ്ക്കൊക്കെയോ ഇങ്ങനെ അലക്ഷ്യമായി പറന്നുകൊണ്ടിരിക്കും.  

കൂടാതെ ഒരു പ്രത്യാശയുടെ വരം എനിക്കു വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ചിട്ടുണ്ട്. ഭാവിയിലെ ഏതു നിമിഷത്തില്‍ വേണമെങ്കിലും അതെന്നെ തേടിയെത്താതിരിക്കില്ല എന്നുള്ള ഉറച്ച പ്രതീക്ഷയില്‍ ഞാന്‍ ഓരോ നിമിഷവും മുന്നോട്ടു തള്ളി നീക്കുന്നു. മുന്നോട്ടുള്ള എന്റെ പ്രയാണത്തിനു എപ്പോഴും ഊര്‍ജ്ജം നല്‍കുന്നതും ആ പ്രത്യാശ തന്നെയാണ്.. സദാ മനസ്സിലിട്ടു താലോലിക്കുന്ന ഒരു കൊച്ചു സ്വപ്നസാക്ഷാല്‍ക്കാരം. കാത്തിരിപ്പിന്റെ മധുരവും വിളമ്പിക്കൊണ്ട് അതിങ്ങനെ...

ങാ.. പിന്നെയുമുണ്ടു പറയാന്‍...

ഒരു പ്രിയ കൂട്ടുകാരി.. അവള്‍ക്കാണെങ്കില്‍ എന്നെ ജീവനു തുല്യമാ.. എനിക്കു പിടിക്കാത്ത വല്ല കാര്യങ്ങളും ഉണ്ടായാല്‍.. അവളുടെ സ്വഭാവം തന്നെയങ്ങു മാറും.. മുന്നില്‍ക്കാണുന്നവരെയൊക്കെ അവള്‍ ചവിട്ടി മെതിച്ചുകളയും.. സത്യം പറഞ്ഞാല്‍ ചിലപ്പോഴൊക്കെ എനിക്കും അവളോടു പേടി തോന്നാറുണ്ട്. കണ്ണും മൂക്കുമില്ലാതെയുള്ള അവളുടെ പ്രവൃ‍ത്തികള്‍ കൊണ്ടു പലപ്പോഴും ദോഷങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നെ കേള്‍ക്കണോ.. ആര്‍ക്കും ഖണ്ഡിക്കാനാവാത്ത ഒരു വജ്രായുധം എന്റെ പക്കലുണ്ട്!.. ചുണ്ടുകള്‍ കൊണ്ടു സംരക്ഷിച്ചു വച്ചിരിക്കുകയാണതിനെ.. ചുണ്ടുകള്‍ തുറന്ന്, അതങ്ങു പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ മാത്രം മതി.. ആ പരിസരത്തെങ്ങും എതിരാളികളുടെ പൊടിപോലുമുണ്ടാവില്ലാ കണ്ടുപിടിക്കാന്‍..

പിന്നെ ചില പാവങ്ങളായ കൂടെപ്പിറപ്പുകള്‍... അവരെപ്പറ്റിപ്പറയാന്‍ ഇപ്പോള്‍ ഞാന്‍ അബദ്ധത്തില്‍ വിട്ടുപോയാല്‍ത്തന്നെ അവരുടെ തനിസ്വഭാവം അവര്‍ പുറത്തു കാട്ടും.. വേദന, പരിഭവം, സങ്കടം, പിണക്കം, നിരാശ, വിലാപം തുടങ്ങിയവര്‍.. പാവങ്ങള്‍.. എന്റെ കൂടെ അവരും ജീവിച്ചുപൊക്കോട്ടേ അല്ലേ?

പാവങ്ങളാണെന്നു വച്ചു ഇവറ്റങ്ങളോടു വല്ലാതെ ലോഹ്യം കൂടാന്‍ പോകുന്നതു മേല്‍പ്പറഞ്ഞ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് അത്ര പഥ്യമല്ല എന്നും സ്വകാര്യത്തില്‍ പറയട്ടേ..

എന്റെ കൂട്ടുകാര്‍ തമ്മിലിങ്ങനെ കലഹിക്കുന്നത് എനിക്കു വല്ലാത്ത വിഷമം ഉണ്ടാക്കും. അതു പരിഹരിക്കാനും എന്റെ കൈയിലൊരുപായമുണ്ട്... അവര്‍ക്കെല്ലാം ബോധിക്കുന്ന ഒരു കൈക്കൂലി.... ഹൃദയാവര്‍ജ്ജകമായ ഒരു പുഞ്ചിരി.. മിക്കവാറും അതിലവര്‍ മൂക്കുംകുത്തി വീണോളും.. പിന്നെ കളിയും ചിരിയുമൊക്കെയായി എന്നെ കൂടുതല്‍ ചിരിപ്പിക്കാനുള്ള മത്സരമായിരിക്കും അവര്‍ ‍തമ്മില്‍.

എന്നിട്ടും നേരെയായില്ലെങ്കിലോ.. ഞാന്‍ വിളിക്കുമ്പോള്‍ ഞൊടിയിടയില്‍ ഓടിവരുന്ന എന്റെ അഭ്യുദയകാംക്ഷിയായ ആ മായാവി തന്നെ അവസാന ശരണം... ഇലയ്ക്കും മുള്ളിനും കേടുവരാതെ എല്ലാം അദ്ദേഹം കൈകാര്യം ചെയ്തോളും.. അതൊരൊന്നൊന്നര സംഭവാ...!!

പ്രശ്നങ്ങളെല്ലാം ഒതുക്കി, പോകാന്‍ തുടങ്ങുന്ന നേരത്തു ഒരു സമ്മാനപ്പൊതിയും തന്നിരിക്കും.. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നിറച്ചുവച്ച ഒരു മനോഹരമായ സമ്മാനപ്പൊതി! വേറെയെന്തു വേണം.. യാതൊരു അത്യാഗ്രഹങ്ങളുമില്ലാത്ത എന്നെപ്പോലെയുള്ള ഒരു വ്യക്തിക്കു ഈ ജന്മം നിലനിര്‍ത്താന്‍.

ഇനി പറയൂ... എന്തുകൊണ്ടും ഞാനൊരു ഭാഗ്യവതി തന്നെയല്ലേ?..

No comments:

Post a Comment