Thursday, 15 January 2015

കാലചക്രം തിരിയുമ്പോള്‍ദൂരെ.. അങ്ങാകാശത്ത് നിലാവു നിറച്ച വെള്ളിത്തളികയില്‍ നിന്നും തുളുമ്പിയെന്നോണം, ഒരു നിലാവിന്‍ ശകലം ധൂളി പോലെ താഴേക്കു പതിക്കുമ്പോള്‍ തങ്കം ഉറക്കം പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ...വര്‍ഷങ്ങളായി വെള്ളയടിക്കാത്ത നാലുകെട്ടിന്‍റെ ചുമരുകള്‍ ഒരു നിമിഷം ആ നിലാസ്പര്‍ശത്തില്‍ വെണ്മയേറി തിളങ്ങി...രാവേറിയിട്ടും മൂവാണ്ടന്‍ മാവിലെ ശിഖരങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല എന്ന വാശിയിലെന്ന പോലെ കാറ്റ് അവയെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. വേപഥു പൂണ്ട ശിഖരങ്ങളിലെ കണ്ണിമാങ്ങകള്‍ ആലിപ്പഴം പോലെ താഴേക്കു ഉതിര്‍ന്നു വീണു.പണ്ടാണെങ്കില്‍ മീനുവും ഗീതയും കുട്ടനും അവയെല്ലാം  പെറുക്കി മുറിച്ചു ഉപ്പും പച്ച മുളകും ചേര്‍ത്തു ചില്ലു ഭരണികളില്‍ ആക്കി വയ്ക്കുമായിരുന്നു..
ആകാശത്തു നിന്നും ഇറങ്ങിവന്ന വെണ്ണിലാവ് ഒരല്പ്പനേരം ആ മാഞ്ചുവട്ടില്‍ വിശ്രമിച്ചു.തെക്കിനിയുടെ ദ്രവിച്ചു തുടങ്ങിയ ജനവാതിലുകള്‍ കുറ്റിയും കൊളുത്തുമെല്ലാം പോയി കാറ്റില്‍ തുറക്കുകയും അടയുകയും ചെയ്തു കൊണ്ടിരുന്നു.. പ്രകൃതിയുടെ വികൃതികളൊന്നും തങ്കത്തിന് പുത്തന്‍ അനുഭവങ്ങള്‍ അല്ലായിരുന്നതിനാല്‍ അവയ്ക്ക് അവരുടെ ഉറക്കത്തിനു ഭംഗം വരുത്താന്‍ സാധിക്കുമെന്ന് കരുതാന്‍ വയ്യാ.. ശാന്തമായി നിദ്രാദേവിയുടെ മാറിടത്തില്‍ തല വച്ചു തങ്കം കിടക്കുന്നത് നിലാവ് നിര്‍ന്നിമേഷനായി നോക്കി നിന്നു.
"തങ്കോ....... എന്തൊരുറക്കമാടോ ഇത്.... ഇവിടെ നടക്കുന്നതൊന്നും താനറിഞ്ഞില്ല്യാ..ന്നുണ്ടോ?!...." ചിരപരിചിതമായ ആ സ്വരം കേട്ട് തങ്കം ഒരു സ്വപ്നാടനത്തിലെന്നോണം ഞെട്ടിയുണര്‍ന്നു പഴകിയ ജനലഴികളില്‍ പിടിച്ചു കൊണ്ട് പുറത്തേക്കു നോക്കി.
"ങേ.. ബാലേട്ടനോ?!.. എന്താപ്പോ കാണാറില്ലല്ലോ കുറെ നാളായിട്ട്.. ഞാനുമങ്ങെത്താത്തതിന്റെ പരിഭവത്തിലാവും ല്ലേ?.. ആഗ്രഹമില്ലാഞ്ഞിട്ടാണോ ബാലേട്ടാ.. അന്നാ മഞ്ഞപ്പിത്തം വന്നു കിടന്നപ്പോള്‍ ബാലേട്ടനെ ഉടനെത്തന്നെ കാണാല്ലോന്നോര്‍ത്തു വല്ലാതെ മോഹിച്ചിരുന്നു.. എന്താ ചെയ്യാ.. പണ്ടത്തെപ്പോലെ എളുപ്പം മരിക്കാന്‍ ആളുകളെ ഇന്നത്തെ ഈ വൈദ്യശാസ്ത്രലോകം സമ്മതിക്കുന്നില്ലല്ലോ.. കയ്യിനും കാലിനും ഒക്കെ വേദനയുമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പോലെ കഴിയാനാണ് വിധി."
"തങ്കം.. തന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നതൊന്നും വേറുതെയാവില്ല്യടോ... "
"അല്ലാ.. ഇന്നെ ഒരു നിമിഷം കണ്ടില്ലെങ്കില്‍ പരിഭവിക്കുന്ന ആളല്ലേ.. എങ്ങന്യാ ബാലേട്ടാ ഒറ്റയ്ക്ക് അവിടെ കഴിയണേ?.. ആ യമരാജനോട് ഒന്നു പറഞ്ഞൂടെ എന്നെയുമങ്ങട് ഒന്നു കെട്ടിയെടുക്കാന്‍?.. ഇനിക്കു വയ്യാ ബാലേട്ടാ.. ഇങ്ങനെയിവിടെ ആരോരുമില്ലാതെ കഴിയാന്‍.."
കാറ്റ് നിലച്ചു.. മൂവാണ്ടന്‍ മാവിന്‍റെ ശിഖരങ്ങളില്‍ നിദ്ര ചേക്കേറിയെന്നു തോന്നുന്നു. നിലാവു തൂകിക്കൊണ്ടിരുന്ന വെള്ളിക്കിണ്ണത്തെ വലിയൊരു കാര്‍മേഘം വന്നു മറച്ചു. എവിടെയോ മഴ പെയ്യുന്നുണ്ട് എന്നു തോന്നുന്നു. ജനലഴികളിലൂടെ ഒഴുകിവന്ന പുതുമണ്ണിന്റെ സുഗന്ധം ശ്വസിച്ചു എന്നോണം തങ്കം സ്ഥലകാലബോധം വീണ്ടെടുത്തു.
"ങേ.. ബാലേട്ടന്‍ പോയോ? അല്ലെങ്കിലും അങ്ങനെത്തന്ന്യാ.. ഒന്നു നോക്കിച്ചിരിച്ചു അപ്പോഴേ പോകും.. പാവം ഇല്ല്യാത്ത നേരോണ്ടാക്കീട്ടു ന്നെ ക്കാണാന്‍ വരണതാവും.." തങ്കം വീണ്ടും കിടയ്ക്കയിലേക്കമര്‍ന്നു. കണ്‍പോളകളില്‍ നിദ്രാദേവി തഴുകുന്നത് അവര്‍ അറിഞ്ഞു.
**************************************************************************
രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞു നാമം ജപിച്ച് ഇരിക്കുമ്പോഴാണ് ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന മനോരമ കലണ്ടറില്‍ തങ്കത്തിന്റെ ദൃഷ്ടി പതിച്ചത്.
ഇടവം 16..
'ഹോ.. ഞാനൊക്കെ മറന്നു പോയല്ലോ ... ഇന്നല്ലേ ന്‍റെ പേരക്കുട്ടി മാളൂട്ടിയുടെ കല്യാണ നിശ്ച്യം.. ചെറുക്കന്‍ അമേരിക്ക്യെന്നു വന്നൂന്നൊക്കെ മിനിയാന്ന് കൌസല്ല്യ പറേണതു കേട്ടതാ.. എന്താ പുത്തന്‍പെരേന്നു ഒച്ചേം ബഹളോം ഒന്നും കേള്‍ക്കാത്തെ ആവോ? ദേഹണ്ണക്കാരോന്നും വന്നില്ല്യേ ഇത് വരെ.." മകന്‍ പുതിയതായി പണിതീര്‍ത്ത തൊട്ടടുത്തുള്ള മണിമാളികയിലേക്ക് തങ്കം ജനലഴികളിലൂടെ നോക്കി. ആ പരിസരം ശാന്തമായി കിടക്കുന്നത് കണ്ട് അവരില്‍ വേവലാതിയുണ്ടായി.
"രാധേ .....രാധേ ..ഇതെവിടെ പോയി കിടക്കുന്നു ഈ പെണ്ണ്... കണ്ണ് തെറ്റിയാല്‍ അവിടേം ഇവിടേം നാടാന്‍ പോകും .. അല്ലെങ്കില്‍ ടീവി കാണല്‍... വല്ലാത്തൊരു ജന്മം... " തന്നെ നോക്കാന്‍ വേണ്ടി നിര്‍ത്തിയിരിക്കുന്ന ഹോംനേഴ്സിനെ അവര്‍ നീട്ടി വിളിച്ചു.
വിളികേട്ട് രാധ ഓടിവന്നു..
"എന്താടീ പുത്തന്‍പെരേന്നു നിശ്ച്യത്തിന്‍റെ ആലവാരങ്ങളൊന്നും കേക്കാത്തെ?.. ദേഹണ്ണക്കാരോന്നും വന്നില്ല്യാന്നുണ്ടോ?.."
"വല്യമ്മേ.. വല്യമ്മ ഇന്നലെ സന്ധ്യക്കേ കെടന്നല്ലോ.. അതാ ഒന്നും അറിയാഞ്ഞേ..വല്യമ്മേടെ പേരക്കുട്ടി ശിഖമോള്‍ ഇന്നലെ വൈകീട്ട് ഏതോ ചെക്കന്‍റെ കൂടെ ഓടിപ്പോയീത്രേ.. സുരേട്ടന്‍ ഒന്നാകെ കലിതുള്ളി നില്‍ക്കാണ് ലതികേച്ചി വിവരം അറിഞ്ഞ വഴിയേ ബോധം കെട്ടു കിടക്കുന്നതാ.. ഞാന്‍ ഒരു ഇന്‍ജക്ഷന്‍ കൊടുത്തപ്പോള്‍  എണീറ്റ്‌ ഇരുന്നു കരയുന്നുണ്ട്.. "
"ശിവശിവാ എന്തായീ കേള്‍ക്കണേ ...ഇന്നത്തെ കുട്ട്യോള്‍ടെ ഓരോ കാര്യങ്ങള്‍... ഇനിയെങ്ങനെ ക്ഷണിച്ചിട്ട് വീട്ടിലേക്ക്യു വരണ ആളുകളുടെ മൊഖത്ത്‌ നോക്കും.. എന്തൊരു വേണ്ടാതീനമാ മാളൂട്ടി കാണിച്ചേ.. ഇതിനൊക്കെ ഇപ്പളത്തെ കുട്ട്യോള്‍ക്ക് എവിടുന്നാണാവോ ധൈര്യം?..ധൈരാണിന്നത്തെ കുട്ടികള്‍ക്കുള്ളത്...
ലതികേച്ചി പച്ചവെള്ളം കഴിക്കാന്‍ കൂട്ടാക്ക്ണില്ല്യാ.. കരച്ചിലന്നെ കരച്ചില്‍.."
"അവള്‍ കരയട്ടെടീ .. ഒന്നോണം പോന്ന പെണ്ണിനെ ഇത്രേം ദൂരേയ്ക്ക് നമ്മടെ കണ്‍വെട്ടത്തിനപ്പറത്തേക്ക് പഠിക്കാന്‍ പറഞ്ഞു വിടേണ്ട വല്ല കാര്യോണ്ടായിരുന്നോ?.. എന്തൊക്ക്യോ വരാന്‍ പോണൂ എന്നു അന്നേ ഞാന്‍ സന്ദേഹപ്പെട്ടതാ.."
"കൂടെ പഠിച്ചിരുന്ന ചെക്കനാണത്രേ..... ജോലിയൊന്നുമായില്ല... വീട്ടിലാണെങ്കില്‍ കഴിയാനുള്ള വകയും ഇല്ല്യാ.. പോരാത്തതിന് ജാതിയും..."
"മതി നിര്‍ത്താ.. ഇക്ക്യൊന്നും ഇനി കേക്കണ്ടാ.. ന്‍റെ തല മന്ദിച്ചിരിക്ക്ണൂ.. കൊറച്ച് വെള്ളം തരാ കുട്ട്യേ... ഞാനൊന്നു കെടക്കട്ടേ.." വെള്ളിക്കിണ്ടിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചു തങ്കംകിടക്കയിലേക്ക് ചാഞ്ഞ് കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു.
****************************************************************************************************************
"ദേവക്യേ.. ഒന്നിങ്ങട്‌ വര്യാ... "
പടി കടന്നു വരുന്ന ഗോപ്യേട്ടന്റെ വിളി കേട്ട് അടുക്കളമുറ്റം തൂത്തുവാരിക്കൊണ്ടിരുന്ന നാത്തൂന്‍ പൂമുഖത്തേക്ക്‌ ചെല്ലുമ്പോള്‍ താന്‍ അമ്മിക്കല്ലില്‍ ദോശയ്ക്കു ചമ്മന്തിയരയ്ക്കുകയായിരുന്നു. എന്താണ് ചേട്ടന്‍ പറയുന്നത് എന്ന ആകാംഷയോടെ അരപ്പു നിര്‍ത്തി താന്‍ കാതോര്‍ത്തു.
"എന്താ ഏട്ടാ.. മുഖത്ത് എന്താത്ര സന്തോഷം... മനയ്ക്കലെ പറമ്പിന്റെ കച്ചോടം നടന്നോ? .." ദേവക്യേച്ചി ചോദിച്ചു.
"അല്ലെടോ... പെങ്ങളൂട്ടീടെ പുടമുറി നിശ്ചയിച്ചു......"
"ങേ.. ആരുടേ.. നമ്മുടെ തങ്കത്തിന്റെയോ?! കൊള്ളാലോ..ആരാണ് ഏട്ടാ ചെക്കന്‍?? നാത്തൂന്‍ ഉദ്വേഗത്തോടെ തിരക്കുന്നു..
"നമ്മുടെ രാവുണ്ണിമാമന്റെ മോനാണ് ... മനയ്ക്കലെ പറമ്പിന്‍റെ കച്ചോടം ഒറപ്പിക്കാന്‍ പോണവഴി ഞാനൊന്നവിടെ കേറീതാ.. ദേ അവടെ നിക്കണൂ പോര നെറഞ്ഞൊരു ചെറുക്കന്‍.. പത്താം ക്ലാസ്സൊക്കെ പാസ്സായതാത്രേ.. നല്ല ആരോഗ്യോണ്ട്.. ജോലിയോന്നൂല്ല്യെങ്കിലും തായ് വഴി കിട്ട്യ കൊറേ സ്വത്തൊക്കെ രാവുണ്ണിയേട്ടനുണ്ട്.. അതിവനും കിട്ടാണ്ടിരിക്ക്യില്ല്യല്ലോ.. "
"ആണോ.. ചെക്കന്‍റെ സ്വഭാവം ഒക്കെ നോക്കേണ്ടേ?.. തങ്കത്തോട് ഒരു വാക്കെങ്കിലും ചോദിക്കേണ്ടേ? ഇത്രേം പെട്ടെന്ന് ഇതൊക്കെ വേണ്വായിരുന്നോ?.."
" ഓ പിന്നേ.. അവളോടെന്തു ചോദിക്കാനാ?.. നിന്നെ കെട്ടണ നേരത്ത് നിന്‍റെ അഭിപ്രായം നിന്‍റെ അച്ഛന്‍ ചോദിച്ചിരുന്നോ?.. ന്നട്ട് നെനക്കെന്തിന്റെ കൊറവാ ഞാന്‍ വരുത്ത്യേക്കണേ.. ജാതകം നോക്കിച്ചൂ പത്തില്‍ എട്ടു പോരുത്തോം ഉണ്ട്.. ഞാന്‍ പിന്നെ വേറൊന്നും നോക്കീല്ലാ.. രാവുണ്ണിയേട്ടന് വാക്കു കൊടുത്തു. മുഹൂര്‍ത്തോം നിശ്ചയിച്ചു......."
ഗോപിനാഥമേനോന്‍ പറയുന്നത് കേട്ട് നാത്തൂന്‍ വാ പൊളിച്ചു നിന്നു.. പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ കണ്ണ് പൊത്തിയപ്പോള്‍ പച്ചമുളകിന്റെ എരിവു കണ്ണിലേക്ക് പടര്‍ന്നത് തങ്കം ഓര്‍ത്തു.
"ചിങ്ങം പത്തിന് നിശ്ചയം ..പതിനേഴാം തീയതി കുടുംബക്ഷേത്രത്തില്‍ വച്ചിട്ട് പുടവ കൊടുക്കല്‍ ..വേഗം ഒരുക്കങ്ങള്‍ ഒക്കെ തുടങ്ങണം...."
ആരും തന്നോട് ബാലേട്ടനുമായുള്ള തന്റെ പുടമുറിയെ കുറിച്ച്  ഒരു അഭിപ്രായവും ചോദിച്ചില്ല. എന്തിന്.. കെട്ടാന്‍ പോകുന്ന ആളെ താന്‍ കണ്ടതു കൂടിയില്ല...കൂടപ്പിറപ്പ് ചൂണ്ടിക്കാണിച്ചു തന്ന ചെറുക്കന്റെ മുന്നില്‍ എതിര്‍പ്പുകള്‍ ഏതുമില്ലാതെ ശിരസ്സു കുനിച്ചു കൊടുത്തു.
എന്നിട്ടും.. തന്‍റെ ഭാഗ്യം കൊണ്ടാവാം.. അദ്ദേഹത്തിന്‍റെ സ്നേഹത്തിനൊരു കുറവുമുണ്ടായില്ല..... ഒരുകണക്കിന് അന്നു ചേട്ടന്‍ തനിക്കായി കൊണ്ടുവന്നത് ഒരു സൌഭാഗ്യം തന്നെയായിരുന്നല്ലോ.. കുറെ പണം ഒക്കെ ഉണ്ടായിട്ട് എന്തു കാര്യം?.. ഭാര്യയെ സ്നേഹിക്കാത്ത ഭര്‍ത്താവാണെങ്കില്‍ എല്ലാം നശിക്കില്ലേ.. താന്‍ എത്രയോ പുണ്യം ചെയ്തവള്‍!..
ആ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ മുഴുകി അരികില്‍ ശയിച്ചിരുന്ന ബാലേട്ടന്റെ മാറിലേക്ക്‌ ചാഞ്ഞു തങ്കം നിത്യനിദ്രയിലേക്ക് വഴുതി വീണു...

No comments:

Post a Comment