Wednesday 14 January 2015

പാമോയില്‍ കുംഭകോണം



ക്ലോക്കില്‍ ഒമ്പതടിക്കുന്നു..

ശ്ശോ...നേരം വൈകിയല്ലോ.. ഇന്നും മാനേജരുടെ കയ്യില്‍ നിന്നും വഴക്കുറപ്പാണ്

ടിംഗ് ടോംഗ്..

കാളിംഗ്ബെല്‍ അടിക്കുന്നു

ആരാണാവോ ദൈവമേ .. ഈ നേരം വൈകിയ നേരത്ത് മനുഷ്യനെ മെനക്കെടുത്താനായിട്ടു,,,

വാതില്‍ തുറന്നപ്പോള്‍ കേബിള്‍ക്കാരന്‍ ജോസേട്ടന്‍  കറുത്തൊരു തോല്‍ബാഗും കക്ഷത്തു വച്ചുകൊണ്ടു വെളുക്കെചിരിച്ചു നില്‍ക്കുന്നു

ജോസേട്ടാ ഈ നേരത്താണോ വരണേ.. അല്ലെങ്കിലെ നേരം വൈകി നിലക്കാണ് ഞാന്‍.. അയാളെ  കണ്ടു അമര്‍ഷം വന്നത് പുറത്തുകാണിക്കാതെ ചോദിച്ചു

മ്ബ്ല്.. എപ്പ വന്നാലും ഇവ്ടെ ആളുണ്ടാവില്ല്യാ.. മ്ബ്ലു കാശ് വാങ്ങാന്‍ വരുംബ്ലയ്ക്കും കുട്ടി ആപ്പീസില്പൂവല്ലേ?.. അതോണ്ട് നേരത്തെങ്ങ്ട് പോന്നതാ...

 പിന്നെ ഒന്നും പറയാന്‍ നില്‍ക്കാതെ അകത്തേക്കു കയറി അലമാരി തുറന്ന് പൈസയെടുത്തു വന്നു കേബിളിന്റെ മാസവരിയും കൊടുത്തു വീടുംപൂട്ടി ഞാന്‍ ധൃതിയില്‍  നടന്നു..

ഓഫീസിലെത്തുമ്പോള്‍ പതിവുപോലെ  നാലഞ്ചുപേര്‍  വരാന്തയില്‍  കാത്തു നില്‍ക്കുന്നു ,,ആരെയും ശ്രദ്ധിക്കാതെ ഓഫീസിലേക്ക് കയറുമ്പോള്‍ പിറകില്‍ നിന്നും ഒരു വിളി...

"മീനൂട്ട്യേ..." തിരിഞ്ഞു നോക്കിയ ഞാനൊന്നു അമ്പരന്നു പോയി.

പണ്ടത്തെ റേഷന്‍ കടക്കാരന്‍ അപ്പുണ്ണി മാമന്‍......... പല്ലൊക്കെ പോയെങ്കിലും മോണ കാട്ടിയുള്ള ആ ചിരിയില്‍ പണ്ടത്തെ വാല്‍സല്യങ്ങളെല്ലാം അതേ പടി ഒളിച്ചിരിക്കുന്നു. 

"അയ്യോ.. ആരാത്?!!... മാമനെന്താ ഇപ്പൊ ഇവിടേ?... ഇന്നെ മനസ്സിലായി അല്ലേ.." ഓടിച്ചെന്നു ചുക്കിച്ചുളിഞ്ഞു വിറയല്‍ ബാധിച്ച ആ കൈകള്‍ പിടിച്ചു

"പിന്നെന്താ ഇയ്ക്കറിയാണ്ടേ.. ബാലേട്ടന്റെ എല്ലാ പിള്ളേരേം ഇക്ക്യു ഇന്‍റെ പിള്ളേരെ പോലെ സ്നേഗാ.. കുഞ്ഞായിരിക്കുമ്പോ റേഷന്‍ പീട്യേല് വരണ ആ എലുമ്പിപ്പെണ്ണ് തന്നെ നീയിപ്ലും.. ന്താ.. നീയ് സാര്യുടുത്തൂന്നു വച്ച് ഇക്ക്യെന്താ  മനസ്സിലാവാണ്ടിരിക്ക്യോ?..  കുട്ടി വ്ട്യാ ജോലി ചെയ്യണേന്നു ന്‍റെ മോന്‍ അശോകന്‍ പറഞ്ഞേര്‍ന്നു.. മാമന് സന്തോഷായീട്ടോ.. നന്നായി വരട്ടേ.. കുട്ടി മറന്നിണ്ടാവും മാമനെ ന്നു നിരീച്ചു.." 

"അപ്പുണ്ണി മാമനെ മറക്കാനോ.. റേഷന്‍ കടേല് വരുമ്പോഴൊക്കെ ആറ്റുമണമേലെ ഉണ്ണ്യാര്‍ച്ചക്കുട്ടി വന്നല്ലോ..'  എന്നു പറഞ്ഞു കളിയാക്കാറുള്ളതല്ലേ.. മറക്കാന്‍ പറ്റില്ല മാമനെ.." 

മോളേ.. ഈ കര്‍ലാസ്‌  ഒന്ന്  വേം ശെരിയാക്കിത്തര്യാ.. മാമന് ഇത് കഴിഞ്ഞു കരന്റാപ്പീസില് പോവാനുള്ളതാ... പീട്യൊക്കെ പോയീ.. നടത്താന്‍ അശോകന് താല്‍പ്പര്യല്ല്യാത്രേ.. അവനിപ്പോ ബോംബേലാ... മൂത്ത കുട്ടിക്ക് ആറുവയസ്സു കഴിഞ്ഞൂ..." 

"അതിനെന്താ.. മാമന്‍ വരൂ.. ഇരിക്കൂ... ഇപ്പൊത്തന്നെ ശെരിയാക്കിത്തരാം ട്ടോ...

ഉടനെത്തന്നെ ഫയലുകള്‍ വരുത്തി അപ്പുണ്ണിമാമന്‍റെ പേപ്പര്‍ ശരിയാക്കിക്കൊടുത്തു. നിറഞ്ഞ മനസ്സുമായി അദ്ദേഹം പോകുന്നത് ഗൃഹാതുരത്വത്തോടെ നോക്കിയിരുന്നു. 

പിന്നെ ഉപഭോക്താക്കളുടെ ഒരു ബഹളം തന്നെയായിരുന്നു എന്നത്തെയും പോലെ.. ഉച്ച ഭക്ഷണം കഴിക്കുന്നതു വരെ തിരക്കില്‍ നിന്നൊരു മുക്തി കിട്ടിയില്ല. ഉച്ചഭക്ഷണം കഴിഞ്ഞു തിരിച്ചു വന്നു കസേരയില്‍ ഇരിക്കുമ്പോള്‍ അപ്പുണ്ണിമാമന്‍ വീണ്ടും മനസ്സിലേക്ക് കയറി വന്നു. 

ഇന്നത്തെ കാപട്യങ്ങളൊന്നുമേയില്ലാത്ത ഗ്രാമീണത തുളുമ്പുന്ന ആ പഴയകാലം... 
.
കണ്ണിമാങ്ങയും പുളിങ്കുരുവും ചാമ്പക്കയും കൂട്ടുകാരോടൊത്തു പറിച്ചു ഭുജിച്ചു നടന്നു കണ്ണുപൊത്തിക്കളിയും കൊത്താംകല്ലും കളിച്ചു കുളത്തില്‍ പോയി നീന്തിക്കളിച്ചും ആഹ്ലാദിച്ചു നടന്നിരുന്ന സ്കൂള്‍ അവധിക്കാലം..

അമ്മാവന്‍റെ മക്കളും ചെറിയമ്മയുടെ മക്കളും ഒക്കെ വിരുന്നു വന്നു  ആവോളം വര്‍ണ്ണശോഭ വിതറിയിരുന്ന ആ സുന്ദര കാലം..

മഴ പെയ്താല്‍ കൊച്ചുതോണികള്‍ ഉണ്ടാക്കി അതില്‍ കട്ടുറുമ്പിനെയും കൊച്ചു പ്രാണികളെയും ഒക്കെ ഇട്ടു തെങ്ങിന്‍റെ കടയ്ക്കും മറ്റും
കെട്ടിക്കിടക്കുന്ന മഴവെള്ളക്കായലില്‍ ഒഴുക്കും. പ്രാണികള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ നാലുപാടും ഓടി വിഫലമായി അമ്പരന്നു നില്‍ക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കൊക്കെ ഭയങ്കര കൌതുകമായിരുന്നു.

അങ്ങനെ രസം പിടിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്ധ്യയോടടുത്ത നേരത്ത് അമ്മയുടെ നീട്ടിയുള്ള വിളി..

"മീനു ... റേഷന്‍കടയില്‍ പാമോയില്‍ വന്നിട്ടുണ്ട് എന്ന് കാര്‍ത്ത്യായനി പറഞ്ഞു. വേഗം  പോയി അത് വാങ്ങിക്കൊണ്ടു വരിന്‍.. നമുക്ക് അതോണ്ട് ചക്ക വറുക്കാം.."

കളി നിര്‍ത്തേണ്ടി വരുമെന്നുള്ള വിഷമം ഉണ്ടായെങ്കിലും ചക്ക വറുത്തതും തിന്നുകൊണ്ട്‌ ഉമ്മറത്തിരുന്നു  ഓട്ടിന്‍ പുറത്തുനിന്നും ഒഴുകി വീണു മുറ്റത്ത് കൊച്ചരുവികള്‍ തീര്‍ക്കുന്ന മഴനൂലുകളുടെ സൌന്ദര്യം ആസ്വദിക്കുന്ന ഓര്‍മ്മയൊരു ആവേശമുണ്ടാക്കി.

അമ്മാവന്‍റെ മക്കളായ ദേവുവും മണിയേട്ടനും അന്നേരം പാമോയില്‍ വാങ്ങാനായി വരുന്നു എന്നറിയിച്ചു. എന്നേക്കാള്‍ രണ്ടുമൂന്നു വയസ്സ് കൂടുതലേ ഉള്ളൂവെങ്കിലും തമാശകള്‍ പൊട്ടിക്കുന്നതില്‍ മണിയേട്ടന്‍ അസാമാന്യനായിരുന്നു. അതോടെ റേഷന്‍കടയില്‍ പോകുന്നതിന്‍റെ വിരക്തിയുമം മാറി.  

ആയിടയ്ക്കായിരുന്നു വെളിച്ചെണ്ണയ്ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയില്‍ എന്നൊരു സാധനം സര്‍ക്കാര്‍ ഇറക്കുമതി ചെയ്തതും റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഓരോ കാര്‍ഡിനും ഓരോ ലിറ്റര്‍ എന്നനിലയില്‍ വിശേഷാവസരങ്ങളില്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതും..

അന്ന് എനിക്കും ദേവുവിനും ഒരു പത്തു വയസ്സ് പ്രായം ഉണ്ടാവും.. 

ഞങ്ങളുടെ അയല്‍പക്കത്തെ രണ്ടു വീട്ടുകാര്‍ പാമോയില്‍ വാങ്ങുന്നില്ലെന്നു പറഞ്ഞപ്പോള്‍ അവരുടെ കാര്‍ഡും വേടിച്ചു ആ മൂവര്‍ സംഘം റേഷന്‍ കട ലക്ഷ്യമാക്കി നീങ്ങി.

മൊത്തം നാലു ലിറ്റര്‍ പാമോയില്‍ കിട്ടും. അന്നൊക്കെ ഞങ്ങള്‍ എണ്ണ വാങ്ങിയിരുന്നത് കൊച്ചു ഭരണികളില്‍ ആയിരുന്നു. രണ്ടു ലിറ്റര്‍ വച്ചു കൊള്ളുന്ന രണ്ടു ഭരണികള്‍. ഒന്ന് എന്‍റെ കയ്യിലും മറ്റേത് മണിയെട്ടന്റെ കയ്യിലും.

റേഷന്‍ കടയില്‍ ചെന്നപ്പോള്‍ പാമോയില്‍ വാങ്ങാന്‍ വന്നവരുടെ  നീണ്ട വരി കണ്ടു ഞങ്ങള്‍ അമ്പരന്നു.

'ഛെ.. ഇനി ഇന്നത്തെ കളി വെള്ളത്തിലായത് തന്നെ..' മാത്രമല്ല ആകാശം മൊത്തം നല്ലമഴക്കാറും ഉണ്ട് . വരിയില്‍ നില്‍ക്കാതെ വേറെ വഴിയില്ലല്ലോ.

ഏകദേശം ഒരു ഒന്നര മണിക്കൂര്‍ നിന്നാണ് പാമോയില്‍ വാങ്ങാന്‍ സാധിച്ചത്.

സമയം സന്ധ്യയ്ക്കൊരു ആറുമണിയോളം ആയിക്കാണും.. ഇരുട്ടായിത്തുടങ്ങി..

പെട്ടെന്നാണ് ആകാശത്തു നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഒരു ഇടിമിന്നല്‍ താഴേക്കു പതിച്ചത്. ചെവിയടയ്ക്കുന്ന ഇടിമുഴക്കവും.

ഞങ്ങള്‍ ഭയവിഹ്വലരായി.. ചെവികള്‍ ചൂളം വിളിക്കുന്നു. വലിയൊരു മഴയുടെ നാന്ദി കുറിച്ചു കൊണ്ട് ശക്തമായ മഴത്തുള്ളികള്‍ അവിടവിടെയായി വീണു തുടങ്ങി.

ഞങ്ങള്‍ നടപ്പിനു വേഗത കൂട്ടി. സുമാര്‍ പതിനഞ്ചു മിനിട്ട് വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നു വേണം വീടുകളില്‍ എത്താന്‍.

അപ്പോഴാണ്‌ മണിയേട്ടന്‍ പറയുന്നത്..

"അതേയ്.. ഈ ഇടിമിന്നലൊരു വല്ല്യ പ്രശ്നമാണ് ട്ടോ.. ഇടി വെട്ടണ നേരത്ത് നമ്മള്‍ കണ്ണടച്ചു നടക്കണം അല്ലച്ചാല്‍... മിന്നല്‍ കണ്ണിലടിച്ചു കാഴ്ച്ച പൂവുംന്നാ പറയണേ.. ഞാന്‍ കണ്ണടയ്ക്കാന്‍ പോവാണ് ട്ടോ .. നിങ്ങളും കണ്ണടച്ചോ..."

"ഈ മണിയേട്ടനെന്തായീപ്പറയണേ?.. കണ്ണടച്ചു നടന്നാലെങ്ങിന്യാ കണ്ണ് കാണാ.. പിന്നേ... ഞങ്ങളൊന്നും അടക്കുന്നില്ല...അല്ലെടി ദേവൂ?.."

"നിങ്ങളെന്താച്ചാല്‍ ചെയ്തോളൂ.. ഇനിക്ക് കണ്ണു പോണേല് കൊറച്ചു ദണ്ണംണ്ട്.. ഞാന്‍ കണ്ണടയ്ക്കാന്‍ പോവാ.. നിങ്ങള് ന്‍റെ പിന്നാലെ നടന്നോ.." 

ഒരല്‍പ്പദൂരം കഴിയുന്നതിലും മുമ്പേ മുന്നില്‍ കിടന്നിരുന്ന ഒരു കല്ലില്‍ തട്ടി മണിയേട്ടനും കയ്യിലെ ഭരണിയും തകിടം മറഞ്ഞു ദേ കിടക്കുന്നു ധരണിയില്‍... 

മണിയേട്ടന്റെ മുട്ടുകള്‍  പൊട്ടി രക്തം ഒഴുകി... അത് കണ്ട് ഞാനാകെ അമ്പരന്നു.  

വലിയ ധൈര്യക്കാരിയായ ദേവു ഉടനെ വേലിയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പച്ച പറിച്ച് അത് കൈകൊണ്ടു പിഴിഞ്ഞ് മണിയേട്ടന്റെ മുറിവില്‍ ഇറ്റിച്ചു. മണിയേട്ടന്‍ നീറ്റല്‍ കൊണ്ട് പിടഞ്ഞു.

എന്നാല്‍ അതൊന്നുമായിരുന്നില്ല മണിയേട്ടന്റെ യഥാര്‍ത്ഥ വിഷമം.. പാമോയില്‍ കളഞ്ഞും കൊണ്ട് വീട്ടിലേക്കു ചെല്ലാന്‍ പറ്റുമോ? അതായത്  സ്കൂള്‍ വാദ്ധ്യാരായ മണിയേട്ടന്റെ അച്ഛന്‍ ഇറയത്തു വച്ചിരിക്കുന്ന ചൂരലിന് ഇന്നു പണിയുണ്ടാകുമല്ലോ എന്ന ഭീതിയായിരുന്നു അപ്പോള്‍ മണിയേട്ടനെ വല്ലാതെ തളര്‍ത്തിയിരുന്നത്.. 

ആ ദയനീയഭാവം കണ്ടു ഞങ്ങളുടെ കണ്ണുകളിലും വിഷാദം തുള്ളികളായി രൂപം കൊണ്ടു.

ഇനി നമ്മളെന്താ ചെയ്യാ?

പെട്ടെന്നാണ് മണിയേട്ടന്‍ ഒരുപായം പറഞ്ഞത്.

"നിന്റെ ഭരണിയില്‍ നിന്നും പകുതി എണ്ണ എന്‍റെ ഭരണിയിലേയ്ക്ക് ഒഴിക്കൂ വെള്ളമൊഴിച്ച് ഭരണി നിറയ്ക്കാം  ... ഏണ്ണ കുറവുള്ളത് അപ്പൊ അമ്മയ്ക്കറിയാന്‍ പറ്റില്ല്യ.."

ഞാന്‍ പ്രതികരിക്കും മുമ്പേ എന്‍റെ കയ്യിലുള്ള ഭരണി പിടിച്ചു വാങ്ങി മണിയേട്ടന്‍ പകുതി എണ്ണ അതിലേക്കു ഒഴിക്കലും കഴിഞ്ഞു. 

മണിയേട്ടന്‍ പോകുന്ന വഴിക്കുള്ള അമ്പലക്കിണറ്റില്‍ നിന്നും വെള്ളം കോരി ഭരണിയുടെ ബാക്കി ഭാഗവും  നിറച്ചു..

എന്റെ നെഞ്ച് ശക്തിയായി മിടിടിക്കാന്‍ തുടങ്ങി. കള്ളത്തരം ചെയ്ത കുറ്റബോധം കൊണ്ട് ഞാനറിയാതെ കണ്ണുനീര്‍  ധാരധാരയായി ഒഴുകി..

കാലുകള്‍ക്ക് വല്ലാത്ത ഭാരം.. നടന്നിട്ടു ഒരടിപോലും നീങ്ങാത്ത പോലെ. 

മണിയേട്ടന്‍ ഞങ്ങളെ ഓരോ മുട്ടുന്യായങ്ങള്‍ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

വീട്ടില്‍ ചെല്ലുമ്പോള്‍ അടുക്കളയിലെ തറയിലിരുന്നു അമ്മ നന്നായി മൂത്ത ഒരു ചക്ക വെട്ടി ചുളകള്‍ പറിച്ചൊരു മുറത്തിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നു.  അമ്മയോട് ഒന്നും ഉരിയാടാതെ ഭരണി  പാതിയേംപുറത്തു വച്ചു. 

ഏകദേശം പതിനഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍ ദേവുന്റെ  അമ്മ കലിതുള്ളിക്കൊണ്ട് അടുക്കളമുറ്റത്തേക്കു പാഞ്ഞു വന്നു.

"തങ്കോപ്പേ  പിള്ളേര് എന്ത് വേണ്ടാതീനമായീ കാട്ടി വച്ചേക്കണേന്നറിയോ?...എണ്ണേല് വെള്ളോം ഒഴിച്ച് നാശാക്കി കൊണ്ട്ന്നേക്കണൂ.. ആ മണി ഒപ്പിച്ച പണിയാണത്രേ..ഇവറ്റങ്ങള്‍ക്ക് ത്രേം ബുദ്ധീം ബോധോംല്ല്യാണ്ടായല്ലോ.. ഈ മീനൂനെങ്കിലും ഇത്തിരി വിവരണ്ട്ന്നാ ഞാന്‍ വിചാരിച്ചേ..."

ഇതു കേട്ട വഴി ഞാന്‍ മെല്ലെ അകത്തേക്ക് വലിഞ്ഞു നേരെ പൂമുഖത്തേക്ക്‌ പോയി.

"ക്ക്യൊന്നും മനസ്സിലായില്ല്യ സുമതീ.. എന്താ നീയ് പറേണേ?..

കയ്യില്‍ വെളിച്ചെണ്ണ പുരട്ടി ചക്കയുടെ മുളഞ്ഞീന്‍ ഇളക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേ അന്തം വിട്ടുകൊണ്ട് അമ്മ ചോദിച്ചു.

"ഓപ്പെ... " ആ ചെക്കന്‍ എണ്ണയും കൊണ്ട് വരുമ്പോള്‍ അടിതെറ്റി വീണൂത്രേ... ബാക്കിള്ളതില്‍ അത്രയ്ക്ക് വെള്ളോം ചേര്‍ത്തു രണ്ടു ഭരണിയിലും ആക്കിട്ടാ വന്നേക്കുന്നത്.. ഞാന്‍ ഉരുളിയിലേക്ക് എണ്ണ ഒഴിച്ച വഴി തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്‌ പോലെയല്ലേ അത് പൊട്ടിത്തെറിച്ചേ.. ന്‍റെ കണ്ണു പോവാഞ്ഞത് ജമ്മാന്തരം..."എട്ടനതാ ആ ചെക്കനെ പൊതിരെ തല്ലുണൂ.... ഇനിപ്പോ തല്ലിട്ടെന്താ കാര്യം .. പോവണ്ടത് പോയില്ലേ.." 

ദേവുന്റെ  അമ്മ തകര്‍ത്തു പറഞ്ഞോണ്ടിരിക്കുന്നു. ഭാഗ്യത്തിന് അച്ഛന്‍ വീട്ടിലില്ല..

അകലെ നിന്നും മണിയെട്ടന്റെ മോങ്ങല്‍ ഒരു വിഷാദ ഗാനം പോലെ ഉയരുന്നത് കേള്‍ക്കാം..

ഹും.. അമ്മാവന്‍റെ ചൂരലിനു ജോലിയുണ്ടായിരിക്കുന്നു.

"ടീ.. മീന്വോ...ങ്ങട് വാടീ കഴുതേ... "

അമ്മയുടെ ആക്രോശം..

അമ്മയുടെ ഈ വിളി പ്രതീക്ഷിച്ചു കൊണ്ട് തന്നെയായിരുന്നു തിണ്ണയില്‍ ഞാനിരുന്നിരുന്നത്. നെഞ്ചിടിക്കുന്നു.. മുട്ടുകള്‍ കൂട്ടിമുട്ടുന്നു..

ക്രൂശിതയാവാന്‍ പോകുന്നവളേ പോലെ തലയും കുനിച്ചു കൊണ്ട് ഞാന്‍ അങ്ങോട്ടു  നടന്നു..  

------------------------------ മീനു.

1 comment: