Wednesday, 14 January 2015

ഓര്‍മ്മയിലിപ്പോഴും ആ തീവണ്ടി യാത്ര..
പ്രിയപ്പെട്ട വിവേക്,

കാലങ്ങളായി ആരും കാണാതെ സൂക്ഷിച്ചു വച്ചിട്ടുള്ള പ്രണയത്തില്‍ ചാലിച്ചെഴുതിയ കത്തുകളുടെ കൂട്ടത്തിലേക്ക് ഈ അമ്പത്തിയൊന്നാമത്തെ കത്തും...

ഓര്‍മ്മയിലിപ്പോഴും ആ തീവണ്ടി യാത്ര...

ഓര്‍മ്മകളിലെ മാറാല നീക്കുമ്പോള്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ ഈ ഉണ്ടക്കണ്ണിയെ? ചിതലരിച്ച ഓര്‍മ്മകളുടെ കൂട്ടത്തില്‍ അതും ദ്രവിച്ചു പോയോ?

ഒരു അപൂര്‍വ രത്നം പോലെ തിളങ്ങി നില്‍ക്കുന്നു എന്റെ മനസ്സില്‍ ഇന്നും ആ ഓര്‍മ്മ.

എന്‍റെ ഓരോ വിഡ്ഢിചിന്തകള്‍.. അല്ലേ?.. .എത്രയോ കാലം മുന്നേ ഏതോ ഒരു യാത്രയില്‍ കണ്ട ഒരാളെ ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കുന്നവരെ ഈ കാലത്ത് വിഡ്ഢികള്‍ എന്നല്ലാതെ എന്താ വിളിക്കുക...

കഴിഞ്ഞ രണ്ടു പതീറ്റാണ്ടുകള്‍ എന്നില്‍ എത്രയോ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.. താനിപ്പോള്‍ പതിനഞ്ചും പത്തും വയസ്സുള്ള രണ്ടു കുട്ടികളുടെ മാതാവ്... പ്രശസ്തനായ ഒരു വ്യവസായിയുടെ ഭാര്യ... തലയില്‍ വെള്ളിനിരകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.. കണ്ണട വയ്ക്കാന്‍ നിര്‍ബന്ധിപ്പിച്ചു കൊണ്ട് വെള്ളെഴുത്തും.. അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ക്കിടയിലും അങ്ങയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ അനശ്വരമായി ഇന്നും...

തിരക്കുകള്‍ മൂലം മക്കളടക്കം എല്ലാവരാലും അവഗണിക്കപ്പെടുന്ന ഈയുള്ളവളുടെ മനസ്സില്‍ ഇനിയും ക്ലാവ് പിടിക്കാത്ത ആ ഓര്‍മ്മകള്‍ ഒരു മധുരനൊമ്പരമായി ഇന്നും മനസ്സില്‍ നീറുന്നുണ്ട്.

അന്ന് എന്‍റെ കണ്ണുകള്‍ അങ്ങയുടെ ആ തീക്ഷ്ണമായ കണ്ണുകളുമായി ഉടക്കിയ നിമിഷവും കണ്ണുകള്‍ കൊണ്ട് പറയാതെ പറഞ്ഞ കഥകളും എല്ലാം ഹൃദയത്തില്‍ ഒരു കുളിര്‍ക്കാറ്റായി ഇടയ്ക്കിടെ ഇന്നും വീശിയടിക്കുന്നു.

നീണ്ട യാത്രയിലെ വിരസത മാറ്റാനായി തെല്ലു ഔപചാരിതയോടെ തുടങ്ങിയ സംഭാഷണം തുറന്ന സൌഹൃദത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടി... അപ്പോള്‍ വീശിയടിച്ചിരുന്ന തണുത്ത കാറ്റും മഴയുമൊന്നും നമ്മളെ ബാധിച്ചിരുന്നില്ല എന്നെനിക്കു തോന്നിയിരുന്നു.

തീവണ്ടിയുടെ സൈഡ് സീറ്റുകളില്‍ മറ്റാരും ശ്രദ്ധിക്കപ്പെടാതെ അഭിമുഖമായി
കണ്ണില്‍ കണ്ണു കോര്‍ത്തു നമ്മളിരുന്നു... ആ യാത്രയുടെ ദൈര്‍ഘ്യം പെട്ടെന്ന് ഒത്തിരി കുറഞ്ഞു പോയതായി അങ്ങേക്കും തോന്നിയില്ലേ?

വിടര്‍ന്ന നയനങ്ങളില്‍ നോക്കി എന്നെ ഉണ്ടക്കണ്ണി എന്നു വിളിച്ചു
കളിയാക്കിയില്ലേ?.. എന്‍റെ സംസാരം കിളികള്‍ കലപില കൂട്ടുന്നത്‌ പോലെ
ചടുലമാണു പോലും... എല്ലാം ഇന്നലത്തേത് പോലെ ഓര്‍ക്കുമ്പോള്‍ ശരിക്കും കോരിത്തരിച്ചു പോകുന്നുണ്ട്ട്ടൊ..

സത്യത്തില്‍ അങ്ങയോടു ഞാനറിയാതെ തോന്നിയ പ്രണയം എന്‍റെ മനസ്സ് എന്നില്‍ നിന്നും മറച്ചു വച്ചുവോ? യാത്ര പറയുമ്പോഴും നിര്‍വികാരയായിരുന്നല്ലോ ഞാന്‍.. എന്നാല്‍ പിന്നീടെപ്പോഴോ ഒരു ഏകാന്ത നിമിഷത്തിന്‍റെ നിര്‍വൃതിയില്‍ എന്റെ കിനാവുകള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് എന്‍റെ മനസ്സിലങ്ങയെ ഹൃദയേശ്വരനായി വാഴിക്കുകയായിരുന്നു.

പ്രണയത്തിനായി പാടാന്‍ കൊതിച്ച ഗാനങ്ങളും പറയാന്‍ ബാക്കി വെച്ച
പരിഭവങ്ങളും പങ്കിടാന്‍ കൊതിച്ച നിമിഷങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച്
തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ എന്‍റെ മണിവീണയിലെ ഓര്‍മ്മക്കമ്പികളില്‍ ഞാന്‍ വിരലോടിക്കാറുണ്ട്.

ടെലിവിഷനില്‍ വ്യാപാര പ്രമുഖരുടെ അവാര്‍ഡ് ദാനച്ചടങ്ങില്‍ അങ്ങ്
ഇന്നലെ ടെലിവിഷനില്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത് ആകസ്മികമായി കണ്ടപ്പോള്‍ മനസ്സൊന്നു തുടിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അപ്രതീക്ഷിതമായ ഈ കാഴ്ച ആ ട്രെയിന്‍ യാത്രയിലേക്ക് വീണ്ടുമെന്നെ കൂട്ടിക്കൊണ്ട് പോയി.. ഒറ്റനോട്ടത്തില്‍ തന്നെ
എനിക്കു മനസ്സിലായീട്ടോ..കുറച്ചു വണ്ണവും നിറവും വച്ചിട്ടുണ്ട് എന്നല്ലാതെ കണ്ണുകളിലെ ആ തീക്ഷ്ണതക്ക് ഇന്നുമൊരു കുറവും ഇല്ലാ..

ഒരിക്കലും കണ്ടുമുട്ടില്ലെന്നു കരുതിയിരുന്ന എന്റെ സ്വപ്നലോകത്തിലെ
രാജകുമാരനെ ടെലിവിഷനിലൂടെഎങ്കിലും കണ്ടുമുട്ടിയപ്പോള്‍ എന്റെ
സ്വപ്നങ്ങള്‍ വീണ്ടും ചരട് പൊട്ടിയ പോലെ പട്ടംപോലെ അലക്ഷ്യമായി പറക്കാന്‍ തുടങ്ങി. ഒപ്പം ഒരിക്കലും പൂവിടാത്ത എന്റെ പ്രണയ സങ്കല്‍പ്പങ്ങളും..

ഞാന്‍ വ്യാമോഹിച്ചു പോവുകയാണ്.. ഒരു വട്ടം കൂടി നേരിട്ട് കണ്ടുമുട്ടാനുള്ള
അവസരം ദൈവം നമുക്കു തന്നെങ്കില്‍... അങ്ങെന്നെ തിരിച്ചറിയുമോ?.. അന്നത്തെ
പോലെ മൌനമായിരുന്നു ആ കുസൃതി കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞ്ഞു തരുമോ ? ഒരു പൊതി വറുത്ത കടല വാങ്ങിത്തരുമോ? എന്ത് രസമായിരുന്നെന്നോ ആ കണ്ണുകളിലേക്കു നോക്കിയിരുന്നു അത് കൊറിക്കാന്‍!..

അന്ന് അങ്ങേക്ക് വേണ്ടി എന്‍റെ പ്രണയാര്‍ദ്രമായ മനസ്സ് എഴുതി വച്ച ഈ കത്തുകളെല്ലാം ആ കറുത്ത ബാഗ് തുറന്നു അതിലേക്കു അങ്ങയോടുള്ള എന്റെ പ്രണയത്തിന്റെ മുദ്രകളായി ഞാന്‍ നിക്ഷേപിക്കും. അതുകണ്ട് അങ്ങയുടെ മുഖത്തു വിരിയുന്ന കുസൃതിച്ചിരി എനിക്കിപ്പോഴേ ഊഹിക്കാന്‍ സാധിക്കുന്നുണ്ട്..

കനത്ത മഴയെ കീറി മുറിച്ചു അന്ന് ചീറിപ്പാഞ്ഞിരുന്ന ആ തീവണ്ടിയുടെ ശബ്ദം
ഇന്നും ഓരോ മഴയിലും എന്റെ മനസ്സില്‍ പ്രതിദ്ധ്വനിക്കാറുണ്ട്... അന്ന് പുറകിലേക്ക് പാഞ്ഞുപോയ മരങ്ങള്‍ ഓരോന്നായി ഞാന്‍ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

അങ്ങ് എവിടെയായിരുന്നാലും ഈ കത്ത് കിട്ടിയ വഴി എന്റെ സ്വപ്നത്തിലേക്ക്
ഓടി വരണേ.. കൂടുതല്‍ വേണ്ട... ഒരിത്തിരി നേരമെങ്കിലും നമുക്കൊരുമിച്ചിരുന്നു
സല്ലപിക്കണം.. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല.

വെറുതേയീമോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേയെഴുതുവാന്‍ ഒരു മോഹം..

വിദ്യ...

No comments:

Post a Comment