Wednesday, 14 January 2015

അഭിനവ കുചേലചരിതം
"നിങ്ങളെന്താ മനുഷ്യനേ ഇങ്ങനെ മേപ്പോട്ടു നോക്കിയിരിക്കണേ.. മോന്‍റെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ബുധനാഴ്ച ആണെന്ന വല്ല ബോധോം ഉണ്ടോ?.. ഉര്‍പ്യ രണ്ടു ലക്ഷം എവ്ടുന്നു കിട്ടുംച്ച്ട്ട ഈ ഇരിപ്പ്.."  ഉമ്മറത്തിണ്ണയില്‍ ചിന്താവിഷ്ടനായിരുന്ന മാധവദാസന്‍ ഭാര്യയുടെ ആവലാതികള്‍ കേട്ട് അവളെ നോക്കി നെടുവീര്‍പ്പിട്ടു.

"ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായ തന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത ഈ ഭാരം എങ്ങനെ താങ്ങാനാവും എന്‍റെ ഭഗവാനെ.. എന്തെങ്കിലും ഒരു വഴി നീ കാണിച്ചു തരണേ.. "

"ഹും.. എന്‍റെ മനുഷ്യനേ.. ഞാനൊരു കാര്യം പറയട്ടെ.. പണ്ട് അടേം ചക്കരേം ആയി നടന്നിരുന്ന നിങ്ങടെ ആ പഴയ കൂട്ടുകാരനില്ലേ.. കോവാലേഷ്ണന്‍... ഈ ദുരഭിമാനോം കെട്ടിപ്പിടിച്ചിവിടെ കുത്തിരിക്ക്യാതെ.. അങ്ങേരെ ഒന്ന് പോയി കണ്ടൂടെ?.. വല്ല സഹായോം കിട്ട്യാ കയ്ക്കോ?.. "

"എടീ പണ്ടത്തെ കോവാലെഷ്ണന്‍ ഒന്നുമല്ല അവനിപ്പോള്‍.. രാഷ്ട്രീയത്തിലെ പുലിയാണവന്‍..പുലി.. അണികള്‍ക്ക് ജീ. കെ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗോപാല്‍ ജി... ഒരു മുപ്പതു കൊല്ലമെങ്കിലും ആയിക്കാണും അവനെ കണ്ടിട്ട് തന്നെ. എന്നെയൊക്കെ അവനു ഇപ്പോള്‍ ഓര്‍മ്മയുണ്ടാകുമോ എന്ന് തന്നെ നിശ്ചയല്ല്യാ.. "

പഴയ ഉറ്റസുഹൃത്തിനെ കാണാന്‍ ഗോപാല്‍ജിയുടെ കൂറ്റന്‍ ബംഗ്ലാവിനു മുന്നില്‍ മാധവദാസനെത്തുമ്പോള്‍ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ടു. കോളിംഗ് ബെല്ലില്‍ അമര്‍ത്തിയപ്പോള്‍ ഒരു പരിചാരകന്‍ വന്നു വാതില്‍ തുറന്നു എന്താ കാര്യം എന്ന് അന്വേഷിച്ചു. പുറത്തു കാത്തു നില്‍ക്കാന്‍ പറഞ്ഞു ഗേറ്റ് അടച്ചു അയാള്‍ പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഗേറ്റ് തുറക്കപ്പെട്ടു. ഒരു ആഡംബര കാറ് ഓടിച്ചു കൊണ്ട് തന്‍റെ ബാല്യകാല സുഹൃത്ത് ഇതാ പുറത്തേക്കു വരുന്നു. മാധവദാസന്റെ അരികില്‍ വണ്ടി നിര്‍ത്തി അയാള്‍ ഇറങ്ങി വന്നു.

"ആരാ ഇത്?!... ദാസനോ? എന്താ ദാസാ ഇപ്പൊ ഈ വഴിയൊക്കെ?.. നമ്മളെയൊക്കെ അങ്ങ് മറന്നുവല്ലേ?.. എത്ര കാലമായെടാ നമ്മള്‍ കണ്ടിട്ട്. വാച്ച്മാന്‍ വാസു വന്നു പറഞ്ഞപ്പോഴേ നിന്നെയും കൊണ്ട് ഒന്ന് കറങ്ങാം എന്ന് കരുതി ഞാന്‍ വണ്ടിയുമെടുത്ത് ഇറങ്ങിയതാ.." രാഷ്ട്രീയകാരുടെ സ്വതസിദ്ധമായ ശൈലിയില്‍ ഇത് പറഞ്ഞു അയാളെ ആലിംഗനം ചെയ്തു. അത് കണ്ടു മാധവദാസന്‍റെ കണ്ണു നിറഞ്ഞു. സന്തോഷം കൊണ്ട് ഒന്നും ഉരിയാടാനാവാതെ അയാള്‍ നിന്നപ്പോള്‍ ജീ.കെ പറഞ്ഞു.

"വാ കയറൂ .. നമുക്ക് ഒരിടം വരെ പോണം.. വഴിയില്‍ കാര്യങ്ങള്‍ സംസാരിക്കുകയും ആവാം"

യാത്രയില്‍ അവര്‍ തങ്ങളുടെ പഴയകാല വിശേഷങ്ങള്‍ അയവിറക്കി. മണിക്കൂറുകളോളം സഞ്ചരിച്ചതിനു ശേഷം മെയിന്‍ റോഡില്‍ നിന്നും തിരിയുന്ന ഒരു ഇടവഴി തീരുന്നിടത്തെ പഴയ ഓടിട്ട ഒരു ചെറിയ വീടിന്‍റെ മുമ്പില്‍ വണ്ടി നിര്‍ത്തി.

"വരൂ ദാസാ.. ഹ ഹ ഹ ഇനി കുറച്ചു ദിവസം എന്‍റെ താമസം ഇവിടെയാ.."

ഒന്നും മനസ്സിലാവാതെ അമ്പരന്നു നിന്ന ദാസന്‍റെ കൈ പിടിച്ചു അയാള്‍ അകത്തേക്ക് ക്ഷണിച്ചു. പൂമുഖത്തിരിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ രണ്ടു ഗ്ലാസുകളും വിലയേറിയ ഒരു മദ്യക്കുപ്പിയുമായി വന്നു. അയാള്‍ ഗ്ലാസുകളില്‍ മദ്യം പകരാന്‍ തുടങ്ങുമ്പോള്‍ മാധവദാസന്‍ പറഞ്ഞു.

"ഇല്ല ഗോപൂ.. ഞാന്‍ ഇത് തൊടില്ലാന്നു നിനക്കറിയാലോ.. എനിക്ക് വേണ്ടാ നീ കഴിക്കുന്നതും നോക്കി ഞാന്‍ നിനക്ക് കമ്പനി തരാം" എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം വീണ്ടും മദ്യപിക്കാന്‍ ക്ഷണിച്ചപ്പോള്‍ കൂട്ടുകാരന്‍റെ മനസ്സ് വിഷമിപ്പിക്കണ്ട എന്നുള്ള ചിന്തയില്‍ ജീവിതത്തില്‍ അന്ന് ആദ്യമായി മാധവദാസ് മദ്യം കഴിച്ചു.

ചിന്തകള്‍ വീണ്ടും പുറകോട്ടു പാഞ്ഞു.
 
"എടാ നീ ഒരു മിടുക്കന്‍ തന്നെ.. എന്താ നിന്റെയൊരു സെറ്റപ്പ് .. ബംഗ്ലാവ്, കാറ്, പൈസ, പ്രശസ്തി.."  മദ്യലഹരിയില്‍ മാധവദാസ് കൂട്ടുകാരനെ പുകഴ്ത്തി.

"ഹ ഹ ഹ എന്റെ ദാസാ.. നിനക്കെന്തറിയാം.. ഇതൊക്കെ ഓരോ അട്ജസ്റ്മെന്റ്റ് അല്ലേന്ന്.. ആളുകള്‍ക്ക് എന്തറിയാം.." ഗോപാലകൃഷ്ണന്‍ കുലുങ്ങിച്ചിരിച്ചു.

"ങാ അത് പിന്നെ പറയാനില്ലല്ലോ.. അല്ലെങ്കിലും പണ്ടേ നീയൊരു കള്ളകൃഷ്ണന്‍ ആയിരുന്നല്ലോ.. അച്ഛന്റെ പോക്കറ്റില്‍ നിന്നും പൈസ അടിച്ചു മാറ്റി രാമേട്ടന്‍റെ ചായക്കടയില്‍ നിന്നും നമ്മള്‍ ഇറച്ചിയും പൊറോട്ടയും അടിച്ചിരുന്നതും, കുളക്കടവില്‍ നിന്ന് ഒളിഞ്ഞു നോക്കവേ കാലു തെറ്റി വെള്ളത്തിലേക്ക് വീണു പെണ്ണുങ്ങള്‍ എല്ലാം കൂടി നിന്നെ തല്ലി ശരിയാക്കിയതും വിമന്‍സ് കോളേജിന്റെ പടിക്കല്‍ വായ്‌ നോക്കി നിന്നതിനു ഒരിക്കല്‍ പോലീസ് പൊക്കി ലോക്കപ്പിലാക്കിയതും, തീറ്റാന്‍ ആണെന്ന് പറഞ്ഞു കൊണ്ട് പോയ പശുവിനെ അറവുകാരന്‍ ഹൈദ്രോസ് മാപ്പിളയ്ക്ക് വിറ്റിട്ട് അതിനെ കാണാനില്ല്യന്നു കള്ളം പറഞ്ഞു നീ ആ പൈസ കൊണ്ട് സെക്കന്റ് ഹാന്‍ഡ് ബൈക്ക് വാങ്ങിയതും.. നിന്‍റെ അമ്മ അതു കണ്ടു പിടിച്ചു നിന്നെ കയ്യാലയുടെ തൂണില്‍ കെട്ടിയിട്ടു പൊതിരെ തല്ലിയപ്പോള്‍ നീ ആ തൂണും വലിച്ചു ഓടി കയ്യാല മറിച്ചിട്ടതും ഒക്കെ മറക്കാനാവുമോ? ഹ ഹ ഹ ഹ " മാധവദാസന്‍ പൊട്ടിച്ചിരിച്ചു.

"നീ അതൊന്നും ഇപ്പോഴും മറന്നില്ലാല്ലേ.. കൊള്ളാം.. ഹ ഹ ഹ  ഡാ അതൊക്കെയൊരു കാലം.. നിനക്കൊര്‍മ്മയുണ്ടോ എന്റെ കാമുകി രാധികയെ.. അവളുമായി ഒളിച്ചോടിയ എന്നെ അച്ഛന്‍ ഗുണ്ടകളെ വിട്ടു പിടിപ്പിച്ചു കൊണ്ട് വന്നു പണക്കാരിയായ രുഗ്മിണിയെ കൊണ്ട് കെട്ടിച്ചു ധാരാളം സ്ത്രീധനം വാങ്ങി പോക്കറ്റില്‍ വച്ചു. പിന്നെ എനിക്കങ്ങോട്ട് കുറച്ചു കാലം ഒരു അടിമജീവിതം ആയിരുന്നു ദാസാ.. അവരുടെ സ്ഥാപനങ്ങളുടെയൊക്കെ ചുമതലയുള്ള ഒരു ഭര്‍ത്താവുദ്ദ്യോഗസ്ഥന്‍. പക്ഷെ.. ഞാന്‍ ആരാ മോന്‍.. ഇതിനിടയില്‍ ഞാന്‍ ഒന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങി. അത് ക്ലിക്ക് ആയി. അങ്ങനെ ഗോപാലകൃഷ്ണന്‍ നാട്ടുകാരുടെ ഗോപാല്‍ജി ആയി.. പാര്‍ട്ടിക്കകത്ത് തന്ത്രശാലിയായ ജീ. കെ യും." ഗോപാലകൃഷണന്‍ തന്‍റെ ജീവിതകഥയുടെ ചുരുളുകള്‍ അഴിച്ചു തുടങ്ങി.

"രാഷ്ട്രീയത്തില്‍ 'കിംഗ്‌ മേയ്ക്കര്‍' ആയി വിലസുമ്പോഴാണ് എന്‍റെ ചേട്ടന്‍ ബാലരാമന് ജലസേചനപദ്ധതിയുടെ കരാര്‍ മറിച്ച് കൊടുത്തത് പത്രക്കാര്‍ മണത്തറിഞ്ഞു പാട്ടാക്കിയത്.. പോരാഞ്ഞു വിദേശയാത്രയ്ക്ക് തായ് ലണ്ടില്‍ പോയ നേരത്ത് അവിടെ സ്വിമ്മിംഗ് പൂളില്‍ ലലനാമണികളുമായി നീരാടുന്ന ക്ലിപ്പുകള്‍ ഏതോ സാമദ്രോഹികള്‍ ഇന്റെര്‍നെറ്റിലെ യൂട്യൂബില്‍ ഇടുന്നതുമൊക്കെ. രാഷ്ട്രീയത്തില്‍ കത്തിനിന്നിരുന്ന എന്‍റെ പ്രതിച്ഛായയ്ക്ക് അതോടെ മങ്ങലേറ്റു എന്നല്ല, വീട്ടിലെ വേലക്കാരിയെ വരെ പിരിച്ചു വിട്ട് എന്‍റെ ശ്രീമതി എന്നെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കാനും തുടങ്ങി."

"ഹോ.. അത് ഭയങ്കരമായല്ലോ എന്‍റെ ഗോപൂ.." മാധവദാസന്‍ കൂട്ടുകാരനോട് അനുതാപം പ്രകടിപ്പിച്ചു.

"ഡാ നിനക്കറിയോ, അതൊക്കെ ചീളു കേസുകള്‍... ഇത് കേള്‍ക്കൂ.. ഞാനൊരു ദിവസം ഒറ്റയ്ക്ക് ഓഫീസില്‍ ഇരിക്കുമ്പോള്‍ എവിടെന്നോ വന്നൊരു മദാലസ കണ്ണും കടാക്ഷവും കാണിച്ചു സൂര്യപ്രാകാശത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതി എന്നോട് വിവരിച്ചു. അതില്‍ നിന്നും തനിക്കു കിട്ടാവുന്ന ലാഭത്തെക്കുറിച്ച്‌ പറയുകയും ചെയ്തപ്പോള്‍ എന്‍റെ കണ്ണു തള്ളുകയും മുന്നും പിന്നും നോക്കാതെ ഞാന്‍ അത് നടപ്പിലാക്കാന്‍ വേണ്ട കാര്യങ്ങള്‍ മുന്നോട്ടു നീക്കുകയും  ചെയ്തത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ തന്നെ നിലം പൊത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. എന്‍റെ വലം കൈയ്യായിരുന്ന രവികുമാരന്‍ ഈ കച്ചവടത്തില്‍ അവനു വേണ്ട കമ്മീഷന്‍റെ പേരു പറഞ്ഞു എന്നോട് ഉടക്കി ഈ വിവരങ്ങളെല്ലാം പ്രതിപക്ഷത്തിനു ചോര്‍ത്തിക്കൊടുത്ത് അവര്‍ കൊടുത്ത നക്കാപ്പിച്ച വാങ്ങി അവരോടൊപ്പം ചേര്‍ന്ന് ഇപ്പോള്‍ എനിക്ക് ഒരു ഭീഷണി ആയിരിക്കുകയാണ്."

"ങാ.. ഇതൊക്കെ നീ എന്നോട് വിളമ്പേണ്ട കാര്യമുണ്ടോ? പത്രങ്ങളിലും ചാനലുകളിലും ഒക്കെ നിന്‍റെയീ പുതിയ ലീലാവിലാസങ്ങള്‍ തന്നെയല്ലേ നാട്ടുകാര്‍ കണ്ടു കൊണ്ടിരിക്കുന്നത്.. ഹ ഹ ഹ ഹ.." ദാസന്‍ സുഹൃത്തിനെ കളിയാക്കിച്ചിരിച്ചു.

"ദാസാ.. അതൊക്കെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ നമ്മുടെ തല വീണ്ടും ചൂടാവുകയെ ഉള്ളൂ... അതിനെ കുറിച്ച് ടെന്‍ഷന്‍ അടിക്കാന്‍ നാട്ടുകാരും അണികളും ഒക്കെ ഇഷ്ടം പോലെ ഉള്ളപ്പോള്‍ നമ്മളെന്തിനു ബേജാറാവണം?. ഇതേ പോലുള്ള സംഭവങ്ങള്‍ ഇങ്ങനെ ഉണ്ടായിക്കൊണ്ടെയിരിക്കും അതില്ലെങ്കില്‍ രാഷ്ട്രീയക്കാരുടെ നിലനില്‍പ്പ്‌ തന്നെ വെള്ളത്തിലാവില്ലേ?.. ഏറെ മൂക്കുമ്പോള്‍ പാര്‍ട്ടിയൊന്നു മാറ്റിച്ചവിട്ടണം.. അത്ര തന്നെ. കൊടിയുടെ നിറം ഏതായാലും എല്ലാ പാര്‍ട്ടികളുടെയും സ്വഭാവം ഏതാണ്ട് ഒന്ന് തന്നെ" ഗോപാലകൃഷ്ണന്‍ തന്‍റെ രാഷ്ട്രീയ നിപുണത വാക്കുകളിലൂടെ ഒഴുക്കി.

"അല്ലെങ്കിലും എന്നും കഴുതകള്‍ ആയിരിക്കാന്‍ അല്ലേ പൊതുജനത്തിനും താല്‍പ്പര്യം?... വോട്ടു ചെയ്തു ജയിപ്പിക്കുന്ന പാവം പൊതുജനങ്ങളുടെ കാര്യം ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും 'കടി പറ്റിയുമില്ല, പിടി വിട്ടുംപോയി' എന്ന അവസ്ഥയിലാണല്ലോ. എന്നു വിചാരിച്ചു ആരെങ്കിലും ഈ കള്ളന്മാരെയും അവസരവാദികളെയും നട്ടെല്ലില്ലാത്തവരെയും  പിന്താങ്ങാതെയിരിക്കുകയും ചെയ്യുന്നില്ലല്ലോ..." മാധവദാസന്റെ ആത്മരോഷം അണപൊട്ടി ഒഴുകി.

"എടാ ദാസാ.. എത്ര കൊടികുത്തിയ ആദര്‍ശവാനായാലും രാഷ്ട്രീയത്തില്‍ കുറച്ചങ്ങു തഴക്കം വന്നു കഴിഞ്ഞാല്‍ മുന്നില്‍ വച്ചു നീട്ടപ്പെടുന്ന ചക്കരക്കുടങ്ങളില്‍ കയ്യിട്ടു നക്കാതിരിക്കാന്‍ ഉള്ള ത്രാണി നഷ്ടപ്പെട്ടു സ്വയം അറിയാതെത്തന്നെ അഴിമതിയില്‍ മുങ്ങിക്കുളിക്കും. പണ്ടത്തെ പോലെ തേഞ്ഞ ചെരിപ്പും കീറിയ ഉടുപ്പും കക്ഷത്തൊരു മുഷിഞ്ഞ ഡയറിയും ആയി നടന്നാലേ.. വീട്ടില്‍ ചെല്ലുമ്പോള്‍ പെണ്ണുമ്പിള്ളയും മക്കളും കൂടി എടുത്തിട്ടു ചവിട്ടിക്കൂട്ടും. അവര്‍ക്ക് ആദര്‍ശമല്ല അടിച്ചു പൊളിക്കാനുള്ള പണമാണ് വേണ്ടത്. ഹ ഹ ഹ ഹ" ഗോപാലകൃഷണന്‍ ഇത് പറഞ്ഞത് കേട്ട് മാധവദാസ് അമ്പരന്നു മൂക്കത്തു വിരല്‍ വച്ചു. മദ്യലഹരിയില്‍ ഗോപാലകൃഷണന്‍ തുടര്‍ന്നു..

"ഇപ്പോള്‍ നീ ആലോചിക്കുന്നുണ്ടാവും ഞാന്‍ എന്തിനാ ഇപ്പോള്‍ ഈ പഴയ വീട്ടില്‍ വന്നു താമസിക്കുന്നത് എന്ന്.. ഹ ഹ ഹ ഹ ഹ ഇതിനെയല്ലേ 'മുങ്ങല്‍' എന്ന് ആളുകളും പത്രക്കാരും ഓമനപ്പേരിട്ട് വിളിക്കുന്നത്‌... സൌരോര്‍ജ്ജ കുംഭകോണത്തിന്‍റെ പേരില്‍ എന്‍റെ രക്തത്തിന് വിലപറഞ്ഞു പാര്‍ട്ടിക്കകത്ത് തന്നെ കൊടുമ്പിരി കൊള്ളുന്ന പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ചില രക്തദാഹികളായ സഹപ്രവര്‍ത്തകര്‍ക്ക് പ്രതിഫലമായി പത്തു ലക്ഷം രൂപ നാളെ കൊടുക്കാമെന്നു ഞാന്‍ ഏറ്റിരുന്നു. പക്ഷെ കേസ് അന്വേഷണവിധേയമായി എന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. പത്തു പൈസ എടുക്കാന്‍ നിവൃത്തിയില്ല. ഞാന്‍ സ്ഥലത്തില്ല എന്ന് പറയാന്‍ ഭാര്യയെ ഏര്‍പ്പാടാക്കിയാണ് ഞാന്‍ പോന്നത്. അടിയന്തിരമായി എന്തെങ്കിലുമൊരു പോംവഴി കണ്ടില്ലെങ്കില്‍ എന്‍റെ കാര്യം കട്ടപ്പുക തന്നെ". എന്താ ചെയ്യാ.. എന്‍റെ ഇപ്പോഴത്തെ പേരും പ്രശസ്തിയും ഒക്കെ വച്ച് പിച്ചക്കാരുടെ പോലെ വല്ലവരുടെയും അടുത്തു കൈനീട്ടാന്‍ എനിക്കാവുമോ?.. എന്റെ കൊത്രാംകൊള്ളി ചെക്കന്‍ ആണെങ്കില്‍ അവന്‍ 'ടോട്ടല്‍ ഫോര്‍ ഓള്‍' തട്ടിപ്പില്‍ പങ്കാളിയാണ് എന്നാരോപിക്കപ്പെട്ടപ്പോള്‍ എന്റെ മുഖം രക്ഷിക്കാന്‍ ഞാന്‍ എനിക്കതില്‍ യാതൊരു പങ്കുമില്ല എന്ന് പറഞ്ഞു പൊതുജനസമക്ഷം കൈ കഴുകിയതിന്റെ കലിപ്പില്‍ ഇപ്പോള്‍ അവനു കിട്ടുന്ന വടികളെല്ലാം വച്ച് എന്നെ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നു. എന്‍റെ കഷ്ടകാലം എന്നല്ലാതെ ദാസാ ഞാന്‍ എന്ത് പറയാനാ?.. " വികാരാധീനനായിക്കൊണ്ട് അയാള്‍ വിതുംബിക്കരഞ്ഞു.

ബാല്യകാല സുഹൃത്തായ ഗോപാലകൃഷ്ണന്റെ  ദയനീയമായ കരച്ചില്‍ മദ്യലഹരിയില്‍ ആയിരുന്ന മാധവദാസിന്റെ മനസ്സലിയിച്ച്  കണ്ണുകളില്‍ നിന്നും അനുകമ്പയുടെ നദികള്‍ ചാലുകളായ്‌ ഒഴുക്കി. അയാളുടെ ഹൃദയം ആ പഴയകാല ഓര്‍മ്മകളില്‍ ആര്‍ദ്രമായി. പണ്ട് തങ്ങളുടെ വികൃതികള്‍ നിരന്തരം ക്ഷണിച്ചു വരുത്താറുള്ള പ്രശ്നങ്ങളൊക്കെ തോളോട് തോള്‍ ചേര്‍ന്ന് നേരിട്ടിരുന്നതൊക്കെയും അയാള്‍ സ്മരിച്ചു. വികൃതിക്കുട്ടനായിരുന്ന ഗോപു ഉണ്ടാക്കിവയ്ക്കുന്ന കുഴപ്പങ്ങളുടെ ഉത്തരവാദിത്വം അവനെ അവന്‍റെ അച്ഛന്റെ തല്ലില്‍ നിന്നും രക്ഷിക്കുവാനായി താന്‍ ഏറ്റെടുത്തിരുന്നതും അതിനു പ്രതിഫലമായി അവന്‍റെ മുഖത്തു വിരിയാറുള്ള ദയനീയവും സ്നേഹപുരസരവുമായ കൃതജ്ഞതാഭാവം കണ്ടു താന്‍ ചാരിതാര്‍ത്ഥ്യമടയാറുള്ളതും ഒക്കെ മാധവദാസന്‍റെ ഓര്‍മ്മച്ചെപ്പില്‍ കിലുക്കങ്ങള്‍ സൃഷ്ടിച്ചു.

"ഡാ ഗോപൂ.. ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ നീ എന്തിനാടാ ഇങ്ങനെ കിടന്നു വെഷമിക്കണേ.. നെന്‍റെ പ്രശ്നം എന്‍റെയും പ്രശ്നമല്ലേടാ.. ഈ ദാസന്‍റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം.. നെനക്ക്‌ ഒരു ചുക്കും സംഭവിക്കാന്‍ ഞാന്‍ സമ്മയിക്കൂലാ.... നാളെ ത്തന്നെ നെന്‍റെ ഈ പ്രശ്നം ഞാന്‍ പരിഹരിച്ചിരിക്കും.. ഒരു പത്തു ലക്ഷം വേണെങ്കില്‍ എന്‍റെ വീടിരിക്കുന്ന പത്തു സെന്റ്‌ ഭൂമി ബ്ലേഡ് കമ്പനിയില്‍ പണയം വച്ചാലും കിട്ടും... നീ അത് വേണ്ടാ എന്നൊന്നും പറഞ്ഞു എന്‍റെ മനസ്സ് വീണ്ടും വെഷമിപ്പിക്കരുത്. ഇതെന്‍റെ പൊന്നു കൂട്ടുകാരനോടുള്ള എന്‍റെ കടമയല്ലേടാ?.. " വേച്ചുവേച്ചു ചെന്ന് ഗോപാലകൃഷ്ണനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് മാധവദാസ് വികാരാര്‍ദ്രനായി വിതുമ്പി.

ഇത് കണ്ടു കൌശലക്കാരനും രാഷ്ട്രീയശകുനിയുമായ ഗോപാലകൃഷ്ണന്‍ എന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ മനസ്സില്‍ ആയിരം ഏറുപടക്കങ്ങള്‍ പൊട്ടി. അയാള്‍ അതില്‍ ഉന്മാദനായി  ഗൂഡ മന്ദസ്മിതം പൊഴിക്കുന്നത് മദ്യലഹരിയില്‍ ആയിരുന്ന മാധവദാസന്‍ ശ്രദ്ധിച്ചില്ല. അങ്ങനെ തരംതാഴ്ന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളോട്  വിരക്തിയും അനസ്യൂതം നടക്കുന്ന അഴിമതികളില്‍ വേദനിക്കുകയും ചെയ്തിരുന്ന മാധവദാസനും മദ്യം സൃഷ്ടിച്ച നിമിഷ നേരത്തെ മാസ്മരീകതയില്‍ വശംവദനായി രാഷ്ട്രീയക്കാരാല്‍ എല്ലായ്പ്പോഴും കബളിക്കപ്പെടുന്ന പൊതുജനം എന്ന കഴുതഗണത്തിന്‍റെ അംഗബലം  കൂട്ടി വേച്ചുവേച്ചു പുറത്തേക്ക് നടന്നു.

പൊതുജനം എങ്ങനെ കഴുതകള്‍ ആവുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി മാധവദാസന്‍ ആടിയാടി നാട്ടിലേക്കുള്ള ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ ബാല്യകാല സുഹൃത്തില്‍ നിന്നുമുള്ള സഹായവും കൈപറ്റിയെത്തുന്ന ഭര്‍ത്താവിനെയും പ്രതീക്ഷിച്ചു മാധവദാസിന്റെ ഭാര്യയും എന്ജിനീയറിംഗ് മോഹങ്ങളുമായി മകനും രാത്രിയേറെ ആയിട്ടും അക്ഷമരായി ഉറങ്ങാതിരിക്കുകയായിരുന്നു.

-മീനു   

No comments:

Post a Comment