Wednesday 14 January 2015

ജന്മസായൂജ്യം



ജന്മസായൂജ്യം
മധുവിധുവിന്‍ സുന്ദര ദിനങ്ങള്‍
കൊഴിഞ്ഞ വേളയില്‍ മനതാരില്‍ തെളിഞ്ഞൂ
ഒരു കുഞ്ഞിക്കാലിനായുള്ള മധുരമോഹം.
പാഞ്ഞു പോയ മാസങ്ങള്‍ സമ്മാനിച്ചത്‌
നെടുവീര്‍പ്പുകളും കുത്തി നോവിക്കലുകളും.
പുഷ്പിക്കാ ഗര്‍ഭപാത്രമെന്നു ബന്ധുക്കളും
മച്ചിയെന്നു കാന്തനും ചൊല്ലിയ സങ്കടം
ഉള്ളിലൊതുക്കി മരുവും നേരമൊരുനാള്‍
ഞാനറിഞ്ഞൂവെന്നുദരത്തിലൊരു തുടിപ്പ്.
സന്തോഷാധിക്യത്താലോരാട്ടിന്‍ കുട്ടി പോല്‍
മനം തുള്ളിച്ചാടിയ ദിനങ്ങള്‍ തന്‍
ആയുസ്സറ്റു വിളര്‍ന്നു വീണു രണ്ടാം മാസം.
വാടിക്കൊഴിഞ്ഞ ആ ജീവന്‍ തുടിപ്പിന്‍
വിഷാദം മുറ്റിയ മനസ്സുമായ് വീണ്ടും
വര്‍ഷങ്ങള്‍ കണ്ണീര്‍ കടലെടുക്കവേ
മരുഭൂമിയിലെ മഴ പോലെ വീണ്ടുമതാ
തുടിക്കുന്നു എന്നുദരം ഇടനെഞ്ചില്‍ കുളിരായ്.
ഈ കുഞ്ഞിനെയെനിക്ക് തരേണമേ ഭഗവാനേ.
വഴിപാടുകളും പ്രാര്‍ത്ഥനകളും മുറയ്ക്ക്
മുന്‍കരുതലുകളും മാസങ്ങള്‍ നീങ്ങവേ
ആര്‍ക്കറിയാമെത്ര ദിനം താണ്ടുമീ ഗര്‍ഭം
എന്നുര ചെയ്തെന്നാത്മവിശ്വാസം കെടുത്തും
സംശയദൃഷ്ടിയോടെ കാന്തനും വീട്ടുകാരും.
ഇല്ലയീ കുഞ്ഞിനെയെനിക്ക് പ്രസവിക്കണം.
ഞാനുമൊരമ്മയാണെന്ന് മാലോകരറിയണം.
താലോലിച്ചു ഞാനാ തുടിപ്പിനെയനസ്യൂതം.
എന്‍ ലാളനകള്‍ ആസ്വദിച്ചെന്നോണം
ഒരു ദിനമെന്‍ പൈതല്‍ കാലു കൊണ്ടെന്‍
അടിവയറ്റില്‍ മൃദുവായ് ചവിട്ടവേ
ആനന്ദാശ്രുക്കളെന്‍ മാറിടം നനച്ചു.
ഏഴാം മാസം താണ്ടിയപ്പോള്‍ വന്നണഞ്ഞല്ലോ
ഭത്സനങ്ങളാല്‍ മനം തളര്‍ത്തിയ കൂട്ടരും
ചുളിവു മാറിയ നെറ്റിത്തടങ്ങളുമായ്
വീര്‍ത്ത വയറിന്‍ ലക്ഷണങ്ങള്‍ ചൊല്ലാന്‍.
പുറത്തേക്കു കുതിച്ചു അമ്മയ്ക്കൊരു
മുത്തം നല്‍കാന്‍ പൈതലിന്‍ ജിജ്ഞാസ
ചെറുചലനങ്ങളായ് അടിവയര്‍ ത്രസിപ്പിച്ചു
ആ പൂമുഖം കാണാന്‍ വെമ്പലോടെ
ദിവസങ്ങളെണ്ണി തുടുത്ത മുഖവുമായ് ഞാനും.
നാഭിയില്‍ നിന്നും തലച്ചോറ് പിളര്‍ക്കുമാ-
വേഗത്തിലുണ്ടായ വേദനയില്‍ പുളയവേ
കണ്ണുകളിറുക്കിയടച്ചു സഹസ്രനാമമുരുവിട്ടു.
പരിചാരകയമര്‍ത്തിപ്പിടിച്ച കൈകാലുകള്‍
ഇളക്കാനാവാതെ വേദന കടിച്ചമര്‍ത്തിയ
നിമിഷങ്ങളോന്നില്‍ കേട്ട ശിശുവിന്‍ കരച്ചില്‍
കരളില്‍ കുളിര്‍മഴ പെയ്യിച്ചു ചെമ്മേ..
നന്ദി പൊന്മകനേ കുഞ്ഞിക്കാലിന്‍ സ്പര്‍ശനത്താ-
ലോരമ്മയാക്കി, തലമുറകള്‍ കോര്‍ത്തിണക്കും
കണ്ണിയാകും സൃഷ്ടികര്‍മ്മത്തിലെന്‍ സ്ത്രീ ധര്‍മ്മം
നിറവേറ്റും സായൂജ്യം ചൊരിഞ്ഞിതല്ലോ നീ.


-മീനു

No comments:

Post a Comment