Thursday, 15 January 2015

ഒളിമങ്ങാത്ത ഓര്‍മ്മപ്പൂക്കളം''മാവേലി നാട് വാണീടും കാലം -
മാനുഷ്യരെല്ലാരും ഒന്നുപോലെ ....
ആമോദത്തോടെ വസിക്കും കാലം -
ആപത്തന്നാര്‍ക്കുമൊട്ടില്ല താനും ....
കള്ളവുമില്ലാ....ചതിയുമില്ല -
എള്ളോളമില്ല....പൊളി വചനം ,",

മലയാളിയുടെ ദേശീയ ആഘോഷമായ ഓണം ശരിക്കും ഗൃഹാതുരതയുണര്‍ത്തുന്ന ഒരു ആഘോഷം തന്നെയാണ്. മധുരമുള്ള ഓർമ്മകളിൽ ഒന്നുകൂടി ജീവിക്കാനും, അതൊക്കെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാനും ഹൃദയത്തില്‍ കേരളത്തനിമ ഇനിയും നഷ്ടപ്പെടാത്ത എല്ലാ മലയാളികളും ആഗ്രഹിക്കുന്നു

ആഘോഷങ്ങള്‍ എല്ലാം ജീവിതത്തിന്റെ ഊര്‍ജ്ജസ്വലതക്ക് അത്യാവശം തന്നെ.......... എന്റെ കുട്ടിക്കാലത്തെ ഓണങ്ങള്‍ മനസ്സില്‍ ഇന്നും നല്ല ഓര്‍മ്മകളായി ഒളിമങ്ങാതെ കിടക്കുന്നു....

വീട്ടില്‍ എവിടെ നോക്കിയാലും നെല്ലും മുറ്റം നിറയെ വൈക്കോലും.. കൂട്ടുകാരോടൊത്ത് വൈക്കോല്‍ കുണ്ടക്ക് ചുറ്റുമുള്ള ഒളിച്ചു കളിയും എല്ലാം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..

ഓണക്കാലത്തു അച്ഛന്‍ ജോലി സ്ഥലമായ ഹൈദരാബാദില്‍ നിന്നും ലീവിനു വരുന്നുണ്ടെങ്കില്‍ താമസംവിനാ ഞങ്ങളുടെ ഓണം തുടങ്ങുകയായി.. അല്ലാത്ത പക്ഷം പോസ്റ്റ്‌മാന്‍ മണിയോര്‍ഡര്‍ കൊണ്ടു വരുന്നതു വരെ കാത്തിരിക്കണം ഞങ്ങളുടെ വീട്ടുപടിയ്ക്കല്‍ ഓണം എത്തണമെങ്കില്‍... അതിനു ശേഷമാണ് സാധങ്ങളൊക്കെ വാങ്ങുന്നതും ഓണക്കോടികള്‍ എടുക്കുന്നതും.. പിന്നീട് ഓണം കഴിയുന്നതു വരെ അമ്മയും ചേച്ചിയുമൊക്കെ അടുക്കളയില്‍ തിക്കിലായിരിക്കും.. ഇടക്കൊയ്ക്കെ വല്ലപ്പോഴും ഓരോ കടയില്‍ പോക്കൊക്കെയേ ഞങ്ങള്‍ കുട്ടികള്‍ ചെയ്തു കൊടുക്കേണ്ടതായിട്ടുള്ളൂ.

പൂവിടല്‍ ഞങ്ങള്‍ കുട്ടികളുടെ വകുപ്പായിരുന്നു...ഓണപ്പരീക്ഷക്ക് ശേഷം സ്കൂള്‍ പൂട്ടിയതിനു ശേഷമാണ് ഓണാഘോഷത്തിലേക്ക് പ്രവേശിക്കുന്നത്.. ചില പൂക്കള്‍ ഒക്കെ  തലേ ദിവസം തന്നെ തേക്കിന്‍ താളുകളില്‍ ഇറുത്തുകൊണ്ടു വന്നു വച്ചിരിക്കും.... മണ്ണ് കുഴച്ചു മുറ്റത്തു തിണ്ടുണ്ടാക്കും..ചാണകം കൊണ്ട് വന്നു വയ്ക്കും.. സാധാരണ ദിവസങ്ങളില്‍ രാവിലെ  എഴുന്നേല്‍ക്കാന്‍ മടിയാണെങ്കിലും ഓണക്കാലത്ത് പുലര്‍ച്ചെ തന്നേ എഴുന്നേല്‍ക്കും മുറ്റമൊക്കെ അടിച്ചുവൃത്തിയാക്കി ചാണകം തേച്ചു പൂക്കളമിടും... എന്നിട്ട് അയല്‍പ്പക്കത്തെ വീടുകളിലെ പൂക്കളങ്ങള്‍ സന്ദര്‍ശിക്കും... അഭിപ്രായങ്ങള്‍ പറയും ...

ആരുടെ പൂക്കളം ആണ് കൂടുതല്‍ മനോഹരം എന്നൊക്കെ താരതമ്യം ചെയ്യലും ഒക്കെ ഞങ്ങളുടെ കാര്യപരിപാടികള്‍ ആയിരുന്നു. ഒരു ദിവസം ഇട്ടതു അത്ര നന്നായില്ലെങ്കില്‍ മറ്റാരും ഉപയോഗിക്കാത്ത പൂവുകള്‍ തേടിപ്പിടിച്ചു അവ കൊണ്ടു പൂക്കളമിടും. അതൊക്കെ ഒരു അനിര്‍വചനീയമായ മത്സരാനുഭൂതി ഉണര്‍ത്തിയിരുന്നു. പൂക്കളമിടല്‍ പൂര്‍ത്തിയാകുമ്പോള്‍ "പൂവേ.. പൊലി പൂവേ.." എന്നു ആര്‍പ്പു വിളിക്കും. മറ്റുള്ള വീടുകളില്‍ ആര്‍പ്പുവിളി ഉയരുന്നതിനു മുമ്പ് നമ്മുടെ വീട്ടില്‍ നിന്നും ഉയരണം എന്ന മാത്സര്യബുദ്ധിയും കുട്ടികളില്‍ ഉണ്ടായിരുന്നു.  മഴ വന്നാല്‍ പൂക്കളത്തിനു മുകളില്‍ അച്ചാച്ഛന്റെ വലിയ കാലന്‍കുട വച്ച് കൊടുക്കും.. മറ്റുള്ളവര്‍ വന്നു പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും മുമ്പ് കോഴികളും വളര്‍ത്തുമൃഗങ്ങളും വന്നു പൂക്കളം കേടു വരുത്താതെയിരിക്കാന്‍ ഉമ്മറക്കോലായിലിരുന്നു ശ്രദ്ധിക്കും... ഒപ്പം അതിന്‍റെ ഭംഗി ആസ്വദിക്കുകയും നാളത്തെ പൂക്കളത്തില്‍ എന്തൊക്കെ പൂക്കള്‍ വേണം ചര്‍ച്ച ചെയ്യുകയും ചെയ്യും.

ഏകദേശം പത്തര മണിയോടെ ഇല നിറയെ വിഭവങ്ങളുമായി വിളമ്പപ്പെടുന്ന ഓണസദ്യ കുടുംബക്കാരും ബന്ധുക്കളും നിലത്തു നിരയായി ചമ്മ്രം പടിഞ്ഞിരുന്നു സന്തോഷത്തോടെ കഴിക്കും. സാമ്പാര്‍, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിശ്ശേരി, ഇഷ്ടു, കൂട്ടുകറി, പുളിയിഞ്ചി, നാരങ്ങ അച്ചാര്‍, കടുമാങ്ങ അച്ചാര്‍, വിവിധ തരം തോരനുകള്‍, പപ്പടം, പഴനുറുക്ക്, പായസം തുടങ്ങിയവയൊക്കെ കൂടി ഒരു പിടിയങ്ങു പിടിക്കും.

ഓണക്കോടി കിട്ടുന്നതൊക്കെ ഒരു സംഭവം തന്നെ ആയിരുന്നു .. ഓണപ്പാട്ടുകളുടമായി വരുന്ന പാണന്മാരും അവകാശം ചോദിച്ചു വരുന്ന നായാടികളും  ഓണക്കാലത്തെ പ്രത്യേക കാഴ്ചകള്‍ തന്നെ.

അടുത്ത വീടുകളില്‍ തുമ്പി തുള്ളലും പെണ്ണ് കെട്ടി കളികളും കൈ കൊട്ടി കളിയും ഒക്കെ ഉണ്ടാകും... അതൊക്കെ പോയി കണ്ട് ആസ്വദിക്കും...

ആഘോഷങ്ങള്‍ ഉളള കാലങ്ങളില്‍ മാത്രമേ വീടുകളിലേക്ക് വളക്കച്ചവടക്കാര്‍ വരൂ.. അപ്പോള്‍ വീട്ടുകാര്‍ രണ്ട് കയ്യിലും നിറച്ചു ഇടാന്‍ കുപ്പിവളകള്‍ വാങ്ങി തരും... അതും കിലുക്കി കയ്യില്‍ മൈലാഞ്ചിയും ഒക്കെ ഇട്ടു കൊണ്ട് കൂട്ടുകാരോടോത്തു ഓടിച്ചാടി കളിച്ചു നടക്കും... വീട്ടിലെ പത്തായത്തില്‍ നിറയെ വാഴക്കുലകള്‍ കാണും... പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും കായ വറവും ഒക്കെ ഇടയ്ക്കിടെ വന്നു കഴിക്കും... കൂടെയുള്ള കൂട്ടുകാര്‍ക്കും വിളിച്ചു കൊടുക്കും..

ഈ ഓര്‍മ്മകള്‍ ഒക്കെയാണ് ലോകത്തിന്റെ ഏതു കോണിൽ ജീവിക്കുമ്പോഴും നാടിനെ സ്നേഹിക്കുന്ന മലയാളിയുടെ മനസ്സില്‍ ഓണക്കാലത്ത് നുരയുക. ഓണദിവസം ഓണക്കോടി ധരിക്കാനും ഇലയിൽ ഭക്ഷണം വിളമ്പി കഴിക്കാനും അവരെ പ്രേരിപ്പിക്കുന്നതും.

-------------------മീനു. 

No comments:

Post a Comment