Wednesday 14 January 2015

പരിഭവം



പരിഭവം
സങ്കടായി ട്ടോ..
എന്നോടിത് വേണ്ടായിരുന്നു
എത്ര കാത്തിരുന്നതാണ്
ആ മണിമുത്തുകള്‍ കാണാന്‍
നിന്റെ കൊച്ചരിപ്പല്ലുകളുടെ
ചിരി കാണാന്‍
നിന്റെ ആ തലോടലേല്‍ക്കാന്‍
ചെവി കൂര്‍പ്പിച്ചിരുന്നിരുന്നു
നിന്റെ കിന്നാരം കേള്‍ക്കാനും
മര്‍മ്മരങ്ങള്‍ അറിയാനും
എന്നിട്ട് നിന്നിലലിയാന്‍
നിന്നെ കെട്ടിപ്പുണരാന്‍
നീട്ടിയ കൈകളുമായ്
നിന്നിലൂടെയെന്‍
താപഗ്നിയെ ദഹിപ്പിക്കാന്‍
നിന്നിലൂടെയെന്‍
സുന്ദരസ്വപ്‌നങ്ങള്‍ നെയ്യാന്‍
എത്ര പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു.
എന്നിട്ടും...
എന്‍ നോവുന്ന തരള ഹൃദയത്തെ
ഒന്നു തണുപ്പിക്കാതെ
എന്റെ സ്വപ്നങ്ങളെ
ചുട്ടു ചാമ്പലാക്കിക്കൊണ്ട്
കാറ്റില്‍ ചാഞ്ചാടുന്ന ഈ വാഴത്തണ്ടിനെ
ഒന്നു തൊട്ടുണര്‍ത്താതെ
നിദ്രയുമായി ഞാന്‍ സല്ലപിച്ച നേരം
ഒന്നും മിണ്ടാതെ നീ പോയില്ലേ
വൈകിയ വേളയില്‍ ഞാന്‍
നിദ്രയുമായി സല്ലപിച്ചത്
നിനക്കിഷ്ട്ടമായില്ലേ
നിന്റെ ആരവങ്ങളാലെങ്കിലും
ഒന്ന് നിനക്കെന്നെ
തൊട്ടുണര്‍ത്താമായിരുന്നില്ലേ
നിന്റെ വരവിനു വഴിക്കണ്ണുമായ്
ഇരുന്നിരുന്ന എന്റെ മനസ്സില്‍
ഇടിയും മിന്നലും നടന്നു
ഒരു പക്ഷെ ചില്ല് ജാലകത്തിലൂടെ
നിദ്രാദേവിയുടെ മടിയില്‍
മയങ്ങുന്ന എന്നെ നീ വീക്ഷിച്ചിരിക്കാം
ഞാനറിയാതെയുള്ള നിന്റെ
ഈ വരവും പോക്കും എന്റെ മനസ്സില്‍
മഴമേഘങ്ങള്‍ സൃഷ്ട്ടിച്ചു..
അതെങ്ങനെ ഇനി പെയ്യും.
ഇല്ലാ.. നീ വരാതെ, നിന്നെ കാണാതെ
ആ മഴ മേഘങ്ങള്‍ ഇനി പെയ്യില്ല
ഒരല്‍പ്പം പോലും....
ഒത്തിരി സങ്കടായി ട്ടോ
ഒത്തിരി................
- മീനു

No comments:

Post a Comment