Wednesday, 14 January 2015

യാത്ര ഇനിയും തുടരും....
അതിരാവിലെ തമിള്‍നാട്ടിലെ പേരറിയാത്ത ഒരിടത്ത് ബസ്സ് നിര്‍ത്തിയപ്പോള്‍ അരുണ, ഷാള്‍ കൊണ്ട് മൂടിപ്പുതച്ചു കണ്ണുമടച്ചു തന്റെ ദേഹത്തോട് ചാരിക്കിടന്നിരുന്ന ശാലിനിയെ ഏറു കണ്ണിട്ടു നോക്കി. നിരനിരയായി കാണപ്പെട്ട ചായക്കടകളില്‍ നിന്നും പുതിയ തമിഴ്ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ടായിരുന്നു.
പാവം... ഇങ്ങനെ ഒരു ദുര്‍വിധി അവള്‍ക്കു വന്നല്ലോ. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട ഒരു കണ്ണിയാവാന്‍ വിധിക്കപ്പെട്ട ജന്മം. ഒരു ചായ കുടിക്കണം എന്നുണ്ട്. പക്ഷെ രാത്രി മുഴുവന്‍ ഉറങ്ങാതെ സങ്കടപ്പെട്ടു ഇരുന്ന അവളെ ഉണര്‍ത്താന്‍ ഒരു മടി. വേണ്ട... വിഷാദം തുളുമ്പുന്ന അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു രാത്രി മുഴുവന്‍ അവളെ സമാശ്വസിപ്പിക്കാന്‍ ഉറക്കമൊഴിച്ച ക്ഷീണത്തില്‍ എപ്പോഴോ മയങ്ങി. വണ്ടി അവിടെ നിന്നും യാത്ര തിരിച്ചിരുന്നതോന്നും അറിഞ്ഞില്ല.
****************************************************************************
വേനല്‍സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തി ജ്വലിക്കുന്നു. ഭൂമി മൊത്തം ആ ജ്വാലയില്‍കത്തിയമരുന്നു. ദാഹം... അത് മാത്രം ഒരു വികാരം...
അറ്റ വേനല്‍ ചൂടിനെ വക വയ്ക്കാതെ ജംഷി കാമ്പസില്‍ ഓടി നടക്കുകയാണ്. മനസ്സില്‍ അതിനേക്കാള്‍ കൂടുതലായി തിളയ്ക്കുന്ന രാഷ്ട്രീയ ചൂടും. 
ഈ രാഷ്ട്രീയ ചൂടിലും കുളിര് പകരാന്‍ അവള്‍.. ശാലിനി.. നടത്തത്തിലും ഭാവത്തിലും അവള്‍ ഒരു ശാലീന സുന്ദരി തന്നെ ആയിരുന്നു. തന്റെ പാര്‍ട്ടിയിലെ അവളുടെ സാന്നിദ്ധ്യം അവനെ ആവേശം കൊള്ളിച്ചു.
അവളെ കാണുന്നത് വരെ സമയം കിട്ടിയാലോക്കെ കുംബകര്‍ണ്ണസേവയും കോളേജ് രാഷ്ട്രീയവും മാത്രമായിരുന്നു ജംഷിയുടെ തൊഴില്‍. ഇപ്പോള്‍ അവന്റെ രക്തത്തില്‍.. മനസ്സില്‍.. ശാലിനി എന്ന തന്റെ പ്രിയപ്പെട്ടവള്‍ മാത്രം. ഒരു ലഹരി... വേറെ ലോകമൊന്നുമില്ല. ആരും വേണമെന്നില്ല.. ആരോടും സംസാരിക്കണ്ട, ഭക്ഷണം വേണ്ട. അവനിപ്പോള്‍ ഉറക്കം എന്നൊന്നില്ലാതെ ആയിരിക്കുന്നു..
രാഷ്ട്രീയ പോരാട്ടങ്ങളില്‍ രക്തസാക്ഷിയാക്കപ്പെട്ട നാരായണേട്ടന്റെ മകള്‍ ശാലിനി നല്ല ചുറുചുറുക്കുള്ള ഒരു പ്രാസംഗിക കൂടിയായിരുന്നു. അച്ഛന്റെ പാതയിലൂടെ തളരാതെ മുന്നേറുന്ന അവളുടെ തീച്ചൂളയുടെ ചൂടുള്ള പ്രസംഗങ്ങള്‍ ആയിരിക്കാം ചിലപ്പോള്‍ ജംഷിയെ അവളോട്‌ അടുപ്പിച്ചിരിക്കുക. എന്നാല്‍ അവളോടുള്ള അവനിലെ മാറ്റം അവള്‍ ആദ്യമൊന്നും ഗൌനിച്ചിരുന്നില്ല.
പ്രണയാഭ്യര്‍ത്ഥന വന്നപ്പോള്‍ അവനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. രണ്ടു മതക്കാര്‍ ആണെന്നും ജംഷിയുടെ  കുടുംബത്തിലെ പേരും പെരുമയും മറന്നു അവന്‍ പ്രവര്‍ത്തിച്ചു കൂടെന്നും അവള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പ്രേമം കൊണ്ട് അന്ധത ബാധിച്ച അവന്റെ മനസ്സിനു അതൊന്നും ശ്രദ്ധിക്കാനുള്ള  മനസ്സില്ലായിരുന്നു. ഇതൊക്കെ കേട്ടിട്ടും അവനിലെ സ്നേഹം ഒരു സാഗരം കണക്കെ അവളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. അവന്റെ ഭ്രാന്തമായ അവസ്ഥയും അവന്റെ നിരന്തരമായ ഇടപെടലും സ്നേഹവും അവള്‍ക്കു  കണ്ടില്ലെന്നു  നടിക്കാന്‍ സാധിച്ചില്ല. അങ്ങിനെ ഒരു ദിവസം അവള്‍ ആ പ്രണയത്തിനു മൌനാനുവാദംനല്‍കി.
ഇലക്ഷന്‍ പ്രചരണം കൊടുമ്പിരികൊണ്ട് അതിന്റെ ഉച്ചകോടിയിയിലെത്തിയിരിക്കുന്നു. എല്ലാ നേതാക്കളും മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല.. ഇതിനിടയില്‍ ശാലിനി ജംഷീര്‍ പ്രണയവും ഉച്ച സ്ഥായിയിലെത്തി. പൊതുജനങ്ങളുടെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യംകൊണ്ടോ ഇവരുടെ പാര്‍ട്ടി തന്നെ വന്‍ ഭൂരിപക്ഷത്തോടു കൂടി ജയിച്ചു. ഇവര്‍ രണ്ടു പേരുടെയും കഴിവുകള്‍ പരിഗണിച്ചു രണ്ടു പേരും ഭരണസമിതിയിലെ അംഗങ്ങള്‍ ആയി.
ഇലക്ഷന്‍ കഴിഞ്ഞതിന്റെ പിറ്റേ ആഴ്ചയില്‍ത്തന്നെ ആ പ്രണയ ജോഡികള്‍ വീട്ടുകാരെയൊന്നും അറിയിക്കാതെ രെജിസ്റ്റര്‍ വിവാഹം നടത്തി. നാട്ടില്‍ കോളിളക്കം സൃഷ്ട്ടിച്ച വിവാഹം. ബന്ധുജനങ്ങളുടെ എതിര്‍പ്പ് വക വയ്ക്കാതെ ഒരു വാടക വീടെടുത്തു താമസമാക്കി.
രണ്ടു മാസം അവര്‍ അങ്ങിനെ അവിടെ സ്വര്‍ഗലോകം പണിത് അതില്‍ താമസമാക്കി. പൊതു ജനങ്ങളുടെ ചര്‍ച്ചകള്‍ക്ക് പുല്ലു വില കല്‍പ്പിക്കാതെ അവര്‍ ജീവിതം ആസ്വദിച്ചു.
പുലര്‍ച്ചെ ആ ഫോണ്‍കാള്‍ വരുമ്പോള്‍ രണ്ടു പേരും സുഖസുഷുപ്തിയിലായിരുന്നു. അവന്‍ ഞെട്ടി ഉണര്‍ന്നു.....അവള്‍ ആഴമായ ഉറക്കത്തില്‍ ആയിരുന്നു അവ്യക്തമായി ആരെയോ കാണാന്‍ പോകുന്നുവെന്ന് അവന്‍ പറഞ്ഞ ഒരു ഓര്‍മ്മ. പോകുന്നതിനു മുന്നേ അവളെ ചേര്‍ത്ത് പിടിച്ചു മുത്തം നല്‍കി വാതിലടക്കാന്‍ പറഞ്ഞു. അവള്‍ പകുതി ഉറക്കത്തില്‍ ചെന്ന് വാതിലടച്ചു വന്നു കിടന്നു.
വന്നു കിടന്നപ്പോഴേക്കും ഉറക്കം അവളെ വിട്ടു പോയി. പെട്ടെന്ന് ഒരു നഷ്ട്ടബോധം ഗ്രസിച്ചത് പോലെ അവള്‍ക്കു തോന്നി. എന്തായിരിക്കും... അവള്‍ ആലോചിച്ചു. കുറച്ചു നാളുകളായി അവന്റെ നിശ്വാസങ്ങള്‍ തട്ടാതെ അവള്‍ ഉറങ്ങാറില്ലായിരുന്നു.
ആ നിമിഷം തൊട്ടവള്‍ അവനെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടേ കിടന്നു. അവന്റെ കുസൃതികളും സ്നേഹവും പരിഭവങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഓര്‍ത്തു കൊണ്ടവള്‍ അങ്ങനെ കിടന്നു. പുലര്‍ച്ചെ അവള്‍ എണീറ്റ്‌.. വീട്ടുകാര്യങ്ങള്‍  ഒക്കെ യാന്ത്രികമായി ചെയ്യുമ്പോഴും അവന്റെ മുഖം തന്നെയായിരുന്നു മനസ്സില്‍.
********************************************************************************
ഫയലുകള്‍ക്കിടയില്‍ തല പൂഴ്ത്തിയെന്നോണം ഇരുന്നു ജോലി ചെയ്തിരുന്ന അരുണയ്ക്ക് ഇന്റെര്‍കോം അടിക്കുന്നത് കേട്ട് ദേഷ്യം വന്നു.
"ദൈവമേ ഈ കുന്ത്രാണ്ടം കണ്ടു പിടിച്ചതാരായിരിക്കും...മനുഷ്യന്‍റെ  സ്വൈര്യം കെടുത്താനായിട്ട്‌.. നാശം.."
നീരസത്തോടെയും സ്വതവേ കളിയാടുന്ന ധാര്‍ഷ്ട്യത്തോടെയും അരുണ ഫോണ്‍ എടുത്തു.
"യെസ്... അരുണ ഹിയര്‍.. "
"ങേ.. എന്നെ അടിക്കുമോ?" ഡയറക്ടര്‍.. അത് മനപ്പൂര്‍വം അവഗണിച്ചു ഒന്നും മിണ്ടിയില്ല.
"ഒന്നിങ്ങു വരൂ കുട്ടീ" എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു. സ്വതവേ കര്‍ക്കശസ്വഭാവം ആണെങ്കിലും തന്നോട് ഒരു പ്രത്യേക വാത്സല്ല്യം ഉണ്ട് അച്ഛന്റെ സഹാപാടിയും കൂടിയായിരുന്ന സാറിന്.
ഹോ.. എന്താപ്പോ ആവോ ഈ തിരക്കിനിടക്ക് പറയാനുള്ളേ...  ഹും പോയി നോക്കുക തന്നെ. പിറുപിറുത്തു കൊണ്ട് അവിടേക്ക് ചെന്നു. ......ഡയറക്ടര്‍ക്ക് എതിരെയുള്ള കസേരയില്‍ ഒരു പെണ്‍കുട്ടി.. ശാലീന സുന്ദരി.. ഒരു പാവം... സങ്കടമായ മുഖഭാവത്തോടു  കൂടി ഇരിക്കുന്നു.
"അരുണേ.. ഈ കുട്ടിയെ പുതുതായി അഡ്മിനിലേക്ക് അപ്പൊയിന്റ്റ് ചെയ്തതാണ്... അരുണയ്ക്ക് ഒരു സഹായവും ആവും. വേണ്ട ചാര്‍ജുകള്‍ ഒക്കെ ഈ കുട്ടിക്ക് കൊടുക്കുക. ഇനി വര്‍ക്ക് ലോഡ് ആണ് എന്ന പരാതി കേള്‍ക്കരുത്‌. ഹും.." ഡയറക്ടര്‍ ഇതും പറഞ്ഞു അരുണയെ ഒന്ന് ഇരുത്തി നോക്കി. 
ഇവിടെ നാലു ആളുകള്‍ വന്നാലും ചെയാന്‍ ഉള്ള വര്‍ക്ക്‌ ഉണ്ട്. എന്നിട്ടൊരു പരോപകാരം ചെയ്ത പ്രതീതിയില്‍ അങ്ങേരുടെ ഒരു ഇരിപ്പ്.. എന്തൊക്കെയോ പറയാന്‍ നാവില്‍ വന്നു. നാവേ, അവിടെ അടങ്ങി കിടന്നോള് എന്ന് പറഞ്ഞു നിയന്ത്രിച്ചു. എന്നിട്ടും അവളോട്‌ ചിരിക്കാന്‍ മറന്നില്ല. കാരണം അവളിലെ ശാലീനതയും എളിമയും വല്ലാതെ ആകര്‍ഷിച്ചിരുന്നു........
അവളെ  കൂട്ടിക്കൊണ്ട് ഓഫീസിലേക്ക് പോയി എല്ലാവര്‍ക്കും പരിചയപെടുത്തി. പിന്നെ വര്‍ക്ക്‌ ഒക്കെ പറഞ്ഞു കൊടുത്തു. ഒന്ന് രണ്ടു ദിനം കൊണ്ട് തന്നെ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയി.  അങ്ങനെ മെല്ലെ മെല്ലെ വ്യക്തിപരമായ കാര്യങ്ങളിലേക്കു സ്വകാര്യ ചര്‍ച്ചകള്‍ നീണ്ടു... കഥകളൊക്കെ അറിഞ്ഞു.. അവളുടെ മനസ്സില്‍ ഒരേയൊരു ചിന്ത മാത്രം.. എങ്ങനെ അവളുടെ പ്രിയപ്പെട്ടവനെ കണ്ടു പിടിക്കും....... അവന്‍ എന്തേലും അപകടത്തില്‍ പെട്ടതായിരിക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.
ഒരു നാള്‍ ശാലിനി കൂടുതല്‍ മൂഡ്‌ ഓഫ്‌ ആയി കാണപ്പെട്ടു. തിരക്കിനിടയില്‍ അത് അത്ര ശ്രദ്ധിച്ചില്ല....ഓഫീസ്ജോലിയെ കുറിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ. അലക്കൊഴിഞ്ഞു കാശിക്കു പോവാന്‍ നേരം കാണില്ല എന്നത് പോലെയാണ്.
ഇടക്കൊരു പൊട്ടി കരച്ചില്‍. ഞെട്ടിപ്പോയി...
എന്താണ് ശാലിനി..  എന്ത് പറ്റി?.......
കരയുന്നു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല. എന്തൊരു കരച്ചില്‍ ആണിത്... മറ്റുള്ള ആളുകള്‍ ശ്രദ്ധിക്കുന്നു. പോയി മുഖം കഴുകി വരാന്‍ പറഞ്ഞു.
ഓഫീസ് ടൈം കഴിഞ്ഞതിനു ശേഷം അവളോട്‌ കാര്യം തിരക്കി. അവളുടെ പരിചയക്കാര്‍ ആരോ പറഞ്ഞു ജംഷിയെ കുറിച്ചുള്ള വിവരങ്ങള്‍. തമിഴ്നാട്‌ അതിര്‍ത്തിയില്‍ ഉള്ള പൊള്ളാച്ചിയില്‍ കണ്ടുവത്രെ..  
അതിനെന്തിനാ വിഷമിക്കണേ ചേച്ചി കൂടെയില്ലേ.. നമുക്ക് പോയി അന്വേഷിക്കാലോ..... സമാധാനമായി ഇരിക്കൂ.... അവളുടെ താടിയില്‍ പിടിച്ചു ഉയര്‍ത്തിക്കൊണ്ടു അരുണ ഇത് പറയുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണിരുന്ന കണ്ണുനീര്‍ തുള്ളികള്‍ അവളുടെ കൈപത്തി നനച്ചു.
വീട്ടില്‍ കുറച്ചു കള്ളത്തരങ്ങള്‍ ഒക്കെ അവതരിപ്പിച്ചു അനുവാദം വാങ്ങി അടുത്തടുത്ത് കിട്ടിയ രണ്ടു മൂന്നു അവധി ദിനങ്ങളുടെ ആദ്യദിവസം തന്നെ ജംഷിയെ തേടിയുള്ള യാത്ര തുടങ്ങാനായി അരുണ അവന്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടില്‍ എത്തി. ശാലിനിയുടെ മുഖത്തു പ്രസരിപ്പിന്റെ ഒരിത്തിരി  വെട്ടം ഉണ്ടായിരുന്നു. പാവം കുട്ടി. ഈ ചെറു പ്രായത്തില്‍ എന്തെല്ലാം സങ്കടങ്ങള്‍ അവള്‍ അനുഭവിച്ചു.
ആ കുഗ്രാമത്തില്‍ നിന്നും പൊള്ളാച്ചിയിലേക്കോ പാലക്കാട്ടെക്കോ ഒന്നും നേരിട്ടുള്ള ബസ്സുകള്‍ ഇല്ലായിരുന്നു. ഗോപ്യമായുള്ള യാത്രയായിരുന്നതിനാല്‍ പരിചയക്കാരോടോന്നും സ്ഥലവിവരങ്ങള്‍ ഒന്നും ചോദിക്കാനും വയ്യ. ഒരു ചെറിയ നിര്‍ണ്ണയം വച്ചങ്ങു യാത്ര തുടങ്ങി. ശാലിനി ആണെങ്കില്‍ ആകെ അസ്വസ്ഥമായമായ മട്ടും. ബസ്സുകളില്‍ നിന്ന് ബസ്സുകളിലെക്കുള്ള മാറ്റയാത്രയില്‍ തളര്‍ച്ച പാടെ അവഗണിച്ചു.
പോകുന്ന വഴിയിലാണെങ്കില്‍ കുറെ നാളുകളായി ഇല്ലാതിരുന്ന മഴ. അന്നാദ്യമായി മഴയോട് വെറുപ്പായി. ഒന്ന് തോര്‍ന്നിരുന്നെങ്കില്‍... ശാലിനി വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. മനസ്സിനു ആശങ്ക ഉണ്ടാക്കുന്ന യാത്ര ആയതിനാല്‍ വേഷത്തില്‍ ഒന്നും ഒരു ശ്രദ്ധ ചെലുത്തിയിരുന്നില്ല. അങ്ങിനെ തണുത്തു വിറങ്ങലിച്ചു കൊണ്ട് മനസ്സിലുള്ള ലക്ഷ്യവും തേടി യാത്ര തുടര്‍ന്നു.
ഒരു ബസ്‌ സ്റ്റാന്‍ഡില്‍ തുടര്‍ന്നുള്ള യാത്രയ്ക്കുള്ള ബസ്‌ കാത്തു ഇരിക്കുകയായിരുന്നു. അതിനിടയില്‍ തങ്ങളെ വല്ലാത്ത രീതിയില്‍ നിരീക്ഷിച്ചു കൊണ്ട് നിന്ന ഒരുവന്‍ മനസ്സിന് അസ്വസ്ഥതയുണ്ടാക്കി. അടുത്ത സീറ്റില്‍ ആളോഴിഞ്ഞപ്പോള്‍ അയാള്‍ അവിടെ വന്നിരുന്നു. ഹൃദയമിടിപ്പിന് വേഗത കൂടി. അയാളുടെ  പന്തിയല്ലാത്ത നോട്ടം മനസ്സിനെയും ശരീരത്തെയും കുത്തിക്കീറുന്നത് പോലെ തോന്നി. കണ്ടാലേ ചുണ്ടൊക്കെ  കറുത്ത് മെലിഞ്ഞു വൃത്തികെട്ട ഭാവവുമായി ഒരുവന്‍......... ആകെ പേടി തോന്നി..... ദൈവമേ എന്ത് ചെയും.....അതാ അവന്‍ അടുത്തേക്ക് വരുന്നു. ഇയാള്‍ മാനസിക രോഗി ആണോ.....പേടിച്ചു ചുറ്റും നോക്കി. അവന്‍ പുകയില കറയുള്ള പല്ല് കാണിച്ചു ചിരിച്ചു.
അയാള്‍ വന്നു എന്തൊക്കെയോ അറിയാത്ത ഭാഷയില്‍ പറയുന്നു.  കനത്ത മഴ കാരണം ബസ്‌ സ്റ്റാന്റ് വിജനമാണ്. പെട്ടെന്നൊരു ചെറുപ്പക്കാരന്‍ അടുത്തേക്ക് വന്ന് ആ വൃത്തികെട്ടവനെ അവിടെ നിന്നോടിച്ചു. ഹാവൂ..  ശ്വാസം നേരെ വീണ പോലെ ആയി.
ആ ചെറുപ്പക്കാരന്‍ നല്ല കുലീനതയുള്ളവന്‍ ആണെന്ന് തോന്നി.....മാന്യനെന്നു തോന്നിക്കുന്ന അയാളോട് മനസ്സിലുള്ള രൂപരേഖ വച്ച് തങ്ങള്‍ക്കു പോകാനുള്ള ആ സ്ഥലത്തെ കുറിച്ച് വിവരങ്ങള്‍ ചോദിച്ചു. അപ്പോഴാണ് അറിയുന്നത് അദ്ദേഹവും ആ വഴിക്കാണ് പോകുന്നത് എന്ന്.
അയാളുടെ കൂടെ യാത്രയായി ആ സ്ഥലത്തേക്ക് ......അവിടേക്ക് ബസ്സുണ്ടായിരുന്നില്ല. ഒരു ട്രക്കിലാണ് യാത്ര ചെയ്തത്.
ആ യാത്രക്കിടയില്‍ ചോദിക്കാതെ തന്നെ അയാള്‍ അയാളെ കുറിച്ച് പറഞ്ഞു. പേര് അജിത്‌. അയാള്‍ക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ആഴ്ച അവര്‍ മരണപ്പെട്ടു. വിവാഹം കഴിച്ചിട്ടില്ല. അയാള്‍ സ്നേഹിച്ച പെണ്‍കുട്ടി കല്യാണം ഉറപ്പിച്ച തീയതിയുടെ തലേ ദിവസം മറ്റൊരാളുടെ കൂടെ ഓടിപ്പോയി വിവാഹം കഴിച്ചു. പിന്നീടെന്തോ അങ്ങിനെ ഒരു ജീവിതത്തെക്കുറിച്ച് അയാള്‍ ചിന്തിച്ചില്ല.. അങ്ങിനെ ഇപ്പോള്‍ തികച്ചും അനാഥനായി അയാള്‍ ജീവിക്കുന്നു..
അയാളുടെ അന്വേഷണത്തിനു മറുപടിയായി തങ്ങളുടെ ആഗമനോദ്ദേശ്യം വിവരിച്ചപ്പോള്‍ സഹതാപപൂര്‍വ്വം അദ്ദേഹം അത് കേട്ടു. ശാലിനിയെ ഒന്നുഴിഞ്ഞു നോക്കി ക്കൊണ്ട് അയാള്‍ പറഞ്ഞു.
'കുട്ടി പേടിക്കണ്ട.. എല്ലാം ദൈവം ശരിയാക്കിത്തരും.. നമുക്ക് പ്രാര്‍ഥിക്കാം.."
ശാലിനി ഇതൊന്നും കാര്യമായി ശ്രദ്ധിക്കാതെ ജീവനുള്ള ഒരു പാവയെ പോലെ ഇങ്ങനെ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം എല്ലാവരും മൗനമായി പുറത്തേക്കു നോക്കിയിരുന്നു. രണ്ടു വശത്തും നിറയെ ഇടതൂര്‍ന്ന മരങ്ങള്‍. പിന്നെ ഇടക്കിടെ വലിയ കുന്നുകള്‍. ചിന്തകളാല്‍ വികൃതമായ മനസ്സുപോലെ മരങ്ങളില്‍ കെട്ടു പിണഞ്ഞു നില്‍ക്കുന്ന കുറെ വള്ളികളും. ഇടയ്ക്കിടെ പാറകൂട്ടങ്ങള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍....... ഒരു പ്രകൃതിസ്നേഹിയായിരുന്നിട്ടും അരുണയ്ക്ക് അതൊന്നും ആസ്വദിക്കാന്‍ സാധിച്ചില്ല..
തമിഴും മലയാളവും കൂടി കലര്‍ന്നഭാഷ സംസാരിക്കുന്ന കുറെ ഗ്രാമീണര്‍ ആയിരുന്നു സഹയാത്രികര്‍. അവരുടെ കയ്യിലൊക്കെ കുട്ടകളും ചാക്കുകളും നിറച്ചു ചന്തയില്‍ നിന്ന് വാങ്ങിയ സാധങ്ങള്‍ ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടപ്പോഴേ തോന്നി പോകുന്നതേതോ ഓണംകേറാമൂലയിലെക്കാണെന്ന്.
ചെമ്മണ്‍ പാതയിലൂടെ കുറെ ദൂരം താണ്ടി ട്രക്ക് നിര്‍ത്തി. അവിടെ നിന്നും ഇനി വണ്ടി മുന്നോട്ടു പോകില്ല. അയാളോടൊപ്പം അവിടെ ഇറങ്ങി. അപ്പോഴേക്കും നേരം വൈകിയിരുന്നു. ഞങ്ങള്‍ അയാള്‍ കാണിച്ച വഴിയിലൂടെ അയാളുടെ പിന്നാലെ നടന്നു.
എല്ലാം ഒരു നിമിത്തം. അല്ലെങ്കില്‍ പരിചയമോ കേട്ട് കേള്വിയോ പോലും ഇല്ലാത്ത ഈ സ്ഥലത്ത് വന്നു ആകെ കുടുങ്ങിപ്പോയേനെ. ഇറങ്ങുമ്പോള്‍ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഒന്നും ഓര്‍ത്തതേയില്ല. ചെറിയൊരു ഭീതി മനസ്സിനെ ഗ്രസിച്ചു തുടങ്ങി.
കുറച്ചു ദൂരം നടന്നപോള്‍ മുറ്റം നിറയെ പൂച്ചട്ടികളാലും വളപ്പ് നിറയെ മരങ്ങളെ കൊണ്ടും അലംകൃതമായ മനോഹരമായ ഒരു കൊച്ചു വീട്. ആ ശാന്തസുന്ദരമായ പശ്ചാത്തലം തന്നെ ആരുടേയും മനസ്സിനു സമാധാനം നല്‍കും.
"ഇതാണ് എന്റെ പ്രാണേശ്വരിക്കൊപ്പം ജീവിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്" എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു. അടുക്കി വച്ചിരിക്കുന്ന വീടുപകാരണങ്ങളാലും മറ്റും വീടിനുള്‍വശവും നല്ല വൃത്തിയും അടുക്കും ചിട്ടയും ഉള്ള ഒരാള്‍ താമസിക്കുന്ന വീടാണെന്ന് സംശയാതീതം തെളിയും.
അദ്ദേഹം ബെഡ് റൂം ചൂണ്ടിക്കാണിച്ചു കൊണ്ട് അവിടെ പോയി ഫ്രഷ്‌ ആയിക്കൊള്ളാന്‍ പറഞ്ഞു. അലമാരയില്‍ ഇതേ വരെ ഉപയോഗിക്കാത്ത സ്ത്രീകള്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ ആവശ്യത്തിനു ഇരിപ്പുണ്ടെന്നും ആവശ്യത്തിനു എടുത്തു ഉപയോഗിച്ചോളാനും.
ഇത്രയും സ്നേഹസമ്പന്നനായ ഒരാളെ ഉപേക്ഷിച്ചു പോയ അയാളുടെ കാമുകിയോട് ദേഷ്യം തോന്നി.
ഫ്രഷ്‌ ആയി വന്നപോഴേക്കും അയാള്‍ നല്ല ചൂട് കാപ്പി ഉണ്ടാക്കി മേശയില്‍ വച്ചിരുന്നു. ക്ഷീണിതരായിരുന്നതിനാല്‍  അതെടുത്ത് ആര്‍ത്തിയോടെ കുടിച്ചു.
"നിങ്ങള്‍ റസ്റ്റ്‌ എടുക്കൂ. ഞാന്‍ പോയി നിങ്ങള്‍ പറഞ്ഞ ആളെ അന്വേഷിച്ചു വരാം" എന്ന് പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി.
ശാലിനിയുടെ മുഖത്തു പ്രതീക്ഷകളുടെ പ്രതിഫലനം. അവള്‍ കുറച്ചൊന്നു ഉഷാറായ പോലെ തോന്നി. അവള്‍ ഫ്രഷ്‌ ആയ മനസ്സോടെ മെല്ലെ തൊടിയിലെക്കിറങ്ങി അത്ഭുതത്തോടെ പ്രകൃതി കാഴ്ചകള്‍ ഒക്കെ നോക്കി ആസ്വദിക്കുന്നു. 
നേരം രാത്രി ആയി തുടങ്ങി. ഇറങ്ങിപ്പോയ മനുഷ്യനെ കാണാനുമില്ല. ഒറ്റയ്ക്ക് ഒരു ആണ്‍തുണയില്ലാതെ ഇറങ്ങിപ്പുറപ്പെട്ട നിമിഷങ്ങളെ ശപിക്കാന്‍ തുടങ്ങി. ഉള്ളില്‍ ഭീതി കൂട് കൂട്ടിത്തുടങ്ങി.... ദൈവമേ എവിടെപോയി?  അജിത്തിനെ കാണാനില്ലല്ലോ. ഇനി ഇയാള്‍ ചതിയനോ മറ്റോ ആണോ?
അരുണയുടെ മനസ്സില്‍ കുമിഞ്ഞു കൂടിയ ഭീതി അവള്‍ ശാലിനിയുടെ മുമ്പില്‍ പ്രകടിപ്പിച്ചില്ല. കാരണം അത് കൂടി താങ്ങാന്‍ ഉള്ള ശേഷി അവള്‍ക്കു ഇല്ല എന്ന് അറിയാമായിരുന്നത് കൊണ്ട്. ഇതിനു വേണ്ടി അവളെ തയ്യാറാക്കിയ തന്നെത്താന്‍ അരുണ മനസ്സാല്‍ പഴിച്ചു. എന്ത് വിശ്വസിച്ചാണ് അറിയാത്ത ഒരാളുടെ വീട്ടില്‍ അപരിചിതമായ ഒരു നാട്ടില്‍ ഇങ്ങനെ വന്നു കിടക്കണേ..... അയല്‍വാസികള്‍ എന്ന് പറയാനായി അടുത്തെങ്ങും വീടുകളേ ഇല്ല.
വരുന്നത് വരട്ടെ ഇനി മേലും കീഴും നോക്കാന്‍ ഉള്ള സമയമില്ല. ഈ കുട്ടിക്ക് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്തു അവള്‍ക്കൊരു ഭാവി ഉണ്ടാവുകയാണെങ്കില്‍ അതൊരു ഭാഗ്യമായി കരുതാം..
രാത്രി ഒമ്പത് മണിയായി. അതാ അയാള്‍ വന്നിരിക്കുന്നു... അരുണ മുറ്റത്തെക്കോടിച്ചെന്നു ഒട്ടൊരു ജിജ്ഞാസയോടെ അയാളുടെ വായില്‍ നിന്ന് വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തു നിന്നു. എന്നാല്‍ അയാളുടെ മുഖത്തൊരു നിസ്സംഗത.
"എന്ത് പറ്റി എന്താ ഒന്നും മിണ്ടാത്തേ?" അരുണ അജിത്തിനോട് ചോദിച്ചു. 
ഒന്നുമില്ല ചേച്ചീ...... ഇനിയിപ്പോ അതൊന്നും അറിയണ്ട. ശാലിനിയോട് പറഞ്ഞോളൂ അയാള്‍ അവിടെയും ഇല്ലെന്നു......
നിര്‍ബന്ധിപ്പിച്ചപ്പോള്‍ അജിത്‌ എല്ലാം അരുണയോടു പറഞ്ഞു തുടങ്ങി. എന്നാല്‍ ഇതൊക്കെ ശ്രദ്ധിച്ചു കേട്ട് ശാലിനി ജനലില്‍ തന്നെ നിന്നിരുന്നു.
അവള്‍ വന്നു ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. 
"എന്നോടൊന്നും ഒളിക്കണ്ട.. ഉണ്ടായ കാര്യം സത്യമായി പറയൂ.. എനിക്കവനെ കാണണം... കണ്ടേ ഞാന്‍ പോകൂ... ഇതിലും മീതെ എനിക്കെന്തു  വരാനാണ്. എനിക്കയാളെ കണ്ടേ പറ്റൂ...." 
രണ്ടു പേരും അവളുടെ ആക്രോശം കണ്ടു ഞെട്ടി പോയി. ദൈവമേ ഇവളുടെ മനസ്സില്‍ ഇത്രയും വലിയ അഗ്നിപര്‍വതങ്ങള്‍ പുകയുന്നുണ്ടായിരുന്നുവോ?  അത് പൊട്ടി ലാവ ഒഴുകി തുടങ്ങിയിരിക്കുന്നു. ഇക്കണക്കിന് നിജസ്ഥിതി അറിയുമ്പോള്‍ എന്തായിരിക്കും പ്രതികരണം. അരുണ അവളെയും അടക്കിപ്പിടിച്ചു കൊണ്ട് അകത്തേക്ക് പോയി.
അജിത്തിനു ആകെ ആശയക്കുഴപ്പം. ഒരു നിമിഷം അവന്‍ ചിന്തിച്ചു. ഒരു പനിനീര്‍ പുഷ്പം പോലെ മനോഹരിയും താമരമൊട്ടിന്റെ നൈര്‍മ്മല്യവും ആത്മാര്‍ഥസ്നേഹത്തിന്റെ പര്യായവുമായ ഈ കുട്ടിയെ വഞ്ചിക്കാന്‍ അവനു എങ്ങനെ മനസ്സ് വന്നു. കരുതിക്കൂട്ടി ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു സ്ത്രീയെ വഞ്ചിക്കാന്‍ ഏതു പുരുഷനാണ് സാധിക്കുക. എങ്ങനെ അവനു സാധിക്കുന്നു ശാലിനിയെ പോലുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ച് കുടിച്ചു മദിച്ചു മദാലസകളുമായി ഇങ്ങനെ അഴിഞ്ഞാടാന്‍.. എത്രമാത്രം നീചന്‍ ആയിരിക്കും അവന്‍..
നഗ്നസത്യം.. അങ്ങനെയുള്ള ഒരു വഞ്ചനയുടെ ഇര തന്നെയാണല്ലോ താനും. പിന്നെ എന്തോ നിശ്ചയിച്ചുറച്ചതു പോലെ അവന്‍ തന്റെ മുറിയിലേക്ക് പോയി. 
തണുത്തുറഞ്ഞ ആ രാത്രിയില്‍ അജിത്‌ മുറ്റത്തു കൂട്ടിയിട്ടു കത്തിച്ചിരുന്ന വിറകു കൂനയില്‍ എരിയുന്ന നാളങ്ങളുടെ വെട്ടം ജനലഴികളിലൂടെ അരുണയുടെ മടിയില്‍ മോഹലാസ്യപ്പെട്ടു കിടന്നിരുന്ന ശാലിനിയുടെ മുഖത്തു വാടിയ ചെമ്പനീര്‍പ്പൂക്കള്‍ വരച്ചു. 
സമയം രാത്രി ഒരു മണി..
അങ്ങകലെ എസ്റ്റേറ്റ്‌ ബംഗ്ലാവില്‍ അരങ്ങേറിയിരുന്ന മദിരോത്സവത്തിമിര്‍പ്പില്‍ നിന്നും ഷംജിയുടെയും കൂട്ടുകാരുടെയും ആഹ്ലാദത്തിമിര്‍പ്പിന്റെ അട്ടഹാസങ്ങള്‍ അപ്പോഴും അന്തരീക്ഷത്തില്‍ ലയിച്ചു കൊണ്ടിരുന്നു.
- മീനു.

No comments:

Post a Comment