Wednesday 14 January 2015

തല മറന്നു എണ്ണ തേയ്ക്കുന്നവര്‍



മെയ്‌ 25.  ഇന്ന് സൈനബയുടെ നിക്കാഹ് ആണ്.
മുറ്റത്ത്‌ ഉയര്‍ത്തിയിരിക്കുന്ന പന്തലിന്റെ തൂണുകളെല്ലാം വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞു അതില്‍ പലനിറത്തിലുള്ള ബലൂണുകളും തോരണങ്ങളും ഒക്കെ കെട്ടി അലങ്കരിച്ചു മനോഹരമാക്കിയിരിക്കുന്നു. നിരനിരയായി ഇട്ട ഇരിപ്പിടങ്ങളില്‍ കാരണവന്മാരും അതിഥികളും ഒക്കെയിരുന്നു സൊറ പറയുന്നു. സൌണ്ട് സെറ്റില്‍ നിന്നും മനോഹരമായ ഒപ്പന പ്പാട്ടുകള്‍ ഒഴുകി വരുന്നു. കുട്ടികള്‍ ആഹ്ലാദ പരവശരായി   ഓരോ സ്വരങ്ങളുണ്ടാക്കി തലങ്ങും വിലങ്ങും ഓടിക്കളിക്കുന്നു. ആകെ ശബ്ദമുഖരിതവും സന്തോഷകരവുമായ അന്തരീക്ഷം.
പുറത്തു താല്‍ക്കാലികമായി ഉണ്ടാക്കിയിരിക്കുന്ന അടുക്കളയില്‍.നാട്ടിലെ പ്രശസ്ത പാചകക്കാരനായ ഉസ്മാന്‍ മാപ്പിള തയ്യാറാക്കിയ ബിരിയാണിയുടെ മനം മയക്കുന്ന സുഗന്ധം ഒഴുകി വരുന്നുണ്ട്. വാഴക്കയ്യുകളില്‍ ഇരുന്നു കാക്കകള്‍ കലപില കൂട്ടുന്നു. വീടിന്‍റെ അടുക്കള മുറ്റത്തു നിന്ന് പരസ്പ്പരം ആഡംബരത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും ഭാണ്ഡക്കെട്ടഴിക്കുന്ന സ്ത്രീജനങ്ങളും അവിടെയും ഇവിടെയും ഒക്കെ നിന്ന് കാര്യം പറയുന്ന മുതിര്‍ന്നവര്‍. എങ്ങും ആഹ്ലാദത്തിന്റെ കമ്പി പൂത്തിരികൾ

മണവാട്ടി പ്പെണ്ണിനെ ഒരുക്കുന്ന പണിയിലാണ് ഇളയ സഹോദരിമാരായ സഫിയയും ജമീലയും. അവരുടെ മുഖത്ത് ആകാശം പിടിച്ചടക്കിയ ഭാവം. പ്രസന്നവദനരായി അവര്‍ തങ്ങളുടെ പൊന്നു ഇത്താത്തയെ ഒരുക്കുകയാണ്. എത്ര അണിയിച്ചൊരുക്കിയിട്ടും മതി വരാതെ അവര്‍ തങ്ങളുടെ ആഭരണങ്ങളും ഇത്താത്തയെ അണിയിച്ചിരിക്കുന്നു.   

ഫാഷൻ ഒരിക്കലും തൊട്ടു തീണ്ടിയിട്ടില്ലായിരുന്ന സൈനബയെ അവര്‍ നിര്‍ബന്ധിച്ചു നെയിൽ പോളിഷ് ഇടീപ്പിച്ചും ബ്യൂട്ടി പാർലറിൽ നിന്ന് വിളിച്ചു കൊണ്ട് വന്ന ബ്യൂട്ടീഷന്‍ ചായക്കൂട്ടുകള്‍ തേച്ചു മിനുക്കി ആകെക്കൂടി അവളെ ഒരു മൊഞ്ചത്തി  ആക്കി മാറ്റിയിരിക്കുന്നു

നിക്കാഹിനു വേണ്ട സാധനങ്ങള്‍ വാങ്ങിപ്പിക്കുവാനായി സൈനബയുടെ അനിയത്തിമാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ ഓരോയിടങ്ങളിലേക്ക് ഓടിക്കുന്നു. എല്ലാവരും പെരുത്തു സന്തോഷത്തില്‍ തന്നെ.

കുറച്ചു ഇരു നിറവും കാഴ്ചയ്ക്ക് അത്ര സുന്ദരിയും അല്ലായിരുന്ന സൈനബയെ കാണാന്‍ വന്ന ചെറുക്കന്മാര്‍ക്കൊന്നും അവളെ ഇഷ്ടമാകാതിരുന്നത് മൂലം സഫിയയുടെയും ജമീലയുടെയും വിവാഹങ്ങള്‍ കഴിയുമ്പോള്‍ സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നില്ല.

പ്രാരബ്ദക്കാരനും നിത്യരോഗിയുമായ ബാപ്പയ്ക്ക് സൈനബയുടെ വിവാഹം കഴിയുന്നത്‌ വരെ പുര നിറഞ്ഞു നില്‍ക്കുന്ന അനുജത്തിമാരെ കെട്ടിച്ചയയ്ക്കാതിരിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.

ഉമ്മയുടെയും ബാപ്പയുടെയും നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു  വിവാഹപ്പന്തലിലേക്ക് പോകുമ്പോള്‍ സൈനബയുടെ മുഖത്തു നിഴലിച്ചിരുന്ന നിസ്സംഗ ഭാവം സഫിയയുടെയും ജമീലയുടെയും മനസ്സില്‍ സന്തോഷത്തിനു പകരം ദുഖമായിരുന്നു സമ്മാനിച്ചിരുന്നത്.

തങ്ങളുടെ വിവാഹനാളില്‍ വരെ സന്തോഷിക്കാന്‍ സാധിക്കാതിരുന്ന ഈ ഹതഭാഗ്യര്‍-സഫിയയും ജമീലയും ഇന്ന് മതി മറന്നു ആഹ്ലാദിക്കുകയാണ്. കാരണം അവരുടെ മനസ്സില്‍ കൂട് കൂട്ടിയിരുന്ന ദുഖത്തിന് ഇന്ന് അറുതി വരികയാണല്ലോ. സൈനബാ താത്തയും തങ്ങളെ പോലെ മംഗല്ല്യവതിയായി ഒരു കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഇതില്‍പ്പരം എന്ത് സന്തോഷം ആണ് അവര്‍ക്ക് വേണ്ടത്..

"ദേ.. പുത്യാപ്ല വന്നൂ..." ആരോ പന്തലില്‍ നിന്നും വിളിച്ചു പറഞ്ഞു.

അത് കേട്ട് സഫിയയും ജമീലയും ഒരു കള്ളച്ചിരിയോടെ സൈനബയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. സൈനബയുടെ മുഖം നാണം കൊണ്ടും സന്തോഷം കൊണ്ടും തുടുത്തിരിക്കുന്നു.

സുമുഖനും ധനവാനുമായ വരന്‍. സൈനബയുടെ ജീവിതത്തില്‍ വൈകി വന്ന ഒരു വസന്തം ആയിരുന്നു അത്. സൈനബയുഉടെ നിക്കാഹ് കഴിയാത്ത ബേജാറില്‍ ആ വീട്ടിലുള്ളവര്‍ മനസമാധാനത്തോടെ ഉറങ്ങിയിട്ട് തന്നെ നാളുകളായിരുന്നു. ഇന്ന് എല്ലാവര്‍ക്കും സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സുദിനം!

അങ്ങനെ ആ നിക്കാഹ് പ്രൌഡഗംഭീരമായി ത്തന്നെ നടന്നു. പെയ്തൊഴിഞ്ഞ ആകാശം പോലെ വീട്ടുകാരുടെ മനസും തെളിഞ്ഞു

കല്യാണം കഴിഞ്ഞു ആദ്യരാത്രി അവിടെ തന്നെ ആയിരുന്നു. നാണം കൊണ്ട് തുടുത്ത മുഖവുമായി സൈനബ താത്ത മണിയറയിലേക്ക് പോകുന്നത് കാണാന്‍ വേണ്ടി ഇടനാഴിയില്‍ കാത്ത് നിന്ന സഫിയയെയും ജമീലയെയും ഗൌരവ പൂര്‍ണ്ണമായ ഒരു നോട്ടം നോക്കി സൈനബ അകത്തു കയറി വാതിലടച്ചപ്പോള്‍ അവരുടെ മുഖം വാടി. എന്ത് പറ്റി ഇത്താത്തക്ക് എന്ന രീതിയില്‍ അവര്‍ മുഖത്തോടു മുഖം നോക്കി.

രാവിലെ സഫിയയും ജമീലയും ഉണരുന്നതിനു മുമ്പേ സൈനബ എഴുന്നേറ്റിരുന്നു. മുഖത്തു ലോകം പിടിച്ചടക്കിയ ഒരു ഭാവം. 'പുയ്യാപ്ല'യുടെ വീട്ടിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അപ്പോഴും ചുറുചുറുക്കോടെ സഫിയയും ജമീലയും ഓടി നടന്നു ഉത്സാഹിച്ചു. പക്ഷെ പുയ്യാപ്ലയുടെ ഒപ്പം പടിയിറങ്ങിയ സൈനബ ഉമ്മയോടും ബാപ്പയോടും മാത്രം യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ ശരിക്കും ആ സഹോദരിമാരുടെ കണ്ണു നിറഞ്ഞു.

"ഇത്താത്തയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?..എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്. ഇത്താത്തയെ മതി മറന്നു സ്നേഹിച്ചതോ?.. "

മൈലാഞ്ചി ഇടുന്നത് മുതല്‍ ഡ്രസ്സ്‌ ചെയ്യുന്നത് വരെ അനിയത്തിമാരോട് ചോദിച്ചു മാത്രം ചെയ്തിരുന്ന സൈനബയുടെ ഭാവമാറ്റം ശരിക്കും അവരെ തളര്‍ത്തി.

പുതിയ മരുമകന്‍ പ്രായത്തില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആയിരുന്നെങ്കിലും മറ്റുള്ളവരേക്കാള്‍ സുന്ദരനും ധനവാനും ആയിരുന്നു. അദ്ദേഹത്തിന്‍റെ പൊങ്ങച്ചം പറച്ചിലും സേവകളും ഒക്കെ ബാപ്പയേയും ഉമ്മയേയും ഒക്കെ അദ്ദേഹത്തിന്‍റെ ആരാധകരാക്കി. എന്തിനു സൈനബയെ വരെ അവര്‍ അതെ വരെ ഇല്ലാതിരുന്ന ഒരു ബഹുമാനത്തോടെ നോക്കിക്കാണാന്‍ തുടങ്ങി.

പുതിയ മരുമകന്‍ വരുന്ന ദിവസങ്ങളില്‍ ഒരു പെരുന്നാളിന്‍റെ ആലഭാരങ്ങള്‍ ആണ് വീട്ടില്‍. എന്നാല്‍ പഴയ മരുമക്കള്‍ വരുമ്പോഴോ ശ്മശാന മൂകതയും.. സൈനബയുടെ മാപ്ല ഉമ്മയേയും ഉപ്പയെയും സംരക്ഷിക്കാനായി മൊത്തത്തില്‍ അങ്ങ് ഏറ്റെടുത്തപ്പോള്‍, ഇഷ്ടം പോലെ പണവും സൌകര്യങ്ങളും ഒക്കെ നല്‍കി സന്തോഷിപ്പിച്ചപ്പോള്‍ മറ്റുള്ള രണ്ടു പെണ്മക്കളും അവര്‍ക്ക് താല്‍പ്പര്യമില്ലാത്തവരായി.

കവലയിലെക്കൊക്കെ നടന്നും ബസ്സിലും ഒക്കെ സന്തോഷത്തോടെ പോയിരുന്ന സൈനബ കല്യാണത്തിനു ശേഷം കാറിലെ പോകൂ.. അത് ശീലമാക്കിയ ഉപ്പയും ഉമ്മയും വരെ മറ്റു പെണ്‍കുട്ടികളുടെ കൂടെ ബസ്സിലും റിക്ഷയിലും ഒന്നും എങ്ങോട്ടെങ്കിലും പോകാനോ അവരുടെ വീടുകളിലേക്ക് പോകാനോ വിസമ്മതിച്ചു തുടങ്ങി. കഴുത്തിലും കയ്യിലും ഒക്കെ നിറയെ ആഭരണങ്ങള്‍ ഇട്ടു വില കൂടിയ സാരി ചുറ്റി പ്രൌഡിയോടെ സൈനബ തന്‍റെ സഹോദരിമാരുടെയും അയല്‍പക്കക്കാരുടെയും ഒക്കെ മുമ്പില്‍ പൊങ്ങച്ചം കാണിച്ചു തുടങ്ങി.

കല്യാണം കഴിഞ്ഞു അധിക കാലം കഴിയുന്നതിനു മുമ്പേ സൈനബയെ അദ്ദേഹം ഗള്‍ഫിലേക്ക് കൊണ്ട് പോയി. പിന്നെ എന്നും അവിടെ നിന്നുള്ള ഫോണ്‍ കോളുകളില്‍ ആയി പൊങ്ങച്ചം പറച്ചില്‍. തന്‍റെ ഭര്‍ത്താവ് അറബിയുടെ സ്വന്തം ആളാണെന്നും നല്ല പോസ്റ്റില്‍ ആണ് ജോലി ചെയ്യുന്നതെന്നും. തങ്ങളുടെ വീട്ടില്‍ ഇല്ലാത്ത സുഖ സൌകര്യങ്ങള്‍ ഇല്ലെന്നും, വളരെ സ്നേഹ സമ്പന്നനായ ഭര്‍ത്താവ്  ആണ് അദ്ദേഹം.. തന്നെ നിലത്തു വയ്ക്കാതെയാണ് സംരക്ഷിക്കുന്നത് എന്നുമൊക്കെയുള്ള വിശേഷങ്ങള്‍ സൈനബ എന്നും വിളിച്ചു സഹോദരിമാരെയും മാതാപിതാക്കളെയും കേള്‍പ്പിക്കും. 

അപ്പോഴും തന്റെ മൂത്ത സഹോദരിക്ക് കിട്ടിയ സൌഭാഗ്യങ്ങളില്‍ സഫിയയും ജമീലയും ഉള്ളു കൊണ്ട് സന്തോഷിച്ചു. ഇത്താത്തയെ മറി കടന്നു തങ്ങള്‍ വിഹാഹിതരാകേണ്ടി വന്നപ്പോള്‍ സൈനബയുടെ മനസ്സില്‍ ഉണ്ടായിരുന്ന വിഷമവും അപകര്‍ഷതാ ബോധവും ആയിരിക്കും ഈ ഭാവമാറ്റത്തിനു കാരണം എന്ന് അവര്‍ ഊഹിച്ചു. എങ്കിലും പരസ്പരം ചര്‍ച്ച ചെയ്തില്ല. 

പക്ഷെ ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഉള്ള അവരുടെ കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടിക്കൂടി വന്നു. അവസാനം നല്ലൊരു ഡോക്ട്ടരുടെ ചികിത്സയ്ക്കായി സൈനബയെ അദ്ദേഹം നാട്ടിലേക്ക് വിട്ടു. ഭര്‍ത്താവിന്‍റെ വീട്ടില്‍ നില്‍ക്കാന്‍ വിസമ്മതിച്ച സൈനബ സ്വന്തം വീട്ടിലേക്കു തന്നെ വന്നു. ഭാര്യയെ ഒന്നിനും നിഷ്കര്‍ഷിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം വേണ്ടത്ര പണം അയച്ചു കൊടുത്തു കൊണ്ടേയിരുന്നു. ഉമ്മയ്ക്കും ബാപ്പയ്ക്കും ഒക്കെ സൈനബ ഒരു മുതാളിച്ചി ആയിരുന്നു. സ്വന്തം മകള്‍ എന്ന സ്ഥാനം തന്നെ മറന്നു അവളുടെ പാദസേവ ചെയ്യാന്‍ വരെ അവര്‍ തയ്യാറായി.

സൈനബയുടെ അഹങ്കാരത്തിനെ ആളിക്കത്തിക്കാന്‍ എന്ന പോലെ അദ്ദേഹത്തിന്‍റെ അടുത്ത വരവില്‍ തന്നെ സൈനബയ്ക്ക് നല്ല വിശേഷം ഉണ്ടായി. പിന്നെ സൈനബയെ വീട്ടുകാര്‍ ശുശ്രൂഷിച്ചിരുന്നത്  ശരിക്കും ഒരു രാജകുമാരിയെ നോക്കുന്നത് പോലെ തന്നെയായിരുന്നു. രണ്ടും നാലും പേരക്കുട്ടികള്‍ ഓടി നടന്ന ആ വീട്ടില്‍ ആദ്യ പേരക്കുട്ടി ജനിക്കാന്‍ പോകുന്നു എന്ന മനോഭാവമായിരുന്നു ഉപ്പയും ഉമ്മയും സൈനബയെ ശുശ്രൂഷിക്കുന്നതില്‍ വച്ച് പുലര്‍ത്തിയിരുന്നത്.

അങ്ങനെ സൈനബ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അതോടെ സന്തോഷവതിയായ അവള്‍ ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും കൂട്ടുകാര്‍ക്കും ഒക്കെ വാരിക്കോരി ഓരോ സമ്മാനങ്ങളും പണവും ഒക്കെ നല്‍കി. അതോടെ വീട്ടുകാര്‍ക്ക് പുറമേ നാട്ടുകാര്‍ വരെ സൈനബയെ ആരാധനാമാനോഭാവത്തോടെ കാണാന്‍ തുടങ്ങി. ഒരു പണക്കാരിയുടെ പത്രാസ് ഇടപഴകുന്ന എന്തിലും കാണുന്ന ഏതൊരു വ്യക്തിയോടും കാണിക്കാന്‍ തുടങ്ങി. സഫിയയേയും ജമീലയേയും ഒക്കെ അത്യാവശ്യ നേരങ്ങളില്‍ പൈസയും വസ്ത്രങ്ങളും ഒക്കെ നല്‍കി സഹായിച്ച് തന്‍റെ മേല്‍ക്കോയ്മ അവരെ ബോധ്യപ്പെടുത്താനും സൈനബ മറന്നില്ല.
അനിയത്തിമാര്‍ എന്ന് പറഞ്ഞാല്‍ സൈനബയ്ക്ക് ഒരു പുച്ഛഭാവം ആയിരുന്നു. ഉദാഹരണമായി, എങ്ങോട്ടെങ്കിലും പോകാന്‍ പരിപാടിയിട്ടാല്‍ ബാക്കിയുള്ളവരൊക്കെ സൈനബ പറഞ്ഞ സമയത്തില്‍ നിന്നും ഒരു മിനിട്ട് പോലും വൈകാതെ തയ്യാറായി വന്നു കൊള്ളണം. സൈനബയോ ഒരുക്കം എന്ന പേരും പറഞ്ഞു വന്നവരെ ഒക്കെ വീണ്ടും കുറെ നേരം കാത്തു നില്‍പ്പിക്കും.  ഇതേ പോലുള്ള ഒരുപാട് പ്രവൃത്തികള്‍ സൈനബയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്നപ്പോള്‍ അറിയാതെ സഫിയയുടെയും ജമീലയുടെയും മനസ്സുകള്‍ സൈനബയെ വെറുത്തു തുടങ്ങി.

നാട്ടിലേക്ക് ഇറങ്ങിയാല്‍ ആശ്രിതരുടെ കുശലം പറച്ചിലും സ്തുതിപാടലും ഒക്കെ കേള്‍ക്കുമ്പോള്‍ സൈനബ ഏതോ സ്വര്‍ഗ്ഗലോകത്തില്‍ എത്തിപ്പെടുമായിരുന്നു. ചോദിച്ചവര്‍ക്കൊക്കെ സഹായങ്ങള്‍ വാരിക്കോരി കൊടുക്കും. സംഭാവനക്കാര്‍ വന്‍തുക ലഭിക്കാതെ ആ പടി കടന്നു തിരിച്ചു പോയിരുന്നില്ല. പെട്ടെന്ന് തന്നെ തരവാടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മനോഹരമായ ഒരു വീടും കൂടി പണി കഴിപ്പിച്ചപ്പോള്‍ സൈനബ എന്ന് പറഞ്ഞാല്‍ ഒരു സംഭവം തന്നെ എന്ന് എല്ലാവരും വിലയിരുത്തി.

ഉമ്മയും ഉപ്പയും തറവാട് വിട്ടു അവളുടെ എല്ലാ സൌകര്യങ്ങളും കൂടിയ വീട്ടില്‍ താമസമാക്കി. ഒരു സന്ധ്യാനേരത്ത് സൈനബയുടെ റൂമില്‍ നിന്നും ഉയര്‍ന്ന പൊട്ടിക്കരച്ചില്‍ കേട്ട് ഉമ്മയും ഉപ്പയും അവിടേക്ക് ഓടിച്ചെന്നു. അര്‍ദ്ധബോധാവസ്ഥയില്‍ തറയില്‍ കിടന്നു തേങ്ങുന്ന സൈനബയെ കണ്ടു അവര്‍ അന്ധാളിച്ചു. കാര്യമാറിഞ്ഞു അവരും ഞെട്ടി.സൈനബയുടെ ഭര്‍ത്താവിനു പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു എന്ന വാര്‍ത്ത.

വിവരം അറിഞ്ഞു ഓടിയെത്തിയ സഫിയയേയും ജമീലയേയും അവള്‍ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു. ഇത്താത്തയുടെ കണ്ണുനീര്‍ കണ്ട അവരുടെ കണ്ണുകളും നിറഞ്ഞു ധാരധാരയായി ഒഴുകി. അവര്‍ അവര്‍ക്ക് ആവുന്നത് പോലെ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ക്കു തങ്ങളുടെ പഴയ ഇത്താത്തയെ തിരച്ചു കിട്ടിയതായി അവര്‍ക്ക് തോന്നി. പിന്നീടു സൈനബയ്ക്ക് എപ്പോഴും പഴയ പോലെ തന്റെ സഹോദരികള്‍ അടുത്തു തന്നെ വേണമായിരുന്നു. സ്നേഹം വീണ്ടും വഴിഞ്ഞൊഴുകി. 

ഒരു മാസത്തിനുള്ളില്‍ സൈനബയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും ജോലി അവസാനിപ്പിച്ചു വന്നു. പക്ഷാഘാതം മൂലം ഒരു കയ്യും കാലും തളര്‍ന്നെങ്കിലും ഒരു വിധം നടക്കാന്‍ സാധിക്കുമായിരുന്നു അദ്ദേഹത്തിനു. പിരിഞ്ഞു പോരുമ്പോള്‍ ഒരുവന്‍തുക തന്നെ കമ്പനി അദ്ദേഹത്തിനു നല്‍കിയിരുന്നു. നാട്ടിലെ ചികിത്സ കൂടിയായപ്പോള്‍ അസുഖത്തിനു വീണ്ടും നല്ല ഭേദം ഉണ്ടായി. എങ്കിലും  തിരിച്ചു വരാന്‍ വേണ്ടി കമ്പനിക്കാര്‍ ഒരു പാട് നിര്‍ബന്ധിച്ചിട്ടും വീണ്ടും ഒരു വിദേശയാത്ര അയാള്‍ വേണ്ടെന്നു വച്ചു. സൈനബയെ ആഗ്രഹിക്കുന്നതൊക്കെ നടത്തിക്കൊടുത്തു കൊണ്ട് അയാള്‍ സ്നേഹം കൊണ്ട് വീണ്ടും ആവോളം പൊതിഞ്ഞു കൊണ്ടിരുന്നു.

അപ്പോഴൊക്കെ വീണ്ടും സുരക്ഷിതത്വ ബോധം കൂടു കൂട്ടിയ മനസ്സുമായി  സൈനബ പിന്നിപ്പോയിരുന്ന അവളുടെ അഹങ്കാരത്തിന്‍റെ മേലങ്കി വീണ്ടും പതിയെ പതിയെ തുന്നി ചേര്‍ക്കുകയായിരുന്നു.  അത് മറ്റൊരു ദുരന്തം ക്ഷണിച്ചു വരുത്താനാവാതിരിക്കട്ടെ.

- മീനു.

No comments:

Post a Comment