Wednesday, 14 January 2015

മനസ്സറിയാതെ....പച്ചപ്പുതപ്പു വിരിച്ച വയലിന്‍റെ  വിരിമാറില്‍ വാരിയെല്ലുകള്‍ തീര്‍ത്ത വരമ്പുകളിലൂടെ കുളിച്ച് ഉന്മേഷത്തോടെ ദാവണിയുമുടുത്ത് കയ്യിൽ പൂത്താലവും പൂജാദ്രവ്യങ്ങളുമായി അവള്‍ അവനോടൊപ്പം നടന്നു. മന്ദമായി പുല്‍കിയ ഇളം തെന്നല്‍ അവളുടെ കാര്‍ക്കൂന്തലിലെ ഈര്‍പ്പം അന്തരീക്ഷത്തിലേക്ക്  ലയിപ്പിച്ചു പുലരിക്കു കുളിര്‍മ കൂട്ടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതൊന്നും ഗൗനിക്കാത്ത മട്ടില്‍  കുപ്പായത്തിന്‍റെ കൈകള്‍ മുകളിലോട്ടു അലക്ഷ്യമായി ചുരുട്ടിക്കയറ്റി കറുത്ത കരയുള്ള കോടിമുണ്ട് മടക്കിക്കുത്തി ഗോപകുമാര്‍ അവളുടെ മുന്നില്‍ വയല്‍ക്കരയിലെ അമ്പലത്തെ ലക്ഷ്യമാക്കി വേഗതയില്‍ നടന്നു.

കിലുകിലെ സംസാരിച്ചു കൊണ്ടിരുന്ന ശാലിനിയോട് ചുരുങ്ങിയ വാക്കുകളിലൂടെയും മൂളലുകളിലൂടെയും മിതഭാഷിയായ ഗോപകുമാര്‍ പ്രതികരിച്ചു കൊണ്ടിരുന്നു. അതില്‍ സംതൃപ്തിയോടെ അവനു വിധേയയായി അവന്‍റെ കാല്‍പ്പാദങ്ങള്‍ അവള്‍ പിന്തുടര്‍ന്നു കൊണ്ടിരുന്നു. വരമ്പിനു കുറുകെ ഒരു കഴായ* വന്നപ്പോള്‍ വെള്ളം നനയാതിരിക്കാന്‍ അവന്‍ അവളെ  എടുത്തു പൊക്കി അപ്പുറത്തേക്ക് വച്ചു.   

ടര്‍ണീം.. ടര്‍ണീം...

സൈക്കിൾ മണി അടിക്കുന്നത് കേട്ട് ഉച്ചമയക്കത്തിൽ ദിവാസ്വപ്നങ്ങളുടെ ഉച്ച കോടിയിലെത്തിയിരുന്ന ശാലിനി ഞെട്ടിയുണര്‍ന്ന് ഒരാലസ്യത്തോടെ അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന കാർകൂന്തൽ വാരിക്കെട്ടി എഴുന്നേറ്റു പൂമുഖവാതില്‍ തുറന്നപ്പോള്‍ പോസ്റ്റ്മാന്‍ രാഘവേട്ടന്‍.

"കുട്ടിക്കൊരു കത്തുണ്ട്"

രാഘവേട്ടന്‍ സൈക്കിളും ഉന്തി പടി കടന്നു പോകുമ്പോള്‍ ജിജ്ഞാസയോടെ അവള്‍ ആ തവിട്ടു നിറത്തിലുള്ള കവര്‍ പൊട്ടിച്ചു പരിശോധിച്ചു. പി എസ്. സി പരീക്ഷയ്ക്കുള്ള നോട്ടീസ്.  

"തൃപ്പങ്കര.. എന്റെ കൃഷ്ണാ..ഇത് വരെ പേര് പോലും കേള്‍ക്കാത്ത ഈ സ്ഥലം എവിടെയാണാവോ? കുഞ്ഞമ്മാമ്മയോട് ചോദിക്കാം. കേരള ട്രാന്‍സ്പ്പോര്‍ട്ടില്‍ കണ്ടക്റ്റര്‍ ആയിരുന്ന പുള്ളിക്കാരന് എന്തായാലും ഈ സ്ഥലത്തെക്കുറിച്ച് പിടിപാടുണ്ടാവാതിരിക്കില്ല"

"പിന്നേ ഈ പരൂഷയങ്ങ്ട് എഴുത്യ വഴി കുട്ടിക്ക് 'കീറമുണ്ട്' ജോലി (ഗവര്‍മെന്റ് ജോലി) കിട്ടാന്‍ പോവല്ലേ... എന്ത് കണ്ട്ട്ടാവോ ഇവളീ കെടന്നു തുള്ളണേ.. ചുരുങ്ങീത് ഉര്‍പ്യ നൂറെങ്കിലും വേണ്ടേ അവ്ടോന്നു പോയിട്ട് വരാന്‍.. വഴിച്ചെലവു വേറേം.. അടങ്ങിയൊതുങ്ങി ഇവടള്ള കുട്ട്യോള്‍ക്ക് ട്യൂഷന്‍ എടുത്തു അവടെ ഇരുന്നാ പോരേ?.. അത്യാവശ്യം കാശൊക്കെ കിട്ടൂലേ. അടങ്ങാനായിട്ടു ഇത്രേം ദൂരം ആരാപ്പൊ പോണേ?..ഹും.."
 
ഇവര്‍ പറയുന്നതും കേട്ട് കിട്ടിയ അവസരം  പാഴാക്കിയാല്‍ പിന്നെ ഒരു അവസരം കിട്ടിയെന്നു വരില്ല. ഗോപെട്ടനോട് കാര്യം അവതരിപ്പിക്കാം. തങ്ങള്‍ക്ക് നല്ലകാര്യം വരുന്ന ഒരു സംഗതിക്ക് എന്തായാലും ഗോപേട്ടന്‍ തടസ്സം നില്‍ക്കില്ല.

"നിനക്ക് വല്ല വട്ടും ഉണ്ടോ?.. ഇതൊക്കെ നടക്കാന്‍ പോണ വല്ല കാര്യോം ആണോ. ഇതിലൊക്കെ കള്ളക്കളികള്‍ ആണ്. ശുപാര്‍ശയും സ്വാധീനവും ഉള്ളോര്‍ക്കേ ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ ജോലി കിട്ടൂ.. നീയിപ്പോ ഒന്ന് പോണ്ടോ ഇവിടന്ന്... പെണ്ണൊരുത്തി കിണ്‌ങ്ങാന്‍ വന്നിരിക്കുന്നു"

ശാലിനി കാര്യമുണര്‍ത്തിച്ചപ്പോള്‍ വെല്‍ഡിങ്ങ് ഷാപ്പില്‍ പണിയെടുത്തു കൊണ്ടിരുന്ന ഗോപകുമാര്‍ അതു പറഞ്ഞു ഈര്‍ഷ്യയോടെ കയ്യിലിരുന്ന ചുറ്റിക കൊണ്ട് മുന്നില്‍ കിടന്നിരുന്ന പണിതീരാത്ത ഇരുമ്പുവാതിലില്‍ രണ്ടു അടി. വീണ്ടും അവള്‍ അയാളെ പറഞ്ഞു ബോധിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.
"നീയായി നിന്‍റെ പാടായി.. എന്നോടൊന്നും ചോദിക്കണ്ട"
മുറച്ചെറുക്കനും മുഖം തിരിച്ചു തന്‍റെ ജോലിയില്‍ മുഴുകിയപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായ വിഷാദത്തോടെ അവള്‍ തിരിഞ്ഞു നടന്നു. ഇനി എന്ത് ചെയ്യും എന്‍റെ കൃഷ്ണാ.. പെട്ടെന്നാണ് അവളുടെ മനസ്സില്‍ ഒരു ദൃഡനിശ്ചയം ഉണ്ടായത്. ആറ്റുനോറ്റു കിട്ടിയ ഈ അവസരം പിന്തിരിപ്പന്മാരും വിവരദോഷികളുമായ ബന്ധുക്കളുടെയും ഗോപേട്ടന്റെയും വാക്കുകള്‍ കേട്ട് ഒരു കാരണവശാലും താന്‍ നഷ്ടപ്പെടുത്താന്‍ പാടില്ല. എന്ത് വന്നാലും തനിക്കു ഈ പരീക്ഷ എഴുതിയെ തീരൂ. അല്ലെങ്കില്‍ പിന്നെ എന്തിനാണ് താന്‍ കഷ്ടപ്പെട്ട് ബിരുദാനന്തര ബിരുദം ഒക്കെ എടുത്തത്. ഗുരുവായൂരപ്പന്‍ തന്നെ തുണ. 
ബസ്സിന്‍റെ ജനല്‍ക്കമ്പിയില്‍ തല ചേര്‍ത്തു വച്ച് ദൂരക്കാഴ്ചകള്‍ മിന്നിമറയുന്നത് അലക്ഷ്യമായി വീക്ഷിച്ചിരിക്കുമ്പോള്‍ ശ്യൂന്യത തളം കെട്ടിയിരുന്ന മനസ്സില്‍ ചിന്തകളുടെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. വെല്‍ഡിങ്ങ് കട നടത്തുന്ന ഗോപേട്ടന് താന്‍ ജോലിക്കാരിയാവുന്നത് തീരെ താല്‍പ്പര്യമുണ്ടാവില്ല. എന്നാല്‍ സ്വയം ഉയരങ്ങള്‍ കീഴടക്കാന്‍ ഉള്ള സാമര്‍ത്ഥ്യവും പുരോഗമാനചിന്തയും ലവലേശമില്ല. അന്തര്‍മുഖനായ ഒരു നാടന്‍ മനുഷ്യന്‍. ഉള്ളത് കൊണ്ട് എങ്ങനെയെങ്കിലും രോഗികളായ മാതാപിതാക്കളേയും സംരക്ഷിച്ചു തട്ടിമുട്ടി ജീവിച്ചു പോണം എന്ന ചിന്ത മാത്രമേ ഉള്ളൂ.. ഗൌരവക്കാരന്‍ ആണെങ്കിലും ആ മനസ്സ് നിറയെ സ്നേഹമാണെന്ന് തനിക്കറിയാം. താന്‍ വഴങ്ങാതെ പരീക്ഷയ്ക്ക് പോകുന്നത് പിന്നീട് ഗോപേട്ടന്‍ ക്ഷമിക്കാതിരിക്കില്ല. വീട്ടുകാരെ പറ്റി ചിന്തിച്ചിട്ട് ഒരു കാര്യവും ഇല്ല. തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എന്ന് പറഞ്ഞ പോലെയുള്ള ജന്മങ്ങള്‍.

നിരാശജനകമായ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് പരീക്ഷാസഹായിയുടെ താളുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്ന് ബസ്സുകള്‍ മാറിക്കയറി അവസാനം ആ കുഗ്രാമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ശക്തമായ ഇടിയും മഴയും ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു. ഹാള്‍ ടിക്കറ്റ് കുതിര്‍ന്നു പോകാതിരിക്കാന്‍ അവള്‍ പാടുപെട്ടു. 

പരീക്ഷാഹാളിലെ നിശബ്ദത ഭേദിച്ച് കൊണ്ട് ഇടയ്ക്കിടെ ഇടിവെട്ടുന്ന ശബ്ദം. ഉദ്യോഗഭരിതമായ മനസ്സോടെ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് പരീക്ഷ എഴുതാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ബഞ്ചിലിരിക്കുന്ന ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഒരു തോന്നല്‍. തല തിരിച്ചു നോക്കിയപ്പോള്‍ ഒറ്റനോട്ടത്തില്‍ പരുക്കനെന്ന് തോന്നിപ്പിക്കുന്ന ഒരു താടിക്കാരന്‍ തന്നെ നിരീക്ഷിക്കുന്നു. അയാളുടെ തീക്ഷ്ണമായ ദൃഷ്ടികള്‍ മനസ്സിലേക്ക് കുത്തിക്കയറുന്നതുപോലെ തോന്നി. അസ്വസ്ഥതയോടെ അവള്‍ മുഖം വെട്ടിത്തിരിച്ചു പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

പരീക്ഷ ഒരുവിധത്തില്‍ നന്നായി എഴുതിയ ആത്മവിശ്വാസത്തോടെ അവള്‍ കുടയും ചൂടി കവലയിലെ ബസ് സ്റ്റോപ്പിലേക്കു നടന്നു. ആ താടിക്കാരനും അവിടെ ബസ്സ്‌ കാത്തു നിന്നിരുന്നു. അപ്പോഴും അയാളുടെ ആ ഉറ്റുനോട്ടം ഇടയ്ക്കിടെ തന്‍റെ മുകളില്‍ പതിയ്ക്കുന്നതായി അവള്‍ മനസ്സിലാക്കി.

'ഇയാള്‍ക്ക് ഇതെന്തിന്റെ അസുഖമാണ് ഈശ്വരാ.. പെണ്‍കുട്ടികളെ മുന്‍പൊരിക്കലും കാണാത്തത് പോലെ. പീഡനങ്ങളുടെ കാലമാണ്.. രക്ഷിക്കണേ ദൈവമേ. 

കുറെ നേരം കാത്തു നിന്നിട്ടും ബസ്സൊന്നും ആ വഴി വന്നില്ല. മഴയാണെങ്കില്‍ അപ്പോഴും കൊരിച്ചോരിയുക തന്നെ. ബസ് സ്റ്റോപ്പിന്റെ മേല്‍ക്കൂരയും ഭാഗികമായി ചോര്‍ന്നൊലിക്കുന്നു. വീശിയടിക്കുന്ന കാറ്റില്‍ വെള്ളത്തുള്ളികള്‍ തൂവി വന്നു വസ്ത്രങ്ങള്‍ ഏകദേശം പൂര്‍ണ്ണമായും നനഞ്ഞു കുതിര്‍ന്നു. നേരം വൈകുംതോറും വീട്ടിലെത്താന്‍ ഇരുട്ടും എന്ന അങ്കലാപ്പ് അവളില്‍ ഉയരുമ്പോള്‍ അത് വഴി സൈക്കിളില്‍ പോയ ഒരു ചെറുക്കന്‍ വിളിച്ചു പറഞ്ഞ വാര്‍ത്ത കേട്ട് അവളുടെ നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയി.

അടുത്തെവിടെയോ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന മണ്ണും പാറക്കല്ലുകളും റോഡ്‌ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു. തടസ്സം മാറ്റി ഗതാഗതം പുനരാരംഭിക്കണം എങ്കില്‍ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും എടുക്കുമത്രേ. ഇനി എന്ത് ചെയ്യും എന്ന ചിന്തയില്‍ അങ്കലാപ്പോടെ നിലകൊള്ളുമ്പോള്‍ തന്നെ വീക്ഷിച്ചു കൊണ്ട് നിന്നിരുന്ന ആ താടിക്കാരന്‍ അടുത്തേക്ക്‌ വന്നു പറഞ്ഞു.

"കുട്ട്യേ.. ഇന്നിവിടെ നിന്നു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ലോഡ്ജില്‍ വല്ല മുറിയും എടുത്തു ഈ രാത്രി കഴിച്ചു കൂട്ടുകയെ നിവൃത്തിയുള്ളൂ.. വരൂ നമുക്ക് വല്ല മുറിയും കിട്ടുമോ എന്ന് നോക്കാം"

അപ്പോള്‍ അവളില്‍ ശരിക്കും ഒരു ഞടുക്കമുണ്ടായി. തന്നെ പീഡിപ്പിക്കാന്‍ കിട്ടിയ അവസരം അയാള്‍ മുതലാക്കുകയാണോ എന്ന ചിന്തയില്‍ തെല്ലു ദേഷ്യം പ്രകടിപ്പിച്ച് അവള്‍ പറഞ്ഞു.

"വളരെ നന്ദി... എന്‍റെ കാര്യം ഓര്‍ത്ത്‌ താങ്കള്‍ വിഷമിക്കേണ്ട. പൊയ്ക്കോളൂ... "

അത് കേട്ടയുടനെ "ശരി.. ഞാന്‍ പറഞ്ഞൂന്നു മാത്രം.. അല്ലെങ്കിലും ഇക്കാലത്ത് ഒരുപകാരം ചെയ്യാന്‍ പോയാല്‍ ഇത് തന്നെയാണ് പ്രതിഫലം കിട്ടാ.." എന്നും പിറുപിറുത്തു കൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു.

ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും നോക്കെത്തുന്ന ദൂരത്തു സ്ഥിതിചെയ്തിരുന്ന ചാരായഷാപ്പിലെ മദ്യപന്മാരുടെ ബഹളങ്ങള്‍ അവിടേക്ക് ഒഴുകി വരുന്നുണ്ടായിരുന്നു. . മദ്യപിച്ചു പുറത്തിറങ്ങിയ ഒരു കൊമ്പന്‍ മീശക്കാരന്‍ അവളുടെ സമീപത്തു വന്നു ബീഡിയുടെ പുക അവളുടെ മേലേക്ക് ഊതി വിട്ടു കൊണ്ട് അശ്ലീല ചുവയുള്ള ഭാഷയില്‍ ഓരോന്ന് പറയാനും ചോദിക്കാനും തുടങ്ങിയപ്പോള്‍ അവള്‍ ഭയം കൊണ്ട് അടിമുടി വിറച്ചു. കൂടുതല്‍ ആളുകള്‍ ഷാപ്പില്‍ നിന്നും ഇറങ്ങി ആടിയാടി ബസ്സ്‌ സ്റ്റോപ്പിലേക്ക് വരുന്നത് ഒരു നടുക്കത്തോടെ അവള്‍ കണ്ടു. താന്‍ ഇന്ന് കുടുങ്ങിയത് തന്നെ.

അപ്പോഴാണ്‌ ആ താടി വച്ച ചെറുപ്പക്കാരന്‍ ഒരു സിഗരറ്റും വലിച്ചു തിരിച്ചു വരുന്നതായി അവള്‍ കണ്ടത്. ഉടനെ അയാളുടെ അരികിലേക്ക് ഓടിച്ചെന്നു അയാളുടെ മുന്നില്‍ നിന്ന് കിതച്ചു.

"എന്താപ്പോ ഉണ്ടായേ.. സ്വന്തം കാര്യം നോക്കാന്‍ അറിയുന്ന ഭവതി എന്താണാവോ ഇപ്പോള്‍ നിന്ന് വിറയ്ക്കുന്നത്?"
താടി ചൊറിഞ്ഞു കൊണ്ട് ഒരു പരിഹാസ ഭാവത്തില്‍ അയാള്‍ ചോദിച്ചു.

"ഹും.. വാ എന്‍റെ കൂടെ" എന്നു പറഞ്ഞു അയാള്‍ മറ്റൊരു വഴിയിലൂടെ നടപ്പു തുടര്‍ന്നപ്പോള്‍ ഒരു നിമിഷം ഒന്ന് സ്തബ്ദയായി നിന്ന് ബസ്സ്‌ സ്റ്റോപ്പിലേക്ക് നോക്കി. ചെന്നായ്ക്കളെ പോലെ അവിടെ നിന്ന് തന്നെയും സാകൂതം വീക്ഷിച്ചു നില്‍ക്കുന്ന കുടിയന്മാര്‍. പിന്നെ ഒന്നും ആലോചിക്കാതെ ഗതികേടിനെ പഴിച്ചു കൊണ്ട് ആ യുവാവിനെ അനുഗമിച്ചു.

ഏകദേശം പതിനഞ്ചു മിനുട്ടോളം നടന്നു ഒരു പഴയ ലോഡ്ജില്‍ എത്തുന്നത് വരെയും അയാള്‍ ഒരക്ഷരം പോലും അവളോട്‌ സംസാരിച്ചില്ല. മിണ്ടുന്ന വിഷയത്തില്‍ ഇദ്ദേഹം ഗോപേട്ടനേക്കാള്‍ മൂര്‍ഖന്‍ ആണല്ലോ ദൈവമേ എന്നു അവളുടെ മനസ്സില്‍ തോന്നി.

ലോഡ്ജിന്റെ സ്വീകരണ മുറിയില്‍ മേശയും കസേരയും ഇട്ടു ഒരു വയസ്സന്‍ ഇരുന്നിരുന്നു. അവര്‍ ചെന്ന വഴി റെജിസ്റ്റര്‍ എടുത്തു തുറന്നു മുന്നോട്ടു നീക്കി വച്ചു പറഞ്ഞു.

"ഡബിള്‍ റൂം അല്ലേ വേണ്ടേ? അല്ലാ.. ആകെ ആ മുറി തന്ന്യാ ഒഴിവുള്ളൂ താനും... അഡ്രസ്‌ പറയൂ.."

ശാലിനിയെ അര്‍ത്ഥഗര്‍ഭമായി ഒന്ന് ഇരുത്തി നോക്കിക്കൊണ്ട്‌ ആ യുവാവ് വയസ്സന്റെ കയ്യില്‍ നിന്നും പേന വാങ്ങി തന്‍റെ വിലാസം അതില്‍ സ്വയം എഴുതി രെജിസ്റ്റെര്‍ മടക്കി തിരികെ നല്‍കി, കീശയില്‍ നിന്നും കുറച്ചു പണം എടുത്തു മുന്‍‌കൂര്‍ ആയി നല്‍കിയപ്പോള്‍ അയാള്‍ താക്കോല്‍ എടുത്തു കൊടുത്ത് ഒന്നാം നിലയിലേക്ക് പോകുന്ന ഗോവണി ചൂണ്ടിക്കൊണ്ട് റൂം നമ്പര്‍ പറഞ്ഞു. 

അവര്‍ മുകളിലത്തെ നിലയിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആ താടിക്കാരന്‍ പൊടുന്നനെ തിരിഞ്ഞു നിന്ന് മുറിയുടെ താക്കോലും അയാളുടെ കയ്യിലുള്ള തോല്‍സഞ്ചിയും  അവള്‍ക്കു നേരെ നീട്ടി പറഞ്ഞു.

"റൂമിലേക്ക്‌ പൊക്കോളൂ.. ഞാന്‍ ഇതാ വരുന്നു"

മനസ്സില്ലാമനസ്സോടെ  അവള്‍ അവ വാങ്ങി മിടിക്കുന്ന ഹൃദയത്തോടെ തന്‍റെ ദുര്‍വിധിയെ പഴിച്ചു ഗോവണി കയറി.

ചപ്പു ചവറുകളും ബീഡിക്കുറ്റികളും ചിതറിക്കിടക്കുന്ന വൃത്തിഹീനമായ വരാന്ത കണ്ടപ്പോള്‍ അവളുടെ പരിഭ്രമം വര്‍ദ്ധിച്ചു. ഏതോ ഒരു റൂമില്‍ നിന്നും ഒഴുകി വന്നിരുന്ന സ്ത്രീപുരുഷന്മാരുടെ കൊഞ്ചിക്കുഴയലുകള്‍ കൂടി കേട്ടപ്പോള്‍ താന്‍ ശരിക്കും ഒരു ചക്രവ്യൂഹത്തില്‍ അകപ്പെട്ടെന്നു അവള്‍ ഉറപ്പിച്ചു.

"കൃഷ്ണാ.. ഗുരുവായൂരപ്പാ രക്ഷിക്കണേ.. വീട്ടുകാരെയും ഗോപേട്ടനെയും ധിക്കരിച്ചു ഇറങ്ങിയതിനുള്ള ശിക്ഷ ഇത്രയും ഭീകരമോ? ഇങ്ങനെയൊക്കെ ആയിത്തീരുമെന്നു സ്വപ്നേപി കരുതിയില്ല.. കൂടെ വന്ന ആ വൃത്തികെട്ട ഉണ്ടക്കണ്ണന്‍ തിരിച്ചു വന്നു ഇനി എന്തൊക്കെയാണാവോ കാട്ടിക്കൂട്ടാന്‍ പോകുന്നത്. ദൈവമേ നീ തന്നെ തുണ"

മുറിയില്‍ അങ്കലാപ്പോടെ ഇരിക്കുമ്പോള്‍ അവള്‍ ഓരോന്നും ഓര്‍ത്തു വിഷമിച്ചു.

ഏകദേശം പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു. പിടയ്ക്കുന്ന മനസ്സുമായി വാതില്‍ തുറന്നപ്പോള്‍ റൂം ബോയ്‌ ചായയുമായി നില്‍ക്കുന്നു. അവള്‍ പാതി തുറന്നു പിടിച്ച വാതില്‍ തള്ളിത്തുറന്നു കൊണ്ട് ആ പയ്യന്‍ അകത്തേക്ക് കടന്നു ചായ ടീപ്പോയിയില്‍ വച്ച ശേഷം ആശ്ചര്യം സ്ഫുരിക്കുന്ന കണ്ണുകളുമായി അവളോട്‌ ചോദിച്ചു.

"ചേച്ചി തൈവളപ്പിലെ ആ ബാലന്‍ നായരുടെ മോളല്ലേ? എന്താ ഇപ്പോള്‍ ഇവിടെ? എന്നെ കണ്ടിട്ടുണ്ടോ? ഞാനും ആ നാട്ടുകാരന്‍ തന്നെയാണ്. പിന്നെ ആരാ ചേച്ചീ കൂടെയുള്ള ആ താടിക്കാരന്‍? ചേച്ചിയുടെ കല്യാണം കഴിഞ്ഞതൊന്നും ഞാന്‍ അറിഞ്ഞില്ല്യാട്ടോ"   

എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ വിഷണ്ണയായി നില്‍ക്കുമ്പോള്‍ ഒരു പരിഹാസം കലര്‍ന്ന മൂളലോടെ അവന്‍ വാതിലടച്ച്‌ പുറത്തേക്ക് പോയി. 

സമയം രാത്രി എട്ടുമണി കഴിഞ്ഞിരിക്കുന്നു. വീണ്ടും വാതിലില്‍ ആരോ മുട്ടുന്നത് കേട്ടു. രണ്ടും കല്‍പ്പിച്ചു വാതില്‍ തുറന്നപ്പോള്‍ താടിക്കാരന്‍ നായകന്‍ കയ്യില്‍ ഒരു ചോറുപൊതിയും വെള്ളത്തിന്‍റെ ഒരു കുപ്പിയുമായി ഗൌരവഭാവത്തില്‍ നില്‍ക്കുന്നു.

"ദാ ഇത് കഴിച്ചോളൂ... എന്നിട്ട് വാതിലടച്ച്‌ കിടന്നോളൂ.. എന്തു തട്ടും മുട്ടും കേട്ടാലും ഇനി നേരം വെളുക്കുവോളം വാതില്‍ തുറക്കണ്ട.. ഞാന്‍ പുറത്തിവിടെത്തന്നെയൊക്കെ കാണും. എന്താ കുട്ടീടെ പേര്? ഞാന്‍ രാവിലെ വന്നു വിളിക്കുമ്പോള്‍ മാത്രം തുറന്നാല്‍ മതി"

തന്‍റെ എല്ലാ ഭയപ്പാടുകളേയും അസ്ഥാനത്താക്കിയുള്ള അയാളുടെ ആ ആശ്വാസവാക്കുകള്‍ കേട്ട് തരിച്ചു നില്‍ക്കുമ്പോള്‍ കൂടുതലൊന്നും പറയാതെ അയാള്‍ വാതിലടച്ച്‌ പുറത്തു പോയി. ഇത്രയും നല്ലൊരു മനുഷ്യനെയാണല്ലോ ഞാന്‍ ഇതേ വരെ ഭയപ്പാടോടെ തെറ്റിദ്ധരിച്ചിരുന്നത് എന്നോര്‍ത്തു അവള്‍ വ്യാകുലപ്പെട്ടു.

മനസ്സിനെ അത് വരെ ബാധിച്ചിരുന്ന അരക്ഷിതാവസ്ഥ മാറിക്കഴിഞ്ഞപ്പോള്‍ മറ്റൊരു ചിന്ത ഒരു ഇടിത്തീ പോലെ അവളുടെ മനസ്സില്‍ വീണു.

ദൈവമേ തന്നെക്കാണാതെ വീട്ടുകാര്‍ ഇപ്പോള്‍ ആകെ പരിഭ്രമിച്ചിരിക്കുമല്ലോ. ഈ ദുരവസ്ഥയില്‍ താന്‍ അക്കാര്യം തന്നെ മറന്നു പോയിരുന്നു. ഒന്ന് വിളിച്ചു പറയാനാണെങ്കില്‍ വീട്ടില്‍ എന്നല്ല ആ ചുറ്റുവട്ടത്തു പോലും ഫോണും ഇല്ല. അമ്മയും ചേച്ചിയും ഗോപേട്ടനും ഒക്കെ കൂടി ഇനി എന്തെല്ലാം പുകിലുകള്‍ ആണാവോ ഉണ്ടാക്കി വച്ചിരിക്കുന്നത്. ഓര്‍ത്തിട്ടു അവള്‍ക്കു തല കറങ്ങുന്നത് പോലെ തോന്നി.

അതിരാവിലെ അവളെ ബസ്സില്‍ കയറ്റിയിരുത്തി പുറത്തു നിന്ന് കൊണ്ട് വെറുതെ ഒന്ന് കൈവീശി കാണിക്കുക മാത്രം ചെയ്തു കൊണ്ട് ബസ്സ്‌ സ്റ്റാണ്ടിലെ ബസ്സുകള്‍ക്കിടയിലൂടെ മറഞ്ഞു പോകുന്ന അയാളുടെ മുഖത്തു ആദ്യമായി ഒരു ചെറുമന്ദസ്മിതം മിന്നിമറഞ്ഞത്‌ അവള്‍ കണ്ടു. ബസ്സ്‌ യാത്ര പുറപ്പെട്ടപ്പോള്‍ ആണ് അദ്ദേഹത്തിന്‍റെ പേരു പോലും ചോദിക്കാന്‍ താന്‍ മിനക്കെട്ടില്ലല്ലോ എന്ന ഒരു കുറ്റബോധം അവളില്‍ അങ്കുരിച്ചത്. അതെങ്ങനെയാ വെട്ടുപോത്തിന്റെ സ്വഭാവമുള്ള ആളോട് എന്ത് സംസാരിക്കാന്‍. പക്ഷെ ഒരു ദൈവദൂതനെ പോലെ പ്രത്യക്ഷപ്പെട്ടു തന്നെ വിഷമപ്രതിസന്ധിയില്‍ നിന്നും അതും ഒരു പൈസ പോലും  തന്നില്‍ നിന്നും വാങ്ങാതെ സംരക്ഷിച്ച ആ താടിക്കാരനോട് അവള്‍ക്കു അളവില്ലാത്ത ബഹുമാനവും ആരാധനയും തോന്നി. പുരുഷന്മാരായാല്‍ ഇങ്ങനെ വേണം. 

വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങിയ വഴി വഴിയരികില്‍ ആടിനെ തീറ്റിക്കൊണ്ടിരുന്ന അടുത്ത വീട്ടിലെ ഉഷ ചേച്ചിയെ കണ്ടു. അവളോട്‌ പ്രത്യേക അടുപ്പമുള്ള ചേച്ചി കണ്ട വഴി കൈ പിടിച്ചു കൊണ്ട് ചോദിച്ചു.

"എടീ നീ എവിടെയായിരുന്നു ഇതേ വരെ. വീട്ടിലും നാട്ടിലുമൊക്കെ എന്തൊക്കെ പ്രശ്നങ്ങളാണ് നിന്‍റെ അമ്മയും ഗോപനും ഉണ്ടാക്കി വച്ചത് എന്നറിയോ? അമ്മ തല ചുറ്റി വീണു. ഗോപന്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും കൊടുത്തിട്ടുണ്ട്. ശാലൂ നിന്നെ എല്ലാവരും കൂടി ഒന്നാകെ ജീവനോടെ പൊരിക്കാന്‍ കാത്തു നില്‍ക്കുകയാവും ഇപ്പോള്‍. എന്താ ചെയ്യാ..നീ നോക്കീം കണ്ടുമൊക്കെ നിന്നോ.."

ഇതെല്ലാം കേട്ട് ശാലിനിക്ക് തളര്‍ച്ച ബാധിക്കുന്നതായി തോന്നി. തലേ രാത്രിയില്‍ ഒരു നിമിഷം പോലും ഉറങ്ങാന്‍ ആവാതിരുന്നതിന്റെ ക്ഷീണവും.

"അമ്മേ.. ദേ മേമ വരുന്നൂ... "

വാഴ തോപ്പുകളുടെ ഇടയിലൂടെയുള്ള വഴിയില്‍ നടന്നു വരുന്ന ശാലിനിയെ ചേച്ചിയുടെ മകന്‍ ഉണ്ണിക്കുട്ടന്‍ ദൂരെ നിന്നേ കണ്ട വഴി വിളിച്ചു കൂവി. എല്ലാവരും മുറ്റത്ത് തന്നെ ഉണ്ട്.

അത് കേട്ട ചേച്ചി ഉടനെ പടിക്കലേക്കു വന്നു ഇടവഴിയിലേക്ക് എത്തി നോക്കി അവളെ കണ്ട വഴി അമ്മയോട് വിളിച്ചു പറഞ്ഞു..

"ദേ വരുന്നു... നിങ്ങടെ പുന്നാര മോള്‍... അഴിഞ്ഞാട്ടക്കാരി.. രാത്രിയിൽ എവിടെയൊക്കെയോ ചുറ്റി തിരിഞ്ഞു എന്തിനാണാവോ ഇപ്പോഴിങ്ങട് എഴുന്നെള്ളണേ.. ബാക്കിയുള്ളവരുടെ മാനം കളയാനായിട്ട് ഉണ്ടായ ജന്തു"

കാലുകള്‍ തളരുന്ന പോലെ തോന്നി ശാലിനിക്ക്.എങ്ങനെയൊക്കെയോ വേച്ചു വേച്ചു ചെന്ന് ഉമ്മറത്തിണ്ണയിൽ ഇരുന്നു .അമ്മയാണെങ്കിൽ കരച്ചിലും പിഴിച്ചിലും.

"എന്തിനാടി അസ്സത്തെ നിന്നെ ഞാൻ ഇത്രേം കാലം കഷ്ടപ്പെട്ട് നോക്കി വളര്‍ത്തിയത്? എല്ലാം ഒരൊറ്റ ദിവസം കൊണ്ട് തുലച്ചില്ലേ...കഷ്ട്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും മാനം വിറ്റു ഇവിടെ ആരും കഞ്ഞി കുടിച്ചിട്ടില്ല.. മൂധേവീ.. എനിക്കിനി ചത്താല്‍ മതിയേ... ആ ഗോപനോട് ഞാനിനി എന്ത് സമാധാനം പറയും എന്റെ ചിറയ്ക്കല്‍ ഭഗവതീ..."

ശകാരങ്ങളുടെയും ശീല്‍ക്കാരങ്ങളുടെയും ആധിക്യത്തില്‍ അവള്‍ക്കു തല കറങ്ങുന്ന പോലെ തോന്നി. അവള്‍ പറയുന്നതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല. പറയുന്നത് ഒന്ന് സമാധാനത്തില്‍ കേള്‍ക്കാന്‍ വരെ അവര്‍ സാവകാശം കൊടുക്കാതിരുന്നത് അവളെ കൂടുതല്‍ പരിക്ഷീണിതയാക്കി. മെല്ലെ ഭിത്തിയില്‍ പിടിച്ചു പിടിച്ചു വീഴാതെ ഒരു വിധത്തില്‍ കിടപ്പുമുറിയില്‍ എത്തി കിടക്കയില്‍ കിടന്നതേ ബോധം നഷ്ടപ്പെട്ടു മയങ്ങിപ്പോയീ.
   
"കേക്കണോ തള്ളെ.. ഇങ്ങടെ മോള്‍ കാണിച്ച ലീലാവിലാസങ്ങള്‍?.. ഇന്നലെ രാത്രി അവള്‍ തൃപ്പങ്കരയിലെ ഒരു ലോഡ്ജില്‍ ഏതോ ഒരുത്തന്റെ കൂടെ അന്തിയുറങ്ങുകയായിരുന്നത്രേ. കോളേജില്‍ പഠിച്ച ഏതോ വിദ്ധ്വാന്‍ ആണ് പോലും. മ്മടെ അസനാരിക്കാന്റെ മോന്‍ ബഷീര്‍ ആ ലോഡ്ജിലാണ് ജോലി ചെയ്യുന്നത്. അവന്‍ ഇന്ന് വന്നപ്പോള്‍ എന്നോട് പറഞ്ഞതാ.. വിളിയ്ക്ക് ആ  അസുരവിത്തിനെ.. നേരിട്ട് ചോദിക്ക്.. ഒക്കെ അവള്‍ തത്ത പറയണ പോലെ മ്മക്ക് കേള്‍ക്കാലോ.."

ഉച്ചയോടടുത്ത സമയത്ത് ഗോപകുമാര്‍ കലിതുള്ളി വന്നു വീട്ടുമുറ്റത്ത്‌ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത് കേട്ടുകൊണ്ടാണ് ശാലിനി മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. ദേഷ്യം അടക്കാനാവാതെ അവളുടെ മുറിയിലേക്ക് പാഞ്ഞു ചെന്ന ഗോപകുമാര്‍ അവളെ വലിച്ചിഴച്ചു എഴുന്നേല്‍പ്പിച്ചു കരണത്ത് ശക്തിയായി അടിച്ചു കൊണ്ട് ചോദിച്ചു.

"സത്യം പറയടീ നായിന്റെ മോളെ.. നീ ഇന്നലെ ലോഡ്ജില്‍ ആയിരുന്നില്ലെടീ താമസിച്ചത്?.. " 

"ഗോപെട്ടാ,, ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ... പ്ലീസ്... " അവള്‍ കെഞ്ചി.

"വേണ്ട നിന്റെയൊരു പഞ്ചാരയും എനിക്ക് കേള്‍ക്കണ്ട. ഞാന്‍ ചോദിച്ചതിനു മാത്രം നീ ഉത്തരം പറഞ്ഞാല്‍ മതി @#$%^&*(#$%^&..." അവന്‍ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു അലറിക്കൊണ്ട് തെറിയഭിഷേകം നടത്തി.

"അതെ ഗോപേട്ടാ.. പക്ഷെ.. ഞാന്‍... " അവള്‍ വിതുമ്പി.

"മതിയെടീ... കേട്ടില്ല്യെ എല്ലാരും ഈ കൊടിച്ചിപ്പട്ടി പറേണത്?.. ഒക്കേറ്റിനും നിങ്ങളെ പറഞ്ഞിട്ടേ കാര്യള്ളൂ... വളര്‍ത്തുദോഷം... ഇനിക്കിനി ഇവളെ വേണ്ടാ.. ആര്‍ക്കാച്ചാ കൊടുത്തോളൂ അഴിഞ്ഞാടാന്‍"

അവളുടെ മറുപടി ഒരു നിമിഷം അവനില്‍ ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും ഞൊടിയിടയില്‍ തന്നെ ആത്മരോഷം വീണ്ടെടുത്തു അവന്‍ ഇത്രയൊക്കെ അലറി. പിന്നെ അവളെ ശക്തമായി കിടക്കയിലേക്ക് തള്ളിയിട്ടു വാതിലില്‍ ഒരു ചവിട്ടും കൊടുത്ത് കൊണ്ട് ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്ക് പാഞ്ഞു പോയി.

വാര്‍ത്ത നാട്ടില്‍ ആകെ പരന്നപ്പോള്‍ ശാലിനിക്കും വീട്ടുകാര്‍ക്കും പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായി. ഗോപകുമാര്‍ ഉപേക്ഷിച്ച നിലയ്ക്ക് മൂന്നാമന്മാര്‍ കൊണ്ട് വന്ന കല്യാണാലോചനകള്‍ ഒക്കെ പെണ്ണിന്റെ സ്വഭാവശുദ്ധിയില്‍ അവിശ്വസിച്ചു വിഫലമായിക്കൊണ്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം കിട്ടാതെ ഒരു ജീവച്ഛവം പോലെ ശാലിനി തന്‍റെ മുറിയില്‍ ഒതുങ്ങിക്കൂടി. മനുഷ്യരെ കാണുന്നത് തന്നെ അവള്‍ക്കു ഭയമായി.

ഒരു ദിവസം വിഷാദയായി തിണ്ണയില്‍ ഇരിക്കുമ്പോള്‍ ആണ് പോസ്റ്റ്‌മാന്‍ രാഘവേട്ടന്‍ ഒരു കത്തുമായി വരുന്നത്. അത് പൊട്ടിച്ചു വായിച്ചപ്പോള്‍ ശാലിനിയുടെ മുഖം ഒരു വേള പ്രസന്നമായി.

"യൂ ഡി ക്ലാര്‍ക്ക് ആയി ദൂരെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിയമനം.." അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി എങ്കിലും പുറത്തേക്കു ഒന്നും പ്രകടിപ്പിച്ചില്ല. കാരണം തന്നെ ഒറ്റപ്പെടുത്തിയ വീട്ടുകാരേയും നാട്ടുകാരേയും അവള്‍ ഭയന്നിരുന്നു.

"എവിടെക്കാടീ ചമഞ്ഞ് ഇറങ്ങുന്നേ.. ഇനിയും വല്ലവന്മാരേയും കണ്ടു വച്ചിട്ടുണ്ടോടീ?.. മൂധേവീ.. നീ കുടുംബത്തിന്‍റെ മാനം ഇനിയും നശിപ്പിച്ചേ അടങ്ങൂ.. ഇനിയും വല്ല തോന്ന്യാസവും കാണിച്ചു നാട്ടുകാരെ കൊണ്ടു പറയിപ്പിക്കാനാണ് നിന്‍റെ ഭാവമെങ്കില്‍ ഇനി ഈ പടി കയറാം എന്നു വിചാരിക്കണ്ട."

അതിരാവിലെ എഴുന്നേറ്റു കുളിച്ചു വസ്ത്രം ധരിച്ചു ഒരുങ്ങി അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിച്ചു അനുഗ്രഹം വാങ്ങി, ഉറങ്ങിക്കൊണ്ടിരുന്ന അമ്മയുടെ കാല്‍പാദം തൊട്ടു വന്ദിച്ച്, ജോലിയില്‍ പ്രവേശിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുനിഞ്ഞ ശാലിനിയോട് മുറ്റമടിച്ചു നിന്ന ചേച്ചി ഇതു പറഞ്ഞപ്പോള്‍ പെട്ടെന്ന് അവള്‍ സ്വയം മറന്നു ചൊടിച്ചു.

"ചേച്ചി വെല്ല്യ കാര്യന്നും എന്നോട് പറയണ്ടാ.. ചേട്ടന്‍ വേറെ പെണ്ണുമായി പൊറുതി തുടങ്ങിയ കാരണമല്ലേ ചേച്ചി മോനുമായി ഇവിടെ നാലഞ്ചു കൊല്ലമായി വന്നു താമസിക്കണേന്നു മറക്കണ്ടാ.. അതൊക്കെ മറന്നു ഇനിയും എന്‍റെ മേല്‍ കേറാന്‍ വന്നാലുണ്ടല്ലോ.. എന്‍റെ ശവം നിങ്ങള്‍ക്കു തിന്നേണ്ടി വരും.. പറഞ്ഞില്ലെന്നു വേണ്ട.. ക്ഷമിക്കുന്നതിനും ഒരതിരൊക്കെയുണ്ട്.. വല്ല്യേ ശീലാവതി ചമയുന്നു.. ഹും"   

പച്ചപ്പാവമായിരുന്ന ശാലിനിയില്‍ നിന്നും അപ്രതീക്ഷിതമായി ഉണ്ടായ പൊട്ടിത്തെറിയില്‍ നാവിറങ്ങിപ്പോയ പോലെ ചേച്ചി നില്‍ക്കുമ്പോള്‍ ബാഗുമെടുത്ത് അവള്‍ പടിയിറങ്ങി. അപ്പോള്‍ കുറുകെ ചാടിയ ഒരു കരിമ്പൂച്ചയോടു ഈര്‍ഷ്യയോടെ അവള്‍ പറഞ്ഞു.

"ഹും.. ഇനി നിനക്കും എന്നെ കൊല്ലണോ?.. "

ജോലിയില്‍ പ്രവേശിക്കാനുള്ള ഔപചാരികതകള്‍ ഒക്കെ പൂര്‍ത്തിയാക്കി, കൃഷ്ണനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് അവള്‍ തന്‍റെ ഇരിപ്പിടത്തില്‍ പോയി ഇരുന്നു. തന്നെ ഒരു വശത്തു നിന്ന് ആരോ കാര്യമായി ശ്രദ്ധിക്കുന്നു എന്ന തോന്നലില്‍ അവള്‍ തല തിരിച്ചു നോക്കി.

"അയാള്‍.. അന്ന് ഒരു ഗന്ധര്‍വനെ പോലെ അവതരിച്ചു തന്നെ വിഷമ പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ച അതേ ചെറുപ്പക്കാരന്‍.. അയാളില്‍ ഒരേയൊരു വ്യത്യാസം മാത്രം.. നിഷ്ക്കളങ്കമായ ഒരു മന്ദഹാസം അയാളുടെ മുഖത്തിന്‍റെ കാന്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

- മീനു

കഴായ* - ചെറിയ നീര്‍ച്ചാല്‍

1 comment: