Wednesday, 14 January 2015

കുട്ടിക്കാലമോര്‍ക്കാനോരോ നിമിത്തങ്ങള്‍.. കുമ്പളങ്ങയെങ്കില്‍ കുമ്പളങ്ങ..
കൗസല്യാ സുപ്രജാരാമ പൂര്‍വാ  സന്ധ്യാ  പ്രവര്‍തതേ |
ഉത്തിഷ്ഠ നരശാര്ദൂല കര്തവ്യം ദൈവ മാഹ്നികം ||
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ |
ഉത്തിഷ്ഠ കമലാ കാന്താ  ത്രൈലോക്യം മംഗളം കുരു ||
മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ
വക്ഷോവിഹാരിണി മനോഹര ദിവ്യമൂര്തേ |
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ
ശ്രീ വേംകടേശ ദയിതേ തവ സുപ്രഭാതം ||
കുന്നിന്‍ മുകളിലെ അമ്പലത്തില്‍ നിന്നും പ്രഭാതസ്തോത്രം ഉയരുന്നതും കാത്തു ഉണര്‍ന്നു കിടക്കുകയായിരുന്നു ഞാന്‍. എഴുന്നേറ്റു ജനാല തുറന്നു. വൃശ്ചിക മാസത്തിലെ കുളിരിനോടൊപ്പം ജനാലയ്ക്കു അഭിമുഖമായി താന്‍ നട്ടു പിടിപ്പിച്ച കുമ്പളപ്പന്തലില്‍ വിരിഞ്ഞ കുമ്പളപ്പൂക്കളുടെ പരിമളവും പേറി മന്ദമാരുതന്‍ അകത്തേക്ക് ഒഴുകി വന്നു. അല്‍പ്പം തീവ്രമാണെങ്കിലും ഒരു തരം മാസ്മരീകത കുമ്പളപ്പൂക്കളുടെ പരിമളത്തിനുണ്ട് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ കൃഷീവലനായിരുന്ന തന്‍റെ മുത്തശ്ശന്‍റെ മണ്ണിനോടുള്ള പ്രതിപത്തി പരമ്പരാഗതമായി എന്നിലേക്കും വ്യാപിച്ചതാകാം.........

"എടീ എന്തിനാടീ പുലര്‍ച്ചേ തന്നെ ജനാല തുറന്നിട്ട്‌ ഉള്ള മഞ്ഞു മുഴുവന്‍ അകത്തേക്ക് കയറ്റുന്നെ" വല്ല്യേച്ചി.

വല്ല്യേച്ചി അങ്ങനെയാണ്.. കൃഷിയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന തറവാട്ടിലെ സന്തതിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം..പ്രകൃതിയോടു അത്ര അടുപ്പം പോരാ.. വെയില്‍ കൊള്ളില്ല, കുളത്തില്‍ കുളിക്കില്ല, നീന്തല്‍ അറിയില്ല, പാദരക്ഷയിടാതെ നടന്നു കാലില്‍ മണ്ണു പറ്റിക്കില്ല. പ്രകൃതിജന്യമായ ഔഷധങ്ങള്‍ ഉപയോഗിക്കില്ല എന്നിങ്ങനെ പല കാര്യങ്ങളിലും തറവാട്ടിലെ മറ്റുള്ളവരുമായി ഏറെ വ്യത്യസ്തരാണ് തന്നെക്കാള്‍ പതിനഞ്ചു വയസ്സോളം മുതിര്‍ന്ന ഇവര്‍.സെക്കന്തരാബാദില്‍ ജോലി ചെയ്യുന്ന അച്ഛന്‍ അവധിയ്ക്ക് വരുമ്പോള്‍  ഞങ്ങള്‍ സഹോദരങ്ങളുടെ കുറ്റങ്ങളും കുറവുകളും ഒക്കെ ഓര്‍ത്തെടുത്തു അവതരിപ്പിച്ചു ശിക്ഷ വാങ്ങിത്തരാന്‍ ചേച്ചി പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുമുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പാര തന്നെ. വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളുടെ അമ്മയായിട്ടും കൂടി ഇപ്പോഴും ആ സ്വഭാവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറയാം. ചിലര്‍  അങ്ങനെയാണല്ലോ മറ്റുള്ളവര്‍ക്ക് പാര പണിയുന്നതില്‍ ഉള്ളിന്‍റെയുള്ളില്‍ ഏറെ സന്തോഷിക്കുന്നവര്‍.

ചേച്ചി പറഞ്ഞത് കാര്യമാക്കാതെ ജനലഴികളില്‍ പിടിച്ചു പന്തലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുമ്പളപ്പൂക്കളുടെ  ഉന്മാദഗന്ധം ആസ്വദിച്ചു നില്‍ക്കുമ്പോള്‍ കൌമാരത്തിലേക്കു മനസ്സൊന്നു പാഞ്ഞു. 

വേനലവധിക്ക് എല്ലാ പ്രാവശ്യവും അച്ഛന്റെ ജോലി സ്ഥലമായ സെക്കന്തരാബാദിലെക്കൊരു യാത്ര.. വീട്ടിലെല്ലാവരും കൂടി അന്നത്തെ കാലത്ത് അപൂര്‍വമായേ പുറത്തു പോകൂ.. നല്ല ഉടുപ്പും ചെരിപ്പുമൊക്കെ വാങ്ങിത്തരും.. രണ്ടു ദിവസത്തെ തീവണ്ടിയിലെ യാത്ര ഒരു ഹരമായിരുന്നു.. സൈഡ് സീറ്റിലിരുന്നു മറഞ്ഞുപോകുന്ന മരങ്ങളും കെട്ടിടങ്ങളും കുന്നുകളും പാടങ്ങളും ഒക്കെ കാണുന്നത് കണ്ണിനു കുളിരേകുന്നവയായിരുന്നു.

യാത്രയില്‍ വായിക്കാനായിട്ടു രണ്ടോ മൂന്നോ കഥ പുസ്തകങ്ങള്‍ വാങ്ങിത്തരും.. എന്നാല്‍ തീവണ്ടി സ്റ്റേഷന്‍ വിടുമ്പോഴേക്കും അവയൊക്കെ വായിച്ചു തീര്‍ത്തിരിക്കും.. അന്നൊക്കെ വായിക്കാന്‍ ഭയങ്കര കൊതിയായിരുന്നു.. ബുക്സ് ഒന്നും വായിക്കാന്‍ കിട്ടാനുള്ള വകുപ്പുണ്ടായിരുന്നില്ല.. വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ഒരു ചെറിയ വായനശാല.. സ്കൂളിലേക്കല്ലാതെ പൊതുവേ പുറത്തിറങ്ങി പരിചയം ഇല്ലാതിരുന്നതിനാല്‍ അവിടെ പോയി അതൊക്കെ വാങ്ങി എടുക്കാനും വായിക്കാനും ആരും പറഞ്ഞു തന്നില്ല.. സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ട് വന്നിരുന്ന പേപ്പറുകളും ഇടക്ക് കിട്ടിയിരുന്ന നോട്ടീസുകളും ഒക്കെ അന്ന് താല്‍പ്പര്യത്തോടെ വായിക്കുമായിരുന്നു

ചുട്ടുപൊള്ളുന്ന ചൂട് തീവണ്ടിയൊന്നാകെ ചുട്ടു പഴുത്തിട്ടുണ്ടാകും.. ഇന്നത്തെ പോലെ മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഇല്ല... കൊണ്ട് പോകുന്ന വെള്ളം കുടിച്ചൊരു പരുവമാകും  ഓരോ സ്റ്റേഷന്‍ എത്തുമ്പോഴും വെള്ളം പിടിച്ചു കൊണ്ട് വരാനുള്ള നെട്ടോട്ടവും ഭക്ഷണ  സാധനങ്ങള്‍ വില്‍ക്കുന്നവരുടെ തിരക്കും എല്ലാം അന്നത്തെ വിസ്മയകരമായ അനുഭവങ്ങളും കാഴ്ചകളും തന്നെ.

സെക്കന്തരാബാദില്‍ പോകുമെങ്കിലും അവിടെ ചെന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്ന പതിവുകള്‍ അപൂര്‍വമായിരുന്നു. അച്ഛന്‍ രാവിലെ ജോലിക്ക് പോകും.. വൈകീട്ട് തിരിച്ചു വരും. അല്ലാതെ ഞങ്ങളെ പുറത്തെക്കൊക്കെ കറക്കാന്‍ കൊണ്ട് പോകല്‍ ഒക്കെ വിരളം. അമ്മ എപ്പോഴും കളിയാക്കി പറയും.. "അങ്ങോട്ട്‌ പോകുമ്പോള്‍ സ്റ്റേഷന്‍ കാണും.. ഇങ്ങോട്ട് വരുമ്പോഴും അത് തന്നെ.. അതാണ്‌ ഞങ്ങളുടെ ഹൈദരാബാദ് കാണല്‍".

റെയില്‍വേ ജോലിക്കാരനായ അച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ 'പുറത്തേക്കൊന്നുമിറങ്ങരുത്' എന്ന കര്‍ശന നിര്‍ദ്ദേശം ഞങ്ങള്‍ക്ക് നല്‍കിയിട്ടാണ് പോവുക..

ഒരു വിഷുക്കാലം.. അടുത്ത ക്വാര്‍ട്ടര്‍സിലെ മലയാളി വീട്ടില്‍ നിന്നും കുറച്ചു കുഞ്ഞു മാമ്പഴം കൊണ്ട് വന്നു തന്നു. മാമ്പഴപ്പുളിശ്ശേരി വയ്ക്കാനായി നോക്കുമ്പോള്‍ കുമ്പളങ്ങ ഇല്ല.. അപ്പോള്‍ ഒരയല്‍വാസി പറഞ്ഞു 'ദേ ആ വളവ് തിരിഞ്ഞു പോകുമ്പോള്‍ ഉള്ള തെലുങ്കന്റെ കടയില്‍ കുമ്പളങ്ങ വില്‍ക്കാന്‍ വയ്ക്കാറുണ്ട്. അത് കേട്ട് അമ്മ എന്നെയും ഒന്നര വയസ്സ് ഇളപ്പമുള്ള അനിയനേയും കൌമാരപ്രായം കഴിയാറായ ചേച്ചിയേയും കുമ്പളങ്ങ വാങ്ങി വരാന്‍ വിട്ടു. ഞങ്ങള്‍ക്ക് തെലുങ്ക്‌ ഭാഷ അറിയില്ല.. സ്ഥലവും ഒരു പരിചയവും ഇല്ല.. ഗുമ്മടിക്കായ എന്നാണ് കുമ്പളങ്ങയ്ക്ക് തെലുങ്കില്‍ പേര് എന്നും ഞങ്ങള്‍ക്ക് പിടുത്തമുണ്ടായിരുന്നില്ല. ആ കടയില്‍ ചെന്ന് കുമ്പളങ്ങ ഉണ്ടോ എന്ന് മലയാളത്തില്‍ തന്നെ ചോദിച്ചു. ഹല്ലാ പിന്നെ ഞങ്ങളോടാ കളി.

ഞങ്ങളുടെ പറച്ചിലും അംഗവിക്ഷേപങ്ങളും ഒക്കെ കണ്ടപ്പോള്‍ അവര്‍ക്ക് കാര്യം പുടി കിട്ടിയെന്നു തോന്നുന്നു. "ഇക്കട ലേതമ്മ .. അക്കടെ ചൂടു (ഇവിടെ ഇല്ല.. അപ്പുറത്തെ കടയില്‍ നോക്കൂ) എന്നു പറഞ്ഞു ഞങ്ങളെ മുന്നോട്ടു പറഞ്ഞു വിട്ടു അടുത്ത കടക്കാരും ഇത് തന്നെ ആവര്‍ത്തിച്ചപ്പോള്‍ മൂന്നു നാളുകള്‍  സ്ട്രീറ്റുകള്‍ മാറിമാറി അവസാനം കുമ്പളങ്ങ കയ്യില്‍ കിട്ടുമ്പോഴേക്കും തിരിച്ചു പോകാനുള്ള വഴി ഞങ്ങള്‍ക്ക് ആശയക്കുഴപ്പമായി.

കുമ്പളങ്ങയും ചുമന്നു നടന്നു നടന്നു ഞങ്ങള്‍ വഴിതെറ്റി എവിടെയോ എത്തിച്ചേര്‍ന്നു. പേടിയും സങ്കടവും കരച്ചിലും വിറയലും ഒക്കെ ഞങ്ങളെ ബാധിച്ചു തുടങ്ങി. വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഒരു ഗള്ളിയില്‍ നിന്നും പുറത്തിറങ്ങിയ റൌഡികളെപ്പോലെ തോന്നിക്കുന്ന കറുത്ത മൂന്നു തടിയന്മാര്‍ ഞങ്ങളുടെ പിറകെ കൂടി. ഭയന്ന് വിറച്ച ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി.

കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അവരെ കണ്ടില്ല. സമാധാനം.. ഒരു വീടിന്‍റെ മുറ്റത്തു മലയാളിയെന്നു തോന്നിക്കുന്ന ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു അവിടെയ്ക്ക് കയറി കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവര്‍ മലയാളി തന്നെയായിരുന്നു. ഞങ്ങളുടെ താമസ സ്ഥലത്തിന്‍റെ ഏകദേശം ഒരു രൂപരേഖ അവരോടു വിവരിച്ചപ്പോള്‍ അവര്‍ ശരിക്കും വഴി പറഞ്ഞു തന്നു. വീട്ടിലെത്തിയപ്പോഴേക്കും വീണ്ടും ഒരുപാട് സമയം കഴിഞ്ഞിരുന്നു. കുമ്പളങ്ങ വാങ്ങാന്‍ പോയ ഞങ്ങളെ മണിക്കൂറുകള്‍ കഴിഞ്ഞും തിരികെ കാണാതെ ഭയന്ന് ബോധം കെടാറായ അവസ്ഥയില്‍ അമ്മ തളര്‍ന്നിരിക്കുന്നു. അയല്‍വാസിയായ ഒരു ആന്റിയുമായി അടുത്തയിടങ്ങളില്‍ ഒക്കെ ഞങ്ങളെ തിരഞ്ഞു കഴിഞ്ഞിരുന്നു അവര്‍.

പടികടന്നു വരുന്ന ഞങ്ങളെ കണ്ടവഴി അമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി.  അച്ഛന്റെ വിലക്ക് ലംഘിച്ചു പുറത്തേക്കു പോയ വിവരം അറിയുമ്പോള്‍ അച്ഛന്‍ ഉണ്ടാക്കാവുന്ന പുകിലുകള്‍ ആലോചിച്ചും ഞങ്ങള്‍ക്ക് വേവലാതിയുണ്ടായി. തല്‍ക്കാലം അച്ഛനോട് ഇക്കാര്യം മറച്ചു വയ്ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

വൈകുന്നേരം അച്ഛന്‍ വരുന്നതും നോക്കി ഞങ്ങള്‍  നില്‍ക്കും.. അച്ഛന്‍  വരുന്നത് കണ്ടാല്‍ അനിയന്‍ ഓടിച്ചെന്നു എതിരേല്‍ക്കുക പതിവായിരുന്നു. അന്നും അവന്‍ ഓടിച്ചെന്നു. വീട്ടില്‍ എത്തുമ്പോഴേക്കും സംഗതി എല്ലാം അവന്‍ വള്ളിപുള്ളിവിടാതെ അറിയിച്ചിരുന്നു..
.
വീട്ടില്‍ വന്നു കയറിയ ഉടനെ അച്ഛന്‍ അമ്മയെ ക്രുദ്ധമായി നോക്കിയത് നേരിടാനാവാതെ പാവം അമ്മ തല താഴ്ത്തുമ്പോള്‍ പണി പാളിച്ച അനിയന്‍ തിരുമാലി ഒന്നുമറിയാത്തവനെപ്പോലെ അച്ഛന്‍  കൊണ്ട് വന്ന ബിസ്കറ്റ്പാക്കറ്റ് കാലിയാക്കുന്നതില്‍ വ്യാപൃതനായിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

വഴിയില്‍ ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും വാങ്ങിയ കുമ്പളങ്ങ കൈമോശം വരുത്താതെ ഞങ്ങള്‍ വീട്ടില്‍ എത്തിച്ചുവെന്നതും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങള്‍ ആരാ മക്കള്‍. അത് കൊണ്ടുണ്ടാക്കിയ മാമ്പഴപ്പുളിശ്ശേരിക്കു മുമ്പെങ്ങുമില്ലാത്ത ഒരു സ്വാദും.

കൂട്ടുകാരേ ഒരു കുമ്പളങ്ങ നടത്തിയ പഴയകാല വഴികളിലൂടെ എന്നെ അനുഗമിച്ചതിന് നന്ദി പറയുന്നു. ചെറിയ സംഗതികള്‍ ആണെങ്കിലും ചെറുപ്പകാലങ്ങളിലേക്കു ഒരു നിമിഷം കൊണ്ട് നമ്മളെ ഊളയിടീക്കുന്ന ഇതേ പോലുള്ള ഒരു പാട് വസ്തുക്കള്‍ പലരിലും സ്വാധീനം ചെലുത്തുന്നുണ്ടാവാം.

1 comment: