Wednesday, 14 January 2015

മറക്കാത്ത ആ രാത്രി....ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.അമ്മ അച്ഛന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്കു ഏതാനും ദിവസങ്ങള്‍ക്കു വേണ്ടി പോയിരിക്കുന്നു. ഞാനും ചേച്ചിയും അനിയനും അനിയത്തിയും മാത്രമേ വീട്ടില്‍ ഉള്ളു.

ഒരു സന്ധാസമയത്ത് ഞാന്‍ വീട്ടില്‍ എകായായിരുന്നു. തറവാട്ടിലേക്ക് പോയ ചേച്ചിയും കളിക്കാന്‍ പോയിരുന്ന അനിയനും അനിയത്തിയും തിരിച്ചെത്തിയിരുന്നില്ല. അമ്മയില്ലാത്തതിനാല്‍ വഴക്ക് പറയാന്‍ ആരുമില്ല എന്ന വിശ്വാസത്തില്‍ പ്രത്യേകിച്ചും അവര്‍ വൈകിയേ എത്തൂ.

ഇരുട്ടാവും തോറും മനസ്സില്‍ ഭയവും ദേഷ്യവും നുരഞ്ഞു പൊന്തിത്തുടങ്ങി. വിളക്കു കൊളുത്തണം.പെട്ടെന്നാണ് അടുക്കള വശത്തെ വാതില്‍ അടച്ചില്ല എന്നോര്‍ത്തത്.അത് അടക്കാനായി ഞാന്‍ അങ്ങോട്ട്‌ പോയപ്പോള്‍ വെറുതെ ഒന്ന് മുറ്റത്തേക്കു നോക്കി.

ദൈവമേ... ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഒരു കറുത്തുരുണ്ട, തിളങ്ങുന്ന കണ്ണുകളും നീണ്ട വാലും ഉള്ള ഒരു ജീവി മുറ്റത്തു കൂടി നടക്കുന്നു. ആദ്യമായാണ്‌ ഇങ്ങനെയൊരു സാധനത്തിനെ ഞാന്‍ കാണുന്നത്.

ഭയം കൊണ്ട് എന്‍റെ ദേഹമാസകലം വിറച്ചു. തൊണ്ട വരണ്ടു.. എങ്ങനെയോ അകത്തു കൂടി ഓടി വീടിനു മുന്‍വശത്തെക്ക് എത്തി. മുന്നിലെ റോഡിലൂടെ എന്‍റെ ഒരയല്‍വാസിയായ യുവാവ് നടന്നു പോകുന്നു. ഞാന്‍ അദ്ദേഹത്തെ കൂവി വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. അപ്പോള്‍ കൈ കൊട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ അദ്ദേഹം തിരിഞ്ഞു നോക്കി. മാടി വിളിച്ചപ്പോള്‍ അയാള്‍ എന്‍റെ മുഖത്തെ പരിഭ്രമം കണ്ടു പരിഭ്രമിച്ചു ഉടനെ ഓടി വന്നു കാര്യമെന്തെന്ന് തിരക്കി.

ഞാന്‍ വീടിന്‍റെ പിന്‍ വശത്തേക്ക് കൈ ചൂണ്ടിക്കാണിച്ചു. ഭയം കൊണ്ട് ശബ്ദം അപ്പോഴും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഉടനെ അങ്ങോട്ട്‌ ചെന്നപ്പോള്‍ ആ ജീവി മുറ്റത്തു തന്നെ ഉണ്ട്.

അതിനെ കണ്ട വഴി മുറ്റത്തു കിടന്നിരുന്ന ഒരു മടലും വടി എടുത്തു കൊണ്ട് അദ്ദേഹം അതിനു ഒരടി വച്ച് കൊടുത്തു. അടി കൊണ്ട വഴി അത് അടുത്തുള്ള പൊന്തക്കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു.

ജീവിയെ ഓടിച്ചു അദ്ദേഹം തിരിച്ചു വന്നപ്പോള്‍ ഞാന്‍ അതെന്തായിരുന്നു എന്ന് ചോദിച്ചു. എന്‍റെ ഭയവും വെപ്രാളവും ഒക്കെ കണ്ടു പുള്ളിക്കാരന്‍ ചിരിയോടു ചിരി.

"കുട്ടീ.. അതാണ്‌ ഈ മരപ്പട്ടി എന്ന് വിളിക്കുന്ന ജീവി. ഇതേ വരെ കണ്ടിട്ടില്ല അല്ലേ?.."

സംഗതി വിശദീകരിച്ചു തന്നിട്ടും എന്‍റെ മനസ്സില്‍ നിന്നും ഭയം മാറിയില്ല. തലേ ദിവസം രാത്രി കിണറ്റില്‍ എന്തോ വന്നു പതിക്കുന്ന ശബ്ദം കേട്ടിരുന്നു. എന്നാല്‍ രാവിലെ നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. കല്‍ക്കിണര്‍ ആയതിനാല്‍ കിണറിന്റെ അകത്തു ഒരു മട പോലെ ഉണ്ടായിരുന്നു. വല്ല പൂച്ചയോ മറ്റോ വീണു അതില്‍ കയറിയിരിക്കുന്നുണ്ടാവും.. എപ്പോഴെങ്കിലും കയറിപ്പോക്കോട്ടേ എന്ന് കരുതി ചേച്ചി ഒരു മുളയേണി കിണറ്റില്‍ ഇറക്കി വച്ചിരുന്നു. ഈ ആശാന്‍ സന്ധ്യാനേരത്ത് അതിലൂടെ പിടിച്ചു കയറി മുകളിലേക്ക് വന്നതായിരുന്നു.

പിന്നീട് ഞങ്ങള്‍ ആ കിണറ്റിലെ വെള്ളം കുടിച്ചിട്ടേയില്ല. അന്ന് ഫോണ്‍ സൌകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നതിനാല്‍ വിവരങ്ങള്‍ എല്ലാം കത്തിലൂടെ അച്ഛനെ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കകം അച്ഛനും അമ്മയും തിരിച്ചെത്തി. വന്നയുടനെ അച്ഛന്‍ ആളുകളെ വിളിച്ചു കിണറ്റിലെ വെള്ളം വറ്റിപ്പിച്ചു അത് വൃത്തിയാക്കിപ്പിച്ചതിനു ശേഷമേ ആ കിണറ്റിലെ വെള്ളം ഞങ്ങള്‍ ഉപയോഗിച്ചുള്ളൂ..കിണറിനു ആള്‍ മറയും കെട്ടി സുരക്ഷിതമാക്കി.

എന്നിട്ട് അച്ഛന്‍ എന്നോട് "മോള്‍ പേടിക്കണ്ടാട്ടോ. ആ ജീവി ആളെയൊന്നും ഉപദ്രവിക്കില്ല" എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു പേടി മാറ്റി. എന്നാലും പിന്നീട് കുറെ രാത്രികള്‍ ആ ഓര്‍മ്മ എന്‍റെ ഉറക്കം കെടുത്തിയിരുന്നു.

ഇന്നും അപൂര്‍വ്വമായി ചില ദിവസങ്ങളില്‍ ആ മരപ്പട്ടി എന്‍റെ ഉറക്കം കെടുത്താനായി ദുസ്വപ്നമായി എത്താറുണ്ട്.

നിസ്സാരമാണെങ്കിലും അന്നെന്നെ ഒരു പാട് ഭയപ്പെടുത്തിയ എന്‍റെ ഈ അനുഭവം ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു.

സ്നേഹപൂര്‍വ്വം
മീനു.

No comments:

Post a Comment