Wednesday, 14 January 2015

ബോണ്‍സായ് ചെടി
കൈകള്‍ നീട്ടി നിവര്‍ത്താനാവാതെ
പക്ഷികള്‍ക്കുപകരിക്കാത്ത ശിഖരങ്ങളും 
കായ്കള്‍ എകാത്ത പുഷ്പങ്ങള്‍ മൂടി 
സ്വവര്‍ഗ്ഗത്തിലൊരു കാഴ്ചവസ്തുവായ്‌ ഞാന്‍.
വളര്‍ച്ച മുരടിച്ചു വിളര്‍ത്തു നിന്നു
പൂവുകള്‍ പതിരായ് പൊഴിഞ്ഞു പോയ്‌
സ്വപ്നങ്ങളെല്ലാം പാഴ്ക്കിനാക്കളും 
മഞ്ഞുകട്ടയാം ചിത്രക്കടലാസ്സില്‍ മെനഞ്ഞ
ചിത്രങ്ങളെല്ലാം ഉരുകിയൊലിച്ചു പോയ്‌
മനസ്സില്‍ നിര്‍മ്മിച്ച രമ്യഹര്‍മ്മ്യങ്ങള്‍
കടല്‍ത്തീരത്തെ തിരകള്‍ വിഴുങ്ങിയ 
മണല്‍ക്കൊട്ടാരങ്ങളായി തകര്‍ന്നു പോയ്‌ 
ആഗ്രഹങ്ങളുടെ തൂവല്‍സഞ്ചികള്‍
പൊട്ടിയ പഞ്ഞിക്കായ പോല്‍ ചിതറി
കുത്തുവാക്കുകള്‍ തളര്‍ത്തിയൊരു
തൊട്ടാവാടിച്ചെടി പോല്‍ കൂമ്പി നിന്നു
നീട്ടിയ സൗജന്യങ്ങള്‍ ആര്‍ജിച്ചൊരു
ഇത്തിക്കണ്ണിപോല്‍ മരുവാന്‍ വിധി
എന്തിനൊരു പാഴ്മരമായെനിക്കീ 
ഉലകത്തില്‍ ജന്മം തന്നൂ എന്‍ ദൈവമേ
കഴിവുകളൊരായിരം തന്നു നീ
വിവേകവും ചിന്തകളും ആവോളമേകി
എന്തിനീ പങ്കപ്പാടുകള്‍ ചെയ്തു?
ബുദ്ധിയുള്ളോരു ഭ്രാന്തിയായി  സമൂഹത്തില്‍
മനസ്സു മരവിപ്പിക്കും ജല്‍പ്പനങ്ങളാല്‍
കാതുകള്‍ കൊട്ടിയടക്കപ്പെട്ടു കൊണ്ടും,
സംസ്ക്കാരശൂന്യരാം അസുരജന്മങ്ങള്‍ തന്‍
ആശ്രിതയായ് അന്തസ്സും ആഭിജാത്യവും നഷ്ടപ്പെട്ടു
സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടു കൊണ്ട്
മതിലുകളില്ലാ തടവറയിലെ പേക്കോലമായി
ഒരു ബോണ്‍സായ്ച്ചെടിയായ് വളര്‍ത്താനോ? 
- മീനു -
[എന്‍റെ ഒരു ബാല്യകാല സഖിക്കു ഈ കവിത സമര്‍പ്പിക്കുന്നു]

-------------------------------------------------------------------

ബോൺസായ്

ബോൺസായ് മരം എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേകയിനം മരത്തെ വിളിക്കുന്ന നാമധേയം അല്ല. മറിച്ച്, വൻ‌വൃക്ഷങ്ങളെ ചെറുരൂപത്തിലാക്കി ചെടിച്ചട്ടിയിലും മറ്റും വളർത്തുന്ന കലയാണ് ബോൺസായ്.  ബോൺസായ് എന്ന വാക്കിനർഥം ചട്ടിയിൽ വളർത്തുന്ന മരം എന്നാണ്. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെന്‍ജിങ്ങില്‍ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്. വൻവൃക്ഷങ്ങളുടെ കുഞ്ഞന്മാരെ ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാൻ സാധിക്കും.
വര്‍ഷങ്ങള്‍ പ്രായമുള്ള ആല്‍മരങ്ങള്‍ വരെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വളര്‍ച്ച മുരടിപ്പിച്ച്  അലങ്കാരച്ചെടിയായി സന്ദര്‍ശക മുറിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഇന്ന് നമുക്ക് കാണാം.
മിക്കവാറും എല്ലാ മരങ്ങളും ചെറിയ അലങ്കാര സസ്യങ്ങളായ അഡീനിയം പോലെയുള്ളവ വളരെ പെട്ടെന്നു തന്നെ ബോൺസായി ആക്കി മാറ്റാൻ സാധിക്കുന്നവയാണ്. അതീവ ശ്രദ്ധയോടുള്ള വർഷങ്ങൾ കൊണ്ടുള്ള പരിപാലനത്തിൽ ബോൺസായി ആക്കി മാറ്റാൻ സാധിക്കും. ബോൺസായി ആക്കി മാറ്റാൻ സാധാരണയായി ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്
  • കിളിർത്ത് വരുമ്പോൾ മുതലേ വേരുകൾ ശ്രദ്ധാപൂർവം വെട്ടിയൊതുക്കുക
  • ചട്ടിയിൽ വെക്കുമ്പോഴുള്ള വിവിധ ക്രമീകരണങ്ങൾ
  • ശിഖരങ്ങളുടെ വളർച്ചനിയന്ത്രിക്കുക

No comments:

Post a Comment