Wednesday, 13 January 2016

കാരക്കാടന്‍ മാപ്ല!!!!!!!!

കാരക്കാടന്‍ മാപ്ല!!!!!!!!


അഞ്ചരക്കുള്ള അലാറം അടിക്കും മുന്‍പേ ഉറക്കമുണരുകയെന്നതു ശീലമായിട്ടിപ്പോള്‍ ഒരുപാടു നാളായി. എന്നാലും ടൈംപീസിനെ അതിന്‍റെ കടമ നിര്‍വ്വഹിപ്പിച്ചിട്ടേ കിടക്ക വിട്ടെഴുന്നേല്‍ക്കൂ. രാവിലെ ജോലിക്കിറങ്ങുന്നതുവരേയുള്ള ഓരോ നിമിഷങ്ങളും വളരേ വിലപ്പെട്ടതാണ്‌. അതിനിടയില്‍ ഒരു ഫോണ്‍ വരുന്നതോ ആരെങ്കിലും വീട്ടിലേക്കു കയറിവരുന്നതോ ഒക്കെ ജോലിക്കാരായ വീട്ടമ്മമാരെ സംബന്ധിച്ചു അലോസരങ്ങള്‍ തന്നേ. കുളിതേവാരങ്ങള്‍ കഴിഞ്ഞു ഭക്ഷണമുണ്ടാക്കി കുട്ടികളെ ഉണര്‍ത്തി, അവര്‍ക്കു സ്കൂളിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളും അടുക്കള ശുചീകരണവുമൊക്കെയായി സമയബന്ധിതമായ പിടിപ്പതു പണികള്‍ കാണും. രാവിലെ കുട്ടികളെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തുകയെന്നതാണ് ഏറ്റവും വിഷമകരം. എത്ര വിളിച്ചാലും "അമ്മേ ഒരഞ്ചു മിനുറ്റ്" എന്നു പറഞ്ഞുകൊണ്ടു അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതു കാണുമ്പോള്‍ അരിശം വരാതിരിക്കുമോ? .
പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നേരത്താണു തൊട്ടടുത്ത വീട്ടില്‍ത്തന്നെയുള്ള ചേച്ചി കയറി വരുന്നത്.
"എടീ.. നമ്മുടെ കാരക്കാടന്‍ മാപ്ല  മരിച്ചൂത്രേ.. " ചേച്ചി അറിയിച്ചു.
"ആണോ.. നന്നായി..." എന്റെയാ പ്രതികരണം കേട്ടു നെറ്റി ചുളിച്ചുകൊണ്ടു ചേച്ചി പറഞ്ഞു.
"മരിച്ചവരെപ്പറ്റിയാണോടീ ഇങ്ങനെയൊക്കെ പറയേണ്ടത്?.. ഹും.."
"അയ്യോ ചേച്ചീ... സോറി.. അതുപിന്നേ അയാളെ നമുക്കൊക്കെ പണ്ടു വെറുപ്പായിരുന്നല്ലോ.. ആ ഒരോര്‍മ്മയില്‍ പെട്ടെന്നങ്ങുപറഞ്ഞുപോയതാ.. "
കാരക്കാടന്‍ മാപ്പിള...................................
വെള്ളത്തുണി കൊണ്ടുള്ള തലേക്കെട്ടും കായക്കറ പുരണ്ട കുപ്പായവും നന്നായി പൊക്കിയുടുത്ത കള്ളിമുണ്ടും നിറയെ നോട്ടുകള്‍ അടുക്കിവച്ചു വീര്‍ത്ത കീശകളുള്ള വീതികൂടിയ പച്ചബെല്‍റ്റും കൈയിലൊരു കാലന്‍കുടയുമാണു സ്ഥിരം വേഷം. പാടവരമ്പിലൂടെയുള്ള കാരക്കാടന്‍ മാപ്ലയുടെ ആ വരവ് ദൂരെ നിന്നും കണ്ടവഴിയേ കൗമാരപ്രായക്കാരായിരുന്ന ഞാനും ചേച്ചിയുമെല്ലാം വടക്കിനിയിലേക്കു വലിഞ്ഞു കളയുമായിരുന്നു.
പ്രകൃതി രമണീയമായ ഞങ്ങളുടെ ഗ്രാമത്തില്‍ അന്നൊക്കെ ധാരാളമായി നേന്ത്രവാഴ, നെല്ല്, പച്ചക്കറികള്‍ എന്നിവ സമൃദ്ധമായി കൃഷി ചെയ്യപ്പെട്ടിരുന്നു. അച്ചാരമായി ഒരു തുക കൃഷിക്കാര്‍ക്കു നല്‍കി അവരുടെ നേന്ത്രവാഴത്തോട്ടങ്ങളിലെ വാഴക്കുലകള്‍ കരാറെടുത്തു അവ മൂപ്പെത്തുമ്പോള്‍ മൊത്തമായി ചന്തയില്‍ക്കൊണ്ടുപോയി ചില്ലറവില്പ്പനക്കാര്‍ക്കു മറിച്ചു വില്ക്കുന്ന സമ്പ്രദായം അന്നുമുതലേ ഉണ്ടായിരുന്നു. അതിനായി കാരക്കാടു നിന്നും വന്നിരുന്ന ഹൈദ്രോസ് മാപ്ലയെ നാട്ടുകാര്‍ കാരക്കാടന്‍ മാപ്പിളയെന്നാണ് വിളിച്ചിരുന്നത്.
എന്‍റെ അമ്മാവന്മാര്‍ക്കും നേന്ത്രവാഴത്തോട്ടങ്ങള്‍ ഉണ്ടായിരുന്നു. അവ കരാറെടുത്തു ഇടയ്ക്കിടെ വിളവു നിരീക്ഷിക്കാന്‍ വേണ്ടി വരുന്ന അവസരങ്ങളിലാണ് ഈ മാപ്പിള ഞങ്ങളുടെ വീട്ടിലേക്കു കയറുന്നത്. തോട്ടങ്ങളില്‍ കയറിയിറങ്ങിയ ക്ഷീണം മാറ്റാനായിഅയാള്‍ ഞങ്ങളുടെ ഉമ്മറത്തിണ്ണയില്‍ വന്നിരിക്കും.
"ന്താ.. വ്ടെ ആളും അനക്കോം ഒന്നൂല്യേ.. മനുസ്യെനു തൊണ്ട നനക്കാന്‍ വല്ല മോരോ കഞ്ഞിയോ തരാനായിട്ട്..." അതു കേട്ടു അമ്മമ്മ പുറത്തേക്കു വരും..
"അള്ളാ.. ഈ തള്ളയിതേവരെ മയ്യത്തായില്ലേ?!... "
അമ്മമ്മയെക്കണ്ടവഴി കാരക്കാടന്റെ വായില്‍നിന്നും വീഴുന്നതു മിക്കവാറും ഇതായിരിക്കും. നാക്കിനു ഒട്ടും നിയന്ത്രണമില്ലാത്ത ആളുകളുടെ ജനുസ്സില്‍പ്പെട്ട ഒരു ജന്മമാണ് കാരക്കാടന്‍ മാപ്ലയെന്നു നന്നായി അറിയുന്ന അമ്മമ്മ അതു കേട്ടു ചുമ്മാ ചിരിക്കുകയേയുള്ളൂ.
"തങ്ക്വോ... ദേ കാരക്കാടന്‍ വന്നിരിക്ക്ണൂ.. കുടിക്കാനെന്തേലുമിങ്ങട് എടുത്തോളൂ.. " അമ്മമ്മ അടുക്കളയിലുള്ള അമ്മയോടു വിളിച്ചു പറയും.
"കുടിക്കാന്‍ മാത്രല്ലാ... ബെയ്ക്കാനും എന്തേങ്കിലിങ്ങട്ട് എടുത്താളീ... ഹലാക്കിന്റെ ബെശപ്പ്.. ബയറു കാളുന്നു" അമ്മമ്മയുടേതിനു പുറകെ മാപ്ലയുടേയും ഓര്‍ഡര്‍ അടുക്കളയിലേക്കു പായും.
ഒരു ദിവസം വന്നപാടുള്ള തീറ്റയും കുടിയുമൊക്കെ കഴിഞ്ഞു ഈ മാപ്പിള, അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മുറുക്കാനെടുത്തു ചവച്ചുകൊണ്ടു ഉമ്മറത്തിണ്ണയിലിരുന്നു സൊറ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആ നേരത്താണു എങ്ങോട്ടോ വിരുന്നു പോകാനായി ആയിടെ കല്യാണം കഴിഞ്ഞിരുന്ന എന്‍റെ അമ്മാവനും അമ്മായിയും വീട്ടില്‍നിന്നും പുറത്തേക്കിറങ്ങിയത്. സുന്ദരിയാണെങ്കിലും അമ്മായിക്കു അമ്മാവനേക്കാള്‍ തൊലിവെളുപ്പും ഉയരവും കുറവാണ്. അപ്രതീക്ഷിതമായി ഏതോ അപശകുനം കണ്ടതുപോലെ മാപ്ലയെ മുന്നില്‍ക്കണ്ടപ്പോള്‍ അയാളുടെ സ്വഭാവം നന്നായറിയുന്ന അമ്മാവനൊന്നു പരുങ്ങി.
"ഹും കണ്ടില്ലേ... പൂവമ്പയം പോലത്തെ പുയ്യാപ്ലച്ചെക്കന് ബെടിമരുന്ന് അരയ്ക്കണ അമ്മിക്കൊയ പോലത്തൊരു ബീവി.. ങ്ങളൊക്കെ എബടെ നോക്കീട്ടാ നിക്കാഹ് നടത്തിക്കൊട്ക്കണേ.. കസ്ട്ടം "
ഒരു കുഴിമിന്നി പൊട്ടുന്നതു പോലെയാണു കാരക്കാടന്റെ കണ്ണുംമൂക്കും നോക്കാതെയുള്ള ആ പരിഹാസം അമ്മായിയുടെ കാതുകളില്‍ പതിച്ചത്. കേട്ടവഴി കടന്നല്‍കുത്തിയ മുഖഭാവവുമായി അമ്മായി അകത്തേക്കു തന്നെ ഓടി. മാപ്ലയെ ഈര്‍ഷ്യയോടെ ഒന്നു നോക്കിയതിനു ശേഷം അമ്മായിയെ ആശ്വസിപ്പിക്കാനായി പുറകേ അമ്മാവനും.
"എന്താടോ മാപ്ലേ... നാക്കിനു എല്ലില്ലാന്നു വച്ചു കുട്ട്യോളോടു വേണ്ടാതീനം പറയാണോ? " അമ്മമ്മ മാപ്ലയോടു കയര്‍ത്തു.
"ഇതാപ്പോ നല്ല കൂത്ത്... ഞമ്മള് ഒള്ള കാര്യല്ലേ പറഞ്ഞോള്ളൂ... അയിനിപ്പോ ങ്ങളെന്തിനാ ത്ത്രയ്ക്ക് ചൂടാവണത്?"
മാപ്ലക്കു ഇത്തരം വികാരവിക്ഷോഭങ്ങളൊന്നും അത്ര കാര്യമായി തോന്നാറില്ല. അയാളോട് കൂടുതലൊന്നും പറഞ്ഞിട്ടു കാര്യമില്ലായെന്നറിയുന്ന അമ്മമ്മ പിന്നെയൊന്നും ഉരിയാടിയുമില്ല.
മറ്റൊരവസരത്തില്‍ കാരക്കാടന്‍ മാപ്പിളയ്ക്കു കഴിക്കാനായി കൊഴുക്കട്ടയും കട്ടന്‍ചായയുമായി വന്ന ചെറിയമ്മയോടു അയാള്‍ ചോദിച്ചു.
"ങേ.. ഇതെന്താണ്ങ്ങളീ കൊണ്ടു ബന്നു ബച്ചേക്കണത് ന്‍റെ റബ്ബേ.. ഡബ്ബറു പന്തോ?????!.... "
"മാപ്ലേ.. ങ്ങള് വേണോച്ചാല്‍ കഴിച്ചാ മതി.. എന്തു കൊടുത്താലും ഒരു കുറ്റം പറച്ചില്‍.. ആ പാവം കെട്ട്യോളിങ്ങള്യോക്കെ എങ്ങനെ സഹിക്ക്ണൂ.. ശിവശിവാ..." ചെറിയമ്മയും വിട്ടുകൊടുത്തില്ല.
"ന്‍റെ കെട്ട്യോളാ?... അതൊരു ശീമാടല്ലേന്ന്... അയിനു പേറൊയിഞ്ഞ നേരണ്ടാ... കയിഞ്ഞ മാസായിരുന്നു ഓള്‍ടെ ഒമ്പതാമത്തെ പേറ്... പടച്ചോനിങ്ങനെ ഞമ്മക്കു തന്നോണ്ടിരിക്ക്യല്ലേ?" മുറുക്കാന്‍കറ പറ്റിയ പല്ലുകള്‍ കാട്ടി അയാള്‍ ഇളിച്ചു.
"അല്ലാ... എബടെപ്പോയി ങ്ങടെ കറത്ത നായര്? ആ ചെങ്ങായീനെ കണ്ടിട്ടിപ്പോ കൊറേ ആയല്ലോ.." ചെറിയമ്മയെ ചൊടിപ്പിക്കാനായി അയാള്‍ ചോദിച്ചു.
"ന്‍റെ ഭര്‍ത്താവിത്തിരി കറുത്തുപോയേന് ങ്ങക്കിപ്പോ ഛേതോന്നുല്ലല്ലോ... വന്നിരിക്കുന്നു ഒരു ചുന്തരന്‍... ആ മോന്ത കണ്ടാലും മതി.." ചെറിയമ്മ തിരിച്ചടിച്ചു.
കാരക്കാടന്‍റെ വായില്‍ നിന്നും വരുന്ന മിസൈലുകളെ ചെറുക്കാനുള്ള ത്രാണിയുള്ളതു ചെറിയമ്മയ്ക്കു മാത്രമാണ്. മറ്റുള്ള സ്ത്രീജനങ്ങളൊക്കെ ഇദ്ദേഹം വന്നാല്‍പ്പിന്നെ പൂമുഖത്തേക്കു കടക്കാതിരിക്കാന്‍ ശ്രമിക്കും. അത്യാവശ്യമായി പുറത്തേക്കു പോകേണ്ടി വരുമ്പോള്‍ ഞങ്ങള്‍ അടുത്തവീടിന്‍റെ പുരയിടത്തിലൂടെ പോകുകയാണു പതിവ്.
സ്കൂള്‍ വിട്ടു ചെറിയമ്മയുടെ മകള്‍ വന്നതും അപ്പോഴായിരുന്നു.
"അല്ലാ.. ഇയിനൊക്കെയൊരു പുയ്യാപ്ലേ കിട്ടാന്‍ ബല്ലാണ്ട് പണിപ്പെടൂലോ... കരിക്കട്ട പോലിരിക്കണ ചെക്കന്മാര്‍ക്കും ബെളുത്ത ഹൂറികളെ ബേണന്നൊക്ക്യാണേ മോഗം... അനക്കു ബല്ല തമഴന്മാരേം കിട്ടാണ്ടിരിക്കില്ലാ... ബിസ്മില്ലാ...... ".
ഒരിക്കല്‍ അച്ഛനുമായി കാരക്കാടന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ അവിടേക്കു വന്നു. അമ്മയുടെ മുടി കുറേശ്ശെയായി നരയ്ക്കാന്‍ തുടങ്ങിയിരുന്നു. അമ്മയെക്കണ്ടവഴി മാപ്ലയുടെ ഡയലോഗ് വന്നു.
"അല്ല നായരേ.. ഇതാകെ നരച്ചുകൊരച്ചു തള്ളയായിപ്പോയല്ലോ... ഇയിനെ ഒഴിവാക്കീട്ടു ങ്ങക്കു ബേറൊരു പെണ്ണിനെ കെട്ട്യാലെന്താ?.. "
"അതേയ് മാപ്ലയിപ്പോ കായക്കച്ചോടത്തിനു വന്നതാ അതോ വല്ല ദല്ലാള്‍പ്പണിയ്ക്കോ?" അമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു.
"സംഗതി ഞമ്മള് കായക്കച്ചോടക്കാരാനാണെങ്കിത്തന്നേ ഈ പാവം നായര്ക്കൊരു ബെകിടം വരണത് കണ്ടാ പൊരുത്തപ്പെടാന്‍ പറ്റൂലല്ലോ.. അതോണ്ട് പറഞ്ഞുപോയതാണ് ..." അയാള്‍ പറഞ്ഞു.
"ന്‍റെ മാപ്ലേ.. ങ്ങളെക്കൊണ്ടു തോറ്റൂ.. മുടി നരക്കുമ്പോഴും പല്ലു കൊഴിയുമ്പോഴുമൊക്കെ ഭാര്യേ മാറ്റുകാന്ന്വെച്ചാല്‍ നടക്കണ കാര്യാണോ? അല്ലാ ഒന്നു ചോയ്ച്ചോട്ടെ.. ങ്ങടെ എത്രാമത്തെ ബീവ്യാ ഇപ്പോ കൂടെ പൊറുക്കണത്?" അച്ഛന്‍ ചോദിച്ചു.
"ങ്ങക്ക് ബല്ല പിരാന്തുമുണ്ടോ നായരേ.. ഞമ്മള് ഓരെയൊന്നു സുയ്പ്പാക്കാനായി പറഞ്ഞതല്ലേന്ന്.. ന്നാ.. പ്പിന്നെ ഞമ്മള് ബരട്ടേ... " ചിരിച്ചുകൊണ്ടു ഇറയത്തു തൂക്കിയിരുന്ന കാലന്‍കുടയുമെടുത്തു പോകാനിറങ്ങിയ കാരക്കാടനോടു അമ്മ പറഞ്ഞു..
"ങ്ങള് ഇനി വരാനൊന്നും നിക്കണ്ടാ.. ഇവ്ടുന്നൊന്നു പോയിത്തന്നാ മതി.."
കാരക്കാടന്‍ പടികടന്നു പോകുന്ന നേരത്താണു ഞാന്‍ സ്കൂളില്‍ നിന്നും വരുന്നത്.. എന്നെക്കാണുമ്പോഴൊക്കെ അയാള്‍ ചോദിക്കാറുള്ളതു അന്നും ചോദിക്കാന്‍ മറന്നില്ല.
"യ്യ് ഇന്റൊപ്പം കാരക്കാട്ടേക്ക് പോരണാ?.. ന്‍റെ ജുബൈറും ഈയും നല്ല ചേര്‍ച്ച്യാ.. ഓന് ഞമ്മള്‍ നിക്കാഹ് ആലോയിക്ക്ണ് ണ്ടേ .. ഈയ്യാണെങ്കി ഓനും ബല്ല്യ കൊയപ്പണ്ടാവില്ല്യാ.."
അയാളോടു കോക്രി കാണിച്ചു കൊണ്ടു ഞാന്‍ അകത്തേക്കു കയറിപ്പോയ രംഗമോര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും.
കാരക്കാടന്‍ മാപ്ലയെപ്പറ്റി ചിന്തിച്ചിരുന്നു നേരംപോയതറിഞ്ഞില്ല. തിരക്കിട്ടു വസ്ത്രം മാറി ജോലിക്കു പോകാനിറങ്ങി. ബസ്സിലിരിക്കുമ്പോള്‍ വീണ്ടും കാലന്‍കുടയുമായി കാരക്കാടന്‍ മനസ്സിന്‍റെ പൂമുഖത്തു വന്നിരുന്നു.
ചില മനുഷ്യര്‍ അങ്ങനെയാണ്. തങ്ങളുടെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ചുള്ള കടുത്ത അപകര്‍ഷബോധത്തില്‍ നിന്നും മുക്തി നേടാനായി മറ്റുള്ളവരുടെ ന്യൂനതകളെ പര്‍വ്വതീകരിച്ചു കാണിച്ചു പരിഹസിച്ചു അതില്‍നിന്നും ആശ്വാസം കണ്ടെത്തുന്നവര്‍.
കാരക്കാടന്‍ മാപ്ലയ്ക്ക് ഇത്തരം അസ്ക്കിതകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും അയാളൊരു നെറികെട്ടവനോ പിടിച്ചുപറിക്കാരനോ ആയിരുന്നില്ല. മതസൌഹാര്‍ദ്ദവും മനുഷ്യസ്നേഹവും ആവോളം മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തി തന്നെയായിരുന്നു കാരക്കാടന്‍. പല അടിയന്തിര സന്ദര്‍ഭങ്ങളിലും അമ്മാവന്മാരുടെ കൈത്താങ്ങായി അദ്ദേഹം നിന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബാംഗങ്ങളോടു അദ്ദേഹം കാണിച്ചിരുന്ന സ്വാതന്ത്ര്യം ഈ കുടുംബത്തോടുള്ള അമിതമായ അടുപ്പം കൊണ്ടായിരുന്നെന്നു മനസ്സിലാക്കാനുള്ള പക്വത കുട്ടികളായ ഞങ്ങള്‍ക്കു അന്നുണ്ടായിരുന്നില്ലല്ലോ.
കാരക്കാടന്‍ മാപ്ലയുടെ ആത്മാവിനു നിത്യശാന്തി നേരട്ടേ.

No comments:

Post a Comment