Wednesday 14 January 2015

ഒരു "മുത്തശ്ശിക്കഥ"



എന്താത്?..  വിളമ്പീതൊട്ടും കഴിക്കാതെ എണീക്ക്യാണോ അമ്മേ?.."

"നീക്ക് വേണ്ടന്‍റെ കുട്ട്യേ.. വെള്ളം കുടിച്ചു കുടിച്ചു വെശപ്പൊക്കെ അടങ്ങിയിരിക്ക്ണൂ.. വയര്‍ ദേ.. ഭും ന്ന് ഇരിക്കണ കണ്ടോ? എന്തൊരു ചൂടും പുഴുക്കവുമാ ഇവിടെ?..."

വാഷ് ബേസിനില്‍ കൈ കഴുകാന്‍ തുനിയാതെ കുളിമുറിയില്‍ പോയി അവിടെ നിറച്ചു വച്ച ബക്കറ്റിലെ വെള്ളത്തില്‍ സമൃദ്ധമായി കൈകാലുകളും മുഖവും
കഴുത്തുമൊക്കെ കഴുകി ക്ഷീണഭാവത്തോടെ രുഗ്മിണിയമ്മ ഹാളിലേക്ക്‌ നടന്നു.

സേലത്ത് പുതിയതായി വാങ്ങിയ ഫ്ലാറ്റ് കാണിക്കാനും കുറച്ചു ദിവസം കുട്ടികളുടെ കൂട്ടത്തില്‍ ഒരുമിച്ചു താമസിപ്പിക്കാനുമായി ഒരു പാട് നിര്‍ബന്ധിപ്പിച്ചതിനു ശേഷം അമ്മയെ കൂട്ടിക്കൊണ്ടു വന്നതായിരുന്നു മൂത്ത മകനായ വേണു.. മനസ്സില്ലാമനസ്സോടെയാണ് രുഗ്മിണിയമ്മ വന്നതും.

ഗ്രാമീണത തളം കെട്ടി നില്‍ക്കുന്ന കിള്ളിക്കുറിശ്ശിയിലെ ഹരിതാഭയും കല്‍ക്കിണറ്റിലെ തെളി നീരും തറവാട്ടു കുളത്തിലെ നീരാട്ടും നാടന്‍ ഭക്ഷണ രീതികളും എപ്പോഴും ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്ന  അയപക്കക്കാരെയും വിട്ടു നഗരവാസികളായ കൊച്ചുമക്കളുടെ കൂടെ താമസിക്കാന്‍   മുത്തശ്ശിക്ക് ഇഷ്ടമേ അല്ലായിരുന്നു.

"കുട്ട്യോളെ   ആ പങ്കയൊന്നു തിരിപ്പിച്ചേ.."

"അതിനു കറന്റ് വേണ്ടേ അച്ഛമ്മേ?... പവര്‍ കട്ട്‌ അല്ലേ?"

ങേ ,, വീണ്ടും കറന്റ് പോയോ? ഹോ എന്തൊരു ചൂട്? ആ വിശറിയെടുത്തോണ്ടു അച്ഛമ്മേനെയൊന്നു വീശിത്താടാ മക്കളേ.."

പായ പോലും വിരിക്കാതെ മുത്തശ്ശി മാര്‍ബിള്‍ തറയില്‍ കിടന്നു.

ഐപാഡില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് മുത്തശ്ശിയുടെ നിര്‍ദ്ദേശം അസഹനീയമായി തോന്നി. അവര്‍ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന അവരുടെ അമ്മയുടെ അടുത്തു  ഇക്കാര്യം ഉണര്‍ത്തിച്ച് അതൃപ്തിയോടെ മുറുമുറുത്തു.

വാസന്തി ഉടനെത്തന്നെ അമ്മായിയമ്മയുടെ അടുത്തേക്ക്‌ ചെന്നു..

"അതിനിവിടെ വിശറിയൊന്നുമില്ലല്ലോ അമ്മേ.. വേണുവേട്ടന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരെണ്ണം വാങ്ങി കൊണ്ട് വരാന്‍ വിളിച്ചു പറയാംട്ടോ.."

"ഇപ്പോള്‍ ഇനിക്ക് ചൂടെടുക്കുന്നതിനു അവന്‍ വിശറി വാങ്ങിക്കൊണ്ട് വരണ നേരത്ത് വീശ്യാല്‍ മതിയൊ?.. നീയിപ്പോ എന്തേലും എടുത്തിട്ടു ഒന്ന് വീശിത്താടീ .."
സ്വതവെയുള്ള ഈര്‍ഷ്യയോടെ രുഗ്മിണിയമ്മ മരുമകളോട്.

അത്  കേട്ട് അടുക്കളയിലെ ജോലികള്‍  മനസ്സില്ലാമനസ്സോടെ തത്കാലത്തേക്ക് നിര്‍ത്തി വച്ച് വീശിക്കൊടുക്കാന്‍ ഏതെങ്കിലുമൊരു പുസ്തകമോ പത്രമോ തിരയാനായി വാസന്തി അകത്തേക്ക് പോയി

"വിശറിയും മണ്‍കുടവുമൊന്നും ഇപ്പോഴത്തെ കുട്ടികള്‍ കണ്ടിട്ട് കൂടിയുണ്ടാവില്ല.. കാലത്തിന്‍റെ ഓരോ പോക്കേ.."  പിറുപിറുത്തു കൊണ്ട് രുഗ്മിണിയമ്മ  തണുപ്പുള്ള തറയില്‍ കമിഴ്ന്നു കിടന്നു.. അടുത്തുള്ള സോഫയിലിരുന്നു മരുമകള്‍ അമ്മായിയമ്മയ്ക്ക് വീശിക്കൊടുത്തു കൊണ്ടിരുന്നു.

കാറ്റേറ്റ് മയക്കം വന്ന വൃദ്ധയ്ക്ക് കുട്ടികള്‍ ഐ പാഡില്‍ ഗെയിം കളിക്കുന്ന ശബ്ദം അരോചകമായി തോന്നി..

"ഉച്ചനേരത്തു ഈ കുട്ട്യോള്‍ക്ക് ഒരു ഭാഗത്ത് ചെന്ന് കെടന്നൊറങ്ങിക്കൂടെ ആവോ..കൊറെ നേരായി ചെവിയില്‍ മൂട്ടപോയ പോലെ കീ.. കീ.. ന്നുള്ള ഈ ഒച്ച,..."

വാസന്തി ആംഗ്യം കാണിച്ചതനുസരിച്ച്  അവര്‍ ബെഡ് റൂമിലേക്ക് പോകുമ്പോള്‍ മുത്തശ്ശി കാണാതെ അവരെ ഗോഷ്ടി കാണിച്ചു കൊണ്ട്  പ്ലസ് ടൂ
വിദ്യാര്‍ത്ഥിയായ അനൂപ്‌ ശബ്ദമില്ലാതെ മുരണ്ടു. "ദിസ്‌ ഈസ്‌ ടൂ മച്ച്"

പാത്രങ്ങള്‍ പരസ്പരം മുട്ടുന്ന ശബ്ദം കേട്ടാണ് തറയില്‍ തളര്‍ന്നുറങ്ങിയ രുഗ്മിണിയമ്മ ഉണര്‍ന്നത്.. നോക്കുമ്പോള്‍ അമ്മയും മക്കളുംകൂടി പൈപ്പിലൂടെ വരുന്ന കോര്‍പ്പറേഷന്‍ വെള്ളം പാത്രങ്ങളില്‍ പിടിച്ചു വയ്ക്കുന്നു..

"ഏതു അറ്റ വേനക്കാലത്തും അരക്കിണറെങ്കിലും കണ്ണീരു പോലത്തെ വെള്ളം വീട്ടിലെ കിണറ്റില്‍ ഉണ്ടാകും..അതൊക്കെ വേണ്ടാച്ചിട്ട് ഇവിടെ വന്നു വീട് വാങ്ങേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ അവന്? ഹും.. ജോലിക്ക് പോകാന്‍ ഇവിടെ ആണ് സൗകര്യം പോലും..വെള്ളം ഇല്ലാച്ചാല്‍ കഥ കഴിഞ്ഞില്ലേ.. ശൗച്യം ചെയാന്‍ വരെ വെള്ളത്തിനു ബുദ്ധിമുട്ടാണെങ്കില്‍ എന്ത് സൌകര്യണ്ടായിട്ടെന്താ?.. കറന്റുമില്ല്യ വെള്ളോം ഇല്ല്യ.. ശിവ ശിവാ.. കലികാല വൈഭവം.... "  അവര്‍ നെടുവീര്‍പ്പിട്ടു ..

കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നത് രുഗ്മിണിയമ്മയായിരുന്നു.

വാതില്‍ക്കല്‍ ബാഗും തൂക്കിപ്പിടിച്ചു നില്‍ക്കുന്ന കറുത്ത് ഉയരം കുറഞ്ഞ് തമിള്‍ ഹാസ്യനടന്‍ സെന്തിലിനെ പോലിരിക്കുന്ന ഒരു തടിയന്‍.

"ആരാ?... എന്താ വേണ്ടേ?.."

"വേണു സര്‍ ഇറുക്കാ?.."

"ഇറുക്ക്വെ?.. ആര്?.. ആരേ?.. വേണു ഇവിടെ ഇല്ല്യാ.. തമിഴനാല്ലേ?.. വന്ന കാര്യം ന്താച്ചാല്‍  പറഞ്ഞോളൂ.".

"സൊസൈറ്റി മെയിന്റനന്‍സ് മന്തിലി ബില്‍ പയ്മെന്റ്റ്‌ വാങ്ങറുത്ക്ക് താന്‍ വന്തത്‌.."

അയാള്‍ പറഞ്ഞത് മനസ്സിലാവാതെ രുഗ്മിണിയമ്മ അന്തം വിട്ടു.

"ടീ.. വാസന്തീ .. ദേ  ഇവ്ടൊരു കുട്ടിസ്രാങ്ക്  വന്നു ഇന്‍ക്രീസ്സില്‍ എന്തോ ചോദിക്കുന്നു..."

ഇത് കേട്ട് പേരക്കുട്ടിയായ പതിനേഴു വയസ്സുള്ള അനുക്കുട്ടന്‍ കിടപ്പ് മുറിയില്‍ നിന്നും പുറത്തേക്ക് വന്നു നോക്കി.

"ഹായ് സുദര്‍ശന്‍ അങ്കിള്‍.. വന്നു ഉള്ളെ ഉക്കാറുങ്കോ.. ഡാഡി ഇനീം വര്‍ല്ലേയ്..." ഹൌസിംഗ് സൊസൈറ്റി സെക്രട്ടറിയായ സുദര്‍ശന്‍ അകത്തു കടന്നു സോഫയില്‍ വന്നിരുന്നു ബാഗില്‍ നിന്നും ബില്ലെടുത്ത് അനൂപിന് നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

"കണ്ണേ.. കൊഞ്ചം തണ്ണിയടുത്തു വാടാ.. വെളിയിലെ സൂട് താങ്ങമുടീലെയ് .."

"അച്ഛമ്മേ.. ഇതാണ് സുദര്‍ശനങ്കിള്‍.. മലയാളം നന്നായി മനസ്സിലാവും" അഞ്ജുമോള്‍ പരിചയപ്പെടുത്തി.

കത്തി വയ്ക്കാനൊരാളെ കിട്ടിയ സന്തോഷത്തില്‍ രുഗ്മിണിയമ്മ സുദര്‍ശനടുത്തെക്കൊരു കസേര വലിച്ചിട്ടു അതിലിരുന്നു.

"വെള്ളത്തിന്റെ കാര്യം ഞാനിപ്പോ പറഞ്ഞു നാവെടുത്തതെ ഉള്ളൂ.. വലിയ കഷ്ട്ടം തന്നെ ഇവിടത്തെ ജീവിതം. .." അവര്‍ തുടങ്ങി.

"എന്നാച്ച്‌.. എന്നാ പ്രച്ചനം പാട്ടീ?.. ഇന്നേക്ക് തണ്ണി വരല്ല്യാ?.. ബഹുമാനത്തോടെ സുദര്‍ശന്‍ ചോദിച്ചു

ഇത് കേട്ട് വൃദ്ധയുടെ  പെട്ടെന്ന് ഭാവം മാറി.

"ആരെയാടാ പരട്ടേ..  നീ പാട്ടി എന്നു വിളിച്ചേ?..  പാട്ടി നിന്‍റെ അമ്മായിയമ്മ.. ഹും എന്നെ പാട്ടിയെന്നു വിളിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു?"..

രുഗ്മിണിയമ്മയുടെ അപ്രതീക്ഷിതമായ ഭാവമാറ്റം കണ്ടമ്പരന്ന് ഇനിയും അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി സുദര്‍ശന്‍ എഴുന്നേറ്റ് പുറത്തേക്ക് കടക്കാനൊരുങ്ങി. അപ്പോഴാണ്‌ വാസന്തി അയാള്‍ക്ക്‌ കുടിക്കാനുള്ള വെള്ളവും മാസവരിയുമായി വരുന്നത്. കോപത്തോടെ വാസന്തിയുടെ കയ്യില്‍ നിന്ന് വെള്ളംപിടിച്ചു വാങ്ങി ഒറ്റ വലിക്കു കുടിച്ച ശേഷം രുഗ്മിണിയമ്മ പറഞ്ഞു...

"എടീ ഈ എരണം കെട്ടോന് പച്ച വെള്ളം കൊടുക്കരുത്.. എന്താ അവനെന്നെ വിളിച്ചേന്നറിയോ?.. പാട്ടി എന്ന്.. വേണുവിങ്ങു വരട്ടേ.. ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടുള്ള കാര്യമേയുള്ളൂ ..ഒരു ചില്ലി കാശ് പോലും ഇവനു കൊടുത്തെക്കരുത്... അസത്ത്.. ഛെ.. കണ്ണീക്കണ്ട തമിഴന്മാരുടെ വായേന്നു വേണ്ടാത്തത് കേള്‍പ്പിക്കാനാണോ അവനെന്നെ ഇങ്ങോട്ട് കെട്ടിയെടുത്തേ?.." അവരുടെ കലിയടങ്ങുന്നില്ല..

ഈ സംഭവ വികാസങ്ങള്‍ കണ്ടു വിളറി വെളുത്ത വാസന്തിയും കുട്ടികളും ഒന്നും മിണ്ടാനാവാതെ സുദര്‍ശനെ ദയനീയമായി നോക്കി. അമ്പരപ്പും ജാള്യതയും സ്ഫുരിക്കുന്ന മുഖത്തോടെ  സുദര്‍ശന്‍ നിന്നു പരുങ്ങി.

"എന്നമ്മാ ഇത് ഇന്ത മാതിരിയെല്ലാമേ പേശര്‍ത്.. നാനെന്നാ തപ്പ് പണ്ണിയാച്ച്?.."  എന്ന് പിറുപിറുത്തു കൊണ്ട് പുറത്തേക്ക് കടന്നു..

അയാളെ ആശ്വസിപ്പിക്കാനായി അടുത്തേക്ക്‌ ചെന്ന അനുവിനോടു അയാള്‍ ചോദിച്ചു 
 
"ഇന്ത മാതിരി പീസ്‌ ഇനീംമിറുക്കുമാ ഒന്ട്രെ ഊരില്?.. വോ പാ .. പയങ്കരം....ഹോ ഹൂ.." 
 
"അങ്കിള്‍.. ദാറ്റ്‌ ഈസ്‌ മൈ ഗ്രാന്‍ഡ്‌മാ"

"ഒന്ട്രെ ഗ്രാന്‍ഡ്‌മാവാ!! ........ നൈസ് ഗ്രാന്‍ഡ്‌മാ ഡാ...ഇനി തിരുമ്പിയെന്നേക്കു പോയിടും? ഇങ്ക താനേ ഇറുക്കുമാ... അപ്പടിന്നാല്‍ ഹോ ഹോ...ഞാന്‍ ഇന്ത വളിയേ..
വരമാട്ടെ.. ഹോ ഹോ എന്‍ പളനിമല ആണ്ടവാ.. കാപ്പാത്തുങ്കോ.."

ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട്,  ലിഫ്റ്റ്‌ കാത്ത് നില്‍ക്കാന്‍ മെനക്കെടാതെ അയാള്‍  പടികളിലൂടെ ചവിട്ടിത്തുള്ളി താഴേക്കിറങ്ങി പോയി.

അകത്തേക്ക് വന്ന അനൂപ്‌ സോഫയില്‍ പിറുപിറുത്തു കൊണ്ട് ഇരുന്ന മുത്തശ്ശിയെ രൂക്ഷമായി നോക്കി. അടുക്കളയില്‍ നിന്ന്  വാസന്തി ഒന്നും മിണ്ടണ്ട എന്ന് അവനോടു ആംഗ്യം കാണിച്ചു.. 
 
പിരിമുറുക്കംകുറയ്ക്കാനായി അനൂപ്‌ ലാപ്‌ ടോപ്‌ തുറന്നു പാട്ട് ശ്രവിക്കാന്‍ തുടങ്ങി .

അല്പം കഴിഞ്ഞു അഞ്ജു ഡ്രസ്സ്‌ മാറി മ്യൂസിക്‌ ക്ലാസ്സിനു പോകാന്‍ തുടങ്ങുമ്പോള്‍ മുത്തശ്ശി 
 
"കുട്ട്യേ... അയ്യേ.. തെന്തു വേഷമാണിത്?!.. ഇതിനു മുകളില്‍ ഒന്നും ഇടുന്നില്ലേ?..

"എന്താ അച്ഛമ്മേ ഈ ഡ്രെസ്സിനൊരു കുഴപ്പം?!..."

"എന്താ കൊഴപ്പം ന്നോ?.. ഇതിലും ഭേദം ഒന്നും ഇടാതങ്ങട്  പോണതല്ലേ?.. കുട്ടികളുടെ ഓരോ  പരിഷ്കാരങ്ങളെ... ഡീ വാസന്തി.. നീയിതോന്നും കാണുന്നില്ലേ?.." 

"അമ്മേ.. ഇതാണിപ്പോഴത്തെ ഫാഷന്‍" കൈ കഴുകിത്തുടച്ചു കൊണ്ട്  അടുക്കളയില്‍ നിന്നും വന്ന വാസന്തി പറഞ്ഞു.

"ഒരു പാഷന്‍...ഹും.. മര്യാദക്കുള്ള വേഷം ഇട്ടിട്ടു പുറത്തിറങ്ങിയാല്‍ മതി.. അല്ലാച്ചാല്‍ പോണ്ടാ.."

വിഷമത്തോടെ  മുത്തശ്ശിയെ ഒന്നു നോക്കി ഒന്നും പറയാതെ തലയും താഴ്ത്തി അഞ്ജു മോള്‍ അകത്തേക്ക് പോയി.

വൈകീട്ട് നൂഡില്‍സ് കഴിച്ചു കൊണ്ടിരുന്ന കുട്ടികളോട്  രുഗ്മിണിയമ്മ ചോദിച്ചു

"ങേ.. എന്താണീ കുട്ട്യോള് കഴിക്കണേ?.. മണ്ണെര പുഴുങ്ങീതോ?!..."

"അമ്മേ.. വാട്ട് ഈസ് മണ്ണെര???" അഞ്ജു അടുക്കളയില്‍ ചായയുണ്ടാക്കി ക്കൊണ്ടിരുന്ന അമ്മയോട് വിളിച്ചു ചോദിച്ചു.

"മണ്ണിര മീന്‍സ് എര്‍ത്ത് വേം.... എന്താ ടീ.. ഇപ്പോ.."  

"മൈ ഗോഡ്!... എര്‍ത്ത് വേം?!!!!!!!!!!!!!!!!!!.. അഞ്ജു വായും പൊത്തിപ്പിടിച്ചു ഓക്കാനിച്ചുകൊണ്ട് വാഷ്‌ ബേസിനടുത്തേക്ക് ഓടി

അഞ്ജുമോള്‍  ടിവി ഓണ്‍ ചെയ്തു ഒരു തമിഴ് പ്രോഗ്രാം കാണാന്‍ ആരംഭിച്ചു..

"കുട്ടികളേ സന്ധ്യ ആയല്ലോ.. വെളക്ക് കത്തിച്ചു നാമം ജപിക്കാന്‍ നോക്കൂ.." മുത്തശ്ശി ഇടപെട്ടു. 

പ്ലീസ് അച്ഛമ്മേ .. ഒരു അര മണിക്കൂര്‍ കഴിഞ്ഞു നാമം ജപിച്ചാല്‍ പോരെ?.."

"പിന്നേ... അതൊന്നും പറ്റില്ല... അതിനൊക്കെ ഓരോ നേരോം കാലോം ഒക്കെ ഉണ്ട്.. അത് കഴിഞ്ഞും ടിവി കാണാലോ?.. വേഗം ചെന്ന് വിളക്ക് വൃത്തിയാക്കി തുടച്ച് എണ്ണയൊഴിച്ച് കൊളുത്തി നാമം ചൊല്ലൂ.."

ഇത് കേട്ട് അസഹനീയതയോടെ അനൂപും അഞ്ജുവും 'ഇതൊരു കുരിശായല്ലോ' എന്നാമട്ടില്‍ പരസ്പരം നോക്കി

കാളിംഗ് ബെല്‍ അടിക്കുന്നത് കേട്ട് വാസന്തി വാതില്‍ തുറന്നു നോക്കിയപ്പോള്‍ വേണു.
വേണുവിനെ കണ്ട വഴി രുഗ്മിണിയമ്മ കലി തുള്ളി.. ഉഷ്ണം കൊണ്ട് പൊറുതി മുട്ടിയതു മുതല്‍ സുദര്‍ശന്‍ വന്നതും കുട്ടികളുടെ വിവിധ ചെയ്തികളുമൊക്കെശ്വാസം വിടാതെ പറഞ്ഞു കേള്‍പ്പിച്ചു. അകത്തേക്ക് കാല്‍ വച്ച വഴി താനൊരു സുനാമിത്തിരയില്‍ മുങ്ങിപ്പോകുന്നത് പോലെയാണ് വേണുവിനു തോന്നിയത്.

"ഒക്കെ നമുക്ക് ശരിയാക്കാം അമ്മേ.. ആദ്യം ഞാനൊന്ന് കുളിച്ചു ഫ്രഷ്‌ ആയിട്ടുവരട്ടെ.. ട്രെയിനില്‍ മുടിഞ്ഞ തിരക്കായിരുന്നു.. ആകെ വിയര്‍ത്തു കുളിച്ചു നാറുന്നു".

"ഇരിക്കെടാ അവ്ടെ... ഞാന്‍ പറയുന്നത് കേട്ടിട്ട് മതി കുളിയും തേവാരവുമൊക്കെ...നെന്‍റെ അച്ഛനിവിടോണ്ടായിരുന്നെങ്കില്‍ ഈ അഹമ്മതികളൊക്കെ വെറുതെ വിടൂന്ന് നെനക്ക് തോന്നണുണ്ടോ?.. ഓര്‍മ്മ ഉണ്ടോടാ.. സ്കൂളില്‍ പോവാതെ സിലിമാക്കോട്ടായിയില്‍ പോയതിനു നെനക്ക് പുളിവാറിന് നല്ല പൂശ കിട്ട്യേത്?.."

"അമ്മേ.. അന്നത്തെ കാലം പോലെ ആണോ ഇന്നുള്ളത്?.. ഇന്ന്  ഇങ്ങനെയൊക്കെത്തന്നെയാണമ്മേ എല്ലാവരും ജീവിക്കണേ.. നമ്മള്‍ എന്ത് പറഞ്ഞാലും ഒന്നും ഉദ്ദേശിച്ച പോലെ നടക്കില്ല"
"നടന്നാലും നടന്നില്ലെങ്കിലും ന്‍റെ കൊക്കിനു ജീവനുണ്ടേല് ഞാനിതൊന്നും തമ്മയിക്കൂലാ.. ഹും...ഓരോരോ പരിഷ്ക്കാരങ്ങള്‍.. കുട്ട്യേ..ആ കോളാമ്പിയിങ്ങെടുത്തേ.. " ജനലിന്റെ തിണ്ടില്‍ വച്ചിരുന്ന തുപ്പല്‍ കോളാമ്പി ചൂണ്ടിക്കാണിച്ചു കൊണ്ട് അനൂപിനോട് മുത്തശ്ശി. 
 
അറപ്പോടെ പിടിച്ച് അവന്‍ അത് എടുത്തു കൊണ്ടുവരുമ്പോള്‍ താഴെ വീണു മറിഞ്ഞു പോയി.. കോളാമ്പിയില്‍ നിറഞ്ഞിരുന്ന മുത്തശ്ശിയുടെ വന്നേ മുതലുള്ള പഴകിയ തുപ്പല്‍ തറയില്‍ പടര്‍ന്നു ദുര്‍ഗന്ധം വമിപ്പിച്ചപ്പോള്‍ അനൂപ്‌ വായും പൊത്തിപ്പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി.

അത്താഴം കഴിഞ്ഞ് മുത്തശ്ശി ടിവി വയ്ക്കാന്‍ പറഞ്ഞ വഴി കറന്റ് പോയി. അനൂപ്‌ തന്‍റെ ലാപ്‌ടോപ്‌ ഓണ്‍ ചെയ്തു പ്രൊജക്റ്റ്‌ ചെയ്യുകയായിരുന്നു.

"ടിവി വയ്ക്കാന്‍ പറഞ്ഞപ്പോള്‍ കറന്റ് പോയി പോലും.. മുത്തശ്ശി കാണാതിരിക്കാന്‍ വലിയ ടിവി അടച്ചു വച്ച്  നീയിവിടെ ചെറിയ ടിവിയും കണ്ടോണ്ട് ഇരിക്കാണല്ലേടാ?.. " രുഗ്മിണിയമ്മ അനൂപിന്‍റെ അടുത്തേക്ക്‌ വന്നു സൂക്ഷിച്ചു നോക്കി ചോദിച്ചു.

"അച്ഛമ്മേ.. ഇത് ടിവിയല്ലാ ..ലാപ്ടോപ് ആണേ.."

"എന്ത് കോപ്പായാലും എനിക്കും കാണണം .. അങ്ങിനെ നീയിപ്പോ അച്ഛമ്മേനെ പറ്റിക്കണ്ടാ.."

"അച്ഛാ... ഈ അച്ഛമ്മയെ കൊണ്ട്  ഞാന്‍ തോറ്റൂ..."

ഇതൊക്കെ കണ്ടും കേട്ടും അടുക്കളയില്‍ നിന്നും വന്ന വാസന്തിയുടെ രൂക്ഷമായ നോട്ടത്തെ എതിരിടാനാവാതെ വേണു വായനയില്‍ മുഴുകിയ പോലെ പത്രത്തില്‍ നിന്നും കണ്ണെടുത്തില്ല.

പാതിരാത്രി വീണ്ടും കറന്റ് പോയപ്പോള്‍ ഹാളില്‍ കിടന്നിരുന്ന രുഗ്മിണിയമ്മ ഉഷ്ണം കൊണ്ട് ജനലുകള്‍ ഒക്കെ മലര്‍ക്കെ തുറന്നിട്ടു.. അകത്തേക്ക് കൂട്ടം കൂട്ടമായി അടിച്ചു കയറിയ കൊതുകുകള്‍ അവരെ ഒരു പോള പോലും കണ്ണടയ്ക്കാന്‍ അനുവദിച്ചിരുന്നില്ല.

രാവിലെ ഉണര്‍ന്നു വന്ന വാസന്തി കണ്ടത്  നാട്ടില്‍ നിന്നും വന്ന വേഷവും ധരിച്ചു കൊണ്ട് ബാഗും അടുത്തു വച്ച്  സോഫയില്‍ ഇരുന്നുറങ്ങുന്ന രുഗ്മിണിയമ്മയെ ആണ്.

"എന്തു പറ്റിയമ്മേ?.. കിടക്കയില്‍ കിടക്കാതെ ഇവിടെയിരുന്നു ഉറങ്ങുന്നേ?.."

"നീയാ വേണുവിനെയൊന്നു വേഗം വിളി... അവനെണീറ്റില്ല്യേ ഇത് വരേ?.. " മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന രുഗ്മിണിയമ്മ ആക്രോശിച്ചു. 
ഉറക്കച്ചടവോടെ വേണു എഴുന്നേറ്റു വന്നു.

"നീയ് വേഗം പോയി വേഷം മാറി വാ.. ഇനിക്കിപ്പോത്തന്നെ ഇവിടന്ന് പോണം.."

"എന്താ അമ്മയീ പറയണേ?..ഇന്നെനിക്കു ഓഫീസുള്ളതല്ലേ? അമ്മ വന്നിട്ടാണെങ്കില്‍ രണ്ടു ദിവസോല്ലേ ആയുള്ളൂ താനും.. എന്താ ഇവിടെ അതിനു മാത്രം ഉണ്ടായേ?"

നീ വരണുണ്ടോ ഇല്ല്യേ?.. അതോ ഞാന്‍ ഒറ്റയ്ക്ക് പോണോ?.. എന്നാലങ്ങനെത്തന്നെ.."  എന്ന് പറഞ്ഞ് അവര്‍ ബാഗുമെടുത്ത്‌ കൊണ്ട് വാതിലിനടുത്തേക്ക്  നീങ്ങി.. തന്‍റെ അമ്മയുടെ സ്വഭാവം നന്നായി അറിയാവുന്ന വേണു "അമ്മേ അവിടെയിരിക്കൂ..ഞാനിതാ വരുന്നു" എന്ന് പറഞ്ഞു കൊണ്ട് അകത്തേക്കോടി.

"ഹോ രക്ഷപ്പെട്ടു" എന്ന ആശ്വാസ ഭാവത്തോടെ പടി കടക്കുന്ന മുത്തശ്ശിയെ യാത്രയാക്കുമ്പോള്‍ വാസന്തിയുടെയും കുട്ടികളുടെയും മനസ്സില്‍ ആശ്വാസത്തിന്‍റെയും ആഹ്ലാദത്തിന്റെയും പൂത്തിരികള്‍ ഒന്നിനും പുറകെയൊന്നായി കത്തിയെരിയുകയായിരുന്നു.

ജന്മാന്തരങ്ങളുടെ ഒരു ഭാണ്ഡക്കെട്ടും പേറിയെന്ന പോലെ അമ്മയുടെ ബാഗും ഏറ്റിക്കൊണ്ട് വേണു അടുത്തുള്ള റെയില്‍വേ സ്റ്റേഷനെ ലക്ഷ്യമാക്കിക്കൊണ്ട് നടന്നു.
 
------------- മീനു.
 
പ്രത്യേക ശ്രദ്ധയ്ക്ക് : തമിള്‍ എനക്ക് റൊമ്പ ജാസ്തി തെരിയാത്.. തപ്പുകള്‍ മന്നിക്കണം..  

No comments:

Post a Comment